അറിവിനെ അറിയാം

അറിവിനെക്കുറിച്ചുള്ള അറിവ്, അതാണ്‌ നമ്മുടെ ചിന്താവിഷയം. ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം , മനശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ അറിവുശാസ്ത്രം അഥവാ ജ്ഞാനശാസ്ത്രം എന്നൊരു വിജ്ഞാനശാഖയെപ്പറ്റി നമ്മില്‍ മിക്കവരും കേട്ടിരിക്കാനിടയില്ല. ജീവികളെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും മറ്റും നമുക്ക് അറിവ് നേടാം, എന്നാല്‍ അറിവിനെക്കുറിച്ച് അറിവ് നേടാനാകുമോ എന്ന് നാം അതിശയിക്കും.

Epistemology എന്ന പേരില്‍ ഫിലോസഫിയില്‍ ഒരു പഠനവിഭാഗമുണ്ട് . Episteme എന്ന ഗ്രീക്ക് വാക്കിന് അറിവ് എന്നാണര്‍ത്ഥം. Epistemology എന്നാല്‍ അറിവിനെക്കുറിച്ചുള്ള പഠനം എന്നര്‍ത്ഥം. Cognitive psychology എന്ന ഒരു മനശാസ്ത്രവിഭാഗം ഉണ്ട്. മനസ്സ് കൊണ്ടാണല്ലോ നാം അറിവ് നേടുന്നത്. അതുകൊണ്ട് മനസിനെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി അറിവിനെക്കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. Psychology യും Philosophy യും പഠിക്കുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും അറിവിനെക്കുറിച്ച് കുറച്ച് അറിവുണ്ടാകുന്നത് നല്ലതാണ്.

എന്താണ് അറിവ്? ആരാണ് അറിവ് നേടുന്നത്? നാം അറിവ് നേടുന്നത് എന്തിനുവേണ്ടിയാണ്? എങ്ങനെയാണ് അറിവ് നമ്മിലേക്ക് പ്രവേശിക്കുന്നത്? നമ്മുടെ അറിവ് സത്യമാണെന്ന് എങ്ങനെ അറിയാം? ഇങ്ങനെ അറിവിനെക്കുറിച്ചുള്ള നിരവധി അടിസ്ഥാനചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നാം തേടുന്നത്. അതിന്റെ ഫലമായി അറിവിനെക്കുറിച്ച് നമുക്ക് ഇപ്പോഴുള്ള അബദ്ധങ്ങളായ ചില ധാരണകളെ കണ്ടെത്താനും തിരുത്താനും നമുക്ക് സാധിക്കും.

എന്താണ് അറിവിന്റെ പ്രാധാന്യം എന്ന് ആദ്യം ചിന്തിക്കാം. അറിവ് എങ്ങനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു? നമ്മുടെ ജീവിതം നില്‍ക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ മേലാണ്. നമ്മെക്കുറിച്ചും നമ്മുടെ ജീവിതത്തെക്കുറിച്ചും നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും ഉള്ള യഥാര്‍ത്ഥമായ വിവരങ്ങളാണ് നമുക്ക് വേണ്ടത്. അത്തരം അറിവിന്റെ മേലാണ് ജീവിതം കെട്ടിയുയര്‍ത്തുവാന്‍ നമുക്ക് സാധിക്കുന്നത്. ശരിയായ അറിവുകള്‍ ജീവിതയാത്രയില്‍ നമുക്ക് നല്ല വഴികാട്ടിയാണ്. ഒരു മുയല്‍ തന്റെ ബുദ്ധിശക്തിയും അറിവും ഉപയോഗിച്ച് ബലവാനായ സിംഹത്തെ പരാജയപ്പെടുത്തിയ പഞ്ചതന്ത്രം കഥ നമ്മില്‍ പലരും കേട്ടിട്ടുണ്ട്. പലപ്പോഴും ഒരു സുപ്രധാനമായ അറിവ് ഇല്ലാതെ പോകുന്നതിന്റെ ഫലമായി ഒട്ടേറെ വിഷമങ്ങള്‍ ജീവിതത്തില്‍ നമുക്ക് അനുഭവിക്കേണ്ടതായി വരും. ഫ്രഞ്ച് സാഹിത്യകാരനായ മോപ്പസാങ്ങിന്റെ നെക്ക്ലസ് എന്ന കഥ ഇതിന് നല്ല ഒരുദാഹരണമാണ്. തന്റെ പക്കല്‍ നിന്ന് നഷ്ടപ്പെട്ട മാല സ്വര്‍ണ്ണമല്ല വെറും ഒരു imitation ആയിരുന്നു എന്ന അറിവ് ഇല്ലാതെ പോയതുകൊണ്ട് എന്തുമാത്രം വിഷമങ്ങളാണ് അതിലെ കഥാനായികയ്ക്ക് അനുഭവിക്കേണ്ടി വരുന്നത്.

അറിവുകള്‍ മനുഷ്യമനസിലേക്ക് പ്രവേശിക്കുന്നത് ഇന്ദ്രിയങ്ങള്‍ എന്ന വാതിലുകളിലൂടെയാണ്. നാം കാണുകയും കേള്‍ക്കുകയും മണക്കുകയും രുചിക്കുകയും സ്പര്‍ശിച്ചറിയുകയും ചെയ്യുന്ന കാര്യങ്ങളെ മുമ്പ് അപ്രകാരം അറിഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തുകയും താരതമ്യപ്പെടുത്തുകയും മറ്റും ചെയ്തു പുതിയ അറിവുകള്‍ ഉണ്ടാകുന്നു. നേരിട്ടനുഭവിക്കുമ്പോഴാണ്‌ ദൃഡമായ അറിവുകള്‍ നമുക്കുണ്ടാകുന്നത്. നാം നേരിട്ടറിഞ്ഞ കാര്യങ്ങള്‍ വാമൊഴിയായും വരമൊഴിയായും പരസ്പരം വിനിമയം ചെയ്യുന്നു. നേരിട്ട് അനുഭവിച്ചറിയാതെ പലതും നമുക്ക് അറിയാനേയാവില്ല. തീയുടെ ചൂടും തേനിന്റെ മധുരവും അനുഭവിച്ച് തന്നെ അറിയണം.

നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അവയുടേതായ പരിമിതികള്‍ ഉണ്ട്. വളരെ ദൂരെയും വളരെ അടുത്തും കാണാന്‍ കണ്ണിനാവില്ല. ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈ പരിമിതികള്‍ ഒരളവ് വരെ മാറ്റുകയും അവയുടെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ സാധിക്കുന്നു. telescope, microscope എന്നിവ കണ്ണിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.

നാം എവിടെ നിന്ന് കാണുന്നു എന്നതിനനുസരിച്ച് നമ്മുടെ കാഴ്ച വ്യത്യസ്തമാകുന്നു. സൂര്യന്‍ ഉദിക്കുന്നതായി നാം കാണുന്നത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നോക്കുന്നതുകൊണ്ടാണ്. ഒരു പതിനായിരം കിലോമീറ്റര്‍ സ്പേസിലേക്ക് മാറി നിന്ന് നോക്കിയാല്‍ സൂര്യന്‍ ഉദിക്കുന്നതായോ അസ്തമിക്കുന്നതായോ കാണുകയില്ല. ഒരേ സംഭവം പല ആളുകള്‍ മനസിലാക്കുന്നത് പല വിധത്തിലാകാം. സദ്ദാം ഹുസൈന്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ കണ്ണില്‍ ഒരു കൊടും കുറ്റവാളിയായിരുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കണ്ണില്‍ ഒരു രക്തസാക്ഷിയും.

പലപ്പോഴും സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത സാഹചര്യം ഉണ്ടാവാം. അരണ്ട വെളിച്ചത്തില്‍ ഒരു കയര്‍ കണ്ടിട്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചെന്നു വരാം. സ്വര്‍ണ്ണം പോലെ തിളങ്ങുന്ന മാല കണ്ടിട്ട് അത് സ്വര്‍ണം തന്നെ എന്ന് തെറ്റിദ്ധരിച്ചെന്നു വരാം.

അടുത്തതായി മനസ്സിനുള്ളില്‍ അറിവിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. മനുഷ്യശരീരത്തിന് ശ്വാസം പോലെയാണ് മനുഷ്യമനസിനു അറിവ് എന്ന് കരുതാം. നാം എപ്പോഴും ശ്വാസോച്ച്വാസം ചെയ്തുകൊണ്ടിരിക്കുന്നു. മൂക്കിലൂടെ പ്രവേശിക്കുന്ന വായുവില്‍ നിന്ന് ശ്വാസകോശം നമുക്ക് വേണ്ട ഓക്സിജന്‍ സ്വീകരിക്കുകയും വേണ്ടാത്ത carbon dioxide പുറന്തള്ളുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന് ആഹാരം പോലെയാണ് മനുഷ്യമനസിനു അറിവ് എന്നും പറയാം. വായിലൂടെ അകത്തേക്ക് പോകുന്ന ആഹാരത്തില്‍ നിന്ന് വയറും കുടലും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ സ്വീകരിക്കുന്നു. നമുക്ക് വേണ്ടാത്തത് പുറന്തള്ളുകയും ചെയ്യുന്നു. ഏതാണ്ട് ഇതുപോലെയാണ് അറിവിന്റെ കാര്യത്തിലും സംഭവിക്കുന്നത്. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ information (അറിവ്) അകത്തേയ്ക്ക് കടക്കുന്നു. മനസിനുള്ളില്‍ ഒരു information processing നടക്കുന്നു. ആവശ്യമുള്ള information മനസ്സ് സ്വീകരിച്ച് store ചെയ്യുന്നു. വേണ്ടാത്തത് സ്വീകരിക്കുന്നില്ല. നമ്മുടെ ശ്വാസോച്ച്വാസം എപ്പോഴും നടക്കുന്നത് പോലെ information processing എപ്പോഴും നടക്കുന്നു. നാം ഉറങ്ങുന്ന സമയത്ത് പോലും നമ്മുടെ മനസിനുള്ളില്‍ അത് നടന്നുകൊണ്ടിരിക്കുന്നു.

ബോധപൂര്‍വ്വമായോ അല്ലാതെയോ അറിവുകള്‍ മനസ്സിലേക്ക് പ്രവേശിക്കുന്നുണ്ട്. നാം ജീവിക്കുന്ന ഓരോ നിമിഷവും നമ്മെപ്പറ്റിയും നമ്മുടെ ചുറ്റുപാടുകളെപ്പറ്റിയും കൂടുതല്‍ കൂടുതല്‍ അറിവ് നാം നേടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ അറിഞ്ഞും അറിയാതെയും അറിവുകള്‍ എപ്പോഴും മനസിനുള്ളിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ എല്ലാ മനുഷ്യരും എപ്പോഴും അറിവ് നേടിക്കൊണ്ടിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. അറിവുള്ളവര്‍ എന്നും അറിവില്ലാത്തവര്‍ എന്നും ആളുകളെ തിരിക്കാനാവില്ല. കാരണം എല്ലാവര്‍ക്കും അറിവുണ്ട്. അറിവുകള്‍ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.

കുറേ ആളുകള്‍ കൂട്ടായി ക്രമീകൃതമായ മാര്‍ഗ്ഗങ്ങളിലൂടെ ബോധപൂര്‍വ്വം അറിവ് അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നതാണ് ശാസ്ത്രം. അതുപോലെ വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ ബോധപൂര്‍വ്വമായ അറിവുസമ്പാദനമാണ് നടത്തുന്നത്. എന്നാല്‍ ഇവിടെ നാം അറിവ് എന്ന വാക്ക് വളരെ വിശാലമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. എല്ലാ ആളുകളും എപ്പോഴും ബോധപൂര്‍വ്വവും അല്ലാതെയും നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് അറിവ്. വാസ്തവത്തില്‍ ലോകമഹാവിദ്യാലയത്തില്‍ മനുഷ്യര്‍ എന്ന വിദ്യാര്‍ഥികള്‍ ജീവിതകാലം മുഴുവന്‍ ബോധപൂര്‍വ്വമായും അല്ലാതെയും അറിവ് നേടിക്കൊണ്ടിരിക്കുന്നു എന്ന് പറയാം.

പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സില്‍ എത്തുന്ന അറിവുകളെയെല്ലാം നമ്മുടെ മനസ്സ് സ്വീകരിക്കുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് മനസ്സ് ചില അറിവുകളെ സ്വീകരിക്കുന്നത് ? മറ്റു ചില അറിവുകളെ നിരാകരിക്കുന്നത്?

നമ്മുടെ മനസ്സിന് ബോധമനസ്സും അബോധമനസ്സും ഉണ്ടെന്ന് നമുക്കറിയാം. മനസ്സിന്റെ 99% അബോധമനസ്സാണെന്ന് വേണം മനസിലാക്കാന്‍. ശേഷിക്കുന്ന 1% മാത്രമാവണം ബോധമനസ്സ്. ഒരു വലിയ സ്ഥാപനം മനസ്സില്‍ കാണാം. അവിടെ എത്തുന്നവര്‍ അതിന്റെ reception area യിലാണ് ആദ്യം എത്തുന്നത്. ആ സ്ഥാപനത്തിനുള്ളില്‍ നമ്മെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഉള്ളില്‍ കടക്കാം. നമ്മുടെ മനസ്സിന്റെ reception area ആണ് ബോധമനസ്സ്. നിലവില്‍ മനസിനുള്ളില്‍ ഉള്ളതായ ഏതെങ്കിലും ചിന്തയോടോ ആശയത്തോടോ അറിവിനോടോ അടുത്ത ബന്ധമുള്ള ഒരു അറിവ് വന്നാല്‍ ഒട്ടും താമസിയാതെ അതിന് പ്രവേശനം ലഭിക്കും. നിലവിലുള്ള ഒരു അറിവിനോട് ബന്ധപ്പെടുത്തി മാത്രമേ പുതിയ ഒരു അറിവിനെ മനസ്സ് സ്വീകരിക്കൂ. ഇക്കാര്യം കുറേക്കൂടി വിശദമാക്കാം. ടൌണിലെ തിരക്കില്‍ നിന്ന് മാറി ഉള്‍നാട്ടില്‍ ഒരു ഭക്ഷണശാല സങ്കല്‍പ്പിക്കാം. അവര്‍ പരസ്യം കൊടുക്കുന്നില്ല. മുമ്പില്‍ ഒരു ബോര്‍ഡ് പോലുമില്ല. അതുവഴി പോയ ആരോ കൌതുകം തോന്നി അവിടെ കയറുന്നു. അവിടുത്തെ ഭക്ഷണം അയാള്‍ക്ക് ഇഷ്ടപ്പെടുന്നു. അയാള്‍ പറഞ്ഞറിഞ്ഞു ഒരു സുഹൃത്ത് അടുത്ത ദിവസം അവിടെ എത്തുന്നു. ഇവര്‍ രണ്ടാളും പറഞ്ഞറിഞ്ഞു അടുത്ത ദിവസം കൂടുതല്‍ പേര്‍ എത്തുന്നു. അതല്ലെങ്കില്‍ നമ്മുടെ നാട്ടിലെ ഒരു ക്ലബ്ബ് സങ്കല്‍പ്പിക്കാം. ആദ്യം ചിലര്‍ അതിന്റെ അംഗങ്ങളാകുന്നു. ഇങ്ങനെ ആദ്യം ചേര്‍ന്നവര്‍ക്ക് താല്പ്പര്യമുള്ളവരെയാണ് പിന്നീട് അംഗങ്ങള്‍ ആക്കുന്നത്. മനസ്സ് അറിവ് സ്വീകരിക്കുന്നതും ഏതാണ്ട് ഇതുപോലെയാണ്. ആദ്യം എങ്ങനെയോ ചില അറിവുകള്‍ മനസിലെത്തുന്നു. പിന്നീട് ആ അറിവുകളോട് ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ എത്തുന്നു. നിലവിലുള്ള അറിവുകളുമായി ബന്ധപ്പെടുത്തി മാത്രമേ പുതിയ അറിവുകള്‍ സ്വീകരിക്കപ്പെടുന്നുള്ളൂ .

ബോധമനസ്സ് എന്ന reception area യില്‍ വരുന്ന എല്ലാ അറിവുകളെയും ഒരു സ്ക്രീനിങ്ങിനു വിധേയമാക്കുന്നു. താഴെപറയുന്ന മൂന്ന് കാര്യങ്ങളിലാണ് സ്ക്രീനിംഗ്.

  1. പുതിയ അറിവ് നമ്മുടെ ജീവിതത്തില്‍ എത്രത്തോളം പ്രധാനമാണ് ?നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യം ഉള്ള അറിവുകളെയാണ് നാം സ്വീകരിക്കുന്നത്. പ്രാധാന്യം ഒട്ടുമില്ലാത്ത അറിവുകളെ നാം നിരാകരിക്കുന്നു. പ്രാധാന്യം ഉണ്ടെങ്കിലും അവ പ്രധാനം എന്ന് അറിയാതിരുന്നാലും അവയെ നാം നിരാകരിക്കും.

  2. പുതിയ അറിവ് ഒരു വസ്തുതയാണോ അതോ ഒരു വിശ്വാസമാണോ? വസ്തുതകള്‍ക്ക് തെളിവുകളുടെ പിന്‍ബലമുണ്ട്; വിശ്വാസങ്ങള്‍ക്ക് അവ വിശ്വസിക്കുന്നവരുടെ പിന്‍ബലം മാത്രമാണുള്ളത്. വസ്തുതകള്‍ക്ക് വിശ്വാസങ്ങളെക്കാള്‍ സ്വീകാര്യത ലഭിക്കുന്നു. വസ്തുതകള്‍ ലഭ്യമല്ലാതെ വരുന്ന അവസരങ്ങളില്‍ വിശ്വാസങ്ങളെ സ്വീകരിക്കേണ്ടതായി വരുന്നു.

  3. പുതിയ അറിവ് മനസിലാക്കേണ്ടത് ആക്ഷരികമായാണോ അതോ ആലങ്കാരികമായാണോ? ആക്ഷരികമായി മനസ്സിലാക്കേണ്ട കാര്യങ്ങളെ അങ്ങനെ തന്നെ മനസിലാക്കണം. ആലങ്കാരികമായി മനസിലാക്കേണ്ട കാര്യങ്ങളെ അങ്ങനെയും. എന്റെ മേലുദ്യോഗസ്ഥന്‍ ഒരു പുലിയാണ് എന്ന പ്രസ്താവന ആലങ്കാരികമായാണ് മനസിലാക്കേണ്ടത് എന്ന് സാമന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും.

ഈ സ്ക്രീനിംഗ് നടത്തുന്നത് നമ്മുടെ ബുദ്ധിശക്തിയാണ്. ബുദ്ധിശക്തി എല്ലാവരിലും ഒരുപോലെയല്ലാത്തതുകൊണ്ട് സ്ക്രീനിംഗ് എല്ലാവരിലും ഒരുപോലെ നടക്കുന്നില്ല. നമ്മുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായാണ് നമ്മുടെ ബുദ്ധിശക്തിയും വളരുന്നത്. ഏതാണ് 20 വയസോടെയാണ് നമ്മുടെ തലച്ചോറ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് പൊതുവേ പ്രായമായവരെക്കാള്‍ ബുദ്ധിശക്തി കുറവാണ്. പ്രായമായവര്‍ക്കിടയില്‍ തന്നെ എല്ലാവര്‍ക്കും ബുദ്ധിശക്തി ഒരുപോലെയല്ല.

നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് പറയത്തക്ക സ്കീനിംഗ് ഒന്നുമില്ലാതെ വന്ന അറിവുകള്‍ അവിടെ കിടക്കുന്നുണ്ട്. മറ്റുള്ളവരില്‍ നിന്ന് ആ അറിവുകള്‍ അതേപടി നാം സ്വീകരിക്കുകയായിരുന്നു. അവ പ്രധാനമാണോ അല്ലയോ, വസ്തുതയാണോ വിശ്വാസമാണോ, ആക്ഷരികമാണോ ആലങ്കാരികമാണോ എന്നൊന്നും ഉറപ്പ് വരുത്തുവാന്‍ അന്ന് നമുക്ക് കഴിഞ്ഞിരുന്നില്ല. അതിന്റെ ഫലമായി അപ്രധാനമായ പല അറിവുകളെയും പ്രധാനമെന്ന് ധരിച്ച് നാം സ്വീകരിച്ചു. പല വിശ്വാസങ്ങളെയും വസ്തുതകള്‍ എന്ന് തെറ്റിധരിച്ച് നാം സ്വീകരിച്ചു. ആലങ്കാരികമായി മനസിലാക്കേണ്ട പലതും ആക്ഷരികമായി നാം മനസിലാക്കി. പില്‍ക്കാലത്ത് ബുദ്ധിശക്തി വികസിച്ചപ്പോള്‍ ചെറുപ്പത്തില്‍ വരുത്തിയ പല തെറ്റുകളും നാം തിരുത്തി. എങ്കിലും ഇനിയും നമ്മുടെ ശ്രദ്ധയില്‍ പെടാതെ എത്രയോ അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും നമ്മുടെയൊക്കെ മനസ്സിനുള്ളില്‍ ഉണ്ടാവും. ആദ്യം നമ്മുടെ മനസ്സില്‍ കയറിപ്പറ്റിയ നിരവധി അബദ്ധ ധാരണകളുമായി ബന്ധപ്പെട്ടാണ് പില്‍ക്കാലത്ത് ഒട്ടേറെ ധാരണകള്‍ നമ്മുടെയൊക്കെ മനസിനുള്ളില്‍ കയറി പറ്റിയിട്ടുള്ളത് എന്നത് പ്രശ്നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

ക്രിസ്മസ് രാത്രിയില്‍ സാന്റാക്ലോസ്‌ സമ്മാനങ്ങളുമായി വരുമെന്ന് കുഞ്ഞുങ്ങള്‍ വിശ്വസിക്കുന്നു. വളര്‍ന്ന് ചിന്താശേഷി വരുമ്പോള്‍ അതൊരു വിശ്വാസം മാത്രമായിരുന്നു എന്ന് അവര്‍ തിരിച്ചറിയുന്നു. കുട്ടികളായിരിക്കുമ്പോള്‍ ആമയും മുയലും ഓട്ടമത്സരം നടത്തിയെന്നും മറ്റും അവര്‍ വിശ്വസിക്കുന്നു. പ്രായമാകുമ്പോള്‍ അതെല്ലാം കഥകളായിരുന്നു എന്ന് അവര്‍ തിരിച്ചറിയുന്നു. കുട്ടികളായിരിക്കുമ്പോള്‍ നമ്മുടെ ബുദ്ധിക്കനുസരിച്ചുള്ള കഥകളിലൂടെയാണ് ഒരു ജീവിതവീക്ഷണം പോലും മനുഷ്യര്‍ സ്വായത്തമാക്കുന്നത്. പ്രായമായ ശേഷവും ഇത്തരം കഥകള്‍ കഥകള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് പരിതാപകരം മാത്രമല്ല അപകടകരവുമാണ്. ലോകത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും മാലാഖമാരെപ്പറ്റിയും ഒക്കെ ചെറുപ്പത്തില്‍ കേള്‍ക്കുന്ന കഥകളിലെ സത്യം എന്താണെന്ന് പ്രായമായ ശേഷവും പലര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല.

നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ കേള്‍ക്കുന്ന ഭാഷ നാം ഉപയോഗിക്കാന്‍ പഠിക്കുന്നു. ബോധമനസ്സ് കൊണ്ടല്ല നാം ഭാഷ പഠിക്കുന്നത്. നാം കേള്‍ക്കുന്ന ഭാഷ അതുപോലെ മനസ്സിനുള്ളിലേക്ക് കടക്കുന്നു. ചെറുപ്പത്തില്‍ നാം കേള്‍ക്കുന്ന ഭാഷ തമിഴ് ആണെങ്കില്‍ നാം പഠിക്കുന്നത് ആ ഭാഷയാണ്‌. ഭാഷ മാത്രമല്ല ചെറുപ്പത്തില്‍ നാം നേരിട്ടറിയുന്ന, അനുഭവിക്കുന്ന സംസ്കാരം ഏതാണോ അത് നമ്മുടെ സ്വന്തം സംസ്കാരമായി മാറുന്നു. നാം നേരിട്ട് അനുഭവിക്കുന്ന ആഹാരരീതികള്‍, വസ്ത്രധാരണരീതികള്‍, ജീവിതവീക്ഷണം ഇതെല്ലാം നമ്മുടെ സ്വന്തമായി മാറുന്നു. നമ്മുടെ ജീവിതവീക്ഷണവും അതിനെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ജീവിതരീതിയും നമുക്ക് പൈതൃകമായി ലഭിക്കുന്നു. നമ്മുടെ ബോധമനസ്സിനോ ബുദ്ധിശക്തിക്കോ ഇതില്‍ പറയത്തക്ക പങ്കൊന്നുമില്ല.

മലയാളമാണോ തമിഴാണോ കൂടുതല്‍ നല്ലത് എന്ന ചോദ്യം ആരും ചോദിക്കാറില്ല. കാരണം കേരളത്തില്‍ മലയാളി മാതാപിതാക്കളുടെ മക്കളായി ജനിച്ചതുകൊണ്ട് നാം മലയാളം സംസാരിക്കുന്നു. തമിഴനാട്ടില്‍ തമിഴ് മാതാപിതാക്കളുടെ മക്കളായി ജനിച്ചിരുന്നെങ്കില്‍ നാം തമിഴ് സംസാരിച്ചേനെ. ഭാഷയെപ്പോലെ തന്നെ മതവും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഞാന്‍ ജോണ്‍ ആയിരിക്കുന്നത് എന്റെ പിതാവ് ദാനിയല്‍ ആയതുകൊണ്ട് മാത്രമാണ്. എന്റെ പിതാവ് അബ്ദുള്ള ആയിരുന്നെങ്കില്‍ അല്ലെങ്കില്‍ ഗോപാലന്‍ ആയിരുന്നെങ്കില്‍ എന്റെ മതവിശ്വാസം അതനുസരിച്ച് മാറിയേനെ. മലയാളമാണോ തമിഴാണോ കൂടുതല്‍ നല്ലത് എന്ന് ആരും ചോദിക്കാത്തതുപോലെ ക്രിസ്തുമതമാണോ ഇസ്ലാം മതമാണോ കൂടുതല്‍ നല്ലത് എന്ന ചോദ്യം അര്‍ത്ഥശൂന്യമാണ്. ഒരു മലയാളിക്ക് മലയാളം നല്ലതാണ്, അതുപോലെ ഒരു മുസ്ലീമിന് ഇസ്ലാം മതം നല്ലതാണ്. ഭാഷകളെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല, അതുപോലെ മതങ്ങളെയും താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. അത്തരം താരതമ്യപ്പെടുത്തല്‍ ബാലിശമാണ് അപകടകരവുമാണ്.

നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ നാം കണ്ടതും കേട്ടതും മണത്തതും രുചിച്ചതും സ്പര്‍ശിച്ചതുമായ എല്ലാ കാര്യങ്ങളും നമ്മുടെ അബോധമനസ്സില്‍ മറഞ്ഞുകിടക്കുന്നുണ്ടാവും. അവിടെ എന്തെല്ലാം ഉണ്ടെന്ന് നമുക്കറിഞ്ഞുകൂടാ. അബോധമനസ്സില്‍ കിടക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ് നാം ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഇക്കാര്യം തിരിച്ചറിയുമ്പോള്‍ നമ്മുടെ മനസിനുള്ളില്‍ ഉള്ളതൊക്കെ സത്യമാണ് ശരിയാണ് എന്ന അബദ്ധ ധാരണയില്‍ നിന്ന് നാം വിമോചിതരാകും. നമ്മളൊക്കെ നല്ല മനുഷ്യരാകുന്നതിന്റെ ആദ്യപടിയാണത്. നമ്മുടെ മനസിനുള്ളില്‍ കടന്നുകൂടിയിട്ടുള്ള ധാരണകളുടെയെല്ലാം ഉടമസ്ഥാവകാശം നമുക്ക് ഏറ്റെടുക്കേണ്ട ആവശ്യമില്ല. നമ്മുടെ മനസ്സ് നമുക്ക് മലര്‍ക്കെ തുറന്ന് വയ്ക്കാം. വേണ്ടാത്ത ചില അബദ്ധ ധാരണകള്‍ പുറത്തേയ്ക്ക് പോകട്ടെ. നല്ല ചില ധാരണകള്‍ അകത്തേയ്ക്ക് വരട്ടെ.

അറിവുകള്‍ നമ്മുടെ മനസ്സില്‍ അടങ്ങിയിരിക്കുന്നത് പല തലങ്ങളിലാണ്. പത്ത് ചുടുകട്ടകള്‍ ഒന്നിനുമേല്‍ ഒന്നായി അടുക്കി വച്ചിരിക്കുന്നത് സങ്കല്‍പ്പിക്കാം. ഏറ്റവും മുകളിലുള്ളത് മാറ്റിയാല്‍ മറ്റൊന്നിനെയും അത് ബാധിക്കുകയില്ല. താഴോട്ടുള്ളത് ഏതെങ്കിലും മാറ്റിയാല്‍ അതിന് മുകളിലുള്ള കട്ടകളെയെല്ലാം അത് ബാധിക്കും.ഏറ്റവും താഴെയുള്ളത് മാറ്റിയാല്‍ ബാക്കിയെല്ലാം സ്ഥാനം തെറ്റും. നമ്മുടെ മനസില്‍ ധാരണകള്‍ അടുങ്ങി ഇരിക്കുന്നത് അതുപോലെയാണ്. ഉപരിതലത്തിലുള്ള ഒരു ധാരണ മാറിയാല്‍ അത് മറ്റുള്ളവയെ ബാധിക്കുകയില്ല. എന്നാല്‍ അടിസ്ഥാനപരമായ ഒരു ധാരണയാണ് മാറുന്നതെങ്കില്‍ ആ മാറ്റം അതിനെ ആശ്രയിച്ചിരിക്കുന്ന ഒട്ടനവധി ധാരണകളെ ബാധിക്കും. ഒരുദാഹരണം നോക്കാം. ഭൂമി പരന്നതാണെന്ന ധാരണ ചില നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു അടിസ്ഥാനധാരണ ആയിരുന്നു. ആ ധാരണ ശരിയല്ലെന്ന് ഗലീലിയോ പറഞ്ഞപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളുവാന്‍ അന്നത്തെ ലോകം ഒരുക്കമല്ലായിരുന്നു. ആ ധാരണയുടെ മേലായിരുന്നു അക്കാലത്തെ അവരുടെ ലോകവീക്ഷണവും ജീവിതവീക്ഷണവും. മറ്റൊരു ഉദാഹരണം: ചെറുപ്പം മുതല്‍ പുരുഷാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു പുരുഷന് തന്റെ മേലുദ്യോഗസ്ഥയെ അംഗീകരിക്കാന്‍ എന്ത് വിഷമമായിരിക്കും എന്ന് സങ്കല്‍പ്പിക്കാം. അടിസ്ഥാനധാരണകളുടെ മാറ്റം ജീവിതത്തില്‍ സമൂലമാറ്റം വരുത്തും.

നാം ജീവിച്ചിരിക്കുന്നടത്തോളം പഞ്ചേന്ദ്രിയങ്ങളിലൂടെ പുതിയ അറിവുകള്‍ മനസിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കും. ഇന്ന് എനിക്ക് എത്ര തന്നെ അറിവുണ്ടെങ്കിലും നാളെ ഇതിലും അറിവുണ്ടാകും. അതുകൊണ്ട് എല്ലാവരുടെയും അറിവുകള്‍ എപ്പോഴും പരിമിതമാണ്, ആപേക്ഷികവുമാണ്. പൌരാണിക ഗ്രീസില്‍ സോഫിസ്റ്റ് എന്ന് സ്വയം വിളിച്ചിരുന്ന ആളുകള്‍ ഉണ്ടായിരുന്നു. സോഫിയ എന്നാല്‍ ഗ്രീക്കില്‍ അറിവ്. സോഫിസ്റ്റ് എന്നാല്‍ അറിവുള്ളയാള്‍. അവരുടെ കണ്ണില്‍ ലോകത്തില്‍ രണ്ടു തരം ആളുകള്‍ ഉണ്ട്. അറിവുള്ളവരും അറിവില്ലാത്തവരും. എന്നാലിത് വളരെ ബാലിശമായ ഒരു തരംതിരിവാണെന്ന് സോക്രട്ടീസിനെ പോലെയുള്ളവര്‍ക്ക് തോന്നി. സോക്രട്ടീസ് സ്വയം വിളിച്ചത് സോഫിസ്റ്റ് എന്നല്ല, ഫിലോസഫര്‍ എന്നാണ്. ഫിലോസ് എന്നാല്‍ സ്നേഹം അഥവാ ഇഷ്ടം. സോഫിയ എന്നാല്‍ അറിവ്. ഫിലോസഫര്‍ എന്നാല്‍ അറിവിനെ സ്നേഹിക്കുന്നയാള്‍ . സ്വയം അറിവുള്ളയാള്‍ എന്നല്ല, അറിവിനെ സ്നേഹിക്കുന്നയാള്‍ എന്ന് വിളിക്കാനാണ് സോക്രട്ടീസും പ്ലേറ്റോയും മറ്റും ഇഷ്ടപ്പെട്ടത്. മനുഷ്യരെ അറിവുള്ളവര്‍ അറിവില്ലാത്തവര്‍ എന്ന് അവര്‍ തിരിച്ചില്ല. കാരണം എല്ലാവര്‍ക്കും അറിവുണ്ട്-- പരിമിതമായ അറിവ്. എല്ലാറ്റിനെ കുറിച്ചും എല്ലാം അറിയുന്നത് സര്‍വേശന് മാത്രം. എല്ലാം അറിയുന്നത് സര്‍വേശന്‍ മാത്രം എന്ന് തിരിച്ചറിഞ്ഞ് താഴ്മയോടെ പരസ്പരം അറിവ് പങ്കിടാനുള്ള സന്മനസ്സോടെ വേണം നമുക്ക് ജീവിക്കുവാന്‍. എല്ലാവര്‍ക്കും അറിവുണ്ട്-- വ്യത്യസ്തമായ അറിവുകള്‍. അറിവുള്ളവര്‍ എന്നല്ല അറിവിനെ സ്നേഹിക്കുന്നവര്‍ എന്ന് നമുക്ക് സ്വയം വിളിക്കാം.

സമാപനം

അറിവിനെക്കുറിച്ചുള്ള ചില അറിവുകളാണ് നാം ചിന്താവിഷയമാക്കിയത്. അറിയേണ്ട സുപ്രധാന വിവരങ്ങള്‍ അറിയാതിരിക്കുന്നതും തെറ്റായ അറിവുകള്‍ സ്വായത്തമാക്കുന്നതും നമ്മുടെ അടിസ്ഥാന പ്രശ്നങ്ങളാണ്. അറിവ് എങ്ങനെ മനസിനുള്ളില്‍ വരുന്നു, മനസിനുള്ളില്‍ അറിവിന്‌ എന്ത് സംഭവിക്കുന്നു, എങ്ങനെ ചില അറിവുകള്‍ മനസ്സ് സ്വീകരിക്കുകയും മറ്റു ചില അറിവുകളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു എന്നെല്ലാം നാം കണ്ടു. ദോഷകരമായ അറിവുകള്‍ തിരുത്താനും ഗുണകരമായ അറിവുകള്‍ സ്വീകരിക്കാനും നമുക്ക് സന്മനസ്സുണ്ടാകണം. അറിവുള്ളവര്‍ എന്ന് സ്വയം വിളിക്കുന്ന അഹന്തയല്ല, അറിവിനെ സ്നേഹിക്കുന്നവര്‍ എന്ന് സ്വയം വിളിക്കുന്ന താഴ്മയാണ് നമുക്ക് വേണ്ടത്. അറിവിനെക്കുറിച്ചുള്ള ഈ അറിവുകള്‍ പ്രയോജനപ്പെടുത്തി വിജയകരമായ ഒരു ജീവിതം ജീവിക്കുവാന്‍ നമുക്ക് സാധ്യമാകട്ടെ!

Comments

Padma Somasekharan said…
മനുഷ്യ ശരീരത്തിന് ആഹാരം പോലെയാണ് മനുഷ്യ മനസ്സിന് അറിവ്. ശ്വാസോച്ഛ്വാസം പോലെ എപ്പോഴും നടക്കുന്ന പ്രക്രിയയാണ് Info. processing . എല്ലാവരും അറിവുള്ളവരാണ്, അറിവുകൾ വ്യത്യസ്തമാണെന്നു മാത്രം.

ശാസ്ത്രത്തിൻ്റെ നിർവ്വചനം രസമായിരിക്കുന്നു ലോകമഹാവിദ്യാലയത്തിൽ മനുഷ്യനെന്ന വിദ്യാർത്ഥികൾ അറിവു നേടിക്കൊണ്ടിരിക്കുന്നതു കൊണ്ടാണ് പ്രായം കൂടുന്തോറും അനുഭവജ്ഞാനം വർദ്ധിക്കുന്നതും അവൻ ആദരിക്കപ്പെടുന്നതും. ഒരു ക്ലബ്ബിൽ മെമ്പർഷിപ്പടുക്കുന്ന Same process ലാണ് മനസ്സിൽ അറിവുകൾ ശേഖരിക്കപ്പെടുന്നത്. ഭാഷകളേയും മതങ്ങളേയും താരതമ്യം ചെയ്യണ്ട. അറിവിനെ സ്നേഹിക്കുന്നവൻ്റെ വിനയത്തോടെ ജീവിതവിജയത്തോടെ നമുക്കു ജീവിക്കാമെന്നാണ് ഡോക്ടർ ജോൺ കുന്നത്തു അഭിപ്രായപ്പെടുന്നതും.

വളരെ അർത്ഥവത്തായ അറിവുകളുടെ കൂട്ട സത്യാഗ്രഹം നടക്കുകയാണീ ലേഖനത്തിൽ.

ഗഹനമായ ആശയത്തെ വളരെ സാധാരണമായ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നതിനാൽ മനസ്സിലാക്കാനും(അറിവായി മനസ്സിലേക്ക് അടുക്കിയെടുക്കാൻ ) എളുപ്പമായി������
Mariamma Philip said…
അറിഞ്ഞും, അറിയാതെ യും ജീവിതത്തിന്റെ ഭാഗമായ അറിവിനെ ഒരു ശസ്ത്രമായി ജോൺ സർ വിശദീകരിച്ചപ്പോൾ കൗതുകം തോന്നി. ജ്ഞാന ശാസ്ത്രം എന്ന വാക്കു തന്നെ പുതിയ അറിവാണ്.അറിവ് ഒരു സാഗരം പോലെ എന്നുപഠിച്ചിട്ടുണ്ട്.പരിമിതമായ അറിവുകൾ, വ്യത്യസ്തമായ രീതിയിൽ ഉള്ള നമ്മൾ അറിവുകൾ പങ്കുവെക്കണമെന്നും സർ നിർദ്ദേശിക്കുന്നു.അറിവുള്ളവർ എന്നു സ്വയം വിളിക്കുന്ന അഹന്തയല്ല, അറിവിനെ സ്നേഹിക്കുന്നവർ എന്നു സ്വയം വിളിക്കുന്ന താഴ്മയാണ് നമ്മുക്ക് വേണ്ടത് എന്ന് statement ആകർഷിച്ചു.നിറകുടം തുളുമ്പില്ല. അറിവിന്റെ വെളിച്ചം വീശിയ ജോൺ സാറിന് നന്ദി.
Jose Abraham said…
ജോൺകുന്നത്ത് സാർ ആയിരം നന്ദി. അറിവിനെക്കുറിച്ചുള്ള അറിവ് പുതിയ അറിവായി. നല്ല അവതരണം ആപ്റ്റായ ഉദാഹരണങ്ങൾ അവസാനം അറിവിലൂടെ നാം നേടേണ്ട എളിമ അറിവുള്ളവൻ എന്ന അഹന്ത മനുഷ്യനെ നശിപ്പിക്കും. അറിവിനെ സ്നേഹിക്കുന്ന - പങ്കു വയ്ക്കുന്ന സമൂഹം നവലോകസൃഷ്ടി നടത്തും: സോക്രട്ടീസിലൂടെയും പ്ലേറ്റോയി ലൂടെയും അങ്ങ് വ്യക്തമാക്കി.

ടോക്ക് കേട്ടു - ലേഖനം വായിച്ചു. അറിവിനെ സ്നേഹിക്കുന്ന ഈ എളിമയ്ക്ക് ഒരിക്കൽ കൂടി നന്ദി അർപ്പിച്ചു കൊണ്ട്.നിർത്തട്ടെ.
Anonymous said…
സാർ ഇത് വായിച്ചപ്പോൾ വിഞ്ജാനത്തിന്റെ മറ്റൊരു തലത്തെ കുറിച്ച് അറിയാൻ സാധിച്ചു ...നന്ദി നല്ല വായന സമ്മാനിച്ചതിന്
moshe said…
It is also important to remove toxic memories and thoughts from our memories. For example hatred towards a person. It is very tough.:)
Molly Thomas said…
ജോൺസാറിൻ്റെ "അറിവി" നെക്കുറിച്ചുള്ള ലേഖനം മുഴുവൻ വായിച്ചു. ഒരു പുതിയ അറിവ് കിട്ടുമ്പോൾ അതിനെ ഉൾക്കൊള്ളുന്നത് നേരത്തേ നമ്മുടെ ഉപബോധമനസിൽ രേഖപ്പെടുത്തപ്പെട്ട അറിവുകളുടെ ആടിസ്ഥാനത്തിലാണ്. ഇതുകൊണ്ടാവും
ഒരേകാര്യം പലരും പലതരത്തിൽ ഉൾക്കൊള്ളുന്നത്. തിരിച്ചറിവാകുന്നതിന് മുമ്പ് കിട്ടിയിട്ടുള്ള അറിവുകൾ പ്രായമാകുമ്പോൾ ബുദ്ധി ഉപയോഗിച്ച് വേർതിരിച്ചില്ലെങ്കിൽ അപകടമാണ്. പക്ഷേ നമുക്കത് സാധിക്കുന്നുണ്ടോയെന്ന് സംശയമാണ്.
ഇങ്ങനെ കുറേ ചിന്തകൾക്ക് തിരികൊളുത്തി സാറിൻ്റെ വാക്കുകൾ.
നന്ദി സാർ
Salome Thomas said…
John സാറിന്റെ pep talk സശ്രദ്ധം ശ്രവിച്ചു. അറിവിന്റെ അറിവിനെപറ്റി ജോൺ സാർ പറഞ്ഞു തന്നു. പുതിയ അറിവ് എപ്പോഴും മനസ്സ് സ്വീകരിക്കുന്നത് already മനസ്സിൽ ഉള്ള അറിവിനെ ആസ്പദമാക്കിയാണെന്നത് ശരിയാണ്. കുറച്ചു അറിവുള്ള കാര്യത്തെപ്പറ്റി കൂടുതൽ അറിയുമ്പോൾ പെട്ടെന്ന് മനസ്സിലാകും. അതുപോലെ തന്നെ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യും. പുതിയൊരു അറിവിനെപ്പറ്റി പറഞ്ഞു തന്ന John സാറിന് അഭിനന്ദനങ്ങൾ.
Colonel PC. Philip said…
അറിവിനെക്കുറിച്ചുള്ള അറിവ്. ജോൺസറിന്റെ pep ടോക്ക് വിഷയം കേട്ടപ്പോൾ ആദ്യം ഒരു കൗതുകം തോന്നി. ടോക് കേട്ടപ്പോഴും ലേഖനം വായിച്ചപ്പോഴുമാണ് ഇതു വളരെ ഗഹനമായ ഒരു വിഷയമാണെന്ന അറിവുണ്ടായത്. അറിവ് ശാസ്ത്രവും പുതിയ അറിവ്.
പല ഉദാഹരണ സഹിതം ലളിതമായ ഭാഷയിൽ തന്ന ടോക്ക് വളരെ ഉപകാരപ്രദമായി. താഴെ പറയുന്നവ പ്രത്യേകിച്ചും. :-

നമ്മുടെ ജീവിതം അറിവിന്റെ മേളിൽ ആണ് കെട്ടിപ്പടുക്കുന്നത്. അതുകൊണ്ട് യഥാർത്ഥമായ അറിവുകൾ വളരെ പ്രധാനം.
എല്ലാ മനുഷ്യരും എല്ലാനിമിഷവും അറിവ് നേടിക്കൊണ്ടിരിക്കുന്നു. അറിവില്ലാത്തവർ എന്ന് ആരെപ്പറ്റിയും പറയുവാൻ സാധിക്കില്ല.
എല്ലാം അറിയുന്നവൻ സർവേശ്വരൻ മാത്രം എന്ന് തിരിച്ചറിഞ്ഞു താഴ്മയോടെ പരസ്പരം അറിവ് പങ്കിടാനുള്ള സന്മനസ്സോടെ ജീവിക്കണം.
ഒരു സംശയം ശേഷിക്കുന്നു "നിലവിൽ ഉള്ള ഒരു അറിവോടു ബന്ധപ്പെടുത്തി മാത്രമേ പുതിയ അറിവ് മനസ് സ്വീകരിക്കുകയുള്ളൂ " എന്നുള്ള പരാമർശം.

നന്ദി ജോൺസാർ.
Dolly Mathew said…
അറിവിനെ കുറിച്ചുള്ള അറിവ് ... വളരെ വ്യത്യസ്തമായ topic. സാറിൻറെ ലേഖനവും വളരെ informative ആയിരുന്നു. നമ്മിൽ പലരും തെറ്റായ അറിവ് അല്ലെങ്കിൽ അപൂർണ്ണമായ അറിവ് വച്ച് പുലർത്തുന്നവരാണ്. ഇത് നമ്മുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്നുള്ള കാര്യത്തെ കുറിച്ച് ഉദാഹരണസഹിതം സർ ഇവിടെ ഉദ്ധരിച്ചിരിക്കുന്നൂ. ലോകമാകുന്ന മഹാവിദ്യാലയത്തിൽ നിന്നും എന്നും പുതിയ അറിവുകൾ നേടുന്ന വിദ്യാർത്ഥി കൾ ആണല്ലോ നാമെല്ലാം. ഇത്ര നല്ല ഒരു ടോപിക് ഞങ്ങളുമായി പങ്കുവച്ച ജോൺ സാറിന് അഭിനന്ദനങ്ങൾ🙏🙏
Colonel Mathew Muricken said…
A highly philosophical subject ‘Epistemology ’ has been very deftly handled by Dr. John Kunnathu in his talk on ‘Knowing about Knowledge’.
Epistemology has been a subject of study by great philosophers throughout the ages. Various shades of meaning have been given by different philosophers but a universally accepted definition of knowledge proved to be elusive. However, it is generally accepted that senses are the gateway of knowledge and it is gained through logical & deductive reasoning, authority, traditions, experience, trial & error, scientific approach, intuition, research and learning.
Dr.John has very clearly explained what is knowledge, it’s importance, how it’s gained, screened, it’s application in life and how perceptions differ from individual to individual. Acquisition of knowledge is an ongoing process from womb to tomb. But the only true knowledge is knowing that we know nothing. Real knowledge is to know the extent of our ignorance.
Thank you Dr. Kunnathu for introducing us to Epistemology and enhancing our knowledge as well as removing our fallacies. It was indeed a pleasure listening to your stimulating talk. The in-depth knowledge and factual analysis of the subject has brought to light the philosopher in you.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി