യഥാർത്ഥ യേശുവിനെ ഒന്ന് കാണാൻ

  ബൈബിളിലെ രണ്ട് കഥാപാത്രങ്ങളോട് എനിക്ക് ഏറെ അടുപ്പം തോന്നിയിട്ടുണ്ട്-- നിക്കൊദീമോസും സഖായിയും. രണ്ടുപേരും യേശുവിനെ ഒന്ന് കാണാൻ ആഗ്രഹിച്ചു. 


നിക്കൊദേമോസിന് യേശുവിനെ കാണാനുള്ള തീവ്രമായ ആഗ്രഹമുണ്ടായി. പകൽവെളിച്ചത്തിൽ അദ്ദേഹത്തിനത് സാധ്യമല്ലായിരുന്നു. ഒരു പ്രമുഖ നേതാവായതിനാൽ, ചോദ്യങ്ങളും ആരോപണങ്ങളും ഭീഷണിയും അദ്ദേഹം ഭയന്നു. എന്നാൽ തന്റെ ഉള്ളിലെ ആഗ്രഹം അത്ര ശക്തമായിരുന്നതിനാൽ അദ്ദേഹം സന്ധ്യ വരെ കാത്തുനിന്ന്, നിഴലുകളിൽ മറഞ്ഞുകൊണ്ട്, തന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു.  


സക്കായിക്കും യേശുവിനെ കാണാനുള്ള അഗാധമായ ആഗ്രഹമുണ്ടായി. കുറുകിയ ശരീരഘടന കാരണം ജനക്കൂട്ടത്തിനപ്പുറം കാണാൻ അയാൾക്ക് കഴിഞ്ഞില്ല. എന്നാൽ ആ ആഗ്രഹസാക്ഷാത്കാരത്തിനായുള്ള അയാളുടെ തീവ്രമായ ദാഹം അയാളെ ഒരു മരത്തിൽ കയറ്റി.  


 ഇരുവർക്കും യേശുവിനെക്കുറിച്ച് ഉണ്ടായിരുന്നത് കേട്ടുകേഴ്വി മാത്രമാണ്. യേശുവിനെക്കുറിച്ച് പലരും പലതും പറയുന്നത് അവർ കേട്ടു. യേശുവിന്റെ യാഥാർത്ഥ്യം ഒന്ന് കണ്ട്, കേട്ട് യഥാർത്ഥമായി അറിയുവാൻ അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അവരുടെ തീവ്രമായ ആഗ്രഹമാണ് തടസ്സങ്ങളെ മറികടക്കുവാൻ അവരെ ശക്തമാക്കിയത്.


 ഈ രണ്ടുപേരോടും എനിക്ക് അടുപ്പം തോന്നിയതിന്റെ കാരണം മറ്റൊന്നുമല്ല-- യേശുവിനെ യഥാർത്ഥമായി അറിയാനുള്ള തീവ്രമായ ആഗ്രഹം എന്റെ ഉള്ളിലും ഉണ്ടായിരുന്നു.  ചെറുപ്പം മുതൽ യേശുവിനെക്കുറിച്ച് പലരിൽ നിന്നും പലതും കേട്ടു. യേശുവിനെ യഥാർത്ഥമായി അറിയാനുള്ള ആഗ്രഹം അവർക്ക് ഉണ്ടായത് പോലെ എനിക്കും ഉണ്ടായി. 


ഇന്ന്, യേശുവിനെ കാണാൻ ശ്രമിക്കുമ്പോൾ, വ്യത്യസ്തമായ ഒരു വെല്ലുവിളി നമുക്കുണ്ട്.


രണ്ടായിരം വർഷത്തെ വിശ്വാസപാരമ്പര്യത്തിൽ വളർന്നവരാണ് നാം. ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രൻ, കന്യകയിൽ ജനിച്ചവൻ, അത്ഭുതങ്ങൾ നടത്തിയവൻ, ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റവൻ, സ്വർഗ്ഗാരോഹണം ചെയ്ത് പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നവൻ-- യേശുവിനെക്കുറിച്ച് നിലവിൽ ഇരിക്കുന്ന വിശ്വാസങ്ങളാണ് ഇവ. ക്രൈസ്തവ വിശ്വാസപ്രമാണത്തിൽ ഈ വിശ്വാസങ്ങൾ നാം ദിനംപ്രതി ആവർത്തിക്കുന്നു.  


എന്നാൽ വിരോധാഭാസമെന്നോണം, ഈ വിശ്വാസങ്ങൾ തന്നെ യഥാർത്ഥ യേശുവിനും നമുക്കും ഇടയിൽ ഒരു കൂറ്റൻ മതിൽ പണിതുയർത്തുന്നു. 


യേശുവിനെ ജീവനോടെ കണ്ടവരിൽ പലർക്കും യേശുവിനെക്കുറിച്ച് ഇതുപോലെയുള്ള വിശ്വാസങ്ങൾ ഉണ്ടായിരുന്നു. ചിലർ യേശുവിനെക്കുറിച്ച് ഏലിയാ മടങ്ങി വന്നതാണെന്നും മറ്റുചിലർ യോഹന്നാൻ സ്നാപകന്റെ പുനരവതാരം എന്നും വിശ്വസിച്ചു. ചിലർ യേശുവിൽ വാഗ്ദത്ത മിശിഹായെ കണ്ടു. എന്നാൽ യേശു ഈ വിശ്വാസങ്ങളൊന്നും പ്രോത്സാഹിപ്പിച്ചില്ല. യേശുവിനെക്കുറിച്ചുള്ള ലേബലുകൾ—അത് പ്രശംസനീയമാണെങ്കിൽപ്പോലും— തന്റെ സത്യസന്ദേശത്തെ വികൃതമാക്കുമെന്ന് യേശു അറിഞ്ഞിരുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള തന്റെ ഉപദേശങ്ങൾ മനസ്സിലാക്കുന്നതിന്, മുൻവിധികൾ തടസ്സമാകുമെന്ന് അറിഞ്ഞിരുന്നു.  


യേശുവിന്റെ അടുക്കൽ അമ്മമാർക്കൊപ്പം വന്ന കുട്ടികൾ ഒരു മുൻവിധിയും ഇല്ലാതെ യേശുവിനെ കണ്ടു. അവർക്ക് ദൈവത്വത്തെക്കുറിച്ചോ ഉപദേശങ്ങളെക്കുറിച്ചോ ചോദ്യങ്ങളില്ലായിരുന്നു; ദൈവസ്നേഹത്തെ കണ്ടുമുട്ടിയപ്പോൾ അത് അവർ തിരിച്ചറിഞ്ഞു. ശിശുക്കളെപ്പോലെ യേശുവിനെ കാണാൻ സന്മനസ്സുള്ളവരാണ് യേശുവിന്റെ അടുക്കൽ വന്നതും യേശുവിന്റെ ശിഷ്യന്മാരായതും. അവരെപ്പോലെ, നാമും നൂറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത വ്യാഖ്യാനങ്ങളുടെ കട്ടിയായ പാളികൾ ഉപേക്ഷിച്ച് ഒരു കുട്ടിയുടെ നിർമ്മലമായ മനസ്സോടെ യേശുവിനെ അന്വേഷിക്കേണ്ടതുണ്ട്.  


യേശുവിനെ യേശുവായി തന്നെ കാണാൻ, യേശുവിനെക്കുറിച്ച് നാം പഠിച്ച വിശ്വാസങ്ങളെല്ലാം മാറ്റിവെക്കണം. ഇത് ആർക്കും എളുപ്പമല്ല. രണ്ടായിരം വർഷത്തെ പാരമ്പര്യം ഒരു പർവ്വതം പോലെ പ്രതിബന്ധമായി നിൽക്കുന്നു. 


 ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിന്ന് പിന്നോക്കം നോക്കി യേശുവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. യേശു ജീവിച്ച കാലത്തേക്ക്, സ്ഥലത്തേക്ക് നമ്മുടെ സങ്കല്പത്തിൽ പോയിട്ട്, അവിടെ ജീവിച്ചുകൊണ്ട് യേശുവിനെ കാണാൻ ശ്രമിക്കുകയാണ് വേണ്ടത്. 


നമ്മുടെ ആഗ്രഹം തീവ്രമാണെങ്കിൽ, നാം യേശുവിനെ കുറിച്ച് കേട്ടതെല്ലാം മാറ്റിവയ്ക്കാൻ തയ്യാറാവുകയും യഥാർത്ഥ യേശുവിനെ കണ്ടെത്തുകയും ചെയ്യും. 


Comments

githin said…
Global view.chilhood Sincerity is important whether any symbol.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും

അറിവിനെ അറിയാം