യേശു പ്രഘോഷിച്ച നല്ല വാർത്ത


എന്തായിരുന്നു യേശു പ്രഘോഷിച്ച നല്ല വാർത്ത?

 ഈ ചോദ്യം ചെറുപ്പം മുതൽ എന്റെ അന്വേഷണവിഷയമാണ്.  ഈയിടെ വളരെ തൃപ്തികരമായ ഒരു ഉത്തരം മനസ്സിൽ തെളിഞ്ഞു വന്നു. അത് താല്പര്യമുള്ള വായനക്കാരുമായി പങ്കു വയ്ക്കുകയാണ് ഇവിടെ.


 നമ്മുടെ ലോകം ഭരിക്കുന്നത് ദൈവം തന്നെയാകുന്നു -- ഇതാണ് യേശു പ്രഘോഷിച്ച സദ്വാർത്ത.

 യേശുവിന്റെ കാലത്ത് ആ നാട്ടിൽ അതൊരു നല്ല വാർത്തയായിരുന്നു. കാരണം അക്കാലത്ത് അവിടെ വിശ്വസിക്കപ്പെട്ടിരുന്നത് നമ്മുടെ ലോകം ഭരിക്കുന്നത് സാത്താൻ ആണ് എന്നായിരുന്നു. ദുരിതപൂർണമായിരുന്നു അന്നത്തെ അവരുടെ ജീവിതം. വിദേശികളുടെ ഭരണത്തിൽ കീഴിൽ ദാരിദ്ര്യവും പട്ടിണിയും പകർച്ചവ്യാധികളുമായി അവർ ജീവിച്ചു.

ലോകത്തെ ഭരിക്കുവാൻ ദൈവം ഏൽപ്പിച്ച മാലാഖ ദൈവത്തോട് മറുതലിച്ച് സാത്താനായി പരിണമിച്ചു എന്ന് അവർ സങ്കല്പിച്ചു. സാത്താനെ തൽസ്ഥാനത്തുനിന്ന് മാറ്റി, പകരം ദൈവത്തെ അനുസരിക്കുന്ന പുതിയ ഒരു രാജാവിനെ ദൈവം നിയമിക്കും എന്ന് അവർ വിശ്വസിച്ചു. ആ രാജാവിനെ അവർ അവരുടെ ഭാഷയിൽ  അഭിഷിക്തൻ എന്ന അർത്ഥമുള്ള മിശിഹാ എന്ന് വിളിച്ചു. ഗ്രീക്കിൽ ക്രിസ്തു എന്നും.


 സാത്താൻ ലോകത്തെ ഭരിക്കുന്നു എന്നതിൽ ജനത്തിന് വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടു.  സാത്താനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ദൈവം വിചാരിച്ചാലേ നടക്കൂ. അതിനായി അവർ കരളുരുകി പ്രാർത്ഥിച്ചു: ഹോശന്ന (യഹോവേ രക്ഷിക്കണേ).

 അങ്ങനെ ദൈവം നിയമിക്കുന്ന പുതിയ രാജാവ് ഭരണമേൽക്കുമ്പോൾ സംസ്ഥാപിതമാകുന്ന രാജ്യത്തെ അവർ ദൈവരാജ്യം എന്ന് വിളിച്ചു. ചിലർ സ്വർഗ്ഗരാജ്യം എന്നും.

 ദൈവരാജ്യത്തിനായി ആളുകൾ ആകാംക്ഷയോടെ കാത്തിരുന്നു. ദൈവരാജ്യം താമസിയാതെ സംസ്ഥാപിതമാകും എന്ന്  പ്രവാചകന്മാർ ജനത്തെ ആശ്വസിപ്പിച്ചു. യേശുവിന്റെ സമകാലികനായിരുന്ന സ്നാപക യോഹന്നാൻ  ദൈവരാജ്യം സമീപമായി എന്ന് ജനത്തിന് ഉറപ്പ് നൽകി. സഹജീവികൾക്ക് നന്മ ചെയ്തുകൊണ്ട് ദൈവരാജ്യത്തിനായി സ്വയം ഒരുങ്ങുവാൻ അദ്ദേഹം ജനത്തെ പ്രബോധിപ്പിച്ചു. തിന്മയുടെ പാത ഉപേക്ഷിച്ച് ഒരു പുതിയ ഇസ്രയേൽ ആകുന്നതിന്റെ പ്രതീകമായി യോർദാൻ നദിയിൽ  സ്നാനപ്പെടുവാൻ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു.


 ധാരാളമാളുകൾ അവേശഭരിതരായി യോഹന്നാന്റെ അടുക്കലെത്തി സ്നാനമേറ്റു. യേശുവും സ്നാനമേറ്റു.  ആ സമയത്ത് തനിക്ക് ഒരു ദൈവദർശനം ഉണ്ടായതായി യേശുവിന് അനുഭവപ്പെട്ടു. യേശുവിന് അതൊരു വഴിത്തിരിവായിരുന്നു. ഒരു നിർജനപ്രദേശത്ത് ഏകനായി ചില ആഴ്ചകൾ അദ്ദേഹം ചെലവഴിച്ചു. സാത്താനുമായുള്ള ഒരു മല്ലയുദ്ധമായി അദ്ദേഹത്തിന് അത് അനുഭവപ്പെട്ടു. ഒടുവിൽ സാത്താനല്ല ദൈവം തന്നെയാണ് ലോകത്തെ ഭരിക്കുന്നത് എന്ന വ്യക്തമായ ബോധ്യം യേശുവിന് ഉണ്ടായി. 


സാത്താൻ ഭരിക്കുന്നുണ്ടാവും. പക്ഷേ സാത്താനെ ദൈവം നിയമിച്ചതല്ല. മനുഷ്യർ തന്നെയാണ് സാത്താനെ ആ സ്ഥാനത്ത് വച്ചിരിക്കുന്നത്. സാത്താന് ശക്തിയും മഹത്വവും കൊടുക്കുന്നത് ദൈവം അല്ല മനുഷ്യർ തന്നെയാണ്.


 അങ്ങനെയെങ്കിൽ സാത്താനെ നീക്കേണ്ടത് ദൈവമല്ല മനുഷ്യർ തന്നെയാണ്. സാത്താനെ ഉപേക്ഷിച്ച് മനുഷ്യർ ദൈവത്തിങ്കലേയ്ക്ക് തിരിയണം. ദൈവം തന്നെയാണ് ലോകത്തെ ഭരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ധൈര്യപൂർവം സാത്താനെ വിട്ട്  ദൈവത്തിങ്കലേക്ക് വരുമ്പോൾ അത് നൽകുന്ന മനോസ്വാതന്ത്ര്യം  വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും വലിയ മാറ്റം ഉണ്ടാക്കും. ഒരു പുതിയ ജനനമായി അത് അനുഭവപ്പെടും. 


 തിന്മ പ്രവൃത്തികൾ വിട്ട് നന്മ പ്രവൃത്തികൾ ചെയ്യും എന്ന തീരുമാനത്തിന്റെ പ്രതീകമായാണ് യോഹന്നാൻ സ്നാനത്തെ കണ്ടത്. സാത്താന്റെ അടിമത്തത്തിൽ നിന്ന്  ദൈവത്തിന്റെ പുത്രത്വം എന്ന സ്വാതന്ത്ര്യത്തിലേക്ക് ഉള്ള മാറ്റം എന്ന വിശാലമായ അർത്ഥം യേശു സ്നാനത്തിന് നൽകി. യോഹന്നാൻ നൽകിയ അർഥത്തെ ഉൾക്കൊള്ളുന്ന ഒരു അർത്ഥമായിരുന്നു അത്.


 അന്ധകാരത്തിൽ ഇരിക്കുന്ന ജനം വലിയൊരു വെളിച്ചം കണ്ടു എന്ന് യേശുവിനെപ്പറ്റി ലൂക്കോസ് എഴുതിയിരിക്കുന്നു. ഭാവിയിലെന്നോ വരാൻ പോകുന്ന ഒരു ദൈവരാജ്യത്തിനായി നിസ്സഹായരായി കാത്തിരിക്കുകയായിരുന്നു ആളുകൾ യേശുവിന്റെ കാലം വരെ. യേശു ആ കാത്തിരിപ്പ് അവസാനിപ്പിച്ചു. ലോകം ഭരിക്കുന്നത് ദൈവം തന്നെയാണ് എന്ന് യേശു പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നും എന്നേക്കും ദൈവം ലോകത്തിന്റെ രാജാവ് തന്നെ. സാത്താനെ വിട്ടെറിഞ്ഞിട്ട് ദൈവത്തിങ്കലേക്ക് മടങ്ങി വരികയും, അങ്ങനെ ദൈവരാജ്യം ഒരു യാഥാർത്ഥ്യമാക്കി തീർക്കുകയും ചെയ്യേണ്ടത് നാം തന്നെയാണ്.


 ഇത് ഒരു ചിന്താവിപ്ലവമായിരുന്നു എന്ന് വേണം പറയുവാൻ. നിർഭാഗ്യവശാൽ  യേശുവിന്റെ അടുത്ത സുഹൃത്തുക്കൾക്കും ശിഷ്യന്മാർക്കും പോലും ഈ ചിന്താവിപ്ലവം വേണ്ട വിധത്തിൽ  മനസ്സിലാക്കാനോ പ്രയോഗത്തിൽ വരുത്താനോ സാധിച്ചെന്ന് തോന്നുന്നില്ല. ക്രിസ്തുമതത്തിന്റെ 2000 വർഷത്തെ ചരിത്രത്തിൽ ഈ ചിന്താവിപ്ലവം എപ്പോഴെങ്കിലും ആരെങ്കിലും വേണ്ടവണ്ണം  മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

Comments

Anila Elza Thomas said…
വളരെ മനോഹരവും അർഥവത്തുമായ ഒരു അവലോകനം. ഞാൻ പൂർണമായും യോജിക്കുന്നു. മനുഷ്യനിൽ സ്വതസിദ്ധമായ ദൈവീക ഭാവമുണ്ട്. ഈ ലോകവുമായുള്ള ബന്ധത്തിൽ പൈശാചിക ഭാവവും അവൻ ഉൾകൊള്ളുന്നു. പഴയ നിയമത്തിൽ ഉടനീളം യിസ്രായേൽ ജനത, ദൈവം വഴി നടത്തിയിട്ടും ലോകവുമായുള്ള ബന്ധത്തിൽ സാത്താനെ സേവിക്കുന്നു. പിശാചും ദൈവവുമായുള്ള ഏറ്റുമുട്ടൽ ആണ് നമ്മുടെ ജീവിതത്തിൽ ഉടനീളം നടക്കുന്നത്. Uncle സൂചിപ്പിച്ചത് പോലെ ആത്യന്തിക വിജയം ദൈവത്തിൻ്റെ തന്നെയാണ്. എന്നാൽ പിശാച് ഏദന് തോട്ടത്തിൽ നന്മയുടെ രൂപം ധരിച്ചാണ് എത്തിയതും. അങ്ങനെയെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിൽ നന്മതിന്മകളെ കുറിച്ചുള്ള വ്യക്തമായ ബോധ്യം വളർത്തിയെടുക്കുക എന്ന ധർമം നിക്ഷിപ്തമായിട്ടുണ്ട്.

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും