ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും

ആരാധനയില്‍ വളരെയേറെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് ആമ്മീന്‍. ആരാധനയില്‍ പ്രധാന കാര്‍മികന്‍ ചൊല്ലുന്ന ഒരു പ്രാര്‍ഥനയ്ക്ക് പ്രതിവാക്യമായാണ് ജനം ആമീന്‍ പറയുന്നതു. "അങ്ങനെ തന്നെ", "അത് ഞങ്ങള്‍ സമ്മതിക്കുന്നു"  എന്നൊക്കെയാണ് അതിന്‍റെ അര്‍ത്ഥം. 

ആരാധിക്കുന്നത് ദൈവജനമാണ്. പ്രധാനകാര്‍മികന്‍ ദൈവജനത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രാര്‍ഥന ചൊല്ലുക മാത്രമാണു ചെയ്യുന്നത്. എല്ലാവരും കൂടി ചൊല്ലുന്നതിന് പകരം ഒരാള്‍ മാത്രം ചൊല്ലുകയും, അതിന്‍റെ ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അമ്മീന്‍ പറഞ്ഞു അത് അങ്ങനെ തന്നെ എന്നു സമ്മതിക്കുകയും ചെയ്യുന്നു.

കാര്‍മികന്‍ ജനത്തില്‍ നിന്നു മാറി നില്‍ക്കുന്ന ആളല്ല, മറിച്ച് ജനത്തിന്‍റെ ഭാഗമായി അവര്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ്. വായ് സംസാരിക്കുന്നതു ശരീരത്തിനു മുഴുവനും വേണ്ടി ആയതുപോലെ ഒരു ജനസ്മൂഹത്തിന്റെ വായ് എന്ന നിലയിലാണ് കാര്‍മികന്‍ പ്രാര്‍ഥനകള്‍ ചൊല്ലുന്നത്.

ഒരു കമ്പനിയുടെ മാനേജെരെ സങ്കല്‍പ്പിക്കുക. അയാളുടെ സെക്രെട്ടറി എഴുതി ടൈപ്പ് ചെയ്ത ഒരു എഴുത്തിന്റെ താഴെ അയാള്‍ ഒപ്പ് വയ്ക്കുമ്പോള്‍ അത് അയാളുടെ എഴുത്തായി മാറുന്നു. അയാളുടെ ഒപ്പ് ഇല്ലാതെ ആ എഴുത്ത് പോയാല്‍ ആ എഴുത്ത് അയാളുടേത് ആണെന്ന് വരികയില്ല. ഒരു എഴുത്തിന്റെ അടിയില്‍ ഉള്ള ഒപ്പ് പോലെയാണ് ഒരു പ്രാര്‍ഥനയുടെ ഒടുവിലുള്ള ആമ്മീന്‍.

ജനം ഒരുമിച്ച് പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനയുടെ ഒടുവില്‍ ആമ്മീന്‍ ആവശ്യമില്ല. എന്നാല്‍ ജനത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരാള്‍ പ്രാര്‍ഥന ചൊല്ലുമ്പോള്‍ അതിന്‍റെ ഒടുവില്‍ ജനം ആമീന്‍ പറയാതിരുന്നാല്‍ അത് ജനത്തിന്റെ പ്രാര്‍ഥന ആവില്ല.

കാര്‍മികന്‍ സ്വന്തനിലയില്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനകള്‍ ഉണ്ട്; അവ മിക്കപ്പോഴും രഹസ്യപ്രാര്‍ഥനകള്‍ ആയിരിയ്ക്കും. കാര്‍മികന്‍ പരസ്യമായി ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ ജനത്തെ പ്രതിനിധാനം ചെയ്തുകൊണ്ടാണ്. അവയ്ക്കു ജനം ആമീന്‍ പറയാതിരുന്നാല്‍  അവ കാര്‍മികന്റെ ഒരു രഹസ്യപ്രാര്‍ഥന പോലെ ആകും.

വിശ്വാസപ്രമാണം മുമ്പ് ഒരു ശുശ്രൂഷകന്‍ മാത്രം ചൊല്ലുകയും ഓരോ ഭാഗത്തിന്‍റെയും ഒടുവില്‍ ആമ്മീന്‍ പറഞ്ഞു ജനം അത് തങ്ങളുടേതെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശ്വാസപ്രമാണം എല്ലാവരും ചേര്‍ന്ന് ചൊല്ലുന്ന രീതി സര്‍വസാധാരണമായിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ അതിന്‍റെ ഒടുവില്‍ ജനം അമ്മീന്‍ പറയേണ്ട ആവശ്യമില്ല.

അതുപോലെ ഒരു കൌമാ ചൊല്ലുമ്പോള്‍ കര്‍ത്തൃപ്രാര്‍ഥന ഒരാള്‍ മാത്രം ചൊല്ലുന്ന രീതി നടപ്പിലിരുന്നു എന്നു കരുതാന്‍ കാരണമുണ്ട്. അതുകൊണ്ടാണ് അതിന്‍റെ ഒടുവില്‍ ആമ്മീന്‍ പറയുന്നതു. വാസ്തവത്തില്‍ കര്‍ത്തൃപ്രാര്‍ഥന എല്ലാവരും ചേര്‍ന്ന് ചൊല്ലുമ്പോള്‍ അതിന്‍റെ ഒടുവില്‍ ജനം അമ്മീന്‍ പറയേണ്ട ആവശ്യമില്ല. 

അതുപോലെ തന്നെ കൃപ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥനയും ഒരാള്‍ മാത്രം ചൊല്ലിയിരുന്നു എന്നു അനുമാനിക്കണം. അതുകൊണ്ടായിരിക്കണം അതിന്‍റെ ഒടുവിലും ആമ്മീന്‍ പറയുന്നതു.

അങ്ങനെ ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും മനസിലാകുമ്പോള്‍, അത് വേണ്ടവണം ഉപയോഗിക്കാന്‍ നമുക്ക് സാധിയ്ക്കുന്നു.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം