നമ്മുടെ ജീവിതവും ജീവിതവീക്ഷണവും

നാമെല്ലാം ലോകത്തില്‍ ജീവിക്കുന്നു; എന്നാല്‍ നാം ജീവിതത്തെ മനസിലാക്കുന്നത് ഒരുപോലെയല്ല. നാം ജീവിതത്തെ എങ്ങനെ മനസിലാക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിതം നാം കെട്ടിപ്പടുക്കുന്നത്. ഒരു ചെറുകുടില്‍ പോലെയുള്ള വീട് സങ്കല്പിക്കുന്നയാള്‍ക്ക് കൊട്ടാരം പോലെയുള്ള വീട് നിര്‍മ്മിക്കുവാന്‍ സാധിക്കുകയില്ല. മനസ്സില്‍ നാം എന്ത് കാണുന്നുവോ അതാണ്‌ നാം യാഥാര്‍ത്ഥ്യമാക്കുന്നത്. നമ്മുടെ ജീവിതത്തെ വലുതായി സങ്കല്‍പ്പിക്കുവാന്‍ നമുക്ക് സാധിച്ചാല്‍ മാത്രമേ വലിയൊരു ജീവിതം നമുക്ക് ജീവിക്കുവാന്‍ കഴിയൂ. ജീവിതത്തെ സങ്കല്പിക്കുന്നതിനെയാണ് ഇവിടെ നാം ജീവിതവീക്ഷണം എന്ന് വിളിക്കുന്നത്.

ജീവിതം സങ്കല്പിക്കുന്നതിന് ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടണം. നാം ആരാണ്, നാം പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എവിടെയാണ് നാം? എന്തിനുവേണ്ടിയാണ് നാം ജീവിക്കുന്നത്? എങ്ങനെ വേണം നാം ജീവിക്കുവാന്‍? ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്ക് എത്രയും അര്‍ത്ഥവത്തായ ഉത്തരങ്ങള്‍ നാം കണ്ടെത്തുന്നുവോ, അത്രയും അര്‍ത്ഥവത്തും മഹത്തുമായിരിക്കും നമ്മുടെ ജീവിതവീക്ഷണം.

നാം സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന മൂന്ന് അടിസ്ഥാനസങ്കല്പങ്ങളെ വ്യക്തമാക്കിക്കൊണ്ട് വേണം നമ്മുടെ അന്വേഷണം ആരംഭിക്കേണ്ടത്. മനുഷ്യന്‍, ലോകം, ദൈവം – ഇവയാണ് നമുക്ക് വ്യക്തത വരുത്തേണ്ട മൂന്നു പദപ്രയോഗങ്ങള്‍. ഈ വാക്കുകള്‍ കൊണ്ട് എന്താണ് നാം അര്‍ത്ഥമാക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരമായി ഈയിടെ ഞാന്‍ മൂന്ന് ലേഖനങ്ങള്‍ എഴുതുകയുണ്ടായി. അവ ഇവിടെ കാണാം. ഈ ലേഖനങ്ങള്‍ വായിക്കുവാന്‍ താങ്കളെ ക്ഷണിക്കുന്നു. എന്നോടൊപ്പം ഈ അന്വേഷണത്തില്‍ പങ്ക് ചേരുവാനാണ് ഈ ക്ഷണം. മതവ്യത്യാസങ്ങള്‍ക്ക് അതീതമാണ് എന്റെ അന്വേഷണം. അതായത് താങ്കള്‍ ഏത് മതത്തില്‍ പെട്ട ആളായാലും അഥവാ മതവിശ്വാസമൊന്നുമില്ലെങ്കിലും ഈ അന്വേഷണത്തില്‍ പങ്ക് ചേരാവുന്നതാണ്.

ഓരോ ലേഖനത്തിനും താഴെ comments എഴുതുവാന്‍ സ്ഥലമുണ്ട്. അത് സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ comments ഇവിടെ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.

ജോണ്‍ കുന്നത്ത് 


Comments

Raisa said…
Good effort... congratulations..
Unknown said…
നമ്മുടെജീവിത വീക്ഷണം ചെറുപ്പത്തിലെ നമ്മൾ ഉൾക്കൊള്ളുന്ന വിശ്വാസങ്ങളേയും ഗ്രഹിക്കുന്ന ആശയങ്ങളേയും ആശ്രയിച്ചല്ലേ രൂപപ്പെടുന്നത്?സ്വന്തമായി ചിന്തിക്കാറാകുമ്പോൾ പോലും നമ്മൾ അത്രയുനാൾ സ്വരൂപിച്ച കാര്യങ്ങളുടെസ്വാധീനം ഉണ്ടാവുമല്ലൊ
പക്ഷേഓരോരുത്തരും ഉൾക്കൊള്ളുന്നതിന് വ്യത്യാസമുള്ളതായാണ് കാണുന്നത്. അതാണ് ഞാൻ എന്നതിൻ്റെ പൊരുൾ എന്ന് തോന്നാറുണ്ട്

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?