വിശ്വാസികൾ വിശ്വസിക്കുന്നത് ആരിൽ?

ഒരു മതത്തിൽപ്പെട്ട ആളുകളെ കുറിച്ച് പറയുവാൻ വിശ്വാസികൾ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ക്രിസ്തുമതത്തിൽ പെട്ടവർ ക്രിസ്തുമത വിശ്വാസികൾ, ഇസ്ലാം മതത്തിൽ പെട്ടവർ ഇസ്ലാം മത വിശ്വാസികൾ, ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരെ കുറിച്ചും വിശ്വാസികൾ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

 ശരിക്കും എന്താണ് ഓരോ മതത്തിലും പെട്ടവർ വിശ്വസിക്കുന്നത്?  നമ്മളെല്ലാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്. ക്രിസ്തുമതത്തിൽ ജനിച്ചു വളർന്ന ഞാൻ സ്വയം ചോദിക്കണം, എന്താണ് ഞാൻ വിശ്വസിക്കുന്നത്?

 ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിനു കാരണമായത് യേശുവാണ്. തിന്മയുടെയും അജ്ഞാനത്തിന്റെയും അന്ധകാരം നിറഞ്ഞ ലോകത്തിൽ നന്മയുടെ പ്രകാശം പരത്തിയ യേശുവിന്റെ അടുക്കലേക്ക് ധാരാളം പേർ ആകർഷിക്കപ്പെട്ടു. യേശുവിന്റെ കാഴ്ചപ്പാടും പ്രബോധനങ്ങളും അവരുടെ ജീവിതത്തിന് പുതിയ ഒരു അർത്ഥം നൽകി. ഇപ്രകാരം യേശുവിന്റെ പ്രകാശത്താൽ ആകൃഷ്ടരായ ജനത്തെ വിശ്വാസികൾ എന്ന് വിളിക്കാമോ? വിളിക്കാമെങ്കിൽ, എന്താണ് അവർ വിശ്വസിച്ചത്?  അവർ യേശുവിൽ വിശ്വസിച്ചു. യേശു പറയുന്നത് സത്യമായ കാര്യങ്ങളാണെന്നും മനുഷ്യജീവിതത്തിൽ അവ പ്രധാനമാണെന്നും അവർ ഉറച്ച് വിശ്വസിച്ചു. അവർ യേശുവിന്റെ പ്രബോധനങ്ങൾ ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കുവാൻ ശ്രമിച്ചു. യേശു അവർക്ക് ഒരു മാതൃകാപുരുഷനായി. അർത്ഥവത്തും ഫലവത്തുമായ ഒരു ജീവിതം ജീവിക്കുവാൻ യേശുവിലുള്ള വിശ്വാസം അവരെ സഹായിച്ചു.

 യേശുവിനെക്കുറിച്ച് അവരുടെ മനസ്സിൽ ആദരവ് ഉണ്ടായി. സമയം കഴിയുംതോറും ഈ ആദരവ് വർദ്ധിച്ചുകൊണ്ടിരുന്നു. യേശുവിന്റെ കീർത്തി പരക്കുംതോറും  അവരുടെ മനസ്സുകളിൽ യേശുവിന്റെ സ്ഥാനം  വളരെ ഉയർന്നുകൊണ്ടിരുന്നു. തുടക്കത്തിൽ യേശു അവർക്ക് ഒരു മഹാ മനുഷ്യനായിരുന്നു, എന്നാൽ ക്രമേണ യേശു ഒരു അമാനുഷനായി മാറി.

 യേശു ഒരു അമാനുഷനായി മാറിക്കഴിഞ്ഞപ്പോൾ, യേശുവിലുള്ള വിശ്വാസത്തോടൊപ്പം യേശു ഒരു അമാനുഷനാണ് എന്ന വിശ്വാസവും നിലവിൽ വന്നു. ക്രമേണ യേശു ഒരു അമാനുഷനാണ് എന്ന വിശ്വാസം  കേന്ദ്ര സ്ഥാനം കയ്യടക്കി. അതോടെ യേശുവിലുള്ള വിശ്വാസം പാർശ്വവൽക്കരിക്കപ്പെട്ടു. യേശു അവർക്ക് മാതൃകാപുരുഷൻ അല്ലാതെയായി. യേശുവിന്റെ പ്രബോധനങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടു. യേശു അമാനുഷൻ ആണ് എന്ന വിശ്വാസം അർഥവത്തായ ഒരു ജീവിതത്തിന് അവരെ സഹായിച്ചില്ല. മാത്രവുമല്ല വർഗീയതയ്ക്കും മതഭ്രാന്തിനും അത് കാരണമാകുകയും ചെയ്തു.

 ചുരുക്കിപ്പറഞ്ഞാൽ, ഒരു മഹാമനുഷ്യനായ യേശുവിലുള്ള വിശ്വാസം നന്മയ്ക്ക് കാരണമായെങ്കിൽ, അമാനുഷനായ യേശുവെ കുറിച്ചുള്ള വിശ്വാസം നന്മയ്ക്ക് കാരണമായില്ല എന്ന് മാത്രമല്ല, തിന്മയ്ക്ക് കാരണമാകുകയും ചെയ്തു.

 ഞാൻ വിശ്വസിക്കുന്നത് മഹാമനുഷ്യനായ യേശുവിലാണോ അതോ യേശു ഒരു അമാനുഷനാണ് എന്നാണോ? ക്രിസ്തുമതത്തിൽ പെട്ട എല്ലാവരും ഈ ചോദ്യം സ്വയം ചോദിക്കണം. യേശു അമാനുഷനാണ് എന്നാണ് ഇപ്പോൾ എന്റെ വിശ്വാസം എങ്കിൽ അത് എനിക്ക് ഒരു നന്മയും വരുത്തുന്നില്ല എന്ന് ഞാൻ തിരിച്ചറിയണം. യേശു അമാനുഷനാണ് എന്ന് വിശ്വാസത്തിന്റെ  സ്ഥാനത്ത് മഹാമനുഷ്യനായ യേശുവിലുള്ള വിശ്വാസം ഞാൻ പ്രതിഷ്ഠിക്കണം.

 ഇതൊരു മാതൃകയായി സ്വീകരിച്ചു കൊണ്ട്  ഓരോരുത്തരും അവരവരുടെ മത സ്ഥാപകനെ പറ്റി ഈ ചോദ്യം  സ്വയം ചോദിക്കണം. ഞാൻ വിശ്വസിക്കുന്നത് മഹാമനുഷ്യനായ -----------  യിൽ ആണോ അതോ ---------- ഒരു അമാനുഷനാണ് എന്നാണോ?

 ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നവർ അദ്ദേഹത്തെക്കുറിച്ച് ഈ ചോദ്യം സ്വയം ചോദിക്കണം. അമൃതാനന്ദമയിയെ ആദരിക്കുന്നവർ ആ മഹതിയെക്കുറിച്ച് ഈ ചോദ്യം സ്വയം ചോദിക്കണം. സത്യസായിബാബയെ ആദരിക്കുന്നവർ അദ്ദേഹത്തെക്കുറിച്ച് ഈ ചോദ്യം സ്വയം ചോദിക്കണം. മുഹമ്മദ് നബിയെ ആദരിക്കുന്നവർ അദ്ദേഹത്തെക്കുറിച്ച് ഈ ചോദ്യം സ്വയം ചോദിക്കണം.

 ഇങ്ങനെ നമ്മുടെ വിശ്വാസം മാറുമ്പോൾ, നാം രൂപാന്തരപ്പെടും. നമ്മുടെ ലോകവും രൂപാന്തരപ്പെടും. 


Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?