ആരോഗ്യവും ആരാധനയും

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി നാം പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പതിവായി വ്യായാമം ചെയ്യുന്നു, ശരീരവും, വസ്ത്രവും, വീടും, പരിസരവും ശുചിയായി സൂക്ഷിക്കുന്നു, സമീകൃതമായ ആഹാരം ആവശ്യത്തിന് ഭക്ഷിക്കുന്നു, പതിവായി ആവശ്യത്തിന് ഉറങ്ങുന്നു. മാത്രവുമല്ല, എന്തെങ്കിലും അസുഖം ഉണ്ടെന്ന് തോന്നിയാല്‍ അതിനു വേണ്ട ചികില്‍സ തേടുന്നു. ഈ കാര്യങ്ങളെല്ലാം മുറയ്ക്ക് ചെയ്യുന്നത് കൊണ്ടാണ് നമ്മുടെ ശരീരം സാമാന്യം ആരോഗ്യത്തോടെ ഇരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നു തെറ്റിച്ചാല്‍ ആരോഗ്യം താറുമാറായത് തന്നെ.

നമ്മുടെ ശരീരത്തെക്കാള്‍ എത്രയോ പ്രധാനമാണ് നമ്മുടെ ഉള്ളിലുള്ള മനസ്സ്. നമ്മുടെ മനസിന്‍റെ ഒരു വാഹനം മാത്രമാണു നമ്മുടെ ശരീരം. എന്നാല്‍ നാം നമ്മുടെ ശരീരത്തിനു കൊടുക്കുന്നത്ര പ്രധാന്യം മനസ്സിന് കൊടുക്കുന്നില്ല എന്നതാണു സത്യം. നമ്മുടെ മനസ്സ് ആരോഗ്യത്തോടെ ഇരിക്കുന്നതിന് നാം എന്തു ചെയ്യുന്നു? ശരീരത്തെപ്പോലെ മനസ്സിനും വ്യായാമം ആവശ്യമുണ്ട്. ശരീരത്തെപ്പോലെ മനസ്സിനേയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ശരീരത്തിനു ഉറക്കം എന്നതുപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്. മനസ്സിനും വേണം ആഹാരം. അസുഖമുണ്ടെങ്കില്‍ മനസിനും വേണം ചികില്‍സ. 

മനസിനെ ആരോഗ്യത്തോടെ പരിരക്ഷിക്കുന്നതിന് നമ്മുടെ പൂര്‍വികര്‍ വളരെ പ്രധാന്യം നല്കിയിരുന്നു. മനസിന്‍റെ ആരോഗ്യം ലക്ഷ്യമാക്കി അവര്‍ വികസിപ്പിച്ചെടുത്ത ഒരു വ്യായാമ-ചികില്‍സാ പദ്ധതിയാണ് നമ്മുടെ ആരാധന എന്നു കരുതുന്നതില്‍ തെറ്റില്ല. ആരാധന കൂദാശയാകുന്നു. കൂദാശ എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം ശുദ്ധീകരണം എന്നത്രേ. ശരീരത്തിന്‍റെ ശുദ്ധീകരണമല്ല ഇവിടെ ഉദ്ദേശിക്കുന്നത്; മനസിന്‍റെ ശുദ്ധീകരണമാണ്.

നമ്മുടെ ദേവാലയം ഒരു dishwasher പോലെയാണ് എന്നു സങ്കല്‍പ്പിക്കുക. അഴുക്കായ പാത്രങ്ങള്‍ ഒരു dishwasher -ല്‍ അടുക്കി വയ്ക്കുന്നു. അല്പം സോപ്പ് പൊടിയിട്ട് dishwasher പ്രവര്‍ത്തിപ്പിക്കുന്നു. ഏതാണ്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ അതിനുള്ളിലെ പാത്രങ്ങള്‍ എല്ലാം വൃത്തിയായിരിക്കും. നാം ദേവാലയത്തിലേക്ക് വരുന്നത് അഴുക്കായ പാത്രങ്ങളെപ്പോലെയാണ്. അഴുക്ക് നമ്മുടെ മനസിലാണ്. "ദൈവമേ നിര്‍മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കണമേ" എന്ന പ്രാര്‍ഥനയോടെ നാം നമ്മുടെ ബോധ-വിചാര-ഹൃദയങ്ങളെ ദൈവസന്നിധിയില്‍ അര്‍പ്പിക്കുമ്പോള്‍ ഏതാണ്ട് ഒന്നുരണ്ടു മണിക്കൂറുകള്‍ നീണ്ട കൂദാശാപ്രക്രിയയുടെ ഒടുവില്‍ നാം ഹൃദയശുദ്ധിയുള്ളവരായി പുറത്തു വരുന്നു.

നാം എന്തിന് വേണ്ടിയാണ് ദേവാലയത്തില്‍ പോകുന്നതും ആരാധനയില്‍ പങ്കെടുക്കുന്നതും എന്നു നമ്മുടെ കുഞ്ഞുങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ക്ക് കൊടുക്കാവുന്ന ലളിതമായ ഒരു മറുപടിയാണ് ഇത്. നാം ദേവാലയത്തില്‍ പോകുന്നതും ആരാധനയില്‍ സംബന്ധിക്കുന്നതും നമ്മുടെ മനസിനെ ശുദ്ധീകരിക്കുവാനാണ്. മനുഷ്യമനസുകളെ ശുദ്ധീകരിക്കുന്ന ഒരു mindwasher ആണ് ദേവാലയം. മനുഷ്യമനസുകളെ ശുദ്ധീകരിക്കുന്ന മഹാപ്രക്രിയാണ് കൂദാശ.

മുടി വെട്ടുന്ന ബാര്‍ബറുടെ മുമ്പില്‍ തല നിശ്ചലമാക്കി വച്ചു കൊടുക്കുന്നതു പോലെ, നമ്മുടെ മനസ്സിനെ ദൈവമുമ്പാകെ നിശ്ചലമാക്കി വച്ചു കൊടുക്കേണ്ടതാണ്. എന്നാലേ ശുദ്ധീകരണം നടക്കൂ. അവിടെയും ഇവിടെയും പറന്നു നടക്കുന്ന മനസിന് ശുദ്ധീകരണം സംഭവിക്കുകയില്ല. അതാണ് ശുശ്രൂഷകന്‍ സ്തൌമന്‍കാലോസ് പറഞ്ഞു നമ്മെ ഓര്‍മിപ്പിക്കുന്നത്. ഈ ഗ്രീക്കു പ്രയോഗത്തിന് നില്‍ക്കാം നന്നായ് എന്നാണ് അര്‍ത്ഥം. ശരീരത്തിന്‍റെ നില്‍പ്പ് അല്ല മനസിന്‍റെ നില്‍പ്പ് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.     

നിങ്ങള്‍ ഒരു ഡോക്ടറെ കാണാന്‍ ചെല്ലുന്നു എന്നു സങ്കല്‍പ്പിക്കുക. എന്താ വന്നത് എന്നു ഡോക്ടര്‍ ചോദിക്കുന്നു. എയ് എനിക്കു അസുഖമൊന്നുമില്ല എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ ഡോക്ടര്‍ എന്തു പറയും? പിന്നെ എന്തിനാണ് എന്റെ സമയം മെനക്കെടുത്താന്‍ ഇങ്ങോട്ട് വന്നത് എന്നാവും. തനിക്ക് എന്തോ അസുഖമുണ്ട് എന്നു ബോധ്യമുള്ളവരാണ് ഒരു ഡോക്ടറുടെ അടുക്കല്‍ വരുന്നത്. അതുപോലെ തന്‍റെ മനസിന് അശുദ്ധി ഉണ്ട് എന്നു ബോധ്യമുള്ളവരാണ് അതിന്റെ ശുദ്ധീകരണത്തിനായി ദൈവസന്നിധിയില്‍ വരുന്നത്. ആ ബോധ്യം ഇല്ലാതെ ദൈവസന്നിധിയില്‍ എത്തിയാല്‍ അവര്‍ക്ക് ശുദ്ധീകരണം സംഭവിക്കുകയില്ല. അതിന്റെ നല്ല ഉദാഹരണമാണ് ഒരു പരീശനും ചുങ്കക്കാരനും ദൈവസന്നിധിയില്‍ എത്തുന്ന കഥ. പാപിയായ എന്നോടു കരുണയുണ്ടാകണമേ എന്ന്‍ ചുങ്കക്കാരന്‍ പ്രാര്‍ഥിച്ചു. തന്‍റെ മനസില്‍ അശുദ്ധി ഉണ്ട് എന്ന ബോധ്യം അവന് ഉണ്ടായിരുന്നു. അതുകൊണ്ടു അവന്‍ ശുദ്ധീകരിക്കപ്പെട്ടു. താന്‍ ഒരു നീതിമാന്‍ ആണെന്ന് അവകാശപ്പെട്ട പരീശനു തന്‍റെ മനസില്‍ അശുദ്ധി ഉണ്ട് എന്ന ബോധ്യം ഇല്ലായിരുന്നു. അത് കൊണ്ട് ശുദ്ധീകരണം സംഭവിക്കാതെ അവന്‍ വീട്ടിലേക്ക് മടങ്ങി. മനസില്‍ അശുദ്ധി ഉണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് കുറിയേലായിസോന്‍ (നാഥാ ചെയ് കരുണ) എന്ന പ്രാര്‍ഥന ഉയരുന്നത്. ചുങ്കക്കാരന്‍റെ പ്രാര്‍ഥനയാണ് അത്. മുടിയനായ പുത്രന്‍റെ പ്രാര്‍ഥനയും അത് തന്നെ.

മനസിന് ശുദ്ധീകരണം സംഭവിക്കണമെങ്കില്‍ വേണ്ടപോലെ ആരാധനയില്‍ സംബന്ധിക്കണം. പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു, മനസ് നിശ്ചലമാക്കി ദൈവസന്നിധിയില്‍ അര്‍പ്പിക്കണം. രണ്ടു, തന്‍റെ മനസില്‍ അശുദ്ധി ഉണ്ട് എന്ന ബോധ്യം വേണം.   

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?