Unto This Last
John Ruskin (1819--1900)
നോവലിസ്റ്റ്, നിരൂപകൻ, ചിത്രകലാകാരൻ എന്നെല്ലാം അറിയപ്പെട്ടിരുന്ന ഗ്രന്ഥകാരൻ ഓക്സ്ഫോർഡിലെ ഫൈൻ ആർട്സ് പ്രൊഫസർ ആയിരുന്നു.
സാമ്പത്തിക നീതിയെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നാല് ലേഖനങ്ങളുടെ സമാഹാരമാണ് Unto This Last. സത്യസന്ധതയും മനുഷ്യത്വവും വിലമതിച്ചാൽ മാത്രമേ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാൻ ആവൂ എന്നതാണ് ഇതിലെ കേന്ദ്ര വിഷയം.
യേശു പറഞ്ഞ ഒരു ഉപമയിൽ നിന്നാണ് ഇതിന്റെ പേര് എടുത്തിരിക്കുന്നത്. പതിനൊന്നാം മണിക്കൂറിൽ എത്തി ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത തൊഴിലാളികൾക്കും 12 മണിക്കൂർ ജോലി ചെയ്ത തൊഴിലാളികൾക്കൊപ്പം അതേ കൂലി കൊടുത്ത ഒരു നല്ല മനുഷ്യന്റെ കഥയാണത്. അവർ എത്ര ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല, അവർക്ക് ജീവിക്കുവാൻ എത്ര പണം വേണം എന്നതിന്റെ അടിസ്ഥാനത്തിൽ അവർക്ക് കൂലി നൽകുന്നു. ഇതുപോലെ മനുഷ്യത്വപരമായ ഒരു സമീപനം നമ്മുടെ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടാകണമെന്ന് അദ്ദേഹം ശക്തിയായി വാദിക്കുന്നു.
മുതലാളിയുടെ ലാഭേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തം. തൊഴിലാളിക്ക് നന്മ ഉണ്ടാകണം എന്ന ആഗ്രഹം അവിടെയില്ല.
ഒരു വർഗ്ഗവിപ്ലവത്തിലൂടെ മുതലാളിത്തത്തെ ഇല്ലാതാക്കാം എന്ന ചിന്തയാണ് മാർക്സിസം. ഇവിടെയാണ് ജോൺ റസ്കിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാകുന്നത്. വിപ്ലവത്തിലൂടെയും സമരത്തിലൂടെയും അല്ല, പരസ്പരം കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യത്വപരമായ സമീപനത്തിലൂടെ മാത്രമേ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാനാവൂ എന്ന് അദ്ദേഹം വാദിച്ചു.
ജോൺ റസ്‌കിന്റെ ഈ കാഴ്ചപ്പാട് മഹാത്മാഗാന്ധിയെ ഏറെ സ്വാധീനിച്ചു. അദ്ദേഹം ആ ചെറുഗ്രന്ഥം ഗുജറാത്തിയിലേക്ക് തർജ്ജമ ചെയ്തു. അദ്ദേഹത്തിന്റെ സർവോദയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായത് ഈ കാഴ്ചപ്പാടായിരുന്നു.
Comments