ബാറക്മോര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങള്‍

ബാറക്മോര്‍ എന്ന സുറിയാനി വാക്കിന് "കര്‍ത്താവേ വാഴ്ത്തണമേ" എന്ന അര്‍ഥമാണ് നാം സാധാരണ കേള്‍ക്കാറുള്ളത്. ബാറക് എന്നു വച്ചാല്‍ വാഴ്ത്തുക (bless); മോര്‍ എന്നു വച്ചാല്‍ കര്‍ത്താവ് (lord). ഈ വാക്ക് ഉപയോഗിക്കുന്ന വിവിധ സന്ദര്‍ഭങ്ങളെപ്പറ്റി മനസിലാക്കിയാല്‍ കുറെക്കൂടി അര്‍ഥവത്തായി ഈ വാക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. 

സാധാരണ നമ്മള്‍ കര്‍ത്താവ് എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ ആണ്. അതുകൊണ്ടു നമ്മുടെ ആരാധനയിലും മോര്‍ എന്ന പ്രയോഗം ദൈവത്തെ/യേശുതമ്പുരാനെ കുറിച്ചാണെന്ന് നാം ധരിച്ചു പോകും. എന്നാല്‍ വാസ്തവം അതല്ല. മോര്‍ (lord) എന്നു മനുഷ്യരെയും വിളിക്കാറുണ്ട്. മെത്രാപ്പോലീത്താമാരുടെ പേരില്‍ മോര്‍ ഉണ്ട്. മോര്‍ എന്ന പ്രയോഗത്തിന്‍റെ സ്ത്രീലിംഗമാണ് മൊര്‍ത്ത് (Lady). വിശുദ്ധ കന്യകമറിയാമിനെ മൊര്‍ത്ത്മറിയം എന്നു വിളിക്കുന്നുണ്ടല്ലോ. ബാറക്മോര്‍ എന്ന പ്രയോഗത്തില്‍ മോര്‍ എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ അല്ല, മറിച്ച് ആരാധനയുടെ പ്രധാന കാര്‍മികനെയാണ്. ഒന്നിലധികം കാര്‍മികരുള്ളപ്പോള്‍ ഒരാള്‍ മറ്റൊരാളെ മോര്‍ എന്നു സംബോധന ചെയ്യാറുണ്ട്.

ആര് ആരോട് എപ്പോള്‍ ബാറക്മോര്‍ പറയുന്നു എന്നതാണു ഓരോ സന്ദര്‍ഭത്തെക്കുറിച്ചും നമുക്ക് മനസിലാക്കാനുള്ളത്. ആരാധനയില്‍ പ്രധാനമായും നാലു സന്ദര്‍ഭങ്ങളിലാണ് ബാറക്മോര്‍ പറയുന്നതു:

1. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി  (ശുബഹോ ലാബോ ...) എന്ന ത്രിത്വസ്തുതിവചനം കാര്‍മികന്‍ പറയുന്നതിന് മുമ്പായി ജനം ബാറക്മോര്‍ പറയുന്നു.

"പിതാവിനു പുത്രന്‍ മൂലം പരിശുദ്ധാത്മാവിനാല്‍ സ്തുതി" എന്ന നാലാം നൂറ്റാണ്ടിലെ അറിയൂസ് പക്ഷക്കാരുടെ സ്തുതിവചനം പ്രചാരത്തിലായപ്പോള്‍, അതിനു ബദലായി, "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി" എന്നതാണു ശരിയായ സ്തുതിവചനം (orthodox)  എന്നു പിതാക്കന്മാര്‍ പഠിപ്പിച്ചു. Orthodox എന്ന പേരിന്റെ ഉത്ഭവം അതാണ്. ortho എന്നാല്‍ നേരായ/ശരിയായ എന്നര്‍ഥം. dox എന്നാല്‍ സ്തുതി. ഈ സ്തുതിവചനത്തിന് ഇത്രമേല്‍ പ്രാധാന്യമുള്ളതുകൊണ്ടു ഇത് ചൊല്ലുമ്പോഴെല്ലാം പട്ടക്കാരന്‍ ജനത്തിന്റെ നേരെ തിരിഞ്ഞു കുരിശ് അടയാളം (റൂശ്മ) വരച്ചു ജനത്തെ അനുഗ്രഹിക്കുകയും, ജനം കുരിശ് വരച്ചു അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാവണം അതിനു മുമ്പായി നാഥാ ഞങ്ങളെ വാഴ്ത്തണമേ/അനുഗ്രഹിക്കണമേ എന്ന അര്‍ഥത്തില്‍ ജനം ബാറക്മോര്‍ എന്നു പറഞ്ഞിരുന്നത്.  

2. കൌമായില്‍ പട്ടക്കാരന്‍ കര്‍ത്തൃപ്രാര്‍ഥന ചൊല്ലുന്നതിന് മുമ്പായി ജനം ബാറക്മോര്‍ പറയുന്നു. "നാഥാ അവിടുന്നു ഈ പ്രാര്‍ഥന ചൊല്ലി ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന അര്‍ഥമാണ് അതിനുള്ളത് എന്നു അനുമാനിക്കാം. വിശുദ്ധ കുര്‍ബാനയില്‍ കര്‍ത്തൃപ്രാര്‍ഥന ചൊല്ലുന്ന സമയത്ത് പ്രധാന കാര്‍മികന്‍, മറ്റൊരു പട്ടക്കാരന്‍ സന്നിഹിതനാണെങ്കില്‍, ആ പ്രാര്‍ഥന ചൊല്ലാന്‍ ബാറക്മോര്‍ പറഞ്ഞു ക്ഷണിക്കാറുണ്ട്. "ആചാര്യാ, അവിടുന്നു ഈ പ്രാര്‍ഥന ചൊല്ലി ഞങ്ങളെ അനുഗ്രഹിച്ചാലും" എന്നാവും അപ്പോള്‍ അതിന്റെ അര്‍ത്ഥം. ഈ രണ്ടു സന്ദര്‍ഭങ്ങളിലും അതിന്റെ ഒടുവില്‍ ജനം ആമ്മീന്‍ പറയുന്നതില്‍ നിന്നും ഇന്നത്തെ രീതിയില്‍ നിന്നു വിത്യസ്തമായി കര്‍ത്തൃപ്രാര്‍ഥന പൂര്‍ണമായും പട്ടക്കാരന്‍ തന്നെ ചൊല്ലിയിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. ത്രിത്വസ്തുതി കഴിഞ്ഞാല്‍ ആരാധനയില്‍ ഏറ്റവും പ്രാധാന്യം ഉള്ളത് കര്‍ത്തൃപ്രാര്‍ഥനയ്ക്കാണ് എന്നു അനുമാനിക്കാം. 

3. ആരാധനയുടെ ഒടുവിലും മറ്റ് സന്ദര്‍ഭങ്ങളിലും നാം പട്ടക്കാരന്‍റെ കൈ ചുംബിക്കുന്നു/മുത്തുന്നു. ഈ സമയത്ത് "നാഥാ എന്നെ അനുഗ്രഹിക്കണമേ" എന്ന അര്‍ഥത്തില്‍ നമ്മള്‍ ബാറക്മോര്‍ പറയുകയും, അതിനു പട്ടക്കാരന്‍ "ദൈവം അനുഗ്രഹിക്കട്ടെ (ആലോഹോ ന്ബാറെക്)" എന്നു മറുപടി പറയുകയും ചെയ്യുന്നു. 

4. ശുശ്രൂഷകന്‍ ജനത്തിന് ഒരു അറിയിപ്പ് നല്‍കുന്നതിന് മുമ്പായി ബാറക്മോര്‍ പറയുന്നു. ഉദാഹരണത്തിന്, "ബാറക്മോര്‍, ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം."  "ആചാര്യാ, അങ്ങയുടെ അനുഗ്രഹത്തോടെ/അനുമതിയോടെ ഞാന്‍ ഈ അറിയിപ്പ് നല്‍കട്ടെ" എന്നു അനുവാദം ചോദിക്കുകയാവണം ഈ സന്ദര്‍ഭത്തില്‍ ബാറക്മോര്‍ പറയുന്നതിന്റെ അര്‍ത്ഥം. ശുശ്രൂഷകരുടെ അഭാവത്തില്‍ കാര്‍മികന്‍ തന്നെ ചെയ്യേണ്ടി വരുന്ന ജോലികളാണ് ശുശ്രൂഷകര്‍ ചെയ്യുന്നത്. കാര്‍മികനെ പ്രതിനിധാനം ചെയ്തു കൊണ്ട് കര്‍മികന് പകരമാണ് ശുശ്രൂഷകര്‍ ജനത്തിന് അറിയിപ്പുകള്‍ നല്‍കുന്നതും വേദപുസ്തകത്തില്‍ നിന്നു വായിക്കുന്നതും. 

ബാറക് എന്ന സുറിയാനി വാക്കിന് മറ്റെന്തെങ്കിലും അര്‍ഥമുണ്ടോ എന്നു അന്വേഷിച്ചപ്പോള്‍ എന്‍റെ മനസിലെത്തിയത് വിശുദ്ധ കുര്‍ബാനയില്‍ പട്ടക്കാരന്‍ അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്ന സന്ദര്‍ഭമാണ്. ബറേക് ഉ കാദേശ് വക്സോ എന്നീ സുറിയാനി വാക്കുകള്‍ വാഴ്ത്തി ശുദ്ധീകരിച്ചു മുറിച്ച് എന്നിങ്ങനെ മലയാളത്തിലും പറയും. യേശുക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്നു അപ്പവീഞ്ഞുകള്‍ വാഴ്ത്തുകയാണ് പുരോഹിതന്‍ ചെയ്യുന്നത്. യേശുക്രിസ്തു അപ്പം വാഴ്ത്തിയതെങ്ങനെ എന്നറിയാന്‍ ഞാന്‍ വേദപുസ്തകത്തിന്റെ താളുകള്‍ മറിച്ചു നോക്കി. 

യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ച് ശിഷ്യന്‍മാര്‍ക്ക് കൊടുത്തു. മത്തായി 26:26
താന്‍ അപ്പമെടുത്ത് സ്തോത്രം ചെയ്തു മുറിച്ച് അവര്‍ക്ക് കൊടുത്തു. ലൂക്കോസ് 22: 19

മത്തായി വാഴ്ത്തി എന്നു പറയുന്നിടത്ത് ലൂക്കോസ് സ്തോത്രം ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. ആഹാരത്തിനായി ദൈവത്തിന് നന്ദി പറയുന്നതും ആഹാരം വാഴ്ത്തുന്നതും ഒന്നു തന്നെ എന്നു സാരം. ഇവിടെ ബാറക് എന്ന വാക്കിന് നന്ദി പറയുക എന്നും അര്‍ഥമുണ്ട് എന്നു അനുമാനിക്കാം.
അങ്ങിനെയെങ്കില്‍, ജനത്തിന് ഒരു അറിയിപ്പ് നല്‍കുന്നതിന് മുമ്പായി ബാറക്മോര്‍ പറയുന്നതിന്റെ അര്‍ത്ഥം ഇങ്ങനെ മനസിലാക്കാം: "ആചാര്യാ, അങ്ങേയ്ക്കു വേണ്ടി ഈ അറിയിപ്പ് നല്‍കുവാന്‍ എന്നെ അനുവദിച്ചതിന് നന്ദി."  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?