വീട് നഷ്ടപ്പെട്ടവൾ

 സുഹൃത്തുക്കളെ, 

ഈയിടെ ഞാൻ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. തസ്ലീമ നസ്റിൻ രചിച്ച വീട് നഷ്ടപ്പെട്ടവൾ. നിർബാസൻ എന്ന പേരിൽ ബംഗാളി ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ പിന്നീട് വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് എം കെ എൻ പോറ്റി. ഗ്രീൻ ബുക്സ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

 1962 ൽ ഒരു ഡോക്ടറുടെ മകളായി ബംഗ്ലാദേശിൽ ജനിച്ച തസ്ലീമയും മെഡിസിൻ പഠിച്ച് ഒരു ഡോക്ടറായി. അതോടൊപ്പം കവിതകളും ലേഖനങ്ങളും കഥകളും എഴുതാൻ ആരംഭിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായ നിലപാടുകൾ എടുത്ത തസ്ലിമയുടെ കൃതികൾ ലോകമെങ്ങും വായിക്കപ്പെട്ടു. ആദ്യകാലത്ത് എഴുതിയ എന്റെ പെൺകുട്ടിക്കാലം,  യൗവനത്തിന്റെ മുറിവുകൾ എന്നീ പുസ്തകങ്ങൾ ആത്മകഥാപരമാണ്. 

 1992 ഇന്ത്യയിൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടു. അതുയർത്തിയ മത വർഗീയ വികാരങ്ങളുടെ അലയൊലികൾ ബംഗ്ലാദേശിലും ആഞ്ഞടിച്ചു. ആ വിഷയം പ്രമേയമാക്കി തസ്ലീമ രചിച്ച ലജ്ജ എന്ന നോവൽ ലോകപ്രശസ്തി ആർജിച്ചു. അതിന്റെ പേരിൽ ബംഗ്ലാദേശിൽ അവർക്ക് നേരെ വധഭീഷണി ഉണ്ടാവുകയും അവർക്ക് സ്വന്തം നാട് വിട്ടു പോകേണ്ടതായും വന്നു. വർഗീയതയ്ക്കും മതഭ്രാന്തിനും എതിരെ ശക്തമായ നിലപാടുകൾ എടുത്തതിന്റെ പേരിൽ നാടുകടത്തപ്പെട്ട തസ്ലീമ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും അഭയാർത്ഥിയായി കഴിഞ്ഞു. ബംഗാളി സംസാരിക്കുന്ന സ്വന്തം ജനങ്ങളുടെ ഇടയിൽ കൽക്കട്ടയിൽ താമസിക്കുവാൻ ആണ് അവർ താൽപര്യപ്പെട്ടത്. എന്നാൽ ഇന്ത്യയിലും അവർക്കെതിരെ മതഭ്രാന്തന്മാർ വധഭീഷണി മുഴക്കി. പുറമേ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടിക്കാർ പോലും മതഭ്രാന്തന്മാരുടെ വോട്ട് നേടാൻ വേണ്ടി തസ്‌ലീമയെ ബംഗാളിൽ നിന്ന് പുറത്താക്കി. ഡൽഹിയിൽ വീട്ടുതടങ്കലിലാക്കി. വീട് നഷ്ടപ്പെട്ടവൾ എന്ന ഈ പുസ്തകത്തിന്റെ വിഷയം അവർക്ക് ഇന്ത്യയിൽ ഉണ്ടായ ദുരനുഭവങ്ങളാണ്.

 സന്മനസ്സുള്ള ആർക്കും വളരെ വിഷമം ഉണ്ടാക്കുന്ന ഒരു പുസ്തകമാണിത്. നമ്മുടെ ലോകം ഇത്രമേൽ അധപതിച്ചു പോയോ എന്ന ഒരു ചോദ്യമാണ് ഇത് ഉയർത്തുന്നത്. 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം