മരണത്തെ നേരിട്ട അഞ്ചു മനുഷ്യർ
മരണത്തെ അഭിമുഖീകരിക്കുമ്പോൾ മനുഷ്യൻ എന്താണ് തിരഞ്ഞെടുക്കുന്നത്? യേശു, സോക്രട്ടീസ്, സെനെക്ക, മാക്സിമില്യൻ കൊൽബെ, ഡീറ്റ്രിച്ച് ബോൺഹോഫർ: ഒരു ചരിത്രപരമായ അന്വേഷണം മരണത്തെ അഭിമുഖീകരിക്കുമ്പോൾ മനുഷ്യൻ എന്താണ് ചെയ്യുന്നത്? ജീവൻ രക്ഷിക്കാൻ ശ്രമിക്കുമോ? അവസാന നിമിഷംവരെ രക്ഷപ്പെടാനുള്ള വഴി അന്വേഷിക്കുമോ? അതോ, താൻ വിശ്വസിക്കുന്ന ഒരു സത്യത്തിനോ മറ്റൊരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനോ ഒരു ദൗത്യത്തോടുള്ള വിശ്വസ്തതയ്ക്കോ വേണ്ടി സ്വന്തം ജീവൻ പോലും സമർപ്പിക്കുമോ? ചരിത്രത്തിൽ സ്വന്തം ജീവനെക്കാൾ വലിയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ നിരവധി മനുഷ്യരുണ്ട്. അവരിൽ യേശു നസറായൻ, സോക്രട്ടീസ്, സെനെക്ക, മാക്സിമില്യൻ കൊൽബെ, ഡീറ്റ്രിച്ച് ബോൺഹോഫർ എന്നിവർ പ്രത്യേകം ശ്രദ്ധേയരാണ്. അവരുടെ ജീവിതസാഹചര്യങ്ങളും വിശ്വാസങ്ങളും മരണകാരണങ്ങളും വ്യത്യസ്തമാണെങ്കിലും, അവരുടെ ജീവിതങ്ങൾ നമ്മെ ഒരു പൊതുചോദ്യത്തിലേക്ക് നയിക്കുന്നു: സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനെക്കാൾ വലിയ ഒന്നിന് മനുഷ്യന് മുൻഗണന നൽകാൻ കഴിയുമോ? ഈ ചോദ്യത്തിന്റെ വെളിച്ചത്തിൽ യേശുവിന്റെ മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, മരണത്തെ അഭിമുഖീകരിച്ചപ്പോൾ അവന്റെ മനസ്സിൽ എന്താണ് സംഭവ...