മതങ്ങള്‍ നല്ലതോ ചീത്തയോ?
മതങ്ങള്‍ മനുഷ്യന് ഗുണകരമോ ദോഷകരമോ? ഈ ചോദ്യത്തിന് നിലവില്‍ പ്രചാരത്തിലിരിക്കുന്ന രണ്ട് ഉത്തരങ്ങള്‍ ആദ്യം കാണാം. അതിന് ശേഷം സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒരു ഉത്തരം നമുക്ക് കണ്ടെത്താം.
ഈ ചോദ്യത്തിന് ലോകജനസംഖ്യയുടെ ഏതാണ്ട് 90% ആളുകള്‍ നല്‍കുന്ന ഉത്തരം ഇതാണ്: എല്ലാ മതങ്ങളും ഒരുപോലെയല്ല, നല്ലതും ചീത്തയുമുണ്ട്. പക്ഷെ, നല്ലതേത് ചീത്തയേത് എന്ന് എങ്ങനെ അറിയും? ലളിതം! സ്വന്തം മതം നല്ലത്, ബാക്കിയെല്ലാം ചീത്ത. മതത്തിനുള്ളില്‍ നിന്ന് കൊണ്ടുള്ള കാഴ്ചപ്പാടാണ് ഇത്. ക്രിസ്തുമതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ കാഴ്ചപ്പാടില്‍ ക്രിസ്തുമതം നല്ലത്, ബാക്കിയെല്ലാം ചീത്ത. ഇസ്ലാം മതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ കാഴ്ചപ്പാടില്‍ ഇസ്ലാം മതം നല്ലത്, ബാക്കിയെല്ലാം ചീത്ത. ഹിന്ദുമതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ വീക്ഷണത്തില്‍ ഹിന്ദുമതം നല്ലത്, ബാക്കിയെല്ലാം ചീത്ത. ഈ മതങ്ങള്‍ക്ക് ഒട്ടേറെ ഉപവിഭാഗങ്ങളുണ്ട്. ഓരോ ഉപവിഭാഗത്തില്‍ പെട്ടവരും തങ്ങളുടെ സ്വന്തം വിഭാഗം നല്ലതെന്നും മറ്റുള്ളവരുടേത് ചീത്തയെന്നും കരുതുന്നു.
അന്ധന്മാര്‍ ആനയെ കണ്ട കഥയുടെ സഹായത്തോടെ നമുക്ക് ഈ വീക്ഷണത്തെ മനസിലാക്കാം. ആന തൂണാണെന്ന് ഒരാള്‍, പത്തായമാണെന്ന് ഒരാള്‍, ചൂലാണെന്ന് മറ്റൊരാള്‍. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നു; മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനോ മനസിലാക്കാനോ സന്മനസ്സ് കാട്ടുന്നില്ല. ഓരോരുത്തരും അവനവന്റെ മതം നല്ലതെന്നും ബാക്കിയെല്ലാം ചീത്തയെന്നും വിശ്വസിക്കുന്നു. ഈ സങ്കുചിതവീക്ഷണം സാമാന്യബുദ്ധിക്ക് ചേരുന്ന ഒന്നല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം വീക്ഷണത്തില്‍ നിന്നാണ് മതഭ്രാന്തും വര്‍ഗ്ഗീയതയും ഉടലെടുക്കുന്നത്.
ഈ സങ്കുചിതവീക്ഷണത്തെ നിരാകരിച്ചു കൊണ്ടും എതിര്‍ത്തുകൊണ്ടുമാണ് രണ്ടാമത്തെ വീക്ഷണം ഉടലെടുക്കുന്നത്: അതിങ്ങനെയാണ്: മതം തിന്മയുടെ പര്യായമാണ്; മതങ്ങള്‍ ഇല്ലാതായാലേ മനുഷ്യന്‍ നന്നാവൂ. മനുഷ്യനെ പിന്നോക്കം വലിക്കുന്ന ഒരു ശക്തിയാണ് മതം, അതുകൊണ്ട് മതം വിട്ടാലേ മനുഷ്യന് മുന്നോക്കം പോകാനാവൂ. ശാസ്ത്രമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. മനുഷ്യന്‍ മതം വിട്ടിട്ട് ശാസ്ത്രത്തെ പിന്‍ഗമിക്കണം. ഇക്കാലത്ത് വളരെ പ്രബലമായി വരുന്ന ഒരു ചിന്തയാണിത്.. മതങ്ങള്‍ക്ക് പുറത്തു നിന്നുകൊണ്ടുള്ള കാഴ്ചപ്പാടാണ് ഇത്. മതത്തിന്‍റെ പേരില്‍ മനുഷ്യന്‍ അനുഭവിക്കുന്ന യാതനകളില്‍ സഹികെട്ടാണ് ഈ വീക്ഷണം ഉണ്ടായിരിക്കുന്നത്.
മതങ്ങളുടെ സങ്കുചിതവീക്ഷണത്തെ എതിര്‍ക്കുന്നു എന്ന നന്മ ഈ വീക്ഷണത്തിനുണ്ട്. എന്നാല്‍ മതത്തെ ഇല്ലായ്മ ചെയ്യാം എന്നും അതിന്‍റെ സ്ഥാനം ശാസ്ത്രത്തിനു ഏറ്റെടുക്കാനാവും എന്നും കരുതുന്നത് ബാലിശമാണ്. ഒരു ജീവിതവീക്ഷണവും അതിനെ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയുമാണ് മതം. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാനാവുന്ന കാര്യങ്ങള്‍ അന്വേഷിക്കുകയും അറിവ് നേടുകയും അതുപയോഗിച്ച് നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയുമാണ് ശാസ്ത്രം ചെയ്യുന്നത്. മതവും ശാസ്ത്രവും രണ്ടാണ്. ഒന്നിന്‍റെ സ്ഥാനം എടുക്കാന്‍ മറ്റതിനാവില്ല.
ഇവിടെപ്പറഞ്ഞ രണ്ടു വീക്ഷണങ്ങള്‍ ആണ് പ്രധാനമായും നിലവിലുള്ളത്. ഒന്നുകില്‍ തങ്ങളുടെ സ്വന്തം മതം മാത്രം നല്ലത് എന്ന ചിന്ത, അല്ലെങ്കില്‍ മനുഷ്യന്‍ മതരഹിതനായി ജീവിക്കണം എന്ന ചിന്ത. 99 ശതമാനം ആളുകളും ഈ രണ്ടു കൂട്ടത്തില്‍ ഏതിലെങ്കിലും പെടും. ആദ്യത്തേത് സങ്കുചിതമാണ്, യുക്തിരഹിതമാണ്. രണ്ടാമത്തേത് ഉപരിപ്ലവമാണ്. ഇവിടെയാണ് മൂന്നാമതൊരു വീക്ഷണത്തിന്റെ പ്രസക്തി.
ഓരോ മതത്തിലും രണ്ടുതരം ലോകവീക്ഷണങ്ങളുണ്ട്. ഒന്ന് വിശാലമാണ്, മറ്റത് പരിമിതമാണ്. വിശാലവീക്ഷണം നല്ലതാണ്, പരിമിതവീക്ഷണം ചീത്തയാണ്. ഓരോ മതത്തിന്‍റെയും വിശാലവീക്ഷണം സര്‍വ്വമനുഷ്യവര്‍ഗത്തെയും ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ തങ്ങളുടെ സ്വന്തം മതം മാത്രം നല്ലത് എന്നത് പരിമിതവീക്ഷണമാണ്. നിര്‍ഭാഗ്യവശാല്‍ ഓരോ മതത്തിലും 90 ശതമാനം ആളുകളും പരിമിതവീക്ഷണം ഉള്ളവരാണ്. ഓരോ മതത്തിന്റെയും ഉദാഹരണങ്ങളിലൂടെ ഇത് വിശദമാക്കം.
ക്രിസ്തുമതം
ഞാന്‍ ജനിച്ച് വളര്‍ന്നത് ക്രിസ്തുമതത്തിലായതുകൊണ്ട് അതിനെക്കുറിച്ചാണ് ഏറ്റവും ഉറപ്പായും ആധികാരികമായും എനിക്ക് പറയാന്‍ കഴിയുന്നത്. ക്രിസ്തുമതത്തിന് ഒരു വിശാലമായ ലോകവീക്ഷണം ഉണ്ട്. യേശുക്രിസ്തുവിന്റെ വീക്ഷണം സര്‍വ്വമനുഷ്യവര്‍ഗത്തെയും ഉള്‍ക്കൊള്ളുന്നതാണ് . ദൈവം പിതാവും മനുഷ്യരെല്ലാം ദൈവത്തിന്‍റെ മക്കളുമാണ്. ശിഷ്ടര്‍ ദുഷ്ടര്‍ എന്ന ഭേദമില്ലാതെ ദൈവം എല്ലാവര്‍ക്കും ഒരുപോലെ മഴയും സൂര്യപ്രകാശവും നല്‍കുന്നു. മനുഷ്യര്‍ ദൈവത്തെ സ്നേഹിച്ചെന്നിരിക്കും, വെറുത്തെന്നിരിക്കും, എന്നാല്‍ ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹം മാറ്റമില്ലാതെ തുടരുന്നു. ദൈവം തന്‍റെ ശത്രുക്കളെപ്പോലും സ്നേഹിക്കുന്നു. അത് മാതൃകയാക്കി മനുഷ്യരും ശത്രുക്കളെയും സ്നേഹിക്കണം. മനുഷ്യന്‍റെ ജാതിയോ വര്‍ഗ്ഗമോ വര്‍ണ്ണമോ വിശ്വാസമോ ഒന്നും ഇവിടെ പ്രസക്തമല്ല. എല്ലാത്തരം മനുഷ്യരും ഉള്‍പ്പെട്ട ഒരു കുടുംബമാണ് ലോകം. ആരും അതിന് പുറത്തല്ല.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ഭൂമുഖത്തുണ്ടായ ആയിരക്കണക്കിന് ക്രൈസ്തവസഭകളില്‍ ഏതിനെങ്കിലും ഈ വിശാലവീക്ഷണം ഉണ്ടോ എന്ന് സംശയമാണ്. ഓരോ കൂട്ടരും തങ്ങള്‍ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും തെറ്റെന്നും തെളിയിക്കാന്‍ പരിശ്രമിക്കുന്നു. അവരവരുടേതായ സങ്കുചിതവീക്ഷണങ്ങള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും ഓരോ കൂട്ടരും മത്സരിക്കുന്നു.
ഹിന്ദുമതം
ക്രിസ്തുമതം കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പരിചയമുള്ളത് ഹിന്ദുമതമാണ്. ലോകത്തോളം വിശാലമായ ഹിന്ദുമതം മനുഷ്യനെ മനുഷ്യനായി കണ്ടു ആദരിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരേ പരബ്രഹ്മം തന്നെയാണ് എല്ലാ മനുഷ്യരിലും വസിക്കുന്നത് എന്നതാണ് ഈ വീക്ഷണത്തിന്റെ അടിസ്ഥാനം. നിന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നതിനെ ഞാന്‍ നമിക്കുന്നു എന്നാണല്ലോ നമസ്തെ എന്ന അഭിവാദ്യത്തിന്റെ അര്‍ഥം. മനുഷ്യന്‍റെ ജാതിയോ വര്‍ഗ്ഗമോ വര്‍ണ്ണമോ വിശ്വാസങ്ങളോ ഒന്നും പ്രസക്തമല്ല. ഒരു മനുഷ്യനെയും യാതൊന്നിന്റെയും പേരില്‍ ഒഴിവാക്കുന്നില്ല. എല്ലാ മതങ്ങളെയും മതാനുയായികളെയും ഹിന്ദുമതത്തിന്റെ ഭാഗമായി കരുതുവാന്‍ ഈ വിശാലവീക്ഷണം സഹായിക്കുന്നു. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന ആഗ്രഹം ഈ വീക്ഷണത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ ഈ വിശാലവീക്ഷണം എപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. ജാതിയുടെയും നിറത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ മനുഷ്യനെ പല തട്ടുകളിലായി കാണുന്ന രീതി പലപ്പോഴും സംഭവിച്ചിട്ടുണ്ട്. മറ്റു മതാനുയായികളെ ഹിന്ദുമതത്തില്‍ നിന്ന് വേര്‍തിരിച്ചു കാണുന്ന ഇന്നത്തെ രീതി സങ്കുചിതവീക്ഷണത്തിന്റേതാണ്. താന്‍ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവിശ്വാസിയല്ല എന്ന് ശശി തരൂര്‍ പറയുന്നത് ഈ അര്‍ത്ഥത്തിലാണ്.
ഇസ്ലാം മതം
സര്‍വ്വമനുഷ്യവര്‍ഗത്തെയും ഉള്‍ക്കൊള്ളുന്നതാണ് ഇസ്ലാമിന്റെ വിശാലവീക്ഷണം. ലോകത്തെയാകെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും ഒരു ദൈവം. ആ ദൈവത്തോട് ശത്രുതയില്‍ കഴിയാതെ രമ്യപ്പെട്ടു സമാധാനത്തോടെ ജീവിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും സാധിക്കണം. ദൈവത്തോട് രമ്യതയിലാകുമ്പോള്‍ മനുഷ്യര്‍ തമ്മിലും രമ്യത ഉണ്ടാകും. ദൈവത്തിന്‍റെ ആദിമുതലുള്ള സന്ദേശവാഹകര്‍ (പ്രവാചകന്മാര്‍) ഇക്കാര്യമാണ് മനുഷ്യരോട് പ്രബോധിപ്പിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ ഈ വിശാലവീക്ഷണം മിക്കപ്പോഴും സങ്കുചിതവീക്ഷണങ്ങള്‍ക്ക് വഴിമാറി. ഇസ്ലാം മതത്തിന് പുറത്തുള്ളവര്‍ ദൈവജനമല്ല, അവര്‍ മതം മാറിയാല്‍ മാത്രമേ ദൈവം അവരോട് രമ്യപ്പെടൂ, മുഹമ്മദ് നിബി അന്ത്യ (final) പ്രവാചകന്‍ ആകുന്നു തുടങ്ങിയ വിശ്വാസങ്ങള്‍ മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെ ഇസ്ലാം മതം മതഭ്രാന്തിന്റെ പര്യായമായി അറിയപ്പെട്ടു.
മറ്റ് മതങ്ങളുടെ ഉദാഹരണങ്ങളും ഇതുപോലെ എടുത്തു കാണിക്കാനാവും. എങ്കിലും നമ്മുടെ നാട്ടില്‍ മറ്റ് മതങ്ങള്‍ അധികം പ്രചാരത്തില്‍ ഇല്ലാത്തതുകൊണ്ട് അതിന് മുതിരുന്നില്ല.
സമാപനം
ഇവിടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് ഇതാണ്. എല്ലാ മതങ്ങള്‍ക്കും ഒരു വിശാലവീക്ഷണം ഉണ്ട്. ലോകത്തെയാകെ , മനുഷ്യവര്‍ഗത്തെയാകെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ആ വീക്ഷണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാ മതങ്ങളിലും സങ്കുചിതവീക്ഷണവും ഉണ്ട്. ഈ സങ്കുചിതവീക്ഷണമാണ് ഇല്ലാതെയാകേണ്ടത്.
നാമൊക്കെ ഏത് മതത്തില്‍ ജനിച്ചു വളര്‍ന്നു എന്നത് പ്രശ്നമല്ല. നമ്മുടെ വീക്ഷണം ആണ് പ്രശ്നം. നമ്മുടേത് സങ്കുചിതവീക്ഷണം ആണെങ്കില്‍ അതിനെ വിശാലമാക്കി മാറ്റണം. ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേയ്ക്കുള്ള പരിവര്‍ത്തനം ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. സങ്കുചിതവീക്ഷണത്തില്‍ നിന്ന് വിശാലവീക്ഷണത്തിലേയ്ക്കുള്ള ഒരു പരിവര്‍ത്തനമാണ് നമുക്ക് വേണ്ടത്.
നിങ്ങള്‍ ക്രിസ്ത്യാനിയാണോ? ക്രിസ്തു വീക്ഷിച്ച പോലെ ലോകത്തെ ഒരു കുടുംബമായി കാണുക. നിങ്ങള്‍ ഹിന്ദുവാണോ? മഹാത്മഗാന്ധിയെപ്പോലെയും വിവേകാനന്ദനെപ്പോലെയും ശ്രീ നാരായണഗുരുവിനെപ്പോലെയും എല്ലാ മനുഷ്യരിലും ജാതിമതഭേദമില്ലാതെ ബ്രഹ്മത്തെ ദര്‍ശിക്കുക. നിങ്ങള്‍ ഒരു മുസ്ലീമാണോ? ലോകത്തിലുള്ള എല്ലാ മനുഷ്യരെയും ദൈവജനമായി കാണുക. എല്ലാ മനുഷ്യരെയും ദൈവം ജീവനും ജീവിതവും നല്‍കി പരിപാലിക്കുന്നു എന്ന തിരിച്ചറിയുക.
ലോകത്തെ ഒരു കുടുംബമായി കാണാത്ത, മനുഷ്യനെ മനുഷ്യനായി കാണാത്ത മതവിശ്വാസങ്ങള്‍ സങ്കുചിതമാണ്. അതിന് മറ്റെന്തെല്ലാം മേന്മ ഉണ്ടെങ്കിലും അത് ദോഷകരമാണ് . മനുഷ്യനെ മനുഷ്യനായി കാണുന്ന ഹൃദയവിശാലതയിലേയ്ക്ക് നമുക്ക് ഒന്നിച്ച് വളരാം.
Comments
1893 ൽ ചിക്കാഗോയിൽ നടന്ന ലോക മതസമ്മേളനത്തിൽ, സെപ്തംബർ 11-ാം തീയതിയിലെ തന്റെ ആദ്യ പ്രഭാഷണത്തിൽ സ്വാമി വിവേകാനന്ദൻ അഭിസംബോധന ചെയ്തത് ഇപ്രകാരമാണ് ....
"അമേരിക്കയിലെ തന്റെ സഹോദരീ സഹോദരൻമാരേ " എന്ന്.
അതാണ് യഥാർത്ഥ ഹിന്ദു.
ഇന്ന് എല്ലാം മാറ്റിയെടുത്തു....
fabricate ചെയ്തു.
ഇതു തന്നെയാണ് എല്ലാ മതത്തിലും സംഭവിച്ചത്.
"ഞാൻ" എന്ന ഭാവവും "ഞങ്ങൾ എന്ന ഭാവവും " നമ്മൾ" എന്ന കാഴ്ചപ്പാടിനെ ഇല്ലാതാക്കി.
നാം സങ്കുചിതരായി .... എന്നു പറയാം.
ഇന്ന് കൃത്രിമമായ മതബോധവും, ജാതി ബോധവും സന്നിവേശിപ്പിച്ച് ഓരോരുത്തരും മത്സരിക്കുകയാണ് .... ജീവിക്കാനല്ല, മറ്റൊരാളെയോ മറ്റൊന്നിനെയോ കീഴടക്കാൻ.
എൻ്റെ ബാല്യം വിട്ട് ബോധ മനസ്സ് പ്രവർത്തിച്ച് തുടങ്ങിയ കാലം മുതൽ ഇക്കാലമത്രയും തിരിഞ്ഞ് നോക്കുമ്പോൾ ഏറ്റവും കൂടുതൽ സങ്കുചിത മനോഭാവം ഇപ്പോഴാണ് എന്ന് തോന്നുന്നു. എല്ലാം കാ പഢ്യം നിറഞ്ഞത്. ഒന്ന് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് വരുന്നവൻ സംഘിയാകും ഹിന്ദു തീ വ്രവാദിയായും കരുതപ്പെടുന്നു. ഒന്ന് വെള്ളിയാഴ്ച പള്ളിയിൽ പോയി നമസ്ക്കരിച്ചാൽ അവൻ മുസ്ലീം തീവ്രവാദിയായി മാറുന്നു. ഒരു ഞായറാഴ്ച ചർച്ചിൽ പോയി പ്രാർത്ഥിച്ചാൽ അവൻ മറ്റൊരു തീവ്രവാദിയായി ചിത്രീകരിക്കപ്പെടുന്നു. വിശ്വാസികൾക്കും ഭക്തർക്കും പുതിയ പരിവേഷം. ഭക്തിയും പ്രാർത്ഥനയും ഇന്ന് പേടിച്ച് രഹസ്യമായി ചെയ്യേണ്ട പ്രക്രിയ ആയി മാറിയിരിക്കുന്നു. ആരും കാണാതെ ചെയ്യാൻ പറ്റുമോ എന്ന് യഥാർത്ഥ ഭക്തർ ചിന്തിക്കുന്ന അവസ്ഥ. യഥാർത്ഥ ദൈവ വിശ്വാസി സർപറഞ്ഞ വിശാലചിന്തയുടെ വക്താക്കളാകാം.പക്ഷെ അവർക്ക് അത് പ്രകടിപ്പിക്കാൻ വേദിയില്ലാതെ പോകുന്നു. അവൻ തീവ്രവാദിയായി മുദ്ര കുത്തപ്പെടുമെന്ന് ഭയക്കുന്നു..ഭക്തരെന്ന കപടവേഷം കെട്ടുന്നവർ അഭിനവ മതേതരവാദികളായി വേദികൾ കീഴടക്കി അവർ അവരുടെ സൗകര്യത്തിനനുസരിച്ച് മതവും ആശയങ്ങളും വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യൻ്റെ നൈസ്സർഗികമായ ചിന്താശക്തി ഈ ശക്തികളുടെ മസ്തിഷ്ക്കപ്രക്ഷാളനത്താൽ ശീതീകരിക്കപ്പെടുന്നു. നിർവ്വീര്യമാക്കപ്പെടുന്നു.ഇവർ നയിക്കുന്ന പാതയിലൂടെ ...'' ഇവരുടെ ചിന്താവലയത്തിൽ അടിമകളായി:......... ആർക്കൊക്കയോ വേണ്ടി ചത്ത് വീഴുന്ന ബലിമൃഗങ്ങളായി മാറുന്നു .....ബഹു ഭൂരിപക്ഷം മനുഷ്യരും ഒന്നും ചെയ്യാൻ കഴിയാതെ ഒഴിക്കിനൊപ്പം നീന്തുന്നു........🙏
സങ്കുചിതമായവയും മതത്തിൽ ആളെ കൂട്ടാൻ ഉള്ളതുമായ വിശ്വാസം ഒന്നും നിലനിൽക്കില്ല. സ്നേഹത്തിനു പകരം വിദ്വേഷം വളർത്തിയാൽ മനുഷ്യർക്ക് ബോധം ഉദിക്കുമ്പോൾ അവർ മതം വിട്ടു പോവുകയും ചെയ്യും.
സങ്കുചിതമായവയും മതത്തിൽ ആളെ കൂട്ടാൻ ഉള്ളതുമായ വിശ്വാസം ഒന്നും നിലനിൽക്കില്ല. സ്നേഹത്തിനു പകരം വിദ്വേഷം വളർത്തിയാൽ മനുഷ്യർക്ക് ബോധം ഉദിക്കുമ്പോൾ അവർ മതം വിട്ടു പോവുകയും ചെയ്യും.
ലേഖനം നന്നായിരിക്കുന്നു.
നല്ല മനുഷ്യരും നന്നായി ചിന്തിക്കുന്നവരും ഇന്നും ധാരാളമുണ്ട്. പക്ഷേ, എന്തു ചെയ്യാം! ലോകത്തിന്റെ ആവസ്ഥ അനുദിനം വഷളായി വരികയല്ലേ!
കണ്ണുണ്ട്, കാണുന്നില്ല, ചെവിയുണ്ട്, കേൾക്കുന്നില്ല. ചിന്താശേഷിയുണ്ട്, എന്നാൽ ചിന്ത ശരിയായ വഴിക്കല്ല. അബദ്ധ ചിന്തകളിലും പ്രേരണ ളാലും ഇടറി വീഴുകയും ചെയ്യും. ഈ ജനത്തിന്റെ ദൗർബല്യങ്ങൾ തിരിച്ചറിയുന്ന രാഷട്രീയ നേതൃത്വവും സംഘടിത മതവും അത് സമൃദ്ധമായി ഉപയോഗപ്പെടുത്തുന്നു.
ചില ദുരന്തങ്ങൾ വരുന്ന സമയത്തു മാത്രം മനുഷ്യന് നല്ല ബുദ്ധിയുദിക്കും. പ്രളയത്തിന്റെ കാലത്ത് നാമത് കണ്ടതാണ്.
പഠിപ്പിക്കാം ശ്രമിക്കാം. പഠിക്കുമെന്ന വലിയ പ്രതീക്ഷ വേണ്ട.
'കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ!'
എത്രയോ ഗുരുക്കൻമാർ കാലങ്ങളായി പഠിപ്പിച്ചു !
വല്ലതും പഠിച്ചോ?
നിക്ഷിപ്ത താൽപര്യങ്ങളും സ്വാർത്ഥതയും സങ്കുചിതത്വങ്ങളും അഹന്തയും ഉള്ള കാലത്തോളം മനുഷ്യർ (അതായത്, ശക്തർ അശക്തരെ)പലതിന്റെ പേരിൽ ചൂഷണം ചെയ്യുകയും പീഡിപ്പിക്കയും നശിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കും.
സാറ് പറഞ്ഞതുപോലെ എല്ലാ മതങ്ങൾക്കും ഒരു വിശാലവീക്ഷണം ഉണ്ടാകുമെങ്കിൽ ഈ ലോകം എത്ര നന്നാകുമായിരുന്നു.