"ഞാൻ" ആര്?

 

ഒരു വാക്കിന് ഒരു അർത്ഥം മാത്രം, ഒരു അർത്ഥം പ്രകടിപ്പിക്കുവാൻ ഒരു വാക്കു മാത്രം -- ഇങ്ങനെയായിരുന്നെങ്കിൽ എന്തു നന്നായിരുന്നു! 


 എന്നാൽ നമ്മുടെ എല്ലാ ഭാഷകളിലും ഓരോ വാക്കിനും നിരവധി അർത്ഥങ്ങളുണ്ട്, ഓരോ ആശയവും പ്രകടിപ്പിക്കുവാൻ നിരവധി വാക്കുകളും ഉണ്ട്. ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു വാക്കിന്റെ ശരിയായ അർത്ഥം എന്താണെന്ന് ഊഹിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ. 


 അർത്ഥം എന്ന വാക്കിന് തന്നെ ഒന്നിലധികം അർത്ഥങ്ങളുണ്ട്. Meaning എന്ന അർത്ഥം കൂടാതെ ധനം എന്നും ആ വാക്കിന് അർത്ഥമുണ്ട്. 


 ഇത്രയും ആമുഖമായി പറഞ്ഞത് നാം വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കിന്റെ അർത്ഥം കണ്ടെത്തുവാനാണ്. "ഞാൻ" എന്ന വാക്കാണ് ഇവിടെ നമ്മുടെ വിഷയം. ഒരാൾ "ഞാൻ" എന്നു പറയുമ്പോൾ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്? 


 ഞാൻ എന്നു പറഞ്ഞാൽ നീയല്ല, അവനല്ല, അവളല്ല, അതല്ല, ഞങ്ങളല്ല, അവരല്ല, ഞാൻ തന്നെ, അതായത് ഒരാൾ അയാളെത്തന്നെ സൂചിപ്പിക്കാൻ വേണ്ടി ആ വാക്ക് ഉപയോഗിക്കുന്നു. 


 എന്നാൽ ഈ അർത്ഥം മാത്രമേ ആ വാക്കിനുള്ളൂ എന്ന് ധരിച്ചാൽ നമുക്ക് തെറ്റി. കഴിഞ്ഞ നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജീവിച്ചിരുന്ന രമണമഹർഷിക്ക് ബോധോദയം ഉണ്ടാക്കിയത് "ഞാൻ ആര്?" എന്ന ചോദ്യമാണ്. പറയുന്ന ആളെ സൂചിപ്പിക്കുന്ന "ഞാൻ" അല്ല രമണ മഹർഷിയുടെ ചോദ്യത്തിലുള്ളത്. 


 അതെന്താണെന്ന് മനസ്സിലാക്കുവാൻ നമുക്ക് ഒരു ഉപമ ഉപയോഗിക്കാം. നമ്മളൊക്കെ ഉപയോഗിക്കുന്ന ഒരു ഫോൺ പോലെയാണ് മനുഷ്യൻ. Hardware ഉം software ഉം ചേർന്ന ഒരു ചെറിയ കമ്പ്യൂട്ടർ ആണിത് എന്ന് നമുക്കറിയാം. നമുക്ക് കാണാവുന്നതും തൊടാവുന്നതും ആണ് അതിന്റെ hardware. കാണാനോ തൊടാനോ ആവാത്ത അതിന്റെ operating system, applications തുടങ്ങിയവയാണ് അതിന്റെ software. 


Hardware, sofware എന്നീ രണ്ട് സുപ്രധാന ഘടകങ്ങൾ ചേർന്നാലും ഒരു ഫോൺ ഉപയോഗയോഗ്യം ആവുകയില്ല. അതിലൂടെ ഇലക്ട്രിസിറ്റി കടന്നുപോകുമ്പോഴാണ് അത് സജീവമാകുന്നത്. വൈദ്യുതോർജ്ജം ഇല്ലെങ്കിൽ ഒരു ഫോൺ dead ആണ്. 


Hardware, sofware, electricity എന്നീ 3 ഘടകങ്ങൾ ഉണ്ടായാലും ഒരു ഫോൺ കൊണ്ട് നമുക്ക് വലിയ പ്രയോജനം ഒന്നുമില്ല. അതിന് ഇന്റർനെറ്റ് കണക്ഷൻ കൂടി വേണം. അത് വന്നു കഴിയുമ്പോഴാണ് ലോകത്തിന്റെ ഏതു മൂലയിലുമുള്ള ആരുമായും ബന്ധപ്പെടാൻ സാധിക്കുന്നതും എവിടെയുമുള്ള എന്ത് വിവരങ്ങളും നമ്മുടെ കണ്മുന്നിൽ എത്തുന്നതും. 


 ഒരു മനുഷ്യനും ഫോൺ പോലെ വിവിധ ഘടകങ്ങൾ ചേർന്നതാണ്. Hardware, sofware, അതായത് ശരീരവും മനസ്സും ഉണ്ട്. ശരീരം കാണാവുന്നതും സ്പർശിക്കാവുന്നതുമാണ്. മനസ്സിനെ കാണാനോ സ്പർശിക്കാനോ ആവില്ല.


ഇവ രണ്ടും ഉണ്ടെങ്കിലും ജീവൻ എന്ന ഊർജ്ജം അതിലൂടെ കടക്കുന്നില്ലെങ്കിൽ അത് മൃതം ആണ്. ഫോണിന് ഇലക്ട്രിസിറ്റി എന്നതുപോലെയാണ് മനുഷ്യന് ജീവൻ. 


 ഫോണിന് ഇന്റർനെറ്റ് കണക്ഷൻ ഉള്ളതുപോലെ മനുഷ്യനുള്ള കണക്ഷന്റെ പേര് ബോധം എന്നാണ്. Consciousness, awareness എന്നൊക്കെ ഇംഗ്ലീഷിൽ വിളിക്കും.


 ഞാൻ ആര് എന്ന് രമണ മഹർഷി ചോദിക്കുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്നത് ഇതാണ്: മുകളിൽ പറഞ്ഞ ഈ നാല് ഘടകങ്ങളിൽ ഏതാണ് ഞാൻ? ശരീരം, മനസ്സ്, ജീവൻ, ബോധം -- ഈ നാല് ഘടകങ്ങളിൽ ഏതാണ് ഞാൻ? 


 ഒരു ഫോൺ എന്ന് പറയുമ്പോൾ നാം സാധാരണ ഉദ്ദേശിക്കുന്നത് അതിന്റെ Hardware, sofware എന്നിവയാണ്. അതുപോലെ ഞാൻ എന്ന് നാം പറയുമ്പോൾ നാം സാധാരണ ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരവും മനസ്സും ചേർന്ന് മനുഷ്യ വ്യക്തിയെയാണ്. 


 ജീവൻ ഇല്ലെങ്കിൽ പിന്നെ അവശേഷിക്കുന്നത് ഒരു മൃതദേഹമാണ്. അതുകൊണ്ട് ജീവനെക്കുറിച്ചും നമുക്ക് ബോധമുണ്ട്. എന്നാൽ ബോധം എന്ന നാലാമത്തെ അതിപ്രധാന ഘടകത്തെ കുറിച്ച് മിക്ക ആളുകൾക്കും ബോധമില്ല എന്നതാണ് സത്യം. 


 ഒരു ഫോണിനെ ഏറ്റവും ഉപയോഗയോഗ്യം ആക്കുന്നത് അതിന്റെ ഇന്റർനെറ്റ് കണക്ഷൻ ആയതുപോലെ മനുഷ്യനെ മനുഷ്യനാക്കുന്നത് മനുഷ്യനിലെ ബോധമാണ്. 


 ഞാൻ ആര് എന്ന രമണ മഹർഷിയുടെ ചോദ്യത്തിന്റെ ഉത്തരം അതാണ്. ഞാൻ എന്റെ ശരീരമല്ല, എന്റെ മനസ്സുമല്ല, എന്നിലൂടെ കടന്നുപോകുന്ന ജീവനുമല്ല, ഞാൻ ബോധമാണ്.


 Hardware, sofware എന്നിവയുടെ തലത്തിൽ ഓരോ ഫോണും മറ്റു ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ ഒരേ വൈദ്യുതി തന്നെയാണ് എല്ലാ ഫോണുകളെയും സജീവമാക്കുന്നത്. ഫോണുകളെയെല്ലാം ബന്ധിപ്പിക്കുന്നത് ഒരേ ഇന്റർനെറ്റ് തന്നെയാണ്.


 ശരീരമനസ്സുകളുടെ തലത്തിൽ ഓരോ മനുഷ്യ വ്യക്തിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. എന്നാൽ ജീവൻ, ബോധം എന്നിവയുടെ തലത്തിൽ വ്യത്യാസങ്ങൾ അപ്രത്യക്ഷമാകുന്നു.  കാരണം എല്ലാ മനുഷ്യരെയും ജീവിപ്പിക്കുന്നത് ഒരു ജീവൻ തന്നെയാണ്, എല്ലാം മനുഷ്യരിലുമുള്ള ബോധവും ഒന്ന് തന്നെയാണ്. 


 ഒരു മനുഷ്യൻ എന്നാൽ മനുഷ്യന്റെ ശരീരമനസ്സുകൾ അല്ല എന്നത് ഒരു വലിയ തിരിച്ചറിവാണ്. ഈ തിരിച്ചറിവുള്ളവർ രോഗങ്ങളെയോ മരണത്തെയോ ഭയപ്പെടുകയില്ല. 

 ഈ തിരിച്ചറിവുള്ളവർക്ക് മനുഷ്യനെ മനുഷ്യനായി തന്നെ കാണുവാൻ എളുപ്പമാണ്. മനുഷ്യരെ അവരുടെ നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ ആരോഗ്യത്തിന്റെയോ പേരിൽ വിലയിരുത്തുകയില്ല, തരംതിരിക്കുകയില്ല. മനുഷ്യന്റെ ശരീരമനസ്സുകൾ കാണാതെ മനുഷ്യന്റെ ഉള്ളിൽ വസിക്കുന്ന ബോധത്തെ ഉദ്ദേശിച്ചാണ് നമസ്തേ (നിന്നിൽ സ്ഥിതി ചെയ്യുന്നതിനെ ഞാൻ നമിക്കുന്നു) എന്ന് നാം അഭിവാദ്യം ചെയ്യുന്നത്.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും

അറിവിനെ അറിയാം