കൌമാ ഗാനരൂപത്തില്‍


താതസുതപരിശുദ്ധാത്മാവാകും സര്‍- 
വേശനെ വാഴ്ത്തിപ്പാടാം നമുക്ക് 
ആദിമുതലെന്നുമെന്നേയ്ക്കുമീശന്‍റെ 
നാമം സ്തുതികള്‍ക്ക് യോഗ്യമത്രേ 

ശുദ്ധന്‍ പരിശുദ്ധന്‍ ശുദ്ധന്‍ പരിശുദ്ധന്‍ 
സര്‍വ്വശക്തനാകും സര്‍വേശ്വരന്‍ 
വാനവും ഭൂമിയും തന്‍ പുകഴ്ചകളാ- 
ലേറ്റം മുഖരിതമായിരിപ്പൂ 

തമ്പുരനായിടുമീശന്റെ നാമത്തില്‍ 
നമ്മെയെല്ലാം തേടി വന്നവനും 
വീണ്ടും വരുവാനിരിപ്പവനുമായ 
ക്രിസ്തുവെ വാഴ്ത്തിടാം മോദമോടെ    

തെറ്റുകളേതും വരുത്താതിരിക്കും പ-
രിശുദ്ധനീശ്വരാ അങ്ങ് മാത്രം 
എല്ലാ കഴിവുകളും തികഞ്ഞുള്ളൊരു  
സര്‍വ്വശക്തന്‍ നാഥാ അങ്ങ് മാത്രം  

ജീവന്നുറവിടമായ സര്‍വേശ്വരാ 
മൃത്യുവില്ലാത്തതങ്ങേയ്ക്ക് മാത്രം 
ക്രൂശാര്‍ക്കുമേകാതത്  സ്വയമേറ്റിടും
സ്നേഹസ്വരൂപനുമങ്ങ് മാത്രം  

തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവര്‍ ഞങ്ങള്‍ 
എന്ന് തുറന്നിതാ സമ്മതിപ്പൂ 
ഈ കുറ്റസമ്മതം കാരുണ്യപൂര്‍വ്വം കൈ-
ക്കൊണ്ട് നാഥാ ക്ഷമയേകിടുക 

വാഴ്ത്തിപ്പുകഴ്ത്താം നമുക്ക് സര്‍വ്വേശനെ 
വാഴ്ത്താമി ലോകത്തിന്‍ സ്രഷ്ടാവിനെ 
വാഴ്ത്തിപ്പുകഴ്ത്താമീ ലോകരാജാവിനെ  
ഈശന്‍ നമ്മോടെന്നും കാരുണ്യവാന്‍ 

സ്വര്‍ഗ്ഗത്തില്‍ വാണിടും താതാ തവ നാമം 
പാവനമെന്ന് വാഴ്ത്തപ്പെടട്ടെ 
അങ്ങല്ലാതില്ല പരിശുദ്ധനായാരും 
എന്നേവരുമറിയേണം നന്നായ്  

നാഥാ അവിടുന്ന് സ്വര്‍ഗ്ഗത്തെ വാഴും പോല്‍ 
വാഴണേ ഭൂമിയെയും ദയവായ് 
താവകയിഷ്ടം സ്വര്‍ലോകെ ഭവിക്കുംപോ-
ലീ ഭൂവിലും ഭവിച്ചീടണമേ 

അങ്ങേയ്ക്കൊപ്പം മക്കള്‍ ഞങ്ങള്‍ വളരുവാ-
നേക തിരിച്ചറിവെന്ന ഭോജ്യം 
താവകയിഷ്ടം പോല്‍ ജീവിപ്പതിന്നായി 
അഭ്യസിപ്പിക്കടിയാരെയെന്നും  

ഞങ്ങള്‍ക്കെതിരായി ദോഷങ്ങള്‍ ചെയ്തിടു- 
മേവരോടും ക്ഷമിക്കുന്നു ഞങ്ങള്‍ 
ഞങ്ങള്‍ ദിനവും വരുത്തുമബദ്ധങ്ങള്‍- 
ക്കായ് ക്ഷമ യാചിച്ചിടുന്നു ഞങ്ങള്‍ 

ആരെയും ന്യായം വിധിക്കാതെ ഞങ്ങളെ 
നാഥാ തടയേണമേ ദയവായ് 
സാത്താന്‍റെ പാതയില്‍ പോയിടാതെങ്ങളെ 
സംരക്ഷിക്കേണമനവരതം  

ലോകത്തിന്‍ രാജാവവിടുന്ന് മാത്രമാ -   
ണെന്തും കഴിയുന്നോനങ്ങ് മാത്രം  
അങ്ങ് മാത്രം വീഴ്ചകള്‍ വരുത്താത്തവന്‍  
ആകയാലങ്ങ് മഹത്വയോഗ്യന്‍    

ദൈവകൃപയ്ക്ക് പാത്രീഭൂതയായോളേ
വന്ദിക്കുന്നങ്ങയെ ഭക്തിപൂര്‍വ്വം 
നമ്മുടെ കര്‍ത്താവങ്ങേയ്ക്കൊപ്പമുള്ളതാല്‍ 
ഏറ്റമനുഗ്രഹിക്കപ്പെട്ടവള്‍ 

അങ്ങേയുദരത്തില്‍ ജന്മമെടുത്തോനാം 
നമ്മുടെ കര്‍ത്താവനുഗ്രഹീതന്‍ 
പാപികളാകുമടിയങ്ങള്‍ക്കായവി-
ടുന്ന് പ്രാര്‍ഥിക്കണേ നാഥനോട്‌       

വൃത്തം: മഞ്ജരി 

(വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു. തെറ്റുകളുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കുക. എങ്ങനെ മെച്ചപ്പെടുത്താമെന്ന് അഭിപ്രായമുണ്ടെങ്കില്‍ ദയവായി പങ്കിടുക.)

Comments

sampariyarathu said…
ചില വരികള് ഒന്ന് കൂടി ക്രമപെടുതിയാല് ഉത്തമം ആയിരിക്കും ഉദാഹരണമായി** മൃതിഹീനാ പരിശുദ്ധന്‍ നീക്രൂശേറ്റോനെ ചെയ് കരു**പകരം "മൃതി രഹിതാ പരിശുദ്ധൻ നീ ,ക്രൂശേറ്റൊനെ കൃപ ചെയ്ക ""
** ഞങ്ങള്‍ക്കാവശ്യമുള്ളതു പോല്‍
ആഹാരം അങ്ങേകണമേ *** പകരം " അനുദിന മന്ന അടിയാര്ക്
തിരു കൃപയാൽ നല്കീടണമേ ""
ഇങ്ങനെ ഓരോ വരികളും ഒന്ന് ഭേദഗതി ദയവായി ചെയ്യുമോ !! ിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു
John Kunnathu said…
സുഹൃത്തെ താങ്കള്‍ ചൂണ്ടിക്കാണിച്ച ഭേദഗതികള്‍ക്കായി വളരെ നന്ദി. ഞാന്‍ അവ രണ്ടും മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ എങ്ങനെയുണ്ട് എന്നു നോക്കുക. എന്റെ പേര്‍ക്കു ഒരു ഇമെയില്‍ അയച്ചാല്‍ ഉപകാരം. johnkunnathu@yahoo.com

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?