കുറിയേലായിസോന്‍

ഈ ഗ്രീക്ക് വാക്കിന് കര്‍ത്താവേ ഞങ്ങളോട് കരുണ ചെയ്യണമേ എന്നാണ് അര്‍ത്ഥം. സുറിയാനിയില്‍ മോറാന്‍ എസ്രാഹെം മ്അലൈന്‍. ഇംഗ്ലീഷില്‍ O Lord, Have mercy! മലയാളത്തില്‍ നാഥാ ചെയ് കരുണ എന്നും ചൊല്ലാം.

ശുശ്രൂഷകന്‍ കര്‍ത്താവിനോടു നാം പ്രാര്‍ഥിക്കണം എന്നു ആഹ്വാനം ചെയ്യുമ്പോള്‍ ജനം പ്രാര്‍ഥിക്കുന്നത് കുറിയേലായിസോന്‍ എന്നാണ്. അതുപോലെ, ശുശ്രൂഷകന്‍ സ്തൌമന്‍കാലോസ് പറയുമ്പോഴും ജനം കുറിയേലായിസോന്‍ എന്നു പ്രാര്‍ഥിക്കുന്നു. കുറിയേലായിസോന്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന പല സന്ദര്‍ഭങ്ങളുണ്ട്. വലിയ നോമ്പിലെ ഉച്ച നമസ്കാരത്തോടനുബന്ധിച്ച് കുറിയേലായിസോന്‍ നാല്പതു പ്രാവശ്യം ആവര്‍ത്തിക്കുന്നു.

ദൈവസന്നിധിയില്‍ വരുമ്പോഴെല്ലാം പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനയാണ് ഇത്. മുടിയനായ പുത്രന്‍ ഈ പ്രാര്‍ഥനയോടെയാണ് പിതാവിന്റെ അടുക്കലേക്ക് വരുന്നത്. താന്‍ ഉത്തരവാദിത്തമില്ലാത്തവനും മുടിയനും ഒക്കെ ആണെന്ന് അവന് നല്ല ബോധ്യമുണ്ട്. പിതാവ് നല്ലവനും സ്നേഹസമ്പന്നനും ആണെന്നും അവന് ബോധ്യമുണ്ട്. ആ വീട്ടില്‍ ഇനി തനിക്ക് യാതൊരു സ്ഥാനവുമില്ലെന്നും പിതാവിന്‍റെയോ മറ്റ് കുടുംബാംഗങ്ങളുടെയോ സ്നേഹത്തിനും കരുതലിനും തനിക്ക് അര്‍ഹതയില്ലെന്നും അവന് ഉത്തമബോധ്യമുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവന്‍ കരുണയ്ക്ക് വേണ്ടി യാചിക്കുന്നത്.
എന്നാല്‍ അവന്റെ ജേഷ്ഠന്‍ അതില്‍ നിന്നും തികച്ചും വിത്യസ്തമായാണ് പെരുമാറുന്നത്. തനിക്ക് നീതി കിട്ടണമെന്നാണ് അവന്‍ പിതാവിനോടു ആവശ്യപ്പെടുന്നത്. തന്നെത്തന്നെ നീതിമാനായി കാണുന്ന അയാള്‍ അനുജനെ നിശിതമായി കുറ്റപ്പെടുത്തുന്നു. അവനെ സ്വീകരിച്ചതിന്‍റെ പേരില്‍ അപ്പനെയും അയാള്‍ കുറ്റപ്പെടുത്തുന്നു.

ധാരാളം ആളുകള്‍ ദൈവസന്നിധിയില്‍ വരുന്നത് ഈ ജേഷ്ഠനെപ്പോലെയാണ്. അവര്‍ മറ്റുള്ളവരെയും ദൈവത്തെയും നിശിതമായി വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സ്വയം നീതിമാന്‍മാരായി അവതരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ദൈവകരുണയ്ക്ക് വേണ്ടി യാചിക്കുകയില്ല.

എന്നാല്‍ നാം എപ്പോഴും ദൈവസന്നിധിയില്‍ വരേണ്ടത് മുടിയന്‍ പുത്രനെപ്പോലെയാണ്. കരുണയ്ക്ക് വേണ്ടി യാചിക്കുകയല്ലാതെ നീതി ആവശ്യപ്പെടുവാന്‍ നമുക്ക് എന്തു അര്‍ഹത?

ഈ വിത്യാസമാണ് ഒരു പരീശനും ചുങ്കക്കാരനും പ്രാര്‍ഥിക്കുന്ന കഥയിലും നാം കാണുന്നത്. പരീശന്‍ സ്വയം ചുങ്കക്കാരനോടു താരതമ്യം ചെയ്തു, താന്‍ നല്ലവന്‍ ആണെന്ന് സമര്‍ഥിക്കുന്നു. അയാള്‍ കരുണ യാചിക്കുന്നില്ല. ചുങ്കക്കാരനാകട്ടെ, പാപിയായ എന്നോടു കരുണ തോന്നണമേ എന്നു പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്നു.

നാം എപ്പോഴും ദൈവസന്നിധിയില്‍ വരേണ്ടത് ചുങ്കക്കാരനെപ്പോലെയാണ്. എന്നോടു കരുണ ചെയ്യണമേ എന്ന പ്രാര്‍ഥന നമ്മെ ദൈവത്തോടും മനുഷ്യരോടും നിരപ്പിക്കും. 

മുടിയനായ പുത്രന് സുബോധം വന്നപ്പോഴാണ് അവന്‍ പിതാവിന്റെ അടുക്കലേക്ക് തിരികെ പോകുന്നതും പിതാവിന്റെ കരുണക്കായി യാചിക്കുന്നതും. സുബോധമുള്ളവരുടെ പ്രാര്‍ഥനയാണ് കുറിയേലായിസോന്‍.

ഗ്രീക്കു           --   കുറിയേലായിസോന്‍
 സുറിയാനി ---മോറാന്‍ എസ് റാഹേം മ് അലൈന്‍
ഇം‍ഗ്ലീഷ്      --- O Lord, have mercy
 മലയാളം  --     നാഥാ ചെയ് കരുണ



 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം