കേരളത്തിലെ സാമൂഹ്യപരിവർത്തനം
ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു: കേരളത്തിലെ സാമൂഹ്യപരിവർത്തനം. ഗ്രന്ഥകർത്താവ് ഡോ.സാമുവൽ നെല്ലിമുകൾ. 1947 ൽ അടൂരിന് അടുത്ത് ജനിച്ച അദ്ദേഹം മലയാളം ഐച്ഛികവിഷയമായി എടുത്തു MA യും പിഎച്ച്ഡിയും കരസ്ഥമാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും കോട്ടയം സിഎംഎസ് കോളജിലും മലയാളം അധ്യാപകനായി. 2003 ൽ റിട്ടയർ ചെയ്യുമ്പോൾ അദ്ദേഹം സിഎംഎസ് കോളേജിലെ മലയാള വിഭാഗം തലവനായിരുന്നു. സാഹിത്യസംബന്ധിയായും ചരിത്ര സംബന്ധിയായും നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 450 ഓളം പേജുകളുള്ള ഈ പുസ്തകം 2003 ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ 255 രൂപയായിരുന്നു വില. ഗ്രന്ഥകർത്താവിന്റെ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് പോലെ പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സമൂഹഘടനയ്ക്കും സംസ്കാരത്തിനും സംഭവിച്ച പരിവർത്തനത്തെപ്പറ്റി വസ്തുനിഷ്ഠമായി നടത്തിയ ഒരു പഠനം ആണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പൊതു വിദ്യാഭ്യാസം അച്ചടി തുടങ്ങിയ മാർഗങ്ങളിലൂടെ മിഷനറിമാർ തുടക്കം കുറച്ചതാണ് ഈ പരിവർത്തനം എന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു. കേരള നവോഥാനത്തിന്റെ മുന്നണിപ്പോരാളികളായി നാം ഇന്ന് മനസ്സിലാക്കുന്ന ശ്രീ നാരായണഗുരു,...