ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

കോട്ടയം Y's Men ന്റെ 2023 ലെ ഓണാഘോഷത്തിൽ നൽകിയ ഓണസന്ദേശം 

ഓണാഘോഷത്തെപ്പറ്റി എന്റെ മനസ്സിൽ വലിയൊരു സന്തോഷം ഉണ്ട്, അതോടൊപ്പം വലിയൊരു വിഷമവും ഉണ്ട്.

വർഷത്തിലുടനീളം ധാരാളം ആഘോഷങ്ങൾ ഉണ്ടെങ്കിലും നമുക്കെല്ലാം ഏറ്റവും ഇഷ്ടമുള്ള ആഘോഷം ഓണം തന്നെയാണ്. ഈ നാട്ടിലുള്ള എല്ലാവരും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. ചിലർ ആഘോഷിക്കുകയും മറ്റു ചിലർ ആഘോഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സന്തോഷം അപൂർണ്ണമാണ്. എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുകയും അതിന്റെ സന്തോഷത്തിൽ പങ്കു കൊള്ളുകയും ചെയ്യുമ്പോഴാണ് നമുക്ക് അത് ഏറ്റവും ആസ്വാദ്യകരമാകുന്നത്.


നമ്മുടെ നാട്ടിലെ വിവിധ ജനവിഭാഗങ്ങൾക്ക് ഒത്തൊരുമയോടെ വർഷം മുഴുവൻ ജീവിക്കാൻ കഴിയുന്നത് ഒരുപക്ഷേ ഇങ്ങനെ ഒരാഘോഷം ഉള്ളതുകൊണ്ട് ആയിരിക്കും. നമ്മുടെ സമൂഹത്തെ ആരോഗ്യത്തോടെ നിലനിർത്തുക എന്ന ഒരു ഫംഗ്ഷൻ ഈ ആഘോഷം നിർവഹിക്കുന്നുണ്ട്. ഇതാണ് നമ്മുടെ ഓണാഘോഷത്തെപ്പറ്റി എനിക്കുള്ള വലിയ സന്തോഷം.


ഇനി അതിനെപ്പറ്റിയുള്ള എന്റെ വിഷമം പറയാം. ഇതുപോലെ എല്ലാവരും ഒന്നിച്ച് അമോദത്തോടെ ആഘോഷിക്കുന്ന ഒന്നായി ഓണം ഭാവിയിലും നിലനിൽക്കുമോ എന്ന കാര്യത്തിൽ എന്റെ ഉള്ളിൽ ഒരു ഭയമുണ്ട്. മനുഷ്യരെ ഒന്നിപ്പിക്കുന്നതിന് പകരം അത് മനുഷ്യരെ ഭിന്നിപ്പിക്കുകയാണോ എന്ന ഭയം.


നമ്മുടെ ഓണാഘോഷം അടിസ്ഥാനപ്പെട്ടിരിരിക്കുന്നത് ഓണാഘോഷത്തെക്കുറിച്ചുള്ള ഒരു കഥയുടെ മേലാണ്. ആ കഥയുടെ പേരിലാണ് ഭിന്നതകൾ തലയുയർത്തുന്നത്. മഹാബലി, വാമനൻ തുടങ്ങിയവരെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് ഓണത്തെപ്പറ്റി നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്. അതുകൊണ്ട് ഇത് ഒരു മതത്തിൽ പെട്ടവരുടെ മാത്രം ആഘോഷമാണ് എന്നൊരു ചിന്ത മറ്റുള്ളവരുടെ ഇടയിൽ ശക്തിപ്പെടുന്നുണ്ട്. ആ ചിന്ത കൂടുതൽ ശക്തി നേടിയാൽ ഓണം ആ ഒരു മതവിഭാഗത്തിന്റേത് മാത്രമായി ചുരുങ്ങും.


ആ കഥയെക്കുറിച്ച് തന്നെ രണ്ട് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ചില വർഷങ്ങളായി നിലവിലുണ്ട്. മാവേലി വർഷംതോറും തന്റെ പ്രജകളെ കാണാൻ വരുന്നതാണ് ഓണം എന്ന് ചിലർ പറയുമ്പോൾ, അങ്ങനെയല്ല, വാമനന്റെ ജന്മദിനമാണ് ഓണം എന്ന് മറ്റ് ചിലർ പറയുന്നു. ഈ അഭിപ്രായഭിന്നത വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ശക്തിപ്പെടുന്നതായി നാം കാണുന്നുണ്ട്.
അങ്ങനെ ആ കഥയെക്കുറിച്ച് നിലവിലുള്ളതും ശക്തിപ്പെടുന്നതുമായ തർക്കങ്ങൾ ഭാവിയിൽ ഓണാഘോഷത്തെ നശിപ്പിച്ചു കളയുമോ എന്ന വലിയ ഒരു വിഷമം എന്റെ മനസ്സിൽ ഉണ്ട്.


ഓണാഘോഷം എല്ലാവരും ഒന്നുപോലെ ആമോദത്തോടെ ആഘോഷിക്കുന്ന ഒന്നായി നിലനിൽക്കണമെങ്കിൽ അത് ഈ കഥയെ അടിസ്ഥാനമാക്കിക്കൂടാ.


ആഘോഷമാണ് ആദ്യം ഉണ്ടായത്, ആഘോഷത്തെക്കുറിച്ചുള്ള കഥകൾ അല്ല എന്ന് നാം തിരിച്ചറിയണം. ഓണാഘോഷത്തെപ്പറ്റിയുള്ള കഥകൾ നിലവിൽ വരുന്നതിനും വളരെ മുമ്പ് തന്നെ ഓണാഘോഷം നിലവിലുണ്ട് എന്നതാണ് സത്യം. ഓണാഘോഷത്തെക്കുറിച്ച് മാത്രമല്ല, ലോകത്തിൽ നിലവിലിരിക്കുന്ന മറ്റെല്ലാ ആഘോഷങ്ങളെക്കുറിച്ചും ഇത് സത്യമാണ്.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഈ ആഘോഷങ്ങൾ നിലവിൽ വന്നത് വിളവെടുപ്പ് ഉത്സവങ്ങൾ ആയിട്ടാണ്. പ്രകൃതിശക്തികളെ മാത്രം ആശ്രയിച്ച് ആയിരുന്നല്ലോ നമ്മുടെ പൂർവികർ കൃഷി ചെയ്തിരുന്നത്. പേമാരിയും കൊടുങ്കാറ്റും കൊണ്ട് വിളകൾ നശിച്ചു പോകാനുള്ള സാധ്യതകൾ വളരെ കൂടുതലായി ഉണ്ടായിരുന്നു. അതുകൊണ്ട് വിളവെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു അവസരം ആയിരുന്നു. നല്ല വിളവ് നൽകിയതിന് സർവ്വേശ്വരനോട് നന്ദി പറയാനുള്ള ഒരു അവസരമായി ഈ ഉത്സവങ്ങളെ ആളുകൾ ഉപയോഗിച്ചു. വിഭവസമൃദ്ധമായ സദ്യ നടത്തിയും ആടിയും പാടിയും അവർ വിളവെടുപ്പ് ആഘോഷിച്ചു.


ഒരു സംസ്കാരത്തിൽനിന്ന് മറ്റൊരു സംസ്കാരത്തിലേക്ക് ആഘോഷങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവയെ ചുറ്റിപ്പറ്റിയുള്ള കഥകളും അർത്ഥങ്ങളും മാറിയെന്നിരിക്കും. ഉദാഹരണത്തിന് പെന്തക്കോസ്ത് പെരുന്നാൾ യഹൂദർക്ക് ഉണ്ട്, ക്രൈസ്തവർക്കുമുണ്ട്. എന്നാൽ ആ ആഘോഷത്തിന് അവർ നൽകുന്ന അർത്ഥം വ്യത്യസ്തമാണ്. യഹൂദന്മാരുടെ പെന്തക്കോസ്ത് പെരുന്നാൾ വിളവെടുപ്പ് ഉത്സവമായിരുന്നു. പെസഹായ്ക്ക് ശേഷം അൻപതാം ദിവസമാണ് അത് വന്നിരുന്നത്. അതുകൊണ്ടാണ് അൻപത് എന്നർത്ഥമുള്ള പെന്തക്കോസ് എന്ന് ആ ഉത്സവത്തിന് പേരായത്. പിന്നീട് വന്ന ക്രിസ്തുമതത്തിൽ ഈ ഉത്സവം പരിശുദ്ധാത്മാവുമായി ബന്ധപ്പെടുത്തി.


അമേരിക്കയിൽ ഇന്ന് നിലവിലിരിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവത്തിന്റെ പേര് Thanksgiving എന്നാണ്. വിളവെടുപ്പ് ഉത്സവം ദൈവത്തിന് നന്ദി പറയാനുള്ള അവസരമായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.


ഇവിടെ ഞാൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്. ഓണം എല്ലാ മനുഷ്യരുടെയും ഉത്സവമാണ്. മതങ്ങളെല്ലാം ഉണ്ടാകുന്നതിന് മുമ്പ് നമ്മുടെ പൂർവികർ ആഘോഷിച്ച വിളവെടുപ്പ് ഉത്സവത്തിൽ ആണ് അതിന്റെ തുടക്കം. ഇത് ദൈവത്തിന് നന്ദി പറയാനുള്ള ഒരു അവസരമാണ്.


പിൽക്കാലത്ത് ഈ ആഘോഷം വിവിധ സംസ്കാരങ്ങൾ കൈമാറി നമ്മിൽ എത്തിയപ്പോൾ അതിനെക്കുറിച്ച് പല കഥകളും അതോടൊപ്പം നമ്മുടെ ചെവികളിൽ എത്തി. അങ്ങനെയുള്ള ഒരു കഥയാണ് മാവേലിയുടെ കഥ. ഇത് വളരെ നല്ല ഒരു കഥയാണ്. അതിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. എന്നാൽ ആ കഥയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ ഓണാഘോഷത്തെ ഇല്ലായ്മ ചെയ്യുവാൻ നാം അനുവദിച്ചു കൂടാ.


നമുക്കെല്ലാം നമ്മുടെ ജാതിമത വ്യത്യാസങ്ങൾ എല്ലാം മറന്ന്, ഏകോദര സഹോദരങ്ങളായി, ഈ ആഘോഷത്തിൽ പങ്കുചേരാം.

ജോൺ കുന്നത്ത്   

Comments

susan said…
This divisive attitudes have spread everywhere.
Som said…
Rightly said. Intrpretations are infact the outcome of vested interests which do not reflect culture or history of the festival.
Joseph Chokamthiyil said…
വളരെ ഈടുറ്റ, കാതലായ ചിന്തകൾ അടങ്ങിയ ഓണസന്ദേശം. Thank you John sir🙏🙏🙏
K. K. Thulasi said…
വായിച്ചു.👍👍
എല്ലാം മതാധിഷ്ഠിതമാക്കുന്നതിന്റെ പ്രശ്നങ്ങൾ 😔
Chacko George said…
ദ്രാവിട രാജാവും അസ്സുരനും ആയ മഹാബലിയോട് ദേവന്മാർക്ക് തോന്നിയ അസ്സൂയ എന്ന ചിന്ത പോലും വെറുപ്പിന്റെ വ്യാപാരമാണ്.
ഇതു വിളവെടുപ്പിന്റെ ആഘോഷം തന്നെ. അതിനു പല ഭാഷ്യങ്ങളും കൊടുത്തു
Mathew Motty said…
Last few weeks I have been thinking about the future of Onam as we know it today. The trigger was news from a Church banning Onam celebration as it is HINDU! Sadly many of our "leaders" in politics & religion are off their minds ! The sensible few are dumb!
Sebastian N J said…
Well said, John sir!
ഓണാേ ഘോഷത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ചില വിരുദ്ധ ശക്തികൾ ഇന്ന് കേരളത്തിൽ ഉണ്ട് . അവരുടെ മതനിയമങ്ങൾ അനുസരിച്ച് ഓണാഘോഷം നിഷിദ്ധമത്രെ!
ഈ വിധത്തിലുള്ള പ്രസ്താവനകൾ ശുദ്ധ വിഡ്ഢിത്തം ആണ് എന്ന് ജനങ്ങൾ മനസ്സിലാക്കണം. ഓണം എല്ലാ മലയാളകളുടെയും ഉത്സവമാണ്. അത് നമ്മെ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഉത്സവമാണ്.
Sijo George said…
ഓണഘോഷത്തെ പറ്റി എല്ലാരും വായിച്ചിരിക്കേണ്ടുന്ന സത്യ വെളിച്ചം വീശുന്ന ഒരു ലേഖനം ആണ് ഇത്. സത്യത്തെ ചൂണ്ടി കാണിച്ചിരിക്കുന്നു.
Mariamma Philip said…
വളരെ നാളുകൾക്കു ശേഷം സാറിന്റെ ഒരു ലേഖനം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഓണം എല്ലാവരും ആഘോഷിക്കുന്ന ഒരു ഉത്സവം .ചിലപ്പോൾ തോന്നും മാവേലിയെ പോലുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് മാവേലി നാട് ആകുമായിരുന്നില്ലേ ...ഓണത്തെക്കുറിച്ചുള്ള വിഷമവും ഉണ്ടാകില്ല അപ്പോൾ. വിളവെടുപ്പ് ഉത്സവങ്ങൾ എല്ലായിടത്തും എന്നും ഉണ്ടായിരുന്നു.പെന്തക്കോസ്ത് പരാമർശം പുതിയ അറിവ്. ലേഖനം ഇഷ്ടമായി സാർ.
Baboi George said…
\\o// When a Priest of Christian faith prepare for SABARIMALA pilgrimage, and an Orthodox Bishop raise flag in a Hindu Temple, there is something paradoxically wrong in understanding and teaching of the Bible. This is nothing to do with "Matha-Maithri"- It's all about self-promotion for popularity among local people. If this sort of stunt is in search of 'One True God' look inside you, rather than cause drama in the Community !! Interestingly, this circus comedians does not act or happen in an Islamic Community- Wish every Malayalee a "HAPPY ONAM" to celebrate the "Malayalle-Culture" around the world. As G20 motto: 'One Earth, One Family, One Future'- [T/Q]

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം