നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി നാം പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പതിവായി വ്യായാമം ചെയ്യുന്നു, ശരീരവും, വസ്ത്രവും, വീടും, പരിസരവും ശുചിയായി സൂക്ഷിക്കുന്നു, സമീകൃതമായ ആഹാരം ആവശ്യത്തിന് ഭക്ഷിക്കുന്നു, പതിവായി ആവശ്യത്തിന് ഉറങ്ങുന്നു. മാത്രവുമല്ല, എന്തെങ്കിലും അസുഖം ഉണ്ടെന്ന് തോന്നിയാല്‍ അതിനു വേണ്ട ചികില്‍സ തേടുന്നു. ഈ കാര്യങ്ങളെല്ലാം മുറയ്ക്ക് ചെയ്യുന്നത് കൊണ്ടാണ് നമ്മുടെ ശരീരം സാമാന്യം ആരോഗ്യത്തോടെ ഇരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നു തെറ്റിച്ചാല്‍ ആരോഗ്യം താറുമാറായത് തന്നെ. നമ്മുടെ ശരീരത്തെക്കാള്‍ എത്രയോ പ്രധാനമാണ് നമ്മുടെ ഉള്ളിലുള്ള മനസ്സ്. നമ്മുടെ മനസിന്‍റെ ഒരു വാഹനം മാത്രമാണു നമ്മുടെ ശരീരം. എന്നാല്‍ നാം നമ്മുടെ ശരീരത്തിനു കൊടുക്കുന്നത്ര പ്രധാന്യം മനസ്സിന് കൊടുക്കുന്നില്ല എന്നതാണു സത്യം. നമ്മുടെ മനസ്സ് ആരോഗ്യത്തോടെ ഇരിക്കുന്നതിന് നാം എന്തു ചെയ്യുന്നു? ശരീരത്തെപ്പോലെ മനസ്സിനും വ്യായാമം ആവശ്യമുണ്ട്. ശരീരത്തെപ്പോലെ മനസ്സിനേയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ശരീരത്തിനു ഉറക്കം എന്നതുപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്. മനസ്സിനും വേണം ആഹാരം. അസുഖമുണ്ടെങ്കില്‍ മനസിനും വ...