പ്രസക്തമായ ചിന്ത
Dr. Mathew Thomas
ഈ ലേഖനത്തിൽ ഉയർത്തിയ ഒരു പ്രധാന ചോദ്യം ഇതായിരുന്നു: നാം പിന്തുടരേണ്ടത് യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളാണോ, അതോ യേശു പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്ത ജീവിതമാണോ? തന്റെ നിഗമനമായി അദ്ദേഹം സൂചിപ്പിച്ചത്, യേശുവിനെക്കുറിച്ചുള്ള അവകാശവാദങ്ങളേക്കാൾ യേശു പഠിപ്പിച്ച ജീവിതവും മൂല്യങ്ങളുമാണ് വ്യക്തികളും സഭകളും പിന്തുടരേണ്ടത് എന്നതാണ്. വളരെ പ്രസക്തമായ ഒരു ചിന്തയാണിത്.
അതേസമയം, യേശുവിന്റെ വ്യക്തിത്വത്തെ സമഗ്ര
മായി മനസ്സിലാക്കണമെങ്കിൽ, യേശുവിന്റെ ദൈവരാജ്യപ്രഖ്യാപനം, സുവിശേഷങ്ങളിലെ അവകാശവാദങ്ങൾ, നന്മ ചെയ്ത് ചുറ്റിനടന്ന ജീവിതം, ഉപമകളിലൂടെയുള്ള പഠിപ്പിക്കലുകൾ, കുരിശുമരണവും ഉയിർപ്പും—ഇവയെല്ലാം ഒരുമിച്ച് കാണേണ്ടതുണ്ട്. അപ്പോഴാണ് യേശുവിന്റെ അവതാരജീവിതത്തിന്റെ പൂർണത മനസ്സിലാകുന്നത്.
യേശുവിന്റെ ഉപദേശങ്ങൾക്ക് സഭ എല്ലാക്കാലത്തും അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല എന്ന വിമർശനത്തിൽ സത്യത്തിന്റെ അംശമുണ്ട്. എന്നിരുന്നാലും, യേശുവിന്റെ വിളി കേട്ട് സർവസ്വവും ത്യജിച്ച് ജീവിച്ച അനേകം വിശ്വാസികളും സഭയും ലോകചരിത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണമായി, അടിമക്കച്ചവടം അവസാനിപ്പിക്കുന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖരായിരുന്നത് ക്രൈസ്തവ നേതാക്കളായിരുന്നു. യേശുവിന്റെ പഠിപ്പിക്കലുകളാണ് അവരെ അതിന് പ്രേരിപ്പിച്ചത്.
അതുപോലെ, മെഡിക്കൽ, വിദ്യാഭ്യാസ, സാമൂഹിക സേവനരംഗങ്ങളിൽ സഭകളും ക്രൈസ്തവ മിഷണറിമാരും നൽകിയ സംഭാവനകൾ നിസ്തുലമാണ്. വെല്ലൂർ മെഡിക്കൽ കോളേജിന്റെ സ്ഥാപകയായ ഐഡാ സ്കഡർ (Ida Scudder), ഗാന്ധിജിയുടെ സഹപ്രവർത്തകനായ സി. എഫ്. ആൻഡ്രൂസ് (C. F. Andrews), കേരളത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ റവ. ബെഞ്ചമിൻ ബെയ്ലി, ആർണോസ് പാതിരി തുടങ്ങി അനേകം പേർ യേശുവിന്റെ സ്നേഹത്താൽ പ്രചോദിതരായി സമൂഹപരിവർത്തനത്തിന് നേതൃത്വം നൽകി.
അപ്പോൾ, എന്താണ് സുവിശേഷം? എന്താണ് ദൈവരാജ്യം? അടിസ്ഥാനപരമായി നോക്കുമ്പോൾ, യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളോ യേശുവിന്റെ പഠിപ്പിക്കലുകളോ മാത്രമല്ല; യേശു തന്നെയാണ് സുവിശേഷവും ദൈവരാജ്യത്തിന്റെ ജീവനുള്ള വെളിപ്പാടും. യേശുവിന്റെ ജീവിതം തന്നെയാണ് ദൈവരാജ്യത്തിന്റെ മാതൃക.
യേശു പറഞ്ഞു: "I am the way, the truth, and the life." (John 14:6) വീണ്ടും അദ്ദേഹം പറഞ്ഞു: "അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായ ജീവൻ ഉണ്ടാകുവാനും വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്." (John 10:10)
ആത്യന്തികമായി, ഓരോ മനുഷ്യനും സമൃദ്ധമായ ജീവന്റെ അനുഭവത്തിലേക്ക് വളരേണ്ടതാണ്. അപ്പസ്തോലൻ യോഹന്നാൻ എഴുതുന്നു:
«"ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ട് കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈകൾ തൊട്ടതുമായ ജീവന്റെ വചനം സംബന്ധിച്ച്... ആ ജീവൻ പ്രത്യക്ഷമായി; ഞങ്ങൾ അതിനെ കണ്ടു സാക്ഷ്യം പറയുന്നു." (1 യോഹന്നാൻ 1:1–2)»
ഓരോ വ്യക്തിയും, അവരുടെ മതവിശ്വാസം എന്തുതന്നെയായാലും, സമൃദ്ധമായ ജീവന്റെ അനുഭവത്തിൽ ദിനംപ്രതി നവീകരിക്കപ്പെടുകയും ആന്തരികമായി രൂപാന്തരപ്പെടുകയും ചെയ്യണം. മനുഷ്യന്റെ ഈ ആന്തരിക ശുദ്ധീകരണവും രൂപാന്തരീകരണവും ദൈവാത്മാവിനാൽ സാധ്യമാകുന്നു.
കാൾ യുങ് (Carl Jung) ഇതിനെ മനസ്സിന്റെ ആന്തരിക സംയോജനം (psychological transformation) എന്നാണ് വിശേഷിപ്പിച്ചത്. ആത്മീയതയുടെ പ്രാധാന്യത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹം ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ആത്മീയാന്വേഷണം അനിവാര്യമാണെന്ന് കരുതി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകൾ ഇങ്ങനെയാണ്:
«"The privilege of a lifetime is to become who you truly are."»
ഇത്തരം ആത്മീയ ഉണർവ് നേടിയവരാണ് സഭയെയും സമൂഹത്തെയും നവീകരിക്കാൻ മുന്നിട്ടിറങ്ങിയത്. മാർട്ടിൻ ലൂഥർ കത്തോലിക്കാ സഭയിൽ ആരംഭിച്ച നവീകരണവും, ഫ്രാൻസിസ് ഓഫ് അസീസിയുടെ ജീവിതവും അതിന് ഉദാഹരണങ്ങളാണ്. ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടറായി സേവനം ചെയ്ത ആൽബർട്ട് ഷ്വൈറ്റ്സറെയും പ്രേരിപ്പിച്ചത് ക്രിസ്തുവിനോടുള്ള സ്നേഹമായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന അദ്ദേഹം രചിച്ച The Quest of the Historical Jesus ആത്മീയാന്വേഷണത്തിന്റെ മികച്ച ഉദാഹരണമാണ്.
യേശു പറഞ്ഞു: "അന്വേഷിക്കുന്ന ഏവനും കണ്ടെത്തും." (മത്തായി 7:8) അതിനാൽ, നമ്മിൽ വളരേണ്ട ഏറ്റവും പ്രധാനപ്പെട്ട മനോഭാവം അന്വേഷണാത്മകതയാണ്. യേശുവും ദൈവാത്മാവും ഇന്നും നമ്മെ ക്ഷണിക്കുന്നത് ഇതുതന്നെയാണ്: "വന്ന് കാണുക." (യോഹന്നാൻ 1:39)
അവസാനമായി, യേശു വാഗ്ദാനം ചെയ്തതുപോലെ, "സത്യത്തിന്റെ ആത്മാവ് നിങ്ങളെ സകല സത്യത്തിലേക്കും വഴി നടത്തും." (യോഹന്നാൻ 16:13)

Comments