സംസ്കാരിക മുന്നേറ്റങ്ങളുടെ ജീവിതകഥ


 ഒരു പ്രത്യേക സ്ഥലത്ത്, കാലത്ത് ജീവിക്കുന്ന ഒരു മഹാമനുഷ്യന്റെ  നവജീവിത ദർശനമാണ് മിക്കപ്പോഴും ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ഉത്ഭവത്തിന് നിദാനമാകുന്നത്. കാലം കടന്നുപോകുന്തോറും  ആ മഹാമനുഷ്യന്റെ പ്രകാശവലയത്തിൽ എത്തിപ്പെടുന്ന ആളുകളുടെ മനസ്സുകളിൽ അദ്ദേഹത്തോടുള്ള ആദരവ് വാനത്തോളം ഉയരുകയും, തൽഫലമായി ആ മഹാമനുഷ്യൻ ഒരു അമാനുഷനായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അപ്പോൾ ആ മഹാത്മാവിന്റെ പ്രബോധനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയും, ജീവിത മാതൃക അവഗണിക്കപ്പെടുകയും, അതോടെ ആ സാംസ്കാരിക മുന്നേറ്റത്തിന് മൃത്യു ഭവിക്കുകയും ചെയ്യുന്നു. ആ മഹാമനുഷ്യൻ തുടക്കമിട്ട മഹത്തായ സംസ്കാരിക മുന്നേറ്റത്തിന്റെ സ്ഥാനത്ത് അതിന്റെ മൃതദേഹം സ്ഥാനം പിടിക്കുന്നു.


ഒരു ചെടി വളർന്ന് വലുതായി പുഷ്പിച്ച് കായ്ച്ച ശേഷം അത് നിലം പതിക്കുന്നത് പോലെയുള്ള പ്രക്രിയയാണ് അത്. കായ്ച്ചു കഴിഞ്ഞ ഒരു വാഴ നിലത്ത് വീഴുന്നത് സങ്കൽപ്പിക്കുക. പിന്നെ അതിന് ജീവനില്ല. ക്രമേണ അത് അഴുകുകയും മണ്ണോട്  ചേരുകയും ചെയ്യുന്നു.  അതിനെ വളമാക്കിക്കൊണ്ട് പുതിയ വാഴതൈകൾ അവിടെ വളർന്നു വരുന്നു.


 ഒരു സാംസ്കാരിക മുന്നേറ്റം ജീവനുള്ള ഒരു വാഴയെ പോലെയാണ്. ജനനം ഉള്ളതുപോലെ അതിനു മരണവുമുണ്ട്. മരിച്ചു കഴിയുമ്പോൾ പിന്നെ അവശേഷിക്കുന്നത് അതിന്റെ മൃതദേഹമാണ്. മരിച്ചു കഴിഞ്ഞ ഒരു


സാംസ്കാരിക മുന്നേറ്റത്തെ മതം എന്ന് വിളിക്കാം. പുതിയ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് വളമായിത്തീരുക എന്നതാണ് ഇനി അതിന്റെ ധർമ്മം. ഇന്ന് ലോകത്തിൽ നിലവിലിരിക്കുന്ന എല്ലാ മതങ്ങളെ സംബന്ധിച്ചും ഇത് സത്യമാണ്. അവയെല്ലാം നിലത്ത് വീണു കിടക്കുന്ന വാഴയെ പോലെയാണ്. അവയൊന്നും ഇനി എഴുന്നേൽക്കുകയില്ല. ക്രമേണ അഴകുകയും മണ്ണോടു മണ്ണായി തീരുകയും ചെയ്യും. അതുവരെ അവ പുതിയ സംസ്കാരിക മുന്നേറ്റങ്ങൾക്ക് വളമായി തീരണം.


 ഒരു സാംസ്കാരിക മുന്നേറ്റം മൃതമായി കഴിഞ്ഞു എന്ന് തിരിച്ചറിയാതെ വീണ്ടും അതിന്റെ ഭാഗമായി തുടരുന്ന മനുഷ്യരുണ്ട്. അവർ മൂഢസ്വർഗത്തിലാണ്. മൃതമായി കഴിഞ്ഞ ഒരു സാംസ്കാരിക മുന്നേറ്റത്തെ വീണ്ടും ജീവിപ്പിക്കുവാൻ സാധ്യമല്ല.


 ഇന്ന് ലോകമെമ്പാടും മതങ്ങളുടെ ഭാഗമായി ജീവിക്കുന്ന മനുഷ്യർ ചെയ്യേണ്ടത് ഇതാണ്:

1. മൃതമായി കഴിഞ്ഞ ഒരു സംസ്കാരിക മുന്നേറ്റമാണ് അവരുടെ മതം എന്ന് തിരിച്ചറിയുക.

2. അതിനെ വീണ്ടും ജീവിപ്പിക്കാം എന്ന പ്രതീക്ഷ ഉപേക്ഷിക്കുക

3. നമ്മുടെ കാലഘട്ടത്തിന് യോജിച്ച പുതിയ സംസ്കാരിക മുന്നേറ്റങ്ങൾക്ക് അതിനെ വളമായി ഉപയോഗിക്കുക. 


വളരെ സജീവമായ മഹാസംസ്കാരിക മുന്നേറ്റങ്ങളാണ് പിൽക്കാലത്ത് മൃതമതങ്ങളായി പരിണമിച്ചത് എന്ന് നാം അറിയണം.  ബുദ്ധനും മോശയും  സൊരാഷ്ട്രരും യേശുവും മുഹമ്മദ് നബിയും ഗുരുനാനാക്കും ഒക്കെ അത്തരം മഹാ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചവരാണ്. ഇത്തരം പുതിയ സംസ്കാരിക മുന്നേറ്റങ്ങളാണ് ഇനിയും മനുഷ്യവർഗ്ഗത്തെ മുന്നോട്ടു നയിക്കുന്നത്. പഴയ സംസ്കാരിക മുന്നേറ്റങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ചു കൊണ്ട് വേണം പുതിയ സാംസ്കാരിക മുന്നേറ്റങ്ങൾ ഉണ്ടാകുവാനും മുന്നേറുവാനും. 


 ഇതുവരെ പറഞ്ഞത് ചുരുക്കി പറയാം. മനുഷ്യവർഗ്ഗത്തെ മുന്നോട്ടു നയിക്കുന്ന ഒരു മഹാസംസ്കാരിക മുന്നേറ്റം മൃതമാകുമ്പോൾ അത് അവശേഷിപ്പിക്കുന്ന മൃതശരീരമാണ് മതം. അത് പുതിയ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് വളമായി ഭവിക്കണം. 


Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം