മനുഷ്യന്റെ ആത്യന്തിക വിധേയത്വം

ഞാൻ അംഗമായിരിക്കുന്ന  ഈ സമുദായത്തെ ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണാത്മാവോടും സ്നേഹിക്കുകയും, അതിന്റെ എല്ലാ വിശ്വാസങ്ങളെയും പൂർണ്ണമനസ്സോടെ വിശ്വസിക്കുകയും, അതിന്റെ എല്ലാ ആചാരങ്ങളെയും പൂർണ്ണമനസ്സോടെ ആചരിക്കുകയും, അതിന്റെ അധികാരസ്ഥാനത്തുള്ളവരെ പൂർണ്ണമനസ്സോടെ അനുസരിക്കുകയും ചെയ്താൽ, മരണത്തോളം ഈ സമുദായത്തിന്റെ അംഗത്വം എന്ന പദവിയും അതിനോട് ചേർന്ന അനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അല്ലെങ്കിൽ സമുദായ അംഗത്വവും  അതിനോട് ചേർന്ന അനുകൂല്യങ്ങളും നഷ്ടപ്പെടുന്നതാണ്.


 ലോകത്തുള്ള എല്ലാ സമുദായങ്ങളുടെയും നിയമം ഇതാണ്. ഒരു വ്യക്തിയും സമൂഹവും തമ്മിലുള്ള ഉടമ്പടിയാണിത്. വ്യക്തികൾ ഒറ്റയ്ക്ക് ജീവിക്കാതെ സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നത് കൊണ്ട് പല പ്രയോജനങ്ങളും ഉണ്ട്. മനുഷ്യൻ ജനിച്ചു വീഴുന്നത് തന്നെ കുടുംബം എന്ന സമൂഹത്തിന്റെ ഭാഗമായാണ്. ജീവിതത്തിലുടനീളം കൂടുതൽ സങ്കീർണ്ണമായ വിവിധ സമൂഹങ്ങളുടെ ഭാഗമായി നാം ജീവിതയാത്ര ചെയ്യുന്നു. ഒന്നിച്ച് പഠിക്കുന്നവരുടെ, ഒന്നിച്ച് ജോലി ചെയ്യുന്നവരുടെ -- ഇങ്ങനെയുള്ള താൽക്കാലിക സമൂഹങ്ങളിൽ നാം അംഗങ്ങളാകുന്നു. ജന്മനാ തന്നെ ഒരു മതസമുദായത്തിലെ അംഗമാകുന്നു, ഒരു രാഷ്ട്രത്തിലെ പൗരൻ ആകുന്നു. അംഗമാകുന്ന ഏത് സമൂഹത്തോടും വ്യക്തികൾ ഒരു വിധേയത്വ ഉടമ്പടിയിൽ ഏർപ്പെടുന്നു.


 വ്യക്തികളുടെ സുരക്ഷയ്ക്കും ആരോഗ്യപൂർവ്വമായ നിലനിൽപ്പിനും വളർച്ചയ്ക്കും ഒരു സമുദായ അംഗത്വം പ്രയോജനപ്പെടും. പരസ്പരം ആശ്രയിച്ചും സഹായിച്ചും വേണം വ്യക്തികൾ ജീവിക്കുവാൻ. ഒരു കൈയിലെ വിരലുകൾ പോലെ വേണം ഒരു സമൂഹത്തിലെ വ്യക്തികൾ. അവർ വ്യത്യസ്തരാണ് എങ്കിലും  എപ്പോഴും ഐകമത്യത്തോടെ  പരസ്പരം ആശ്രയിച്ചും സഹായിച്ചും നിലകൊള്ളുന്നു. പരസ്പരപൂരകമായ ബന്ധമാണ് അവർക്ക് തമ്മിൽ ഉള്ളത്. 


വ്യക്തികൾ ചേർന്ന് ഒരു സമൂഹമാകുന്നത് പോലെ, ചെറുസമൂഹങ്ങൾ ചേർന്ന് വലിയ സമൂഹങ്ങളാകുന്നു. കുറെ കുടുംബങ്ങൾ ചേർന്ന് ഒരു പഞ്ചായത്ത്, കുറെ പഞ്ചായത്തുകൾ ചേർന്ന് ഒരു താലൂക്ക്, കുറെ താലൂക്കുകൾ ചേർന്ന് ഒരു ജില്ല, കുറെ ജില്ലകൾ ചേർന്ന് ഒരു സംസ്ഥാനം, കുറെ സംസ്ഥാനങ്ങൾ ചേർന്ന് ഒരു രാജ്യം. ഒരു ജില്ലയിലെ താലൂക്കുകൾക്ക് തമ്മിൽ, അല്ലെങ്കിൽ ഒരു സംസ്ഥാനത്തിലെ ജില്ലകൾക്ക്‌ തമ്മിൽ ഉള്ള ബന്ധം പരസ്പരപൂരകമാണ്.


 എന്നാൽ എല്ലാ ബന്ധങ്ങളും പരസ്പരപൂരകങ്ങളല്ല. പരസ്പരം ആശ്രയിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതിന് വിമുഖർ ആയവർ പരസ്പരം അവഗണിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് തമ്മിലുള്ളത് മത്സരമാണ്. ചില സാഹചര്യങ്ങളിൽ ചിലർക്ക് തമ്മിൽ ശത്രുതയും ഉണ്ടാകാം. ഒരു താലൂക്കിലെ പഞ്ചായത്തുകൾക്ക് തമ്മിൽ പരസ്പരം ആശ്രയിക്കുകയും സഹായിക്കുകയും ചെയ്യുന്ന ബന്ധമാണ് വേണ്ടത്. അവർക്കിടയിൽ ആരോഗ്യകരമായ മത്സരവും നല്ലതാണ്. എന്നാൽ അവർ പരസ്പരം അവഗണിക്കുന്നതും പരസ്പരം ശത്രുത പുലർത്തുന്നതും നല്ലതല്ല.


 രാജ്യങ്ങൾക്കിടയിൽ പലപ്പോഴും പല കാരണങ്ങളാലും ശത്രുത ഉണ്ടാകാറുണ്ട് എന്ന് നമുക്കറിയാം. എന്ത് വിലകൊടുത്തും ശത്രുത ഒഴിവാക്കി മൈത്രി പുനസ്ഥാപിക്കേണ്ടത് മനുഷ്യവർഗ്ഗത്തിന്റെ ആരോഗ്യപൂർവ്വമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.


 ഒരു നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വേണ്ടത് ശത്രുതയല്ല, സഹകരണവും സൗഹൃദവും ആണ്. വോട്ട് കിട്ടാൻ വേണ്ടിയുള്ള മത്സരം ആരോഗ്യകരമായ മത്സരമല്ല. നാടിന് നന്മ ചെയ്യുന്നതിലാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരിക്കേണ്ടത്. 


 രാജ്യങ്ങൾക്കിടയിലും രാഷ്ട്രീയപാർട്ടികൾക്കിടയിലും ഉണ്ടാകുന്നതിനേക്കാൾ അപകടകരമാണ് മതങ്ങൾ തമ്മിലുള്ള ശത്രുത. സൗഹൃദവും സഹവർത്തിത്വവുമാണ് മതങ്ങൾക്കിടയിൽ ഉണ്ടാകേണ്ടത്.  ഒരു നാട്ടിലെ എല്ലാ മതാനുയായികൾക്കും ഒരു കൈയിലെ വിരലുകൾ പോലെ ഐക്യമത്യത്തോടെ നാടിന്റെ നന്മയ്ക്കുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കുവാൻ സാധിക്കണം. ആരോഗ്യകരമായ മത്സരവും അവർക്കിടയിൽ ഉണ്ടാകാം. ഭാരതത്തിലെ എല്ലാ മതാനുയായികൾക്കും  സൗഹൃദത്തോടെ ഒന്നിച്ച് നിൽക്കാൻ കഴിഞ്ഞാൽ അത് ഈ നാടിന് എത്രത്തോളം നന്മയുണ്ടാക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.


 എല്ലാ ജഗദ്ഗുരുക്കന്മാരും പഠിപ്പിച്ചിരിക്കുന്നത് നമ്മുടെ ആത്യന്തികമായ വിധേയത്വം നമ്മുടെ ലോകത്തെയാകെ പരിപാലിക്കുന്ന സർവ്വേശ്വരനോട് ആയിരിക്കണം എന്നാണ്. ലോകത്തെയാകെ പരിപാലിക്കുന്ന സർവ്വേശ്വരന്റെ ഇഷ്ടം ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ്. എന്റെ ആത്യന്തികമായ വിധേയത്വം സർവ്വേശ്വരനോട് ആണെങ്കിൽ സർവ്വ ലോകത്തിനും നന്മ ഉണ്ടാകുവാൻ ഞാൻ ആഗ്രഹിക്കും. ഞാൻ എന്നെത്തന്നെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നതുപോലെ ലോകത്തിലുള്ള എല്ലാ സഹജീവികളെയും ഞാൻ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യും.


 എന്റെ രാജ്യക്കാരെല്ലാം എന്റെ സഹോദരങ്ങളാണ്, അഥവാ എന്റെ മതവിഭാഗത്തിൽപ്പെട്ടവരെല്ലാം  എന്റെ സഹോദരങ്ങളാണ് എന്നിങ്ങനെ പരിമിതപ്പെടുത്തുന്നതിന് പകരം ലോകത്തുള്ള എല്ലാ മനുഷ്യരും എന്റെ സഹോദരങ്ങളാണ് എന്ന കാഴ്ചപ്പാടിലേക്ക് എല്ലാ മനുഷ്യരും വളരണം. എല്ലാ വേർതിരിവുകൾക്കും അതീതമായ മാനവ സാഹോദര്യത്വം ആണ് ഇത്. 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും