ഇന്ദുലേഖ

 

ഞാൻ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു --ഇന്ദുലേഖ. ഗ്രന്ഥകർത്താവ് ഓ. ചന്തുമേനോൻ. മലയാളത്തിലെ ആദ്യ നോവൽ എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ ഏതാണ്ട് 130 വർഷം കഴിഞ്ഞിരിക്കുന്നു. അന്നുമുതൽ ഇന്നുവരെ അനേകം പതിപ്പുകളിലായി ഏതാണ്ട് ഒന്നരലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞു. ചന്തുമേനോൻ ജനിച്ചത് 1847 ൽ, അതായത് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് നൂറു വർഷങ്ങൾക്കു മുമ്പ് ആണ്. കണ്ണൂർ ജില്ല ആണ് അദ്ദേഹത്തിന്റെ സ്വദേശം. ഇംഗ്ലീഷ് സ്കൂളിൽ പഠിച്ച ശേഷം പതിനേഴാം വയസ്സിൽ കോടതിയിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. അമ്പത്തിരണ്ടാം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ അദ്ദേഹം കോഴിക്കോട് സബ് ജഡ്ജിയായിരുന്നു.

മലയാളത്തിൽ അക്കാലംവരെ കവിതകളും നാടകങ്ങളും അല്ലാതെ നോവലുകളോ കഥകളോ ഇല്ലായിരുന്നു. ഇംഗ്ലീഷ് നോവലുകൾ വായിക്കുന്ന ചന്തുമേനോൻ അതിൽ ഒന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുവാൻ ആഗ്രഹിച്ചു.  എന്നാൽ അത് വേണ്ടത്ര ഫലവത്താകുകയില്ല എന്ന് തോന്നിയിട്ട് താൻ വായിച്ചിട്ടുള്ള ഇംഗ്ലീഷ് നോവലുകളെ മാതൃകയാക്കി ഒരു നോവൽ രചിക്കുവാൻ മുതിർന്നു.

അക്കാലത്തെ ഒരു സമ്പന്ന നായർ തറവാടാണ് കഥയുടെ പശ്ചാത്തലം. 18 വയസ്സുള്ള സുന്ദരിയും വിദ്യാസമ്പന്നയും ആയ ഇന്ദുലേഖ ആണ് കഥയിലെ നായിക. അവൾ തന്റെ സെക്കൻഡ് കസിൻ ആയ മാധവനുമായി സ്നേഹത്തിലാണ്. ഏതാണ്ട് 25 വയസ്സുള്ള മാധവൻ വിദ്യാസമ്പന്നനും സുമുഖനും പരിഷ്ക്കാരിയും ആണ്. ഒരു നിസ്സാര കാര്യത്തിന് മാധവനോട് നീരസപ്പെടുന്ന ഇന്ദുലേഖയുടെ മുത്തച്ഛൻ അവളെ മാധവനു കൊടുക്കുകയില്ല എന്ന് വാശി പിടിക്കുന്നു. ജോലി കാര്യത്തിനുവേണ്ടി മാധവൻ ദൂരെ പോയിരുന്നപ്പോൾ  മുത്തച്ഛൻ ഒരു പ്രായമായ നമ്പൂതിരിയെ ഇന്ദുലേഖയ്ക്ക് വേണ്ടി വിളിച്ചുവരുത്തുന്നു. എന്നാൽ ഇന്ദുലേഖ അയാളുടെ ഭാര്യയാകാൻ വിസമ്മതിക്കുന്നു. നമ്പൂതിരിയാകട്ടെ അതേ പ്രായമുള്ള മറ്റൊരു പെൺകുട്ടിയുമായി പിറ്റേന്ന് രാവിലേ തിരികെ പോകുന്നു. കൊണ്ടുപോകുന്നത് ഇന്ദുലേഖയെ ആണെന്ന് പറഞ്ഞു പരത്തുകയും ചെയ്യുന്നു. ഇന്ദുലേഖ നമ്പൂതിരിയോടൊപ്പം പോയി എന്ന വാർത്ത നാട്ടിലേയ്ക്ക് വന്നുകൊണ്ടിരുന്ന മാധവന്റെ ചെവിയിലും എത്തുന്നു. അതിദുഖിതനായ മാധവൻ തിരികെ ജോലിസ്ഥലത്തേക്ക് പോകുകയും അവിടെനിന്ന് ഒരു നീണ്ട യാത്രയ്ക്കായി പോകുകയും ചെയ്യുന്നു. ഒടുവിൽ മാധവൻ സത്യം തിരിച്ചറിയുകയും ഇന്ദുലേഖയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയും ചെയ്യുന്നു.

അക്കാലത്തെ കേരളത്തിലെ ഉപരിവർഗ്ഗ ത്തിന്റെ ഭാഷയും സംസ്കാരവും ആചാരങ്ങളും ഒക്കെയാണ് ഈ നോവലിൽ കാണുന്നത്. ഒരു നമ്പൂതിരി തറവാട്ടിലെ മൂത്തയാൾക്ക് മാത്രമേ നമ്പൂതിരി സ്ത്രീയെ വിവാഹം ചെയ്യാൻ അവകാശം ഉണ്ടായിരുന്നുള്ളൂ. ഇളയവർ നായർ സ്ത്രീകളുമായി സംബന്ധം കൂടിയിരുന്നു. ഈ അനാചാരത്തെ ചന്തുമേനോൻ നോവലിൽ നന്നായി പരിഹസിക്കുന്നുണ്ട്.

ഇന്ത്യ ആക്കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തിൽ ആയിരുന്നല്ലോ.  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ പാശ്ചാത്യസംസ്കാരം ഇന്നാട്ടിൽ ശക്തിയായ സ്വാധീനം ചെലുത്തിയിരുന്നു. ഇന്നാട്ടിലെ സംസ്കാരവും പാശ്ചാത്യസംസ്കാരവും തമ്മിൽ ആക്കാലത്ത് നിലവിലിരുന്ന സംഘട്ടനം നോവലിൽ കാണാം.

ഇങ്ങനെ ഏതാണ്ട് 100 വർഷങ്ങൾക്ക് മുമ്പുള്ള നമ്മുടെ നാടിനെ അടുത്തറിയാനുള്ള അവസരമാണ് ഇന്ദുലേഖ തരുന്നത്.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?