കേരളത്തിലെ സാമൂഹ്യപരിവർത്തനം

ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു: കേരളത്തിലെ സാമൂഹ്യപരിവർത്തനം. ഗ്രന്ഥകർത്താവ് ഡോ.സാമുവൽ നെല്ലിമുകൾ. 1947 ൽ അടൂരിന് അടുത്ത് ജനിച്ച അദ്ദേഹം മലയാളം ഐച്ഛികവിഷയമായി എടുത്തു MA യും പിഎച്ച്ഡിയും കരസ്ഥമാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും കോട്ടയം സിഎംഎസ് കോളജിലും മലയാളം അധ്യാപകനായി. 2003 ൽ റിട്ടയർ ചെയ്യുമ്പോൾ അദ്ദേഹം സിഎംഎസ് കോളേജിലെ മലയാള വിഭാഗം തലവനായിരുന്നു. സാഹിത്യസംബന്ധിയായും ചരിത്ര സംബന്ധിയായും നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.


 450 ഓളം പേജുകളുള്ള ഈ പുസ്തകം 2003 ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ 255 രൂപയായിരുന്നു വില. ഗ്രന്ഥകർത്താവിന്റെ  പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് പോലെ പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സമൂഹഘടനയ്ക്കും സംസ്കാരത്തിനും സംഭവിച്ച പരിവർത്തനത്തെപ്പറ്റി വസ്തുനിഷ്ഠമായി നടത്തിയ ഒരു പഠനം ആണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പൊതു വിദ്യാഭ്യാസം അച്ചടി തുടങ്ങിയ മാർഗങ്ങളിലൂടെ മിഷനറിമാർ തുടക്കം കുറച്ചതാണ് ഈ പരിവർത്തനം എന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു. കേരള നവോഥാനത്തിന്റെ മുന്നണിപ്പോരാളികളായി നാം ഇന്ന് മനസ്സിലാക്കുന്ന ശ്രീ നാരായണഗുരു, സഹോദരൻ അയ്യപ്പൻ, അയ്യങ്കാളി, കുമാരഗുരു തുടങ്ങിയ മഹത് വ്യക്തികൾ  പശ്ചാത്യ മിഷണറിമാർ തുടങ്ങിവെച്ച നവോഥാനം തുടരുക മാത്രമായിരുന്നു.


 ബ്രിട്ടീഷുകാർ നമ്മുടെ നാടിനെ കൊള്ളയടിച്ചു എന്ന വസ്തുത ഇരിക്കെ തന്നെ ബ്രിട്ടീഷ് മിഷനറിമാർ നമ്മുടെ നാടിന് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും ജാതിവ്യവസ്ഥയിലും അടിസ്ഥാനപ്പെട്ടിരുന്ന കേരളസമൂഹത്തെ മാറ്റിയെടുക്കുവാൻ മിഷനറിമാർ അവരുടെ അറിവും കഴിവും പണവും സമയവും അധികാരവും ഉപയോഗിച്ചു. കന്നുകാലികളെക്കാൾ കഷ്ടമായി ജീവിച്ചിരുന്ന അടിമസമൂഹത്തെ ഉദ്ധരിക്കാനും വിദ്യാഭ്യാസം നല്കുവാനും മിഷണറിമാർ സഹിച്ച ത്യാഗത്തിന്റെ കഥ ഏത് ആരുടേയും കരളലിയിക്കുന്നതാണ്. നമ്മുടെ മലയാളഭാഷയ്ക്ക് ആദ്യം ഒരു വ്യാകരണം ഉണ്ടാക്കിയത്, ആദ്യം ഒരു നിഘണ്ടു ഉണ്ടാക്കിയത്, ആദ്യമായി അച്ചടിച്ചത്, നമ്മുടെ ഭാഷയിൽ ആദ്യമായി ഒരു വർത്തമാനപത്രം ഇറക്കിയത്, നമ്മുടെ ഭാഷ പഠിപ്പിക്കാൻ ആദ്യമായി സ്കൂളുകൾ തുടങ്ങിയത് -- ഇതെല്ലാം മിഷണറിമാരാണ്. അക്കാലത്ത് വളരെ സുഖമായി ജീവിക്കാനുള്ള സമ്പത്ത് ഉള്ളവരായിരുന്നു അവരൊക്കെ. എന്നാൽ സുഖസൗകര്യങ്ങൾ ത്യജിച്ചു നമ്മുടെ നാട്ടിൽ വന്ന് വളരെ കഷ്ടപ്പെട്ടാണ് ഇതെല്ലാം ചെയ്തത്. ഹെൻറി ബേക്കർ, ബെഞ്ചമിൻ ബെയ്‌ലി, ഹെർമൻ ഗുണ്ടർട്ട്, വില്യം കേറി തുടങ്ങിയ മിഷണറിമാരെ എത്ര അത്ഭുതാദരങ്ങളോടെയാണ് നാം ഇന്നും സ്മരിക്കേണ്ടത്!


Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും