മുഹമ്മദ് നിബിയും ഇസ്ലാം മതവും
ഇസ്ലാം മതത്തെപ്പറ്റി ആധികാരികമായി പറയത്തക്ക അറിവ് എനിക്കില്ല. എങ്കിലും ഒരു കാര്യം പറയാം. ശൂന്യതയിൽ നിന്ന് മുഹമ്മദ് നബി സൃഷ്ടിച്ചെടുത്ത ഒരു മതമല്ല അത്. ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ നിലവിലിരുന്ന ഒരു മതത്തിന്റെ തുടർച്ചയാണ് ഇസ്ലാം മതം. അന്നത്തെ ആ മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇസ്ലാം മതം പിന്തുടരുന്നു. ചില ഉപനദികൾ ചേർന്ന് ഒരു വലിയ നദിയാകുന്നത് പോലെ, അന്ന് അവിടെ അറേബ്യയിൽ ഉണ്ടായിരുന്ന മതത്തോട് യഹൂദ-ക്രിസ്തു മതങ്ങളുടെ സ്വാധീനം ചേർന്നാണ് ഇസ്ലാം മതം ഉണ്ടായതെന്ന് പറയാം. ഇസ്ലാം മതത്തിൽ മുഹമ്മദ് നബിയുടെ ഉപദേശങ്ങൾ എത്രത്തോളം ഉണ്ട് എന്നത് പഠനവിഷയമാക്കേണ്ടതാണ്. ഇസ്ലാം മതത്തിന്റെ ഉല്പത്തിയ്ക്ക് മുഹമ്മദ് നബി ഒരു നിമിത്തമായി എന്ന് പറയാമെങ്കിലും മുഹമ്മദ് നബിയുടെ ഉപദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഇസ്ലാം മതം ഉണ്ടായത് എന്ന് പറയാൻ സാധ്യമല്ല.
മുഹമ്മദ് നബി ആരായിരുന്നു എന്ന ചോദ്യത്തിനാണ് മുഹമ്മദ് നബി എന്ത് പഠിപ്പിച്ചു എന്നതിനേക്കാൾ പ്രാധാന്യം ഇസ്ലാം മതത്തിൽ നൽകുന്നത് എന്ന് കാണാം. ദൈവം ഒന്നേയുള്ളൂ എന്നും ആ ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകനാണ് മുഹമ്മദ് എന്നും ഉള്ള വിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇതിൽ ദൈവത്തെക്കുറിച്ച് പറയുന്ന ഒന്നാം ഭാഗം മുഹമ്മദ് നബിയുടെ പഠിപ്പിക്കൽ ആണെന്ന് പറയാം. മുഹമ്മദ് നബിയെ കുറിച്ച് പറയുന്ന രണ്ടാം ഭാഗം അദ്ദേഹത്തിന്റെ പഠിപ്പിക്കൽ ആകാൻ സാധ്യതയില്ല.
യേശു പഠിപ്പിച്ച കാര്യങ്ങളുടെ മേൽ അല്ല, യേശുവിനെ സംബന്ധിക്കുന്ന ഒരു വിശ്വാസത്തിന്റെ മേലാണ് ക്രിസ്തുമതം നിൽക്കുന്നത്. അതുപോലെ, മുഹമ്മദ് നബി പഠിപ്പിച്ച കാര്യങ്ങളുടെ മേൽ അല്ല, നബിയെ സംബന്ധിക്കുന്ന ഒരു വിശ്വാസത്തിന്റെ മേലാണ് ഇസ്ലാം മതം നിലനിൽക്കുന്നത്. യേശുവും മുഹമ്മദ് നബിയും ഒക്കെ നന്മയുടെ പ്രകാശം നൂറ്റാണ്ടുകളോളം പരത്തുന്ന ശക്തിയേറിയ പ്രകാശസ്തംഭങ്ങൾ ആകുന്നു. എന്നാൽ നിർഭാഗ്യവശാൽ അവരുടെ പേരിൽ ഉണ്ടായ മതങ്ങൾ ആ പ്രകാശത്തെ ഉന്മൂലനം ചെയ്യുന്ന അന്ധകാരശക്തികളായി നിലനില്‍ക്കുന്നു.
Comments