യഥാർത്ഥ യേശുവിനെ ഒന്ന് കാണാൻ
ബൈബിളിലെ രണ്ട് കഥാപാത്രങ്ങളോട് എനിക്ക് ഏറെ അടുപ്പം തോന്നിയിട്ടുണ്ട്-- നിക്കൊദീമോസും സഖായിയും. രണ്ടുപേരും യേശുവിനെ ഒന്ന് കാണാൻ ആഗ്രഹിച്ചു. നിക്കൊദേമോസിന് യേശുവിനെ കാണാനുള്ള തീവ്രമായ ആഗ്രഹമുണ്ടായി. പകൽവെളിച്ചത്തിൽ അദ്ദേഹത്തിനത് സാധ്യമല്ലായിരുന്നു. ഒരു പ്രമുഖ നേതാവായതിനാൽ, ചോദ്യങ്ങളും ആരോപണങ്ങളും ഭീഷണിയും അദ്ദേഹം ഭയന്നു. എന്നാൽ തന്റെ ഉള്ളിലെ ആഗ്രഹം അത്ര ശക്തമായിരുന്നതിനാൽ അദ്ദേഹം സന്ധ്യ വരെ കാത്തുനിന്ന്, നിഴലുകളിൽ മറഞ്ഞുകൊണ്ട്, തന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു. സക്കായിക്കും യേശുവിനെ കാണാനുള്ള അഗാധമായ ആഗ്രഹമുണ്ടായി. കുറുകിയ ശരീരഘടന കാരണം ജനക്കൂട്ടത്തിനപ്പുറം കാണാൻ അയാൾക്ക് കഴിഞ്ഞില്ല. എന്നാൽ ആ ആഗ്രഹസാക്ഷാത്കാരത്തിനായുള്ള അയാളുടെ തീവ്രമായ ദാഹം അയാളെ ഒരു മരത്തിൽ കയറ്റി. ഇരുവർക്കും യേശുവിനെക്കുറിച്ച് ഉണ്ടായിരുന്നത് കേട്ടുകേഴ്വി മാത്രമാണ്. യേശുവിനെക്കുറിച്ച് പലരും പലതും പറയുന്നത് അവർ കേട്ടു. യേശുവിന്റെ യാഥാർത്ഥ്യം ഒന്ന് കണ്ട്, കേട്ട് യഥാർത്ഥമായി അറിയുവാൻ അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അവരുടെ തീവ്രമായ ആഗ്രഹമാണ് തടസ്സങ്ങളെ മറികടക്കുവാൻ അവരെ ശക്തമാക്കി...