ഓശാന

എന്താണ് ഈ വാക്കിന്റെ അർത്ഥം? സ്തുതി എന്ന വാക്കിന്റെ ഒരു പര്യായമായി ഇത് പൊതുവേ കരുതപ്പെടുന്നു. സ്തുതി എന്ന വാക്കിനു പകരം ഓശാന എന്ന പദം നമ്മുടെ ആരാധനയിൽ പോലും ഉപയോഗിക്കപ്പെടുന്നു. ഓശാന പാടുക എന്നാൽ മുഖസ്തുതി പറയുക എന്ന അർത്ഥത്തിൽ മലയാളഭാഷയിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ഒരാൾ നേതാക്കന്മാർക്ക് ഓശാന പാടിയാണ് കാര്യങ്ങൾ സാധിക്കുന്നത് എന്നു പറഞ്ഞാൽ അതാണ് അതിന്റെ അർത്ഥം.


 എബ്രായ ഭാഷയിലാണ് ഓശാന എന്ന പദം ഉണ്ടായത്. ആ ഭാഷയിൽ അതിന്റെ അർത്ഥം സ്തുതി എന്നല്ല. 


 ഓശാന ക്രിസ്തുമതത്തിന്റെ ഒരു പെരുന്നാൾ ആണ്. യെരുശലേമിൽ എത്തിയ യേശുവിനെ ജനം ഓശാന പാടി എതിരേറ്റു എന്നതാണല്ലോ ഈ പെരുന്നാളിന്റെ ആധാരം. അന്ന് ജനം ഓശാന പാടിയത് എന്ത് അർത്ഥത്തിലായിരുന്നു എന്നാണ് നമുക്ക് അന്വേഷിക്കേണ്ടത്. 


ഹോശന്നാ;  കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;  (മത്തായി 21:9)

 ഇതാണ് ജനം പാടിയത്. യെരുശലേമിലേക്ക്  തീർത്ഥാടനം നടത്തുമ്പോൾ സംഘമായി സങ്കീർത്തനങ്ങൾ ആലപിച്ചു കൊണ്ടാണ് അവർ പോയിരുന്നത്. ഇത് സങ്കീർത്തനത്തിലെ രണ്ടു വരികളാണ്.


25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.

26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; (സങ്കീ 118: 25-26)


 സങ്കീർത്തനങ്ങൾ രചിക്കപ്പെട്ടത് എബ്രായ ഭാഷയിൽ ആണല്ലോ.

സങ്കീ 118:25 എബ്രായ ഭാഷയിൽ ഹോശന്നാ എന്നാണ്. യഹോവേ ഞങ്ങളെ രക്ഷിക്കണമേ എന്നാണ് അതിന്റെ അർത്ഥം. യഹോവയെ ഞങ്ങൾക്ക് ജയം നൽകണമേ എന്നും അതിന് അർത്ഥം എടുക്കാം. 

 യേശുവിനെ എതിരേറ്റുകൊണ്ട് ജനം സങ്കീർത്തനം ആലപിച്ചത് എബ്രായ ഭാഷയിലാണ്. എന്നാൽ മത്തായി അത് ഉദ്ധരിക്കുമ്പോൾ 25 ആം വാക്യം  എബ്രായയിൽ തന്നെ കൊടുക്കുന്നു -- ഹോശന്നാ. 26 ആം വാക്യം മാത്രം തർജ്ജമ ചെയ്യുന്നു. പിൽക്കാലത്ത് അതാണ് ചിന്താക്കുഴപ്പം ഉണ്ടാക്കിയത്.


യഹോവ ശന്ന ( യഹോവേ രക്ഷിക്കണേ) എന്നതാണ് പിൽക്കാലത്ത് ലോപിച്ച് ഹോശന്നയും ഓശാനയും ഒക്കെ ആയത് എന്ന് അതിനെക്കുറിച്ച് അറിവുള്ളവർ പറയുന്നു.

 അതുപോലെ, യഹോവ ശുവ (യഹോവ രക്ഷകൻ) ലോപിച്ച് യഹോശുവ, യോശുവ, യേശു, ഈശോ ഒക്കെയായി മാറി.


 ഇതുവരെ പറഞ്ഞത് ചുരുക്കി പറയാം:

ഹോശന്ന എന്ന എബ്രായ വാക്കിന്റെ അർത്ഥം യഹോവേ ഞങ്ങളെ രക്ഷിക്കണമേ എന്നാണ്. എന്നാൽ പിൽക്കാലത്ത് അതിന്റെ അർത്ഥം സ്തുതി എന്ന് തെറ്റായി ധരിച്ചു. 

 അത്യുന്നതങ്ങളിൽ/ഉയരങ്ങളിൽ

 എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഒരു തെറ്റിദ്ധാരണ സംഭവിച്ചത് എന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ, നമ്മുടെ മുമ്പിൽ അനാവൃതമാകുന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്.


 യേശുവിന് ഓശാന പാടിയവർ അത്യുന്നതങ്ങളിൽ ഓശാന എന്ന് പാടിയതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

 യേശുവിന്റെ ജനന വാർത്ത ആട്ടിടയരെ അറിയിച്ച മാലാഖമാർ അത്യുന്നതങ്ങളിൽ ദൈവത്തിന് (സ്തുതി ) മഹത്വം എന്ന പാടിയതായി ലൂക്കോസിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

 ഇവ രണ്ടും നമ്മുടെ കൗമയിൽ ചേർത്തിട്ടുണ്ട്. അവിടെ അത്യുന്നതങ്ങളിൽ എന്നതിന് പകരം ഉയരങ്ങളിൽ എന്ന് പറഞ്ഞിരിക്കുന്നു. ഇംഗ്ലീഷിൽ in the highest എന്നാണ്. സുറിയാനിയിൽ അത് ബമ്റൗമേ എന്നാണ്.

 ശരിക്കും എന്താണ് അതിന്റെ അർത്ഥം? അനുമാനിക്കുകയേ നിവൃത്തിയുള്ളു. അതൊരു ക്രിയാവിശേഷണം  ആണ് എന്ന് ഉറപ്പിക്കാം. എവിടെ എന്ന ചോദ്യത്തിന്റെ ഉത്തരമാണെങ്കിൽ അതിന് സ്വർഗ്ഗത്തിൽ എന്ന് അർത്ഥം വരും. പക്ഷെ സ്വർഗ്ഗത്തിൽ ഓശാന എന്നു പറഞ്ഞാൽ അർത്ഥം ശരിയാകുന്നില്ല. എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമായാണ് എങ്കിൽ അതിന് ഉച്ചത്തിൽ എന്ന അർത്ഥം നൽകാം. അതായത് മാലാഖമാർ ദൈവത്തിന് സ്തുതി പറഞ്ഞതും ആളുകൾ ഓശാന എന്ന് വിളിച്ചതും വളരെ ഉച്ചത്തിൽ ആയിരുന്നു.


Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും