യേശു പ്രഘോഷിച്ച നല്ല വാർത്ത -2

 

നമ്മുടെ ലോകം ഭരിക്കുന്നത് ദൈവം തന്നെയാകുന്നു-- ഇതായിരുന്നു യേശു നാടെങ്ങും അറിയിച്ച നല്ല വാർത്ത.

 ലോകം എന്നു പറഞ്ഞാൽ സ്വർഗ്ഗവും ഭൂമിയും ചേർന്നതാണ്. ദൈവം സ്വർഗ്ഗത്തിന്റെ രാജാവാണെങ്കിലും ഭൂമിയുടെ രാജാവ് അല്ല എന്ന് അക്കാലത്ത് ആളുകൾ വിശ്വസിച്ചു. ഭൂമിയെ ഭരിക്കുന്നത് സാത്താൻ ആകുന്നു എന്ന് അവർ വിശ്വസിച്ചു. ദൈവം ഭരിക്കുന്നതിനാൽ സ്വർഗ്ഗത്തിൽ സ്നേഹവും സന്തോഷവും സമാധാനവും വിളയാടുന്നു. സാത്താൻ ഭരിക്കുന്നതിനാൽ ഭൂമിയിൽ വൈരവും കലഹവും അശാന്തിയും വിളയാടുന്നു.

 ഭൂമി ഭരിക്കുവാനായി ദൈവം നിയമിച്ച ഒരു മാലാഖയാണ് ദൈവത്തോട് മറുതലിച്ച് സാത്താനായി പരിണമിച്ചത്. സാത്താനെ ദൈവം ഭരണത്തിൽ നിന്ന് മാറ്റുകയും, പകരം ദൈവത്തെ അനുസരിക്കുന്ന ഒരാളെ ഭൂമിയുടെ രാജാവായി നിയമിക്കുകയും ചെയ്യും എന്ന് അവർ വിശ്വസിച്ചു. അങ്ങനെ ഭൂമിയും ദൈവത്തിന്റെ ഭരണത്തിൽ ആകും.


 ഭാവിയിൽ അത് സംഭവിക്കും എങ്കിലും അത് എന്ന് സംഭവിക്കുമെന്ന് ആർക്കും അറിഞ്ഞുകൂടാ. സാത്താനെ എത്രയും വേഗം അധികാരത്തിൽ നിന്ന് മാറ്റുകയും ദൈവത്താൽ നിയമിക്കപ്പെടുന്ന പുതിയ രാജാവ് അധികാരം ഏൽക്കുകയും ചെയ്യും എന്ന് പ്രവാചകന്മാർ ജനത്തെ ആശ്വസിപ്പിച്ചു. എത്രയും വേഗം അത് സംഭവിക്കണേ എന്ന് കരളുരുകി ദൈവത്തോട് പ്രാർത്ഥിക്കുകയല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അവർ ഹോശന്ന  ( യഹോവേ രക്ഷിക്കണേ) എന്ന് നിലവിളിച്ചു.  ജനങ്ങൾക്ക് വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടു.

 ദൈവത്തിന്റെ ഭരണം ഉടൻ സംസ്ഥാപിതമാകും എന്നതായിരുന്നു സ്നാപകയോഹന്നാൻ ജനത്തിന് നൽകിയ നല്ല വാർത്ത. ഭരണം ഏറ്റാൽ ഉടൻതന്നെ ദൈവത്താൽ അയക്കപ്പെടുന്ന രാജാവ് ചെയ്യാൻ പോകുന്നത് ഒരു ന്യായവിധിയാണ്. എല്ലാവരെയും തന്റെ ഇടത്തും വലത്തും ആയി തിരിക്കും. ഇടത്തുള്ളവരെ തീയിൽ എറിഞ്ഞ് ചുട്ടുകളയും. വലത്തുള്ളവരും ആയി തന്റെ രാജ്യം സ്ഥാപിക്കും. 

 ഇത് കേട്ട കേൾവിക്കാരുടെ മനസ്സിൽ വന്ന ചോദ്യം ഇതാണ് : അന്ത്യ ന്യായവിധിയിൽ മിശിഹായുടെ വലതുഭാഗത്ത് തന്നെ വരും എന്ന് എങ്ങനെ ഉറപ്പാക്കാം?

വലതുവശത്ത് കാണപ്പെടും എന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി യോഹന്നാൻ ഒരു മാർഗ്ഗം നിർദ്ദേശിച്ചു. തിന്മയുടെ ജീവിത പാത ഉപേക്ഷിച്ച് നന്മയുടെ ജീവിതപാത സ്വീകരിക്കുക. അതിന്റെ പ്രതീകമായി ജോർദാൻ നദിയിൽ ഇറങ്ങി സ്നാനപ്പെടുക. ധാരാളം ആളുകൾ യോഹന്നാൻ പറഞ്ഞത് കേട്ട് വിശ്വസിച്ചു. അദ്ദേഹത്തിന്റെ അടുക്കൽ സ്നാനപ്പെടുവാൻ എത്തി.


 യോഹന്നാന്റെ അടുക്കൽ സ്നാനപ്പെടുവാൻ വന്നവരുടെ കൂട്ടത്തിൽ യേശുവും ഉണ്ടായിരുന്നു. യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ യേശുവിന് സ്വീകാര്യമായിരുന്നു എന്നുവേണം അതിൽ നിന്ന് മനസ്സിലാക്കുവാൻ. നന്മയുടെ പാതയിലേക്ക് തിരിയും എന്നതിന്റെ പ്രതീകമായി സ്നാനമേറ്റ സമയത്ത് യേശുവിന് ഒരു ദൈവദർശനം ഉണ്ടായതായി അനുഭവപ്പെട്ടു. അവിടെനിന്ന് തിരികെ വീട്ടിലേക്ക് പോകാതെ ഒരു നിർജനപ്രദേശത്തേക്കാണ് യേശു പോയത്. 40 നാൾ ഒന്നും കഴിക്കാതെ ഏകാന്തമായി ധ്യാനത്തിൽ ഏർപ്പെട്ടു. സാത്താനുമായുള്ള ഒരു മല്ലയുദ്ധമായി അത് യേശുവിന് അനുഭവപ്പെട്ടു.  താൻ ഭൂമിയുടെ രാജാവാണെന്നും തന്നെ ഭൂമിയിലുള്ള എല്ലാവരും ആരാധിക്കണമെന്നും സാത്താൻ അവകാശപ്പെടുന്നതായി യേശു മനസ്സിലാക്കുന്നു. എന്നാൽ യേശു ആ അവകാശവാദം അംഗീകരിക്കുന്നില്ല. ആരാധിക്കപ്പെടേണ്ടത് ദൈവം മാത്രമാകുന്നു. സാത്താനെ ദൈവം നിയമിച്ചിട്ടില്ല. നിർഭാഗ്യവശാൽ ഭൂമിയിലുള്ള ധാരാളം മനുഷ്യർ സാത്താനെ രാജ പദവിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.


 യേശു ഒരു നല്ല വാർത്തയുമായി ജനമധ്യത്തിലേക്ക് മടങ്ങി വന്നു-- ദൈവം തന്നെയാണ് ലോകത്തിന്റെ യഥാർത്ഥ രാജാവ്. ദൈവം സാത്താനെ രാജാവായി നിയമിച്ചിട്ടില്ല. ദൈവ ഇഷ്ടം പാലിക്കാതെ സാത്താന്റെ ഇഷ്ടം പാലിക്കുന്ന ആളുകളാണ് സാത്താനെ രാജാവായി അംഗീകരിച്ചിരിക്കുന്നത്.

 അതുകൊണ്ട് ദൈവം സാത്താനെ നീക്കുവാൻ വേണ്ടി നാം കാത്തിരിക്കേണ്ട ആവശ്യമില്ല. സാത്താനെ സ്വീകരിച്ചത് നാമാണ്. നാം തന്നെയാണ് സാത്താനെ ഉപേക്ഷിക്കേണ്ടത്. സാത്താനെ ഉപേക്ഷിച്ചു ദൈവത്തിങ്കലേക്ക് മടങ്ങി വരുമ്പോൾ നാം ദൈവരാജ്യത്തിൽ ആകും.


 ഭാവിയിൽ എന്നോ വരാൻ പോകുന്ന ദൈവരാജ്യത്തിനുവേണ്ടി നിസ്സഹായരായി ആശയറ്റവരായി കാത്തിരുന്ന ജനത്തിന് യേശു വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകി. നാം ദൈവരാജ്യത്തിൽ കടക്കുമോ ഇല്ലയോ എന്നത് ദൈവമല്ല നാം തന്നെയാണ് തീരുമാനിക്കേണ്ടത്. സാത്താന്റെ ഭരണത്തെ ഉപേക്ഷിക്കുക, ദൈവഭരണത്തെ സ്വീകരിക്കുക. അത്രയേ വേണ്ടൂ. 


Comments

Sijo George said…
ഞാൻ സൺ‌ഡേ സ്കൂളിൽ പഠിച്ചതിൽ നിന്നും മാതാ പിതാക്കൾ പറഞ്ഞു തന്നതിൽ നിന്നും വ്യത്യസ്തമായതും എന്നാൽ ശെരിയാകാൻ സാധ്യത ഉള്ളതുമായ ഇതിലെ അറിവുകൾ എന്നു തോന്നിയത് ഞാൻ ഇവിടെ പങ്ക് വെക്കാം.
1. സാത്താൻ എന്നുള്ളത് ഒരു സങ്കൽപ്പിക കഥാപാത്രം മാത്രം.
2. മാമോദിസ ഏൽക്കുക എന്നുള്ളതിലുപരി യോഹന്നാൻ സ്നാപകന്റെ സുവിശേഷത്തിൽ യേശു ആകൃഷ്ടനായി ആണ് വെള്ളത്തിൽ മുങ്ങാൻ വന്നത് എന്നുള്ളത്.
3. 40 ദിവസത്തെ മരുഭൂമിയലുള്ള വ്രതം യേശു ക്രിസ്തു വിന്റെ യാത്രയിൽ വഴി തിരിവാണെന്നുള്ളത്
4. ക്രിസ്തു വരും എന്നുള്ളത് യഹൂദന്മാരുടെ ഒരു വിശ്വാസം മാത്രം ആണെന്നുള്ളത്.
5. അന്ത്യന്യായവിധി എന്നുള്ളതും യഹൂദന്മാരുടെ ഒരു വിശ്വാസം മാത്രം. (അവനവന്റെ പ്രവർത്തിക്കു അവനവൻ കല്പിക്കുന്ന ഒരു ശക്ഷാ വിധിയായി ഒരുപക്ഷെ ഇതിനെ കണക്കാക്കമായിരിക്കും.)
6. നമ്മുടെ ഉള്ളിലാണ് ദൈവരാജ്യം സ്ഥാപിക്കേണ്ടത് എന്നുള്ള വലിയ ആശയം.
Alex Chandy said…
നാമെല്ലാവരും ചെറുപ്പം മുതൽ വളർന്നു വന്ന സാഹചര്യങ്ങളും , അന്നു മുതലേ നമുക്കു ലഭിച്ച മതപരവും സാമൂഹികവുമായ അറിവുകളും (both secular and religious) നമ്മുടെ ചിന്താ ധാരകളെയും , വ്യക്തിത്വത്തെയും വളരെ സ്വാധീനിക്കുന്നു. പലപ്പോഴും സത്യം അന്വേഷിക്കുന്നതിൽ നിന്നും നമ്മെ അത് പിന്തിരിപ്പിക്കുന്നു. ഈ രീതിയിൽ നാം സ്വായത്ത മാക്കിയ സിദ്ധാന്തോപദേശം ശരിയെന്നു കരുതാനാണ് നമുക്കേവർക്കും താൽപ്പര്യം. സത്യം എന്തെന്ന് അറിയാൻ, അന്വേഷിക്കാൻ അഥവാ പഠിക്കാൻ നാം ശ്രമിക്കാറില്ല. പക്ഷേ നാം സത്യം അന്വേഷിച്ച് അറിയുമ്പോൾ , അത് നമ്മെ സ്വതന്ത്രരാക്കും എന്നു യേശു നമ്മെ പഠിപ്പിച്ചു (Jn.8:32). ഇതാണ് യഥാർഥ ' ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ' (freedom in Christ/ Gal.5:1; 2 Cor.3:16,17). പരിശുദ്ധാത്മാവ് 'സത്യത്തിൻ്റെ ആത്മാവാ' ണെന്നും (spirit of truth/ Jn.16:13); തന്നെ അരാ ധിക്കുന്നവർ ' 'ആത്മാവിലും സത്യത്തിലും ' (in spirit and truth / Jn.4:23) ആരാധിക്കണമെന്നും യേശു പഠിപ്പിച്ചു. 🙏

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും