ഒരു സഭാതീത വേദപഠന പരീക്ഷണം
പുതിയൊരു മരുന്ന് പൊതുജനങ്ങൾക്ക് നൽകുന്നതിന് മുമ്പ്, ആദ്യം കുറച്ചുപേരിൽ പരീക്ഷിക്കാറുണ്ട്. അതിന്റെ ഗുണഫലങ്ങളും പാർശ്വഫലങ്ങളും പരിശോധിച്ച ശേഷം മാത്രമേ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയുള്ളു. ചെറിയൊരു കൂട്ടത്തിൽ പരീക്ഷിച്ച് ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, പിന്നീട് അത് വിശാല സമൂഹത്തിനും ലഭ്യമാക്കും.
വരൂ കീർത്തിക്കാം സർവേശനെ എന്ന ബൈബിൾ പഠനപരിപാടി ഇതുപോലെ ഒരു പരീക്ഷണമാണ്. കഴിഞ്ഞ അഞ്ചുവർഷമായി നാം ഈ പരീക്ഷണം നടത്തുന്നു. വിവിധ സഭകളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് ചേർന്ന്, വിശ്വാസ വൈവിധ്യങ്ങളുടെ മതിൽക്കെട്ടുകൾക്കപ്പുറം, ഒരുമിച്ച് ബൈബിൾ പഠിക്കുന്നു. സാധാരണയായി നടക്കുന്ന പഠനരീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇതിൽ പിന്തുടരുന്നത്. വേദഭാഗങ്ങളുടെ ഉള്ളടക്കവും അവ രചിക്കപ്പെട്ട സാഹചര്യവും മാത്രം പഠനവിഷയമാക്കുന്നു. ബൈബിളിനെ കുറിച്ചും ബൈബിളിൽ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെക്കുറിച്ചും ഉള്ള വിശ്വാസങ്ങൾ മനപ്പൂർവ്വം ഒഴിവാക്കുന്നു.
വിവിധ സഭകളിൽ ജനിച്ചു വളർന്ന നമുക്ക് ബൈബിൾ അടിസ്ഥാന പ്രാമാണിക ഗ്രന്ഥമാണ്. എങ്കിലും അതിനെക്കുറിച്ചുള്ള വിശ്വാസങ്ങളും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളും നമ്മെ വേർതിരിക്കുന്നു. ഓരോ കൂട്ടരും അവരവരുടെ വിശ്വാസങ്ങൾ ന്യായീകരിക്കുവാൻ വേണ്ടി ബൈബിൾ ഉപയോഗിക്കുന്നു.
ഇവിടെ, ഈ പഠനവേദിയിൽ, നാം നമ്മുടെ വിശ്വാസങ്ങളെല്ലാം മാറ്റിവയ്ക്കുന്നു. ബൈബിളിനെ കുറിച്ച് രണ്ട് കാര്യങ്ങൾ മാത്രം നാം തുറന്ന മനസ്സോടെ അന്വേഷിക്കുന്നു: അതിന്റെ ഉള്ളടക്കം, അത് രചിക്കപ്പെട്ട സാഹചര്യം.
നമുക്കെല്ലാം ഒരേ ബൈബിൾ ആണുള്ളത്, നമുക്കെല്ലാം ഒരേ യേശു ആണുള്ളത്. എന്നാൽ ബൈബിളിനെക്കുറിച്ചും യേശുവിനെക്കുറിച്ചും ഉള്ള നമ്മുടെ വിശ്വാസങ്ങൾ നമ്മെ വിവിധ ചേരികളിൽ നിർത്തുന്നു. നമുക്ക് ഒന്നിച്ചു പോകണമെങ്കിൽ നമ്മുടെ വിശ്വാസങ്ങൾ തൽക്കാലത്തേക്ക് മാറ്റിവയ്ക്കുകയല്ലാതെ വേറെ നിർവാഹമില്ല. നമ്മുടെ വിശ്വാസങ്ങൾ ഉപേക്ഷിക്കണം എന്നല്ല ഇവിടെ പറയുന്നത്. നാം ബൈബിൾ പഠിക്കാൻ വേണ്ടി ഒന്നിച്ചു കൂടുമ്പോൾ നമുക്ക് നമ്മുടെ വിശ്വാസങ്ങൾ മാറ്റിവയ്ക്കാം എന്നുമാത്രം.
ഈ മാതൃക ഫലപ്രദവും അനുഗ്രഹീതവുമാണ് എന്ന് ഈ പരീക്ഷണം തെളിയിച്ചു. വ്യക്തികളുടെ ആത്മീയജീവിതത്തിലും സമൂഹത്തിന്റെ ഐക്യത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് നാം നേരിട്ട് അനുഭവിച്ചു. നമ്മുടെ സഭാ വ്യത്യാസങ്ങളെല്ലാം വിസ്മരിച്ചുകൊണ്ട് ഒരുമിച്ച് നിന്ന് ഈ പഠനത്തിൽ ഏർപ്പെടുവാൻ നമുക്ക് സാധിക്കുന്നു.
ഇപ്പോൾ ഈ പരീക്ഷണത്തിന്റെ ഫലങ്ങൾ പൊതുസമൂഹവുമായി പങ്കിടാനുള്ള സമയമായി. ചെറിയൊരു സമൂഹത്തിൽ വിജയകരമായി നടപ്പാക്കിയ ഈ രീതി വലിയ സമൂഹങ്ങളിലും വിജയകരമായി നടപ്പാക്കാം. അതുവഴി സഭകൾ തമ്മിലുള്ള ഭിന്നതകൾക്കപ്പുറം, എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു പഠനപരിപാടിയായി ഇത് മാറ്റാൻ കഴിയും.
Comments