നമ്മുടെ ലോകം നരകസമാനമായതെന്തുകൊണ്ട്?
സ്വർഗ്ഗസമാനമായി ഇരിക്കേണ്ടതാണ് നമ്മുടെ ലോകം. എന്നാൽ അത് നമ്മുടെ സ്വപ്നമായി മാത്രം അവശേഷിക്കുന്നു. ഇത് നരകസമാനമായി മാത്രം നമുക്ക് എപ്പോഴും അനുഭവപ്പെടുന്നു.
ആരോഗ്യത്തോടെ നിലനിൽക്കേണ്ട ലോകം എപ്പോഴും രോഗാതുരമായി അനുഭവപ്പെടുന്നു. ഇതിന്റെ കാരണം കണ്ടെത്തിയാൽ മാത്രമേ പരിഹാരം കണ്ടെത്താനും നമുക്ക് സാധിക്കു.
ഒരു നാട്ടിലെ ജനജീവിതം പ്രശ്നസങ്കീർണം ആണെങ്കിൽ അതിന്റെ സ്വാഭാവികമായുള്ള കാരണം ആ നാട് ഭരിക്കുന്നവരുടെ കഴിവില്ലായ്മയാണ്, അതല്ലെങ്കിൽ ഉത്തരവാദിത്വമില്ലായ്മയാണ്.
നമ്മുടെ ലോകം ഒരു വലിയ രാജ്യം പോലെയാണെന്നും അതിന് ഒരു രാജാവുണ്ടെന്നും പണ്ടുകാലം മുതൽ മനുഷ്യർ സങ്കൽപ്പിച്ചിട്ടുണ്ട്. ആ രാജാവിനെ ദൈവം എന്ന് വിളിക്കുന്നു.
നമ്മുടെ ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം ഈ ലോകം ഭരിക്കുന്ന ദൈവമാണ് എന്ന ചിന്ത സ്വാഭാവികമായി ആർക്കും ഉണ്ടാകാം. എന്നാൽ ദൈവം സർവ്വശക്തനും സർവ്വജ്ഞനും ആണെങ്കിൽ ദൈവത്തിന് കഴിവില്ലായ്മ ഉണ്ടെന്നോ ദൈവത്തിന് ഉത്തരവാദിത്വം ഇല്ലെന്നോ ചിന്തിക്കുന്നത് യുക്തിസഹമല്ല.
ഒരു രാജാവ് തന്റെ രാജ്യം ഭരിക്കുന്നത് ഒരിക്കലും ഒറ്റയ്ക്ക് അല്ല. തന്നെ സഹായിക്കുന്നവരുടെ ഒരു സംഘം എപ്പോഴും ഉണ്ടാകും. ഒരു മന്ത്രിസഭയും ഗവർണർമാരും സൈന്യവും ഒക്കെ രാജാവിന് സഹായികളായി ഉണ്ടാകും. ദൈവം എന്നാൽ ലോക രാജാവിനും ഇങ്ങനെ സഹായികൾ ഉണ്ടാകും എന്ന് സങ്കൽപ്പിക്കപ്പെട്ടു. ദൈവം സർവ്വജ്ഞൻ ആണെങ്കിലും എല്ലാം ശരിയായി മാത്രം ചെയ്യുന്ന ആൾ ആണെങ്കിലും ദൈവത്തിന്റെ സഹായികൾ അങ്ങനെ ആകണമെന്നില്ലല്ലോ. അങ്ങനെയെങ്കിൽ നമ്മുടെ ലോകം ഇങ്ങനെ ആയിരിക്കുന്നതിന്റെ ഉത്തരവാദിത്വം ദൈവത്തിന്റെ സഹായികളുടെ അറിവില്ലായ്മയും നിരുത്തരവാദപരമായ പെരുമാറ്റവും ആവണം.
82 ആം സങ്കീർത്തനത്തിൽ ഈ ആശയം വ്യക്തമായി കാണാം. ദൈവം തന്റെ സഹായികളെ വിളിച്ചു കൂട്ടി അവർ അവരുടെ ജോലി വേണ്ടവണ്ണം ചെയ്യാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നതാണ് അവിടെ കാണുന്നത്.
ലോകത്തെ ഭരിക്കുന്നത് സാത്താൻ ആണെന്ന് യേശുവിന്റെ കാലത്ത് പരക്കെ വിശ്വസിക്കപ്പെട്ടു. ദൈവത്തിന്റെ ഒരു പ്രധാന മാലാഖയായിരുന്ന ലൂസിഫർ ആണ് ദൈവത്തോട് മറുതലിച്ച് സാത്താൻ ആയി പരിണമിച്ചത്.
ദൈവത്തിന്റെ സഹായികളാണ് പ്രശ്നമെങ്കിൽ അതിന് പരിഹാരം ഉണ്ടാക്കേണ്ടത് ദൈവം തന്നെയാണ്. അവരെ ആ സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയും തന്നെ അനുസരിക്കുന്ന പുതിയ ആളുകളെ ആ സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്യേണ്ടത് ദൈവമാണ്. അത് ചെയ്യാതെ ഇരിക്കുന്നതിന്റെ കുറ്റം ദൈവത്തിന് തന്നെ.
മനുഷ്യർ ഏറെ കഷ്ടപ്പെടുകയും അതിന്റെ എല്ലാം ഉത്തരവാദിത്വവും ദൈവത്തിനാണ് എന്ന് വിശ്വസിക്കപ്പെടുകയും ചെയ്ത ഒരു സാഹചര്യത്തിലാണ് യേശു ജീവിച്ചത്. നമ്മുടെ കഷ്ടപ്പാടുകൾക്ക് കാരണം നാം തന്നെയാണ്, അല്ലാതെ ദൈവമോ ദൈവത്തിന്റെ സഹായികളോ അല്ല എന്ന് യേശു വ്യക്തമായി പഠിപ്പിച്ചു.
ദൈവം ലോകത്തിന്റെ രാജാവ് തന്നെ, പക്ഷേ മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണ്. ദൈവത്തെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള സമ്പൂർണ്ണ സ്വാതന്ത്ര്യം മനുഷ്യർക്കുണ്ട്. മുടിയനായ പുത്രൻ തന്റെ പിതാവിനെ വിട്ടകന്നത് പോലെ, നാം ദൈവത്തെ വിട്ട് അകലുന്നത് കൊണ്ടാണ് നമ്മുടെ ജീവിതം പ്രശ്നസങ്കീർണ്ണം ആകുന്നത്. നമുക്ക് സുബോധം ഉണ്ടായി നാം തിരികെ ദൈവത്തിങ്കലേയ്ക്ക് വരുമ്പോൾ നമ്മുടെ ലോകം സ്വർഗ്ഗസമാനമാകും.
നമ്മുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. മറ്റാരുടെയെങ്കിലും തലയിൽ ആ ഉത്തരവാദിത്വം കെട്ടിവച്ചിട്ട് നമുക്ക് ഒഴിഞ്ഞുമാറാം എന്ന് കരുതുന്നത് മണ്ടത്തരമാണ്. മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താൻ വ്യഗ്രത കാണിക്കുന്നതിനു മുമ്പായി നമുക്ക് നമ്മുടെ സ്വന്തം തെറ്റുകൾ കണ്ടെത്തുകയും തിരുത്തുകയും ചെയ്യാം
Comments