അറിയാൻ വേണ്ടിയുള്ള വായന
ഒരു വായന കൂട്ടായ്മയിൽ പങ്കെടുത്തവർ, തങ്ങൾ പോയ മാസം വായിച്ച പുസ്തകങ്ങൾ പരസ്പരം പരിചയപ്പെടുത്തുകയായിരുന്നു. അവരിൽ ഒരാൾ വായിച്ച പുസ്തകം ഇങ്ങനെ പരിചയപ്പെടുത്തി: “ഞാൻ കഴിഞ്ഞയാഴ്ച മർക്കോസിന്റെ സുവിശേഷം വായിച്ചു.” അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്കവരും അത്ഭുതത്തോടെ അയാളെ നോക്കി. ബൈബിളിന്റെ ഭാഗമായ ഒരു ഗ്രന്ഥം, മറ്റേതെങ്കിലും പുസ്തകത്തെപ്പോലെ, വായിച്ച് പരിചയപ്പെടുത്താനാവും എന്ന് അവർക്ക് സങ്കൽപ്പിക്കാനാവുമായിരുന്നില്ല.
ആളുകൾ സാധാരണയായി ബൈബിൾ മൂന്നു വിധത്തിൽ വായിക്കുന്നു:
1. അനുഷ്ഠാന വായന
2. വിശ്വാസന്യായീകരണ വായന
3. അറിയാനുള്ള വായന
അനുഷ്ഠാന വായന
ദേവാലയത്തിലും വീടുകളിലും ആരാധനയുടെ ഭാഗമായി ബൈബിൾ വായിക്കുന്നു. പഴയകാലത്ത്, ജനങ്ങളിൽ ഭൂരിഭാഗത്തിനും വായിക്കാനും എഴുതാനും അറിയാതിരുന്നപ്പോൾ ദേവാലയത്തിലെ വായന മാത്രമായിരുന്നു അവർക്ക് അറിവിന്റെ ഉറവിടം. പിന്നീട് അച്ചടിയും പൊതുവായ സാക്ഷരതയും വന്നതോടെ സ്ഥിതിഗതികൾ മാറി. എങ്കിലും ആരാധനയുടെ ഭാഗമായുള്ള അനുഷ്ഠാന വായന ഇന്നും തുടരുന്നു.
വിശ്വാസ ന്യായീകരണ വായന
ലോകത്തിൽ ഇത്രയധികം സഭകൾ ഉണ്ടായത്, ബൈബിൾ വിവിധവിധത്തിൽ വ്യാഖ്യാനിച്ചതിനാലാണ്. ഓരോ സഭയും തങ്ങളുടെ വിശ്വാസത്തെ ശരിവയ്ക്കാനായി വേദപുസ്തകം വായിക്കുന്നു. ഉദാഹരണത്തിന്, ശിശുസ്നാനം വേണമെന്ന് കരുതുന്നവർക്ക് അതിന് തെളിവുകൾ ബൈബിളിൽ കാണാം; അതിനെതിരെ മുതിർന്നവരുടെ സ്നാനമാണ് ശരിയെന്ന് വിശ്വസിക്കുന്നവർക്കും ബൈബിളിൽ തന്നെ തെളിവുണ്ട്. അങ്ങനെ, ഓരോ കൂട്ടരും സ്വന്തം കണ്ണാടി ഉപയോഗിച്ചുകൊണ്ടാണ് വേദപുസ്തകം വായിക്കുന്നത്.
അറിയാനുള്ള വായന
മുകളിൽ പറഞ്ഞ രണ്ടു വായനകളിൽ നിന്നും വ്യത്യസ്തമായി, മറ്റ് ഗ്രന്ഥങ്ങൾ വായിക്കുന്നതുപോലെ ബൈബിളും അറിവ് നേടാൻ വേണ്ടി വായിക്കാൻ കഴിയും.
എന്താണ് ഇതിന്റെ ഉള്ളടക്കം?
ആര് എഴുതി?
എപ്പോൾ?
എവിടെ?
ആര് വായിക്കാൻ ഉദ്ദേശിച്ചാണ് എഴുതിയത്? എന്തിനാണ് എഴുതിയത്?
—ഇതെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അതിന്റെ ഉള്ളടക്കവും അത് എഴുതപ്പെട്ട സാഹചര്യവും.
‘വരൂ കീർത്തിക്കാം സർവ്വേശനെ’
ഈ സമീപനത്തോടെയാണ് “വരൂ കീർത്തിക്കാം സർവ്വേശനെ” എന്ന ഓൺലൈൻ പഠനവേദി കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചുവരുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് തുടങ്ങിയ ഇത് ഇന്ന് 350-ലധികം പേർ പങ്കെടുക്കുന്ന ഒന്നായി വളർന്നിരിയ്ക്കുന്നു. വിവിധ സഭകളിൽ നിന്നുള്ളവർ ഒന്നിച്ചുകൂടി സങ്കീർത്തനങ്ങളും ബൈബിൾകഥകളും പഠിക്കുകയും ആലപിക്കുകയും ചെയ്യുന്നു.
ഈ പഠനവേദിയിൽ പാഠഭാഗത്തെ പറ്റി ചോദിക്കുന്നതു രണ്ടു കാര്യങ്ങൾ മാത്രം:
1.ഉള്ളടക്കം എന്താണ്?
2.അത് എഴുതപ്പെട്ട സാഹചര്യം എന്തായിരുന്നു?
സഭകൾ തമ്മിൽ കലഹം ഉണ്ടാക്കുന്ന വിശ്വാസ വിഷയങ്ങളിലേക്ക് ഈ പഠനം കടക്കുന്നില്ല.
സഭകൾക്കും അവയുടെ വേദവ്യാഖ്യാനങ്ങൾക്കും അതീതമായ ഒരു നിലപാടാണ് ഈ പഠനവേദിയിൽ സ്വീകരിച്ചിരിക്കുന്നത്.
ഫലങ്ങൾ
അതിന്റെ ഫലമായി, വിവിധ സഭകളിൽ നിന്നുള്ളവർക്ക് സമാധാനപൂർവ്വം ഒരുമിച്ച് പഠിക്കാനാവുന്നു. “ഏത് സഭയാണ് നല്ലത്?”, “ഏത് വിശ്വാസമാണ് ശരി?”—ഇങ്ങനെയുള്ള ചോദ്യങ്ങൾ ഇവിടെ ഉയരുന്നില്ല.
നമ്മുടെ പൂർവികർ നമുക്ക് തന്നിട്ട് പോയ ഒരു അമൂല്യ നിക്ഷേപം എന്ന നിലയിലാണ് ബൈബിളിനെ കാണുന്നത്. അത്, നമ്മുടെ മുൻഗാമികളുടെ ജീവിതത്തെയും ജീവിത വീക്ഷണത്തെയും ദൂരെ നിന്ന് കാണാൻ സഹായിക്കുന്ന ഒരു ദൂരദർശിനിപോലെയാണ്. അവരുടെ ജീവിതം കണ്ടറിയുമ്പോൾ, ഏറെ പ്രയോജനകരമായ പല വിലപ്പെട്ട അറിവുകളും അവിടെ നിന്ന് നാം കണ്ടെത്തുന്നു.
ഭാവിദർശനം
ലോകത്തിലെ എല്ലാ ക്രൈസ്തവസഭകളും ഇത്തരത്തിലുള്ള ഒരു സമീപനം സ്വീകരിക്കുന്നത് നന്നായിരിക്കും. അങ്ങനെ ചെയ്താൽ, ഇന്നുള്ള ഭിന്നതകൾ ഇല്ലാതായി, സഭകൾ വീണ്ടും ഒരുമിച്ച് സമാധാനത്തിലും സഹകരണത്തിലും മുന്നോട്ട് പോകും.
............................................
വരൂ കീർത്തിക്കാം സർവ്വേശനെ എന്ന ഗ്രൂപ്പിന്റെ പ്രവർത്തനം നേരിൽ കാണുവാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Comments