ആരാധനയുടെ അടിസ്ഥാന സങ്കല്‍പ്പം

യേശുതമ്പുരാനും ഏതാണ്ട് 700 വര്ഷം മുന്‍പ് ഒരു ദൈവമനുഷ്യന് ഒരു ദൈവദര്‍ശനം ഉണ്ടായി. ഉസിയ രാജാവു മരിച്ച വര്‍ഷം ആയിരുന്നു അത്. ഉസിയ രാജാവ് ഭരിച്ച അര നൂറ്റാണ്ടു കാലം സമ്പല്‍ സമൃദ്ധിയുടെ കാലമായിരുന്നു. ലോകത്തിന്‍റെ മുഴുവന്‍ രാജാവായ സര്‍വേശ്വരന്‍റെ പ്രതിപുരുഷനായി ജനം സ്വീകരിച്ചിരുന്ന മഹാരാജാവ് നിര്‍ഭാഗ്യവശാല്‍ ഒരു കുഷ്ഠരോഗിയായി തീരുകയും മരണമടയുകയും ചെയ്തു. ഈ സംഭവം ജനങ്ങള്‍ക്ക് ഒരു ഞെട്ടലുണ്ടാക്കി. പുരോഹിതന്മാരുടെ വിലക്ക് വകവയ്ക്കാതെ ധൂപാര്‍ച്ചന ചെയ്തത് കൊണ്ടാണ് അത് സംഭവിച്ചത് എന്നു ചിലര്‍ വിശ്വസിച്ചു. ഇത്രയും നല്ലവനും മഹാനുമായിരുന്ന ഒരു രാജാവിനെ ഇത്രയും ക്രൂരമായി ശിക്ഷിച്ചതിന്‍റെ പേരില്‍ അവര്‍ ദൈവത്തെ പഴിച്ചു. ഈ പശ്ചാത്തലത്തിലാണ് ദൈവസന്നിധിയില്‍ ഇരുന്നു ധ്യാനിച്ച ഒരു
ദൈവപുരുഷന് ദൈവദര്‍ശനം ഉണ്ടായത്. മഹാരാജാവ് ഒരു കുഷ്ഠരോഗിയായി മരിച്ചതും നാട്ടുകാര്‍ ദൈവത്തെ പഴിക്കുന്നതും അദ്ദേഹത്തെ വല്ലാതെ ആകുലപ്പെടുത്തിയിരുന്നിരിക്കണം. ലോകത്തിന്‍റെ മുഴുവന്‍ മഹാരാജാവായ ദൈവം ഉയര്‍ന്ന  സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതാണ് അദ്ദേഹം ദര്‍ശിച്ചത്.

ഏശായ എന്നായിരുന്നു ഈ ദൈവമനുഷ്യന്‍റെ പേര്. ഒരു പ്രവാചകനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ദൈവത്തെ അദ്ദേഹം ദര്‍ശിച്ചില്ല. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ ദര്‍ശിക്കാനാവാത്ത പോലെ ദൈവത്തെ തനിക്ക് ദര്‍ശിക്കാനാവില്ല എന്നു അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. എന്നാല്‍ ലോകത്തെയാകെ ഭരിക്കുന്ന മഹാരാജാവ് എന്ന നിലയില്‍ ദൈവം ഉയര്‍ന്ന സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു അദ്ദേഹം ശ്രദ്ധിച്ചു. മഹാരാജാവ് അണിഞ്ഞിരുന്ന മേലങ്കിയുടെ വിളുമ്പുകള്‍ ആ ദേവാലയത്തെ നിറച്ചിരുന്നത് അദ്ദേഹത്തിന്റെ ശ്രധയില്‍ പേട്ടു. ദൈവസിംഹാസനത്തിന് ചുറ്റും ഏതു ആജ്ഞയും ഉടനടി നിറവേറ്റാന്‍ സന്നദ്ധരായി പറക്കുന്ന മാലാഖമാരെ അദ്ദേഹം ശ്രദ്ധിച്ചു. മാലാഖമാര്‍ക്ക് ആറാറു ചിറകുകള്‍ ഉള്ള കാര്യം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.  ദൈവികശോഭ തങ്ങളെ അന്ധരാക്കാതിരിക്കുവാന്‍ രണ്ടു ചിറകുകള്‍ കൊണ്ട് അവര്‍ കണ്ണുകള്‍ മൂടി. കാലുകളില്‍ പൊള്ളലേല്‍ക്കാതിരിക്കുവാന്‍ രണ്ടു ചിറകുകള്‍ കൊണ്ട് കാല്‍കള്‍ മൂടി. അവശേഷിക്കുന്ന രണ്ടു ചിറകുകള്‍ കൊണ്ട് അവര്‍ പറന്നു.  ആകാശവും ഭൂമിയും തന്‍റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നു അവര്‍ സദാ ആര്‍ത്തു കൊണ്ടിരുന്നു.

മാലാഖമാര്‍ തങ്ങളുടെ അധരങ്ങള്‍ കൊണ്ട് സദാ ദൈവത്തെ പരിശുദ്ധന്‍ എന്നു സ്തുതിക്കുന്നത് ഈ ദൈവമനുഷ്യന്‍റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. മഹാനായ ഉസ്സിയാ രാജാവ് ഒരു കുഷ്ഠരോഗിയായി മരിക്കാനിടയായ സാഹചര്യത്തില്‍ നാട് മുഴുവന്‍ ദൈവത്തെ പഴിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാവണം അതില്‍ നിന്നു വിരുദ്ധമായി മാലാഖമാര്‍ ദൈവത്തെ പരിശുദ്ധന്‍ എന്നു വാഴ്ത്തുന്ന കാര്യം ഈ ദൈവമനുഷ്യനെ സ്പര്‍ശിച്ചത്. തന്‍റെ നാവ് അശുദ്ധമാണെന്നും അശുദ്ധ അധരങ്ങളുള്ള ജനത്തിന്റെ നടുവിലാണ് താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റസമ്മതം ചെയ്യുന്ന മാത്രയില്‍ ഒരു മാലാഖ ദൈവസന്നിധിയില്‍ നിന്നു തീക്കനലുമായി അദ്ദേഹത്തിന്റെ അടുക്കലേക്ക് പറന്നു വരികയും അത് അദ്ദേഹത്തിന്റെ നാവില്‍ തൊടുകയും ചെയ്യുന്നു.

ഈ മഹാദൈവദര്‍ശനം അദ്ദേഹത്തെ സമൂലം രൂപാന്തരപ്പെടുത്തി. ദൈവത്തെ പഴിച്ചുള്ള പഴയ ജീവിതത്തിന്റെ സ്ഥാനത്ത് മാലാഖമാരൊപ്പം സദാ ദൈവത്തെ മഹത്വപ്പെടുത്തുന്ന പുതിയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. ദേവാലയത്തിന് പുറത്തിറങ്ങി കണ്ടവരോടെല്ലാം അദ്ദേഹം പറഞ്ഞു: ദൈവം പരിശുദ്ധനാണ്. അറിവില്ലായ്മ കൊണ്ടാണ് നാം ദൈവത്തെ പഴിക്കുന്നത്. മാലാഖമാരൊപ്പം നമുക്ക് ദൈവത്തെ പരിശുദ്ധന്‍ എന്നു വാഴ്ത്താം. കേട്ടവര്‍ കേട്ടവര്‍ ഇത് മറ്റുള്ളവരോട് പറഞ്ഞു. അങ്ങനെ ഏശായാപ്രവാചകന്‍റെ ദൈവദര്‍ശനം ഒരു ജനതയെ മുഴുവന്‍ ആഴമായി സ്വാധീനിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്നേഹിതരും ശിഷ്യരുമായി ചുറ്റും കൂടിയ ചിലര്‍ അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളും ഉപദേശങ്ങളും അടുത്ത തലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തി. പില്‍ക്കാലത്ത് അത് യഹൂദജനതയുടെ വിശുദ്ധ ഗ്രന്ഥത്തില്‍ ഇടം നേടി.

മാലാഖമാര്‍ ദൈവസന്നിധിയില്‍ നിന്നു നിരന്തരം ദൈവത്തെ സ്തുതിക്കുന്ന ഈ ചിത്രം യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ ആരാധനയുടെ അടിസ്ഥാനമായി തീര്‍ന്നു. ദൈവത്തെ പഴിച്ചുള്ള ജീവിതത്തിനു പകരം മാലാഖമാരോടൊപ്പം ദൈവത്തെ മഹത്വപ്പെടുത്തികൊണ്ട് ജീവിക്കുന്ന ആരാധനാസമൂഹങ്ങളായാണ് ഈ മതങ്ങളിലുള്ളവര്‍ സ്വയം കാണുന്നത്. ആരാധിക്കുവാനായി അവര്‍ ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ മാലാഖമാരോടൊപ്പം ദൈവസിംഹാസനത്തിന്റെ മുമ്പില്‍ നില്‍ക്കുന്നതായി അവര്‍ സ്വയം കാണുന്നു. അവര്‍ ഏശായാപ്രവാചകന്‍ കണ്ട ദര്‍ശനം വീണ്ടും വീണ്ടും കാണുകയും അത് തങ്ങളുടെ ജീവിതത്തെ സമൂലം
രൂപാന്തരപ്പെടുത്തുവാന്‍ അനുവദിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ ചെയ്തത് പോലെ തങ്ങള്‍ അശുദ്ധരാണെന്ന് സമ്മതിക്കുകയും ദൈവത്തില്‍ നിന്നു ക്ഷമയും വിശുദ്ധിയും പ്രാപിക്കുകയും ചെയ്യുന്നു.  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം