തിരുക്കുറൽ
ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു-- തിരുക്കുറൽ. തിരുവള്ളുവർ തമിഴിൽ രചിച്ച ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് വി. വി. അബ്ദുള്ള സാഹിബ്. 15 നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഈ മഹാദാർശനികൻ ഒരു മഹാകവിയുമായിരുന്നു. വില തീരാത്ത അറിവിന്റെ പൊൻമുത്തുകൾ 7 വാക്കുകൾ വീതമുള്ള 1330 ഈരടികളിൽ അദ്ദേഹം ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. 10 ഈരടികളുള്ള 133 അദ്ധ്യായങ്ങളായി അവയെ തിരിച്ചിരിക്കുന്നു. തിരുക്കുറൽ എന്നാൽ വിശുദ്ധ കാവ്യം എന്ന് അർത്ഥമാക്കാം. മനുഷ്യൻ അർത്ഥവത്തായ, വിജയകരമായ ഒരു ജീവിതം നയിക്കേണ്ടത് എങ്ങനെ -- അതാണ് അതിന്റെ വിഷയം. ലോകത്തിലെ അനേകം ഭാഷകളിലേക്ക് ഈ കാവ്യം മൊഴിമാറ്റം ചെയ്യപ്പെട്ടു. ലോകത്തിൽ ഏറെ ആദരിക്കപ്പെടുന്ന ഈ ഗ്രന്ഥം നമ്മുടെ തെക്കേ ഇന്ത്യയിലാണ് ജന്മമെടുത്തത് എന്നുള്ളത് നമുക്ക് അഭിമാനകരമാണ്.
ഈ മഹാദാർശനികന്റെ ദർശനം അല്പം നമുക്കൊന്ന് രുചിച്ചു നോക്കാം. ജീവിതത്തിലെ വിഷമങ്ങളെയും ദുഃഖങ്ങളെയും നേരിടേണ്ടത് എങ്ങനെയാണ് എന്ന് വിശദമാക്കുമ്പോൾ ദുഃഖമോ ആഹ്ലാദമോ നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുവാൻ അനുവദിക്കരുത് എന്ന് അദ്ദേഹം ഉപദേശിക്കുന്നു. ദുഃഖിക്കേണ്ട അവസരങ്ങൾ വരുമ്പോൾ നാം ദുഃഖത്തെ ഗണ്യമാക്കാതെ ധൈര്യമായി നമ്മുടെ ജീവിതയാത്ര തുടരുമ്പോൾ ദുഃഖം തലതാഴ്ത്തി ലജ്ജിച്ച് ഓടിപ്പോകും എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ദുഃഖത്തെ ഇവിടെ personify ചെയ്തിരിക്കുന്നു. ഇപ്രകാരം ദുഃഖത്തെ personify ചെയ്തിട്ടുള്ള മറ്റൊരു കവിയെയും എനിക്ക് പരിചയമില്ല.
ദുഃഖം വന്നു ഭവിക്കുമ്പോൾ മനം നീറാതിരിപ്പവർ
ദുഃഖത്തിന്ന് കൊടുക്കുന്നു ദുഃഖിക്കാനൊരു കാരണം
ഐശ്വര്യം വന്നുചേരുമ്പോ-
ളാഹ്ളാദമിയലാത്തവർ
കാലദോഷം ഭവിക്കുമ്പോൾ ദുഃഖത്തിലാണ്ടു പോകുമോ?
ദുഃഖം പ്രകൃതിജന്യമെന്നറിയും ബുദ്ധിശാലികൾ
ദേഹത്തിന്നിമ്പമോരാതെ
ദുഃഖത്തിൽ വേദനപ്പെടാ
തിരുക്കുറലിലെ മറ്റ് ചില വരികൾകൂടി കാണാം :
മുറിവേൽപ്പിക്കുന്ന വാക്കുകളെക്കുറിച്ച് :
എന്തടക്കാൻ മറന്നാലും
നാവടക്കാൻ മറക്കൊലാ;
മറന്നാൽ പിഴവാക്കാലേ ദുഃഖത്തിനിടയായിടും
നീചവാക്യമുരച്ചും കൊ-
ണ്ടന്യന്ന് നോവുനൽകുകിൽ
ധർമ്മകർമ്മങ്ങളാൽ കിട്ടും
പുണ്യമെല്ലാം നശിച്ചിടും
കാലക്രമത്തിലാറുന്നു
തീയിനാലേർപ്പെടും വ്രണം
വായിനാൽ വ്രണമുണ്ടായാ- ലൊരുനാളുമുണങ്ങിടാ
തിന്മ ചെവോർക്ക് നന്മ പകരം ചെയ്യുക :
തന്നെ വെട്ടിക്കുഴിപ്പോർക്കും
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ
തിന്മ ചെയ്യുന്ന ദ്രോഹിക്കും
നന്മ ചെയ് വത് ധർമ്മമാം
പകപോക്കുന്നസംതൃപ്തി
യൊരുനാളേക്ക് മാത്രമാം;
ക്ഷമിച്ചാലുള്ള സൽ കീർത്തി
നിലനിൽക്കുന്നു സർവ്വനാൾ
മാരിനൽകുന്ന മേഘങ്ങൾ-
ക്കെന്തു പകരം ചെയ്തു നാം?
മേഘം പോലാശയില്ലാതെ നന്മ ചെയ്യുന്നു സജ്ജനം
തിരുവള്ളുവരെകുറിച്ചും തിരുക്കുറളിനെ കുറിച്ചും നേരത്തെ കേട്ടിട്ടുണ്ടെങ്കിലും നന്നായി ഒന്ന് മനസ്സിലാക്കുവാൻ ഈ വായന സഹായിച്ചു.
ഈ കൃതി മൊഴിമാറ്റം ചെയ്ത അബ്ദുള്ള സാഹിബ് തൃശ്ശൂർ ജില്ലക്കാരനാണ്. കേന്ദ്രഗവണ്മെന്റ് സർവീസിൽ ഉന്നത ഉദ്യോഗം വഹിച്ചു. മഹാപണ്ഡിതനായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. 2008 ൽ അന്തരിച്ചു.
ഈ ലിങ്കിൽ ഈ കൃതി വായിക്കാം
http://kuraltranslations.blogspot.com/search/label/19%20Malayalam%3A%20%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%B3%E0%B5%8D%E2%80%8D?m=0
Comments