സംസ്കാരിക മുന്നേറ്റങ്ങളുടെ ജീവിതകഥ
ഒരു പ്രത്യേക സ്ഥലത്ത്, കാലത്ത് ജീവിക്കുന്ന ഒരു മഹാമനുഷ്യന്റെ നവജീവിത ദർശനമാണ് മിക്കപ്പോഴും ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ഉത്ഭവത്തിന് നിദാനമാകുന്നത്. കാലം കടന്നുപോകുന്തോറും ആ മഹാമനുഷ്യന്റെ പ്രകാശവലയത്തിൽ എത്തിപ്പെടുന്ന ആളുകളുടെ മനസ്സുകളിൽ അദ്ദേഹത്തോടുള്ള ആദരവ് വാനത്തോളം ഉയരുകയും, തൽഫലമായി ആ മഹാമനുഷ്യൻ ഒരു അമാനുഷനായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അപ്പോൾ ആ മഹാത്മാവിന്റെ പ്രബോധനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയും, ജീവിത മാതൃക അവഗണിക്കപ്പെടുകയും, അതോടെ ആ സാംസ്കാരിക മുന്നേറ്റത്തിന് മൃത്യു ഭവിക്കുകയും ചെയ്യുന്നു. ആ മഹാമനുഷ്യൻ തുടക്കമിട്ട മഹത്തായ സംസ്കാരിക മുന്നേറ്റത്തിന്റെ സ്ഥാനത്ത് അതിന്റെ മൃതദേഹം സ്ഥാനം പിടിക്കുന്നു. ഒരു ചെടി വളർന്ന് വലുതായി പുഷ്പിച്ച് കായ്ച്ച ശേഷം അത് നിലം പതിക്കുന്നത് പോലെയുള്ള പ്രക്രിയയാണ് അത്. കായ്ച്ചു കഴിഞ്ഞ ഒരു വാഴ നിലത്ത് വീഴുന്നത് സങ്കൽപ്പിക്കുക. പിന്നെ അതിന് ജീവനില്ല. ക്രമേണ അത് അഴുകുകയും മണ്ണോട് ചേരുകയും ചെയ്യുന്നു. അതിനെ വളമാക്കിക്കൊണ്ട് പുതിയ വാഴതൈകൾ അവിടെ വളർന്നു വരുന്നു. ഒരു സാംസ്കാരിക മുന്നേറ്റം ജീവനുള്ള ഒരു വാഴയെ പോലെയാണ്. ...