യേശു പ്രഘോഷിച്ച നല്ല വാർത്ത -- അന്നും ഇന്നും

 


ചെറുപ്പകാലത്ത് ഒരു സ്കൗട്ട് ക്യാമ്പിൽ ഒരു ഗെയിം കളിച്ചത് ഓർക്കുന്നു. കുട്ടികളെ വരിവരിയായി നിർത്തും. നടത്തുന്നയാൾ ആദ്യത്തെ കുട്ടിയുടെ ചെവിയിൽ എന്തോ ഒരു രഹസ്യം പറയും. ആ കുട്ടി തൊട്ടടുത്തു നിൽക്കുന്ന കുട്ടിക്ക് രഹസ്യം കൈമാറണം. അങ്ങനെ അവസാനത്തെ ആളുവരെ ആ രഹസ്യം കൈമാറ്റപ്പെടുന്നു. അവസാനത്തെ യാൾ ഗെയിം നടത്തുന്ന ആളോട് ആ രഹസ്യം പറയുന്നു. ആദ്യത്തെ കുട്ടിയോട് പറഞ്ഞ രഹസ്യത്തിൽ നിന്ന് പാടെ വ്യത്യസ്തമായിരിക്കും അവസാനത്തെ കുട്ടിയിൽ നിന്നും കേൾക്കുന്ന രഹസ്യം.

 സമൂഹത്തിൽ എപ്രകാരം ആശയവിനിമയം നടക്കുന്നു എന്നതാണ് ഈ കളിയിൽ കാണുന്നത്.


 യേശു നാടെങ്ങും സഞ്ചരിച്ച് ഒരു നല്ല വാർത്ത ജനത്തെ അറിയിച്ചു. യേശു അത് എവിടെയും എഴുതി വച്ചില്ല.  അത് കേട്ടവർ മറ്റുള്ളവരോട് പറഞ്ഞു. ആ വാർത്ത തലമുറകൾ കൈമാറി വന്നപ്പോൾ യേശു തുടക്കത്തിൽ നൽകിയ വാർത്തയിൽ നിന്ന് അത് ഏറെ വ്യത്യാസപ്പെട്ടു.


 യേശു പഠിപ്പിച്ചതും ചെയ്തതുമായ കാര്യങ്ങൾ ആദ്യം ലിഖിത രൂപത്തിൽ ആയത് സുവിശേഷങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു. യേശുവിനും നാല്പതോ അമ്പതോ വർഷങ്ങൾക്കുശേഷമാണ് അവ രചിക്കപ്പെട്ടത്. യേശു നാടെങ്ങും അറിയിച്ചതായി സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്ന നല്ല വാർത്ത ഇതാണ് : ദൈവരാജ്യം സമീപിച്ചിരിക്കുന്നു, മനസാന്തരപ്പെടുക.


 ഇത് വാസ്തവത്തിൽ യോഹന്നാൻ സ്നാപകൻ നാടെങ്ങും അറിയിച്ച നല്ല വാർത്തയാണ്. യേശു അറിയിച്ചതും അതേ വാർത്ത തന്നെയാണ് എന്നാണ് സുവിശേഷ രചയിതാക്കൾ എഴുതിയിരിക്കുന്നത്.  യേശുവും യോഹന്നാൻ സ്നാപകനും തമ്മിലുള്ള വ്യത്യാസം സുവിശേഷ രചയിതാക്കൾ വേണ്ടവണ്ണം മനസ്സിലാക്കിയില്ല എന്നാണ് നമുക്ക് ഇതിൽനിന്ന് അനുമാനിക്കാവുന്നത്.


 ഇപ്പോൾ ഭൂമിയെ ഭരിക്കുന്നത് സാത്താൻ ആണ്. താമസിയാതെ സാത്താന്റെ സ്ഥാനത്ത് ദൈവം പുതിയൊരു രാജാവിനെ നിയമിക്കും. ആ രാജാവ് ഭരണമേൽക്കുമ്പോൾ ദൈവരാജ്യം സംസ്ഥാപിതമാകും -- ഏതാണ്ട് ഇങ്ങനെയാണ് സ്നാപകയോഹന്നാൻ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത്. അതുകൊണ്ടാണ് താമസിയാതെ ദൈവരാജ്യം സംസ്ഥാപിതമാകും എന്ന നല്ല വാർത്ത അദ്ദേഹം ജനത്തെ അറിയിച്ചത്.

 എന്നാൽ യേശു ജനത്തെ അറിയിച്ച നല്ല വാർത്ത അതല്ലായിരുന്നു. ദൈവം തന്നെയാണ് ലോകത്തെ ഭരിക്കുന്നത്, ഇപ്പോഴും എല്ലാ കാലത്തും. ലോകത്തെ ഭരിക്കുവാൻ ദൈവം ഒരിക്കലും സാത്താനെ ഏൽപ്പിച്ചിട്ടില്ല. മനുഷ്യരാണ് ദൈവഭരണം നിരാകരിച്ച് സാത്താന്റെ ഭരണത്തെ സ്വീകരിച്ചത്. സാത്താന്റെ ഭരണത്തെ നിരാകരിച്ച് ദൈവത്തിന്റെ ഭരണം സ്വീകരിക്കുക മാത്രമേ മനുഷ്യർ ചെയ്യേണ്ടതായുള്ളൂ.


 എന്നാൽ നിർഭാഗ്യവശാൽ യേശു നാടെങ്ങും അറിയിച്ച ഈ നല്ല വാർത്ത അക്കാലത്ത് ആരെങ്കിലും ഗ്രഹിച്ചുവോ എന്ന് സംശയമാണ്. ഏതാണ്ട് 40 വർഷങ്ങൾക്ക് ശേഷം യേശുവിനെ പറ്റി എഴുതിയ സുവിശേഷകർ സ്നാപക യോഹന്നാൻ പ്രഘോഷിച്ച നല്ല വാർത്ത തന്നെയാണ് യേശുവും പ്രഘോഷിച്ചത് എന്ന് തെറ്റായി ധരിച്ചു.


 യേശുവിന്റെ കാലശേഷം യേശുവിന്റെ ശിഷ്യന്മാർ എന്താണ് ജനത്തോട് പറഞ്ഞത് എന്ന് അപ്പോസ്തല പ്രവർത്തികളിൽ നമുക്ക് വായിക്കാം. യേശു അറിയിച്ച നല്ല വാർത്ത ആയിരുന്നില്ല അവർ ലോകത്തെ അറിയിച്ചത്. സാത്താന്റെ സ്ഥാനത്ത് ലോകം ഭരിക്കുവാനായി ദൈവം നിയമിക്കുന്ന രാജാവ് അഥവാ മിശിഹാ യേശു തന്നെയാണ് എന്ന് അവർ ലോകത്തെ അറിയിച്ചു. യേശു തന്നെയാണ് മിശിഹാ എന്ന കാര്യം തിരിച്ചറിയാതെ സ്വന്തം നാട്ടുകാർ തന്നെ യേശുവിനെ തള്ളിക്കളഞ്ഞു, കൊന്നു. എന്നാൽ ദൈവം യേശുവിനെ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു. അവിടുന്ന് ദൈവസന്നിധിയിലേക്ക് പോയിരിക്കുന്നു. താമസിയാതെ അവിടുന്ന് ലോക രാജാവായി തിരികെ വരും. യേശു തന്നെയാണ് മിശിഹാ എന്ന് വിശ്വസിക്കുന്നവർ ദൈവരാജ്യത്തിൽ പങ്കാളികളാകും. അല്ലാത്തവർ പുറന്തള്ളപ്പെടും.


 യേശു മശിഹായായി, ലോകരാജാവായി, വീണ്ടും വരും എന്ന വിശ്വാസം 2000 വർഷങ്ങളായി എല്ലാ ക്രൈസ്തവ സഭകളിലും നിലവിലുണ്ട്. ഇപ്പോൾ യേശുവിനെ സ്വീകരിക്കുന്നവർ അപ്പോൾ യേശുവിനാല്‍ സ്വീകരിക്കപ്പെടും എന്ന് എല്ലാ ക്രൈസ്തവസഭകളും വിശ്വസിക്കുന്നു.

 എല്ലാ മനുഷ്യരും പാപികളാണെന്നും അതുകൊണ്ട് ദൈവത്തിന്റെ ശിക്ഷാവിധിക്ക് അർഹരാണെന്നും, യേശുവിൽ വിശ്വസിക്കുന്നവർ ആ ശിക്ഷാവിധിയെ അതിജീവിക്കുമെന്നും മരണശേഷം നരകത്തിൽ പതിക്കാതെ അവർ സ്വർഗ്ഗത്തിൽ ജീവിക്കും എന്നും ഉള്ള വിശ്വാസം ചില ക്രൈസ്തവ സഭകളിൽ വളരെ ശക്തമാണ്. 


 അങ്ങനെ യേശു അറിയിച്ച നല്ല വാർത്തയുമായി ഒരു ബന്ധവുമില്ലാത്ത ഒരു വാർത്തയാണ് യേശുവിന്റെ സുവിശേഷം എന്ന പേരിൽ ലോകമെങ്ങും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 


Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും