ആഹ്ലാദം ഉത്പാദിപ്പിക്കുന്ന ആഘോഷം
ബൈബിൾ സൊസൈറ്റിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തു കൊണ്ട് ചെയ്ത പ്രഭാഷണം. 2025
അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു;
ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;
ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു.
10 അവിടുന്ന് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു ;
അവിടുന്ന് അതിന്റെ കട്ട ഉടച്ച് നിരത്തുന്നു;
മഴയാൽ അവിടുന്ന് അതിനെ കുതിർക്കുന്നു;
അതിലെ മുളയെ അവിടുന്ന് അനുഗ്രഹിക്കുന്നു.
11 അങ്ങ് സംവത്സരത്തെ അങ്ങയുടെ നന്മകൊണ്ട് അലങ്കരിക്കുന്നു;
അങ്ങയുടെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു;
കുന്നുകൾ ഉല്ലാസം ധരിക്കുന്നു.
13 മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു;
താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു;
അവ ആർക്കുകയും പാടുകയും ചെയ്യുന്നു.
സങ്കീ 65: 9-13
ഇന്നേക്ക് 3000 വർഷങ്ങൾക്കു മുമ്പ് ആളുകൾ പാടിയിരുന്ന ഒരു ഗാനമാണിത്. നാം അത് ഗദ്യമായി വായിക്കുകയാണ് ചെയ്തത്. എന്നാൽ അത് രചിക്കപ്പെട്ടത് ഒരു ഗാനമായാണ്. സങ്കീർത്തനങ്ങൾ അവർ പാടിയിരുന്ന സ്തുതിഗീതങ്ങളാണ്. അവ പരിഭാഷപ്പെടുത്തി നമ്മുടെ ഭാഷകളിലെത്തിയപ്പോഴാണ് അവ ഗദ്യമായി മാറിയത്. ഗദ്യം ചിന്തയുടെ ഭാഷയാണ്, എന്നാൽ ഗാനം ഹൃദയത്തിൽ നിന്നും ഉയരുന്ന ധ്യാനത്തിന്റെ ഭാഷയാണ്.
ഈ സങ്കീർത്തനം ഒരു ഓണപ്പാട്ട് ആണ്. യേശുവിനും 3000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ നാട്ടിൽ എഴുതപ്പെട്ട ഈ ഗാനം ഓണപ്പാട്ടായിരുന്നു എന്ന് എങ്ങനെ പറയാം? ഓണം നമ്മുടെ കേരളത്തിൽ മാത്രമുള്ള ഒരു ആഘോഷമല്ലേ? ഇങ്ങനെ ഒരു ചോദ്യം സ്വാഭാവികമായി നമ്മുടെയൊക്കെ മനസ്സുകളിൽ ഉയരാം.
വാസ്തവത്തിൽ ഈ ആഘോഷം ലോകമെങ്ങും ഉള്ളതാണ്. ഇത് തുടങ്ങിയിട്ട് ഏതാണ്ട് 10000 വർഷങ്ങളായി. എന്നാൽ വിവിധ പ്രദേശങ്ങളിൽ, കാലങ്ങളിൽ ഈ ആഘോഷം വിവിധ പേരുകളിലാണ് അറിയപ്പെട്ടിട്ടുള്ളത്.
നല്ല വിളവു കിട്ടുമ്പോൾ മനുഷ്യർ ഒന്നിച്ചുകൂടി സദ്യ ഒരുക്കി കഴിച്ച്, ആടിയും പാടിയും സന്തോഷം പ്രകടമാക്കിയിരുന്ന വിളവെടുപ്പ് ഉത്സവമാണ് ഇത്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. ഉണക്കും വെള്ളപ്പൊക്കവും പേമാരിയും നിമിത്തം പലപ്പോഴും അവർക്ക് നല്ല വിളവ് കിട്ടിയിരുന്നില്ല. നല്ല വിളവ് കിട്ടുന്നത് ഭാഗ്യമായും ദൈവാനുഗ്രഹമായും കരുതപ്പെട്ടു. അവർ ആടിയും പാടിയും സദ്യ ഒരുക്കിയും സന്തോഷിച്ചു.
തലമുറകൾ കൈമാറി നൂറ്റാണ്ടുകളിലൂടെ മുന്നോട്ടുവന്നപ്പോൾ ഈ ആഘോഷത്തിന് വിവിധ പേരുകൾ ലഭിച്ചു, അതിനെക്കുറിച്ച് വിവിധ കഥകൾ ഉണ്ടായി. നമ്മുടെ നാട്ടിൽ ദീപാവലി, വിഷു, പൊങ്കൽ, ഓണം എന്നിങ്ങനെയുള്ള വിവിധ പേരുകൾ ലഭിച്ചു.
യഹൂദർക്ക് 3 വിളവെടുപ്പ് ഉത്സവങ്ങൾ ഉണ്ടായിരുന്നു-- ബാർലി ഗോതമ്പ് മുന്തിരി എന്നിവ വിളവെടുക്കുന്ന ഉത്സവങ്ങൾ അവരുടെ ഇടയിൽ പെസഹ പെന്തിക്കോസ്തി കൂടാര പെരുന്നാൾ എന്നിങ്ങനെ അറിയപ്പെട്ടു.
അങ്ങനെയുള്ള ആഘോഷ വേളയിൽ അവർ ആലപിച്ചിരുന്ന ഒരു സങ്കീർത്തനം ആണ് ഇന്ന് നാം വായിച്ചുകേട്ടത്. അത് ഏറെ സന്തോഷത്തിന്റെയും നന്ദി പ്രകടനത്തിന്റെയും അവസരമായിരുന്നു. എല്ലാ ആളുകളെയും അതിൽ പങ്കെടുപ്പിച്ചിരുന്നു.
നമ്മുടെ ഈ ലോകം ഒരു വലിയ കൃഷിത്തോട്ടം ആണെന്നും ദൈവം അതിന്റെ കൃഷിക്കാരനാണെന്നും അവർ സങ്കൽപ്പിച്ചു. മനുഷ്യരും മൃഗങ്ങളും ഒക്കെ ദൈവത്തിന്റെ കൃഷിയായി സങ്കല്പിക്കപ്പെട്ടു. ദൈവം തന്റെ കൃഷിക്ക് വെള്ളം നനക്കുന്നതാണ് മഴ.
മിക്കവരും കൃഷി ചെയ്തിരുന്ന ഒരു കാർഷിക സംസ്കാരത്തിലാണ് വിളവെടുപ്പ് ഉത്സവം ഉണ്ടായത്. എന്നാൽ ഇന്ന് ലോകത്തിലുള്ളത് കാർഷികസംസ്കാരം അല്ല. കൃഷിയിൽ ഏർപ്പെടുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. വ്യവസായം, കച്ചവടം, ആരോഗ്യം, വിദ്യാഭ്യാസം, കല എന്നിങ്ങനെ വിവിധ മേഖലകളിൽ ആളുകൾ ഏർപ്പെടുന്നു. വിളവെടുപ്പ് ഉണ്ടെങ്കിലല്ലേ വിളവെടുപ്പിന്റെ സന്തോഷം ഉണ്ടാകു? നല്ല വിളവു കിട്ടുമ്പോൾ അവർക്കുണ്ടായ പോലുള്ള സന്തോഷം ഇന്ന് നമുക്കില്ല. ലോകമെങ്ങും ആവശ്യത്തിന് ആഹാരം കൃഷി ചെയ്ത് ഉണ്ടാക്കുവാനുള്ള സാങ്കേതികവിദ്യ ഇന്ന് മനുഷ്യൻ നേടിയിട്ടുണ്ട്.
അങ്ങനെയെങ്കിൽ ഇന്ന് എന്തിനാണ് നാം വിളവെടുപ്പുത്സവം ആഘോഷിക്കുന്നത്? നമ്മുടെ പൂർവികരുടെ ഒരാഘോഷം വെറും ഒരു ആചാരമായി നാം തുടരുകയാണോ?
നമുക്കിന്ന് വിളവെടുപ്പ് അനുഭവിക്കാൻ കഴിയുന്നില്ലെങ്കിലും ഇതിനെ സന്തോഷത്തിന്റെയും നന്ദി പ്രകടനത്തിന്റെയും ഒരു അവസരമാക്കി നമുക്ക് ആഘോഷിക്കാവുന്നതാണ്. പരിചയക്കാരായ രണ്ട് ആളുകൾ ഒന്നിച്ചു കണ്ടുമുട്ടുമ്പോൾ തന്നെ എന്ത് സന്തോഷമാണ്! അങ്ങനെയാണെങ്കിൽ ഒരു സമൂഹം മുഴുവനും ഒന്നിച്ചു കൂടുമ്പോൾ എന്തുമാത്രം സന്തോഷം ഉണ്ടാകും!
എന്താണ് സന്തോഷത്തിന്റെ പ്രാധാന്യമെന്ന് നാം അറിയേണ്ടതുണ്ട്. ആഹാരവും വസ്ത്രവും കിടപ്പാടവും ഒക്കെയാണ് നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ എന്ന് നാം പറയാറുണ്ട്. എന്നാൽ അവയെക്കാളൊക്കെ അടിസ്ഥാനപരമായ ഒരു ആവശ്യമാണ് സന്തോഷം. കാരണം സന്തോഷം ഉണ്ടെങ്കിലേ നമുക്ക് ജീവിക്കാൻ തോന്നു. സന്തോഷമില്ലെങ്കിൽ പിന്നെ നമുക്കുള്ളത് വിഷാദമാണ്. വിഷാദം ആത്മഹത്യയിലേക്ക് മനുഷ്യനെ നയിക്കുന്നു.
സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു;
തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. സദൃശ 17:22.
മുടിയനായ പുത്രന് എല്ലാ നഷ്ടപ്പെടുകയും പന്നിക്ക് കൊടുക്കുന്ന ആഹാരം പോലും കിട്ടാതെ ആവുകയും ചെയ്തപ്പോൾ അവന് വല്ലാത്ത വിഷാദം ഉണ്ടായി എന്ന് നമുക്ക് സങ്കൽപ്പിക്കാം. തന്റെ മുന്നോട്ടുള്ള വഴികൾ അടഞ്ഞു, ജീവിതം അർത്ഥമില്ലാത്തതായി, ജീവിക്കാൻ മാർഗമില്ലാത്തതായി. അപ്പോൾ അവൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു കാണും. ആ നിമിഷത്തിലാണ് ഒരു വഴി അവന്റെ മുമ്പിൽ തുറന്നു വന്നത് -- തന്റെ അപ്പന്റെ വീട്ടിൽ ഒരു കൂലിക്കാരൻ ആയി നിൽക്കുക. പശ്ചാത്താപ ഹൃദയത്തോടെ അവൻ അപ്പനെ കണ്ട് മുട്ടുന്നു. ആ കണ്ടുമുട്ടൽ എന്ത് സന്തോഷകരമായിരുന്നു!
നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആത്മഹത്യ ചെയ്തു എന്ന് കേട്ടാൽ നമുക്ക് അത് എത്ര ദുഃഖം ഉണ്ടാക്കും! നമ്മുടെ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയും നമുക്ക് എപ്പോഴും നിരീക്ഷിക്കാം. അവരുടെ ആരുടെയെങ്കിലും മുഖത്ത് വിഷാദഭാവം ഉണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കാം. പലപ്പോഴും നമ്മുടെ ഒരു പുഞ്ചിരിക്ക് അവരെ വിഷാദത്തിൽ നിന്ന് കരകയറ്റാൻ സാധിക്കും. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ദിവസവും 25 പേർ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്.
നമുക്ക് നമ്മെത്തന്നെ വിഷാദത്തിൽ അകപ്പെട്ടു പോകാതെ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. എപ്പോഴും സന്തോഷിപ്പിൻ എന്ന പൗലോസ് അപ്പോസ്തോലൻ പറയുന്നത് അതുകൊണ്ടാണ്. സന്തോഷം ഉണ്ടെങ്കിലേ നമുക്ക് ജീവനും ജീവിതവും ഉള്ളൂ. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സിൽ സന്തോഷമുണ്ട് എന്ന് ഉറപ്പാക്കാം. ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പായി മനസ്സ് നിറയെ സന്തോഷം ഉണ്ട് എന്ന് ഉറപ്പിക്കാം. എന്റെ ഉള്ളമേ നീ ദൈവത്തെ നോക്കി മൗനമായിരിക്ക എന്ന് സങ്കീർത്തനക്കാരൻ പാടുന്നുണ്ട്. മനസ്സിൽ ചിന്തകൾ ഒന്നുമില്ലാതെ ദൈവം തമ്പുരാന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നതാണ് മനസ്സിൽ സന്തോഷം നിറയ്ക്കുവാനുള്ള ഉപാധി.
നമ്മുടെ ഈ ഓണാഘോഷം നമുക്കും നമ്മുടെ ബന്ധുമിത്രാദികൾക്കും സന്തോഷദായകമാകട്ടെ! നമ്മുടെ നാട് മുഴുവനും സന്തോഷിക്കട്ടെ!
Comments