വിശ്വാസവും അറിവും — നമ്മെ നയിക്കുന്ന രണ്ടു വഴികൾ

 ലോകത്തെക്കുറിച്ച് നാം മനസ്സിലാക്കുന്ന കാര്യങ്ങളെ രണ്ടായി തിരിക്കാം — അറിയാവുന്ന കാര്യങ്ങൾ, അറിയാത്ത കാര്യങ്ങൾ.


1. വസ്തുതകളും വിശ്വാസങ്ങളും

തെളിവുകളാൽ പരിശോധിക്കാനും ഉറപ്പിക്കാനും കഴിയുന്ന കാര്യങ്ങളാണ് വസ്തുതകൾ.
നമുക്ക് വ്യക്തമായി അറിയാനാകാത്ത കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ ആണ് വിശ്വാസങ്ങൾ.

വസ്തുതകൾ നിൽക്കുന്നത് തെളിവുകളെ അടിസ്ഥാനമാക്കിയാണ്.
വിശ്വാസങ്ങൾ നിലനിൽക്കുന്നത് ആ വിശ്വാസം വിശ്വസിക്കുന്ന ആളുകളുടെ മനസ്സുകളിൽ മാത്രം. ഒരു വിശ്വാസം വിശ്വസിക്കുന്നവർ ഇല്ലാതെയായാൽ, ആ വിശ്വാസവും അപ്രത്യക്ഷമാകും.
 

 അറിവില്ലാത്തിടത്ത് ഉപയോഗിക്കുന്ന ഒരു താൽക്കാലിക പകര വസ്തു മാത്രമാണ് വിശ്വാസം. അറിവ് വന്നുകഴിഞ്ഞാൽ വിശ്വാസത്തിന്റെ ആവശ്യം ഇല്ല.


 ഒരു ലളിതമായ ഉദാഹരണം പറയാം. ഏതാണ്ട് രണ്ടായിരത്തിനോട് അടുത്ത് ലോകാവസാനം സംഭവിക്കും എന്നൊരു വിശ്വാസം പ്രചാരത്തിലുണ്ടായിരുന്നു. 2000 വരെ അത് ശക്തമായി നിലനിന്ന ഒരു വിശ്വാസമായിരുന്നു. 2000 കഴിഞ്ഞു. ലോകം ഇപ്പോഴും നിലനിൽക്കുന്നു. ആ വിശ്വാസം വെറുമൊരു വിശ്വാസമായിരുന്നു, അതിൽ യാതൊരു സത്യവും ഇല്ല എന്ന് തെളിഞ്ഞു. 


2. വിശ്വാസത്തിന് അമിത പ്രാധാന്യം കൊടുക്കുന്നത്

വിശ്വാസങ്ങളെ അതിരുകടന്ന് സത്യമായി പ്രഖ്യാപിക്കുമ്പോൾ, പുതിയ അറിവുകൾ കണ്ടെത്താനുള്ള നമ്മുടെ അന്വേഷണവും ചോദ്യങ്ങളും നാം തന്നെയാണ് തടയുന്നത്.
അതുകൊണ്ട് വിശ്വാസം നമ്മെ അറിവിലേക്ക് നയിക്കുന്ന ചവിട്ടുപടി ആകണം.


3. ശാസ്ത്രവും മതവും

ശാസ്ത്രം കൈകാര്യം ചെയ്യുന്നത് അറിയാനും പരിശോധിക്കാനുമാകുന്ന കാര്യങ്ങളാണ്.
മതം അറിയാനാവാത്ത കാര്യങ്ങളിലേക്കും കടക്കുന്നു. അതിനാൽ മതങ്ങളിൽ ധാരാളം വിശ്വാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഈ വിശ്വാസങ്ങളെ “സത്യം” എന്നും “അസത്യം” എന്നും തിരിക്കാൻ സാധിക്കില്ല — കാരണം അവയെക്കുറിച്ച് നമുക്ക് അറിവില്ല, അവ വസ്തുതകളല്ല.

 ധാരാളം ആളുകൾ ഒരുമിച്ച് വിശ്വസിക്കുന്നു എന്ന കാര്യം മാത്രം കൊണ്ട് ഒരു വിശ്വാസം വസ്തുതയാകുകയില്ല. വളരെ അറിവുള്ള ഒരാളുടെ വിശ്വാസം പോലും വസ്തുതയാവുകയില്ല.


 രണ്ടായിരത്തിൽ ലോകം അവസാനിക്കും എന്നത് സത്യമാണോ അസത്യമാണോ എന്ന് ഉറപ്പായി അറിയാൻ കഴിയുന്നത് 2000 ന് ശേഷം മാത്രമാണ്. 


4. വിശ്വാസങ്ങളുടെ തരം

വിശ്വാസങ്ങളെ അവയുടെ പ്രയോജനത്തെ അടിസ്ഥാനമാക്കി മൂന്ന് വിഭാഗങ്ങളായി തിരിക്കാം:

ഗുണകരമായ വിശ്വാസങ്ങൾ – വ്യക്തിയെയും സമൂഹത്തെയും ഉയർത്തുന്നവ. ഇവ തുറന്ന മനസ്സോടെ സ്വീകരിക്കാം.

ദോഷകരമായ വിശ്വാസങ്ങൾ – മനുഷ്യനെ പീഡിപ്പിക്കുന്നതും വളർച്ച തടയുന്നതും. ഇവ ഉപേക്ഷിക്കണം.

നിരുപദ്രവകരമായ വിശ്വാസങ്ങൾ –  വിശ്വസിച്ചാലും ഇല്ലെങ്കിലും കാര്യമായ ഗുണമോ ദോഷമോ ഇല്ലാത്തവ. ഇവ അവഗണിക്കാം.


 ഉദാഹരണത്തിന്, രണ്ടായിരത്തിൽ ലോകം അവസാനിക്കും എന്ന വിശ്വാസത്തിന്റെ കാര്യമെടുക്കാം. 

 മനുഷ്യരെ ഭയപ്പെടുത്തി തിന്മകൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാം എന്നൊരു ഗുണം അതിൽ പലരും കണ്ടേക്കാം. ലോകം അവസാനിക്കാൻ പോകുന്നു എന്നുള്ളതുകൊണ്ട് ജീവിക്കാനുള്ള ആശ നഷ്ടപ്പെടും എന്ന ദോഷം അതിനുണ്ട് എന്ന് പലരും വാദിച്ചേക്കാം. വെറുമൊരു വിശ്വാസമായി മാത്രം അതിനെ കാണുന്നവർ നിരുപദ്രവകരം എന്ന് കണ്ട് അതിനെ അവഗണിക്കുകയാണ് ചെയ്തത്.


5. മതങ്ങളിലെ വിശ്വാസപ്രമാണങ്ങൾ

യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിൽ വിശ്വാസപ്രമാണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവയിൽപ്പെട്ടവർ അത് വിശ്വസിക്കേണ്ടത് ഒരു ബാധ്യതയായി കാണുന്നു.
ഇത്തരം സ്ഥിരം വിശ്വാസങ്ങൾ അറിവിലേക്കുള്ള പടിയായി മാറാറില്ല; അവ സത്യാന്വേഷണത്തെ തടയുന്നു.


6. തിയോളജിയുടെ പങ്ക്

നമ്മുടെ ഇപ്പോഴത്തെ ലോക വീക്ഷണം നൂറ്റാണ്ടുകളായി രൂപപ്പെട്ട വിശ്വാസങ്ങളുടെ ഫലമാണ്.
ഈ വിശ്വാസങ്ങൾ എങ്ങനെ ഉണ്ടായി, വളർന്നു, മനുഷ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു — ഇവയെക്കുറിച്ചാണ് തിയോളജി എന്ന പഠനശാഖ പഠിക്കുന്നത്. പ്രത്യേകിച്ച് ദൈവവുമായി ബന്ധപ്പെട്ടു മനുഷ്യൻ രൂപപ്പെടുത്തിയ വിശ്വാസങ്ങളാണ് തിയോളജിയുടെ പ്രഥമ പഠനവിഷയം.

 പൊതുവിദ്യാഭ്യാസ ഇടങ്ങളിൽ മതാതീത പഠനമാണ് നടക്കാറുള്ളത്. 

 എന്നാൽ ഒരു വിശ്വാസ സമൂഹം അതിന്റെ വിശ്വാസങ്ങളെ ന്യായീകരിക്കാൻ വേണ്ടി നടത്തുന്ന പഠനങ്ങളെയും തിയോളജി എന്ന് വിളിക്കാറുണ്ട്.



Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും