പാപത്തെക്കുറിച്ചുള്ള ക്രൈസ്തവസങ്കല്പം
ഉള്ളടക്കം
- എന്താണ് പാപം?
- എന്തുകൊണ്ട് നാം പാപം ചെയ്യുന്നു?
- ആരാണ് പാപം ചെയ്യുന്നത്?
- എന്താണ് പാപത്തിന്റെ ഫലം?
- എങ്ങനെ പാപത്തെ നമുക്ക് ജയിക്കാം?
- എങ്ങനെ പാപത്തെ കാണണം?
തിന്മ ഒരു ദൈനംദിന യാഥാർത്ഥ്യമാണ്. നമുക്ക് ചുറ്റും മാത്രമല്ല, നമ്മുടെ ഉള്ളിലും നാം അത് അനുഭവിക്കുന്നു. മനുഷ്യജാതി അതിന്റെ അസ്തിത്വത്തിന്റെ തുടക്കം മുതൽക്കേ തിന്മയുടെ പ്രശ്നം അറിഞ്ഞിരുന്നു, പരിഹരിക്കാനാവാത്ത ഒരു പ്രശനമായി അത് ഇന്നും തുടരുന്നു. വിവിധ കോണുകളിൽ നിന്ന് നോക്കി അതിനെക്കുറിച്ച് നമുക്ക് നിരവധി ചോദ്യങ്ങൾ ചോദിക്കാം — എന്ത്, എന്തുകൊണ്ട്, ആര്, എങ്ങനെ എന്നിവ. നമ്മുടെ അന്വേഷണം ക്രൈസ്തവ പാരമ്പര്യത്തിനുള്ളിൽ പരിമിതപ്പെടുത്തുന്നതിനാൽ, തിന്മയെക്കാൾ പാപത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.
എന്താണ് പാപം?
പാപത്തിന്റെ അർത്ഥം തേടുമ്പോൾ, മൂലഭാഷകളായ ഹീബ്രു, ഗ്രീക്ക് എന്നിവയില്‍ ലക്ഷ്യം മാറല്‍ എന്ന അർത്ഥം കണ്ടെത്തുന്നു, അതായത് ആദർശത്തിൽ നിന്ന് വ്യതിചലിക്കൽ. മനുഷ്യന്റെ അസ്തിത്വത്തിന്റെ ആദർശം സ്നേഹത്തിൽ ഐക്യപ്പെട്ട ഒരു അസ്തിത്വമാണ് — നാം തമ്മിൽ, ദൈവവുമായി, പ്രകൃതിയുമായി. ഈ ഐക്യമുള്ള സ്വർഗ്ഗീയ ജീവിതമാണ് ആദംഹവ്വമാര്‍ ഏദൻതോട്ടത്തിൽ അനുഭവിച്ചത്. ഈ ജീവിതം മനസ്സിൽ കണ്ടുകൊണ്ടാവണം യേശു പറഞ്ഞത്, ദൈവത്തെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുകയും സഹജീവികളെ നമ്മെത്തന്നെ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ന്യായപ്രമാണത്തിന്റെ സാരാംശം. ഈ ആദർശത്തിൽ നിന്നുള്ള ഏത് വ്യതിചലനവും പാപമാണ്. നല്ലത്, ശരി, നീതി എന്നീ പദങ്ങൾ ആദർശത്തെ സൂചിപ്പിക്കുന്നു; തിന്മ, ദുഷ്ടത, തെറ്റ്, തെമ്മാടിത്തം, അനീതി, പിഴവ് എന്നീ പദങ്ങൾ ആദർശത്തിൽ നിന്നുള്ള വ്യതിചലനത്തെ സൂചിപ്പിക്കുന്നു.
പാപം ഒരു അമൂർത്ത ആശയമാണ്, അതിനെ മനസ്സിലാക്കാൻ എപ്പോഴും ഉപമകൾ ഉപയോഗിക്കുന്നു. വേദഗ്രന്ഥങ്ങളെഴുതിയവർ പാപത്തെക്കുറിച്ച് സംസാരിക്കാൻ വിവിധ ഉപമകള്‍ ഉപയോഗിക്കുന്നു, ഉദാഹരണത്തിന്
ഒരു ഭാരം (സങ്കീർത്തനം 38:4, മത്തായി 11:28),
ഒരു കറ (യെശയ്യാവ് 1:18, സങ്കീർത്തനം 51:4, എഫെസ്യർ 5:26),
ഒരു കടം (മത്തായി 18:21-35, കൊലൊസ്സ്യർ 2:14),
ഒരു രോഗം, പ്രത്യേകിച്ച് കുഷ്ഠം
ഈ രൂപകങ്ങളെല്ലാം പാപത്തെ ആദർശത്തിൽ നിന്നുള്ള ഒരു വ്യതിചലനമായി കാണിക്കുന്നു. യാതൊരു ഭാരവും ഇല്ലാതെ നേരെയും സ്വതന്ത്രമായും നടക്കുന്നത് ആദർശമാണ്, അതിനാൽ ഒരു ഭാരം വഹിച്ച് നടക്കുന്നത് ആദർശത്തിൽ നിന്നുള്ള വ്യതിചലനമാണ്. ഒരു വൃത്തിയായ തുണി ആദർശമാണ്, അതിനാൽ ഒരു കറയുള്ള തുണി ആദർശത്തിൽ നിന്നുള്ള വ്യതിചലനമാണ്. ആരോഗ്യമുള്ളവനായിരിക്കുക ആദർശമാണ്, അതിനാൽ രോഗിയായിരിക്കുക ആദർശത്തിൽ നിന്നുള്ള വ്യതിചലനമാണ്.
യേശുവിന്റെ കാലത്ത് യഹൂദ സമൂഹത്തിൽ ആചാര നിയമങ്ങൾ ലംഘിക്കുന്നത് പാപമായി കണക്കാക്കപ്പെട്ടിരുന്നു. ശബ്ബത്ത് നിയമങ്ങള്‍, ശുദ്ധീകരണ നിയമങ്ങൾ എന്നിവ ലംഘിക്കുന്നത് പാപമായിരുന്നു. എന്നാൽ യോഹന്നാൻ സ്നാപകനും യേശുവും ആചാര നിയമങ്ങളേക്കാൾ നൈതികനിയമങ്ങൾക്ക് പ്രാധാന്യം നല്‍കി. നൈതിക നിയമങ്ങൾ ആളുകൾ തമ്മിലും, മനുഷ്യരും ദൈവവും തമ്മിലും, മനുഷ്യരും പ്രകൃതിയും തമ്മിലും ഉള്ള ആരോഗ്യമുള്ള ബന്ധം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ആചാരനിയമങ്ങൾ നൈതിക നിയമങ്ങൾക്ക് പിന്തുണ നൽകാൻവേണ്ടി മാത്രമാണ്. നൈതിക നിയമങ്ങൾ കർശനമായി പാലിക്കേണ്ടതാണ് എന്ന് യേശു വ്യക്തമാക്കി (മർക്കൊസ് 9:47).
പാപങ്ങള്‍ ദൃശ്യമോ അദൃശ്യമോ ആകാം. ദൃശ്യമായ പാപ പ്രവൃത്തികൾ പാപമായി തിരിച്ചറിയപ്പെടുന്നു. എന്നാൽ ദൃശ്യമായ പ്രവൃത്തികളുടെ പിന്നിൽ, അദൃശ്യമായ ചിന്തകളും ഉദ്ദേശ്യങ്ങളുമുണ്ട്. കോപത്തിന്റെയും കാമത്തിന്റെയും ചിന്തകൾ പോലും കൊലപാതകത്തിനും വ്യഭിചാരത്തിനും തുല്യമാണെന്നാണ് യേശു വിശദീകരിച്ചത്, (മത്തായി 5:21-48).
യേശു പാപത്തെ നമ്മുടെ നിയന്ത്രണത്തിലുള്ള ഒന്നായി കണ്ടു. എന്നാൽ പിന്നീട് പൗലോസ് പാപത്തെ നമ്മെ നിയന്ത്രിക്കുന്ന ഒന്നായി മനസ്സിലാക്കി, മനുഷ്യജാതിയെ അടിമയാക്കുന്ന ഒരു ദുഷ്ടശക്തിയായി. പാപത്തെ പൗലോസ് ചിത്രീകരിച്ചു. (റോമർ 6:6, 5:21). നമ്മുടെ നിയന്ത്രണത്തിലുള്ള ഒന്നിൽ നിന്ന്, പാപം നമ്മെ നിയന്ത്രിക്കുന്ന ഒന്നായി മാറി. ഈ മാറ്റം സംഭവിച്ചത് എങ്ങനെയെന്ന് കാണം.
ഏതെങ്കിലും പ്രവൃത്തി ആവർത്തിച്ച് ചെയ്യുന്നത് ഒരു ശീലമായി മാറുന്നു. ആദ്യം കുറെ തവണ ഒരു പ്രവൃത്തിക്ക് ബോധമനസ്സിന്റെ പങ്കാളിത്തം ആവശ്യമാണ്. എന്നാൽ അത് ഒരു ശീലമായി മാറുമ്പോൾ, ഉപബോധമനസ്സ് അത് ഏറ്റെടുക്കുന്നു, അത് സ്വയം പ്രവർത്തിക്കുന്നതായി മാറുന്നു. നിങ്ങളുടെ സൈക്കിൾ നീങ്ങാൻ തുടങ്ങിയാൽ, അത് സ്വയം ഒരു അധിക ശക്തിയോടെ വേഗത്തിൽ നീങ്ങുന്നു — അത് ഗതിവേഗം ആര്ജിക്കുന്നു. അതുപോലെ, ഒരു ശീലത്തിന് അതിന്റേതായ ഗതിവേഗമുണ്ട്, അത് നല്ലതോ ചീത്തയോ ആകട്ടെ. ഈ തിരിച്ചറിവോടെയാവണം നമ്മെ അടിമയാക്കുന്ന ഒരു ശക്തിയായി പാപത്തെ മനസ്സിലാക്കിയത്.
ഒരു പ്രത്യേക പാപം ചെയ്യുന്ന ഒരാൾ അതേ പാപം ചെയ്യുന്ന മറ്റുള്ളവരുമായി ചേരുന്നു. അങ്ങനെ പാപം കൂട്ടുകാരുടെ സമ്മർദ്ദത്താൽ കൂടുതൽ ശക്തി നേടുന്നു.
ഒരു പ്രാപഞ്ചിക ദുഷ്ടശക്തി നിലനിൽക്കുന്നു എന്ന്‍ കരുതാം, അത് നമുക്ക് മതിയായ രീതിയിൽ മനസ്സിലാക്കാനോ തൃപ്തികരമായി വിശദീകരിക്കാനോ കഴിയില്ല. ഇത് ഒരുപക്ഷേ എല്ലാ ദുഷ്ടശക്തികളുടെയും ഒരു സംയോജനമാണ്. ഈ ദുഷ്ടശക്തിയെ സാത്താൻ അല്ലെങ്കിൽ പിശാച് എന്ന് വിവിധ പേരുകളില്‍ വിളിക്കുന്നു. മുൻകാല നാഗരികതകൾക്ക് ഈ ശക്തിയെക്കുറിച്ച് മികച്ച അവബോധം ഉണ്ടായിരുന്നു എന്ന്‍ വേണം മനസിലാക്കാന്‍.
തുടക്കത്തില്‍ ഒരു പാപം നമ്മുടെ നിയന്ത്രണത്തിലാണ്, എന്നാൽ അത് ഒരു ശീലമായി മാറുകയും സമാനശീലമുള്ള മറ്റുള്ളവരുമായി ചേരുകയും ചെയ്യുമ്പോൾ, അത് നമ്മെ നിയന്ത്രിക്കുന്നു. അതിന്മേല്‍ നിയന്ത്രണം നഷ്ടപ്പെടുകയും അതിനാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുമ്പോൾ, അതിനെ അതിജീവിക്കുവാന്‍ അത്ര എളുപ്പമല്ല.
യേശുവിന്റെ കാലത്ത്, സാത്താൻ ലോകത്തെ ഭരിക്കുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്നു, പാപം ചെയ്യുന്നവർ സാത്താനെ അനുസരിക്കുന്നവരാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. സാത്താനെന്ന ഫറവോയുടെ അടിമത്തത്തിൽ നിന്ന് മനുഷ്യരെ വിമോചിപ്പിക്കുന്ന ഒരു പുതിയ മോശയായി യേശുവിനെ സുവിശേഷങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. നമ്മെ നിയന്ത്രിക്കുന്നതും മരണത്തിലേക്ക് നയിക്കുന്നതുമായ ഒരു ശക്തമായ ദുഷ്ടശക്തിയായി പൌലോസ് പാപത്തെ അവതരിപ്പിക്കുമ്പോൾ, പാപവും സാത്താനും പര്യായങ്ങളായി തോന്നും. ഈ ദുഷ്ടശക്തിയെ എതിർക്കാൻ നമുക്ക് ദൈവത്തിൽ നിന്നുള്ള ഒരു ദിവ്യശക്തി ആവശ്യമാണ്, അതിനെ പൗലോസ് കൃപ എന്ന് വിളിച്ചു. പാപം നമ്മെ മരണത്തിലേക്ക് നയിക്കുന്നുവെങ്കിൽ, കൃപ നമ്മെ നിത്യജീവനിലേയ്ക്ക് നയിക്കുന്നു. (റോമർ 5:21).
പൗലോസിനെ പിന്തുടർന്ന്, ക്രൈസ്തവീകത നമ്മെ നിയന്ത്രിക്കുന്ന പാപത്തിന് കൂടുതൽ ഊന്നൽ നൽകി, നമുക്ക് നിയന്ത്രിക്കാവുന്ന പാപം അവഗണിക്കപ്പെട്ടു. തല്‍ഫലമായി എല്ലാ മനുഷ്യരും പാപികളായി, പാപം അഥവാ സാത്താന്‍ എന്ന ദുഷ്ടശക്തിയുടെ പിടിയിൽ ജനിക്കുന്നുവെന്ന് വിശ്വസിക്കപ്പെട്ടു. ഇത് ഇസ്രായേല്യരുടെ ഈജിപ്തിലെ അടിമത്തവുമായി ബന്ധപ്പെടുത്തി മനസിലാക്കി. ഓരോ മനുഷ്യനും ഈ ദുഷ്ടശക്തിയുടെ പിടിയിലാണ് ജനിക്കുന്നത്. ആർക്കും സ്വന്തം പ്രയത്നത്താൽ പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല എന്ന്‍ വിശ്വസിക്കപ്പെട്ടു.
എന്തുകൊണ്ട് നാം പാപം ചെയ്യുന്നു?
പാപത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി അനുമാനങ്ങൾ ഉണ്ടായിട്ടുണ്ട്.
1. പൌരാണികകാലം മുതല്‍ നിലവിലിരിക്കുന്ന ലളിതമായ ഒരു അനുമാനം ഇങ്ങനെയാണ്: ലോകം ദ്രവ്യവും ആത്മാവും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ ദ്രവ്യം തിന്മയുടെ ഉറവിടമാണ്, ആത്മാവ് നന്മയുടെ ഉറവിടമാണ്. ദ്രവ്യം കൊണ്ട് നിർമ്മിച്ച നമ്മുടെ ശരീരത്തിൽ നിന്ന് മോചിതരായാല്‍ മാത്രമേ നമുക്ക് തിന്മയിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ, അപ്പോൾ നമുക്ക് ഒരു ആത്മീകലോകത്തേക്ക് പറന്നുയരാം.
ഈ അനുമാനം വളരെ ജനപ്രിയവും ശക്തവുമാണെങ്കിലും, നല്ലവനായ ദൈവം സൃഷ്ടിച്ച ലോകം തിന്മയാകാൻ കഴിയില്ലെന്ന വാദം കൊണ്ട് ഇത് നിരാകരിക്കപ്പെട്ടിട്ടുണ്ട്. ഉല്പത്തി ഒന്നാം അദ്ധ്യായം ഈ അനുമാനത്തിന്റെ ഒരു പ്രകടനമാണ്. അതനുസരിച്ച്, ദൈവത്തിന്റെ സൃഷ്ടിയായതിനാൽ മുഴുവൻ ലോകവും നല്ലതാണ്.
2. ഈ പ്രശ്നം പരിഹരിക്കാൻ രണ്ടാമത്തെ ഒരു അനുമാനം ഉണ്ടായി—ലോകം ആദ്യം നല്ലതായി സൃഷ്ടിക്കപ്പെട്ടു, പക്ഷേ പിന്നീട് എങ്ങനെയോ തിന്മയും അതിന്റെ ഭാഗമായി. നമ്മുടെ ചരിത്രത്തിന്റെ തുടക്കത്തിൽ, നല്ലതായ യഥാർത്ഥ അവസ്ഥയിൽ നിന്ന് നമ്മൾ തിന്മയുടെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് പതിച്ചു. ആദംഹവ്വമാരുടെ കഥ ഈ അനുമാനത്തിന്റെ ഒരു പ്രകടനമായി മനസിലാക്കി.
ഹിപ്പോയിലെ അഗസ്റ്റീൻ ഈ സിദ്ധാന്തം വിശദമാക്കി, പാപത്തെക്കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഉത്തരം നൽകി. ആദംഹവ്വമാരുടെ കഥ ഒരു യഥാർത്ഥ ചരിത്രസംഭവമായി അദ്ദേഹം സ്വീകരിച്ചു. പാപത്തെ ലൈംഗികമായി പകരുന്ന ഒരു രോഗമായി അദ്ദേഹം നിർവചിച്ചു, അതിനെ ആദ്യപാപം അഥവാ ജന്മപാപം എന്ന് വിളിച്ചു. അതനുസരിച്ച്, നാം പാപികളായി ജനിക്കുന്നു. മാംസഭോജിയായ മൃഗം മാംസം തിന്നുന്നത് സ്വാഭാവികമാണെന്നപോലെ, മനുഷ്യർ പാപം ചെയ്യുന്നത് സ്വാഭാവികമാണ്.
ക്രൈസ്തവലോകത്തിൽ ഈ സിദ്ധാന്തം ഏറെ ജനപ്രിയമാണ്. എന്നാല്‍ ഇത് സത്യമാകണമെങ്കിൽ, ആദംഹവ്വമാരുടെ കഥ ഒരു ചരിത്രസംഭവമായേ തീരു. ആദമും ഹവ്വയും നല്ലവരായി സൃഷ്ടിക്കപ്പെട്ടു എങ്കില്‍ അവര്‍ എങ്ങനെ തിന്മ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനും തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ല.
3. മുകളില്‍ പറഞ്ഞ രണ്ടില്‍ നിന്നും വ്യത്യസ്തമായി മൂന്നാമത് ഒരു അനുമാനം ഉണ്ട്: ദൈവം നമ്മെ ബോധവും ചിന്താശേഷിയും ഉള്ള ജീവികളായി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ദൈവത്തിൽ നിന്ന് വ്യത്യസ്തമായി നമുക്ക് സർവ്വജ്ഞത ഇല്ല, അതാണ് തെറ്റുകൾ ചെയ്യാൻ കാരണമാകുന്നത്. ആദംഹവ്വമാര്‍ പാപം ചെയ്തത് അവർ ദൈവമല്ലായിരുന്നു എന്നതിനാലാണ്, അവരുടെ അറിവ് പരിമിതമായിരുന്നു.
ഈ അനുമാനമാണ് ഏറ്റവും യുക്തിസഹമായത്. യേശുവിന്റെ പ്രാർത്ഥനയിൽ ഇതിന്റെ സൂചന കാണാം: "അവരോട് ക്ഷമിക്കണമേ, അവർക്ക് അറിവില്ലായ്കയാലാണ് അത് ചെയ്തത്" (ലൂക്കോസ് 23:34). മനുഷ്യർ അജ്ഞാനം കാരണം പാപങ്ങൾ ചെയ്യുന്നു. ദൈവം മാത്രമാണ് പരിശുദ്ധൻ-- ഒരു പാപവും ചെയ്യാത്തവൻ-- കാരണം ദൈവത്തിന് എല്ലാം അറിയാം.
ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളോട് പ്രതികരിച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു, അശുദ്ധി പുറത്തു നിന്നല്ല, ഉള്ളിൽ നിന്നാണ് വരുന്നത്: 'ഹൃദയത്തിൽ നിന്നാണ് ദുഷ്ടചിന്തകൾ, കൊല, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, അപവാദം എന്നിവ പുറപ്പെടുന്നത്' (മത്തായി 15:19). നമ്മുടെ പ്രവൃത്തികൾക്കും ചിന്തകൾക്കും പിന്നിലായുള്ളത് നമ്മുടെ ഹൃദയമാണ് എന്നാണ് യേശു അര്‍ഥമാക്കുന്നത്. "ഹൃദയം" എന്ന വാക്ക് നമ്മുടെ അസ്തിത്വത്തിന്റെയോ വ്യക്തിത്വത്തിന്റെയോ കേന്ദ്രമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തെ നമ്മുടെ അടിസ്ഥാന അവബോധമായി കാണം.
ഒരു വീട് അതിന്റെ അടിത്തറയിൽ നിർമ്മിക്കപ്പെടുന്നു, അത് പാറയിലോ മണലിലോ ആകാം. ഈ ഉപമ ഉപയോഗിച്ച് യേശു തന്റെ ശിഷ്യരെ ജീവിതം ശരിയായ അടിസ്ഥാനത്തിന്മേല്‍ നിർമ്മിക്കാൻ ഉപദേശിച്ചു, പരീശന്മാർ പ്രചരിപ്പിച്ച തെറ്റായ ധാരണകളിൽ അല്ല. നമ്മുടെ ജീവിതം പടുത്തുയര്‍ത്തുന്നത് ഏത് അവബോധത്തിന്മേലാണോ അതാണ് നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനം. നമുക്ക് ശരിയായ അവബോധം ഉണ്ടെങ്കിൽ, നമുക്ക് ശരിയായ ചിന്തകളും പ്രവൃത്തികളും ഉണ്ടാകും. ഇത് സൂചിപ്പിക്കുന്നത് തെറ്റായ അവബോധമാണ് പാപത്തിന് കാരണം എന്നാണ്. അത്തരം അവബോധം അന്ധതയ്ക്ക് സമാനമാണ്. (യോഹന്നാൻ 9:39-41).
നാലാം നൂറ്റാണ്ടിലെ കപ്പഡോഷ്യൻ പിതാവായ നിസ്സയിലെ ഗ്രിഗോറിയോസ് ഈ അനുമാനം മുന്നോട്ട് വെച്ചിട്ടുണ്ട്. ദൈവത്തിന്റെ പ്രതിരൂപമായ മനുഷ്യൻ സ്വതന്ത്രനാണ്. എന്നാൽ, തന്റെ സ്വാതന്ത്ര്യം ജാഗ്രതയോടെ ഉപയോഗിക്കാൻ മനുഷ്യൻ പക്വതയിലേക്ക് വളരേണ്ടതുണ്ട്.
ആരാണ് പാപം ചെയ്യുന്നത്?
യേശുവിന്റെ കാലത്തെ പരീശന്മാർ വിശ്വസിച്ചിരുന്നത് സമൂഹത്തില്‍ നീതിമാന്മാരും പാപികളും ഉണ്ട് എന്നാണ്. സമൂഹത്തിലെ ചില ആളുകളെ അവർ പാപികൾ എന്ന് വിളിച്ചു, തങ്ങളെത്തന്നെ നീതിമാന്മാർ എന്നും വിളിച്ചു. ആചാരനിയമങ്ങള്‍ ലംഘിക്കുന്നതിനെയാണ് അവര്‍ പാപം എന്ന്‍ വിളിച്ചത്.
എന്നാൽ ധാര്‍മ്മിക നിയമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ യേശു എല്ലാ മനുഷ്യരും പാപം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടു. ഒരിക്കൽ ഒരാൾ യേശുവിനെ നല്ല ഗുരോ എന്ന് വിളിച്ചപ്പോൾ, ഈ അവസരം ഈ പ്രധാനപാഠം പഠിപ്പിക്കാൻ ഉപയോഗിച്ചുകൊണ്ട് യേശു പറഞ്ഞു: "ദൈവം ഒഴികെ ആരും നല്ലവരല്ല" (മാർക്കോസ് 10:18). ഒരിക്കൽ വ്യഭിചാരം ചെയതു എന്ന്‍ കുറ്റപ്പെടുത്തി ഒരു സ്ത്രീയെ പരീശന്മാര്‍ യേശുവിന്റെ മുന്നിൽ കൊണ്ടുവന്നപ്പോൾ, ഒരു പാപവും ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരാൾ ആദ്യം കല്ലെറിയാൻ യേശു പറഞ്ഞു. ഇതിന്റെ അർത്ഥം ദൈവം മാത്രമാണ് പാപമില്ലാത്തവൻ, അതിനാൽ ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ വിധിക്കാനുള്ള അവകാശമില്ല എന്നാണ്. ദൈവം മാത്രമാണ് നീതിമാൻ, എല്ലാ മനുഷ്യരും പാപികളും എന്ന് പൌലോസ് ഈ ആശയം ഉറപ്പിക്കുന്നു (റോമർ 3). എല്ലാ ആളുകളും പാപം ചെയ്യുന്നു, കാരണം തെറ്റുകൾ ചെയ്യുക എന്നത് മനുഷ്യസ്വഭാവമാണ്.
പാപം മനുഷ്യനെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണെന്ന ആശയവും, എല്ലാവര്ക്കും ജന്മപാപമുണ്ട് എന്ന വിശ്വാസവും പ്രചരിച്ചപ്പോള്‍ ആദാമും ഹവ്വയും സൃഷ്ടിക്കപ്പെട്ടത് പാപമില്ലാതെയാണെന്നും, എന്നാൽ അവർ പാപം ചെയ്തപ്പോൾ, അവർ പാപത്തിന്റെ ശക്തിയിൽ അകപ്പെട്ടു പാപികളായി മാറി എന്ന് വിശ്വസിക്കപ്പെട്ടു. ഈ വിശ്വാസം അനുസരിച്ച്, ആദാമും ഹവ്വയും മുതൽ എല്ലാ മനുഷ്യരും ലോകത്തിലേക്ക് പാപികളായി ജനിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ അവതാരമായ യേശു പാപമില്ലാതെ ജനിച്ചു. യേശു ലോകത്തിലേക്ക് ജനിക്കാൻ ഒരു സ്ത്രീ ആവശ്യമായതിനാൽ, ഒരുപക്ഷേ യേശുവിന്റെ അമ്മയും പാപമില്ലാതെയായിരിക്കാം ജനിച്ചത്.
പൌരാണിക ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ജ്ഞാനസ്നാനം മനുഷ്യരെ പാപത്തിന്റെ ശക്തിയിൽ നിന്ന് വിടുവിക്കുന്നു എന്ന് അവകാശപ്പെടുന്നു, അതിനാൽ സ്നാനം ലഭിച്ചവർ ഇനി പാപികളല്ല. പുതുജന്മത്തിന്റെ അനുഭവത്തെ ഊന്നിപ്പറയുന്ന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ ഈ അനുഭവത്തിന് ശേഷം അവർ ഇനി പാപികളല്ലെന്ന് അവകാശപ്പെടുന്നു. അങ്ങനെ ക്രിസ്ത്യാനികളും യേശുവിന്റെ കാലത്തെ പരീശന്മാരെപ്പോലെ മനുഷ്യരെ പാപികള്‍ എന്നും പാപമില്ലാത്തവരെന്നും വേർതിരിക്കുന്നു.
ഇന്നത്തെ ക്രൈസ്തവീകത, നമ്മെ അടിമകളാക്കുന്ന ഒരു ശക്തിയായി പാപത്തെക്കുറിച്ചുള്ള അതിന്റെ ധാരണ നിലനിർത്തിക്കൊണ്ട്, "ദൈവം ഒഴികെ ആരും നല്ലവരല്ല" എന്ന യേശുവിന്റെ അവബോധം വീണ്ടെടുക്കേണ്ടതുണ്ട്.
പാപത്തിന്റെ ഫലം എന്താണ്?
പാപത്തിന്റെ ഫലം മരണമാണെന്നത് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പൗലോസ് ആലങ്കാരികമായി പറയുന്നത്, "പാപത്തിന്റെ കൂലി മരണമാണ്" എന്നാണ്. പാപം ഒരു യജമാനനെപ്പോലെയാണ്, മരണം അത് നൽകുന്ന കൂലിയെപ്പോലെയാണ്. ഏദൻതോട്ടത്തിൽ ദൈവം പറയുന്നത്, "നന്മതിന്മകളുടെ അറിവിന്‍റെ വൃക്ഷത്തിന്റെ ഫലം തിന്നുന്ന ദിവസം നീ മരിക്കും." എന്നാൽ, മരണം എന്ന പദം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിൽ ക്രിസ്ത്യാനികൾക്കിടയിൽ യോജിപ്പില്ല. ചിലർ മരണത്തിന് അക്ഷരാർഥം കല്പിക്കുന്നു, മറ്റു ചിലർ ആലങ്കാരിക അർത്ഥം കല്പിക്കുന്നു.
ആദംഹവ്വമാരുടെ കഥയാണ് പാപത്തിന്റെ ഫലത്തെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ ധാരണയുടെ അടിസ്ഥാനം. ആദ്യം ഇത് ആലങ്കാരികമായി മനസ്സിലാക്കപ്പെട്ടു, പിന്നീട് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കപ്പെട്ടു. ആലങ്കാരികമായി മനസ്സിലാക്കുമ്പോൾ, ഇത് മനുഷ്യജീവിതത്തെക്കുറിച്ച് ചില പ്രധാന പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു ഉപമയാണ്. എന്നാൽ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുമ്പോൾ, ഇത് ഒരു ചരിത്രസംഭവമാണ്.
ആലങ്കാരികമായി മനസ്സിലാക്കുമ്പോൾ, ആ ഉപമ മനുഷ്യരാശിയുടെയും ഓരോ വ്യക്തിയുടെയും കഥയാണ്. ദൈവത്തോടൊപ്പം സ്വർഗ്ഗീയമായ ജീവിതം നയിക്കാനോ അല്ലെങ്കിൽ ദൈവത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നരകസദൃശമായ ജീവിതം നയിക്കാനോ നമുക്ക് കഴിയുമെന്ന് ഇത് നമ്മോട് പറയുന്നു. ജീവവൃക്ഷം ദൈവത്തോടൊപ്പമുള്ള സ്വർഗ്ഗീയ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. ഈ സ്വർഗ്ഗീയ ജീവിതം അനുഭവിക്കാൻ, നന്മതിന്മകളുടെ അറിവിന്‍റെ വൃക്ഷത്തിന്റെ ഫലം തിന്നാതിരിക്കുക എന്നത് മാത്രമാണ് നാം ചെയ്യേണ്ടത്. നാം ഈ വൃക്ഷത്തിന്റെ ഫലം തിന്നുകയാണെങ്കിൽ, നമ്മുടെ സ്വർഗ്ഗീയ ജീവിതം അവസാനിക്കുന്നു, അതാണ് മരണം. ഈ മരണം ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിപ്പിക്കുന്ന അക്ഷരാർത്ഥത്തിലുള്ള മരണമല്ല. ആദാമും ഹവ്വയും അക്ഷരാർത്ഥത്തിൽ മരണമടയുന്നില്ല. എന്നാൽ സ്നേഹം, സന്തോഷം, സമാധാനം എന്നിവ ഉൾക്കൊള്ളുന്ന അവരുടെ സ്വർഗ്ഗീയ ജീവിതം അവസാനിക്കുന്നു.
നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിൽനിന്ന് ഭക്ഷിക്കുക എന്നതിനർത്ഥം നന്മയും തിന്മയും എന്താണെന്നതിനെക്കുറിച്ചുള്ള അറിവ് നമുക്കുണ്ടെന്ന് അവകാശപ്പെടുക എന്നാണ്. ഈ അറിവ് ദൈവത്തിന് മാത്രമേയുള്ളൂ, മനുഷ്യർക്കോ മനുഷ്യവർഗത്തിന് മൊത്തമായോ ഇത് ഒരിക്കലും ലഭിക്കാനാവില്ല. എന്താണ് നന്മയും തിന്മയും എന്നതിനെക്കുറിച്ചുള്ള അറിവ് നമുക്കുണ്ടെന്ന് അവകാശപ്പെടുമ്പോൾ, നാമും നീതിമാന്മാരാണെന്ന് അവകാശപ്പെടുന്നു. അതാണ് ആദാമും ഹവ്വയും ചെയ്തത്. അവർ സ്വയം നീതീകരിക്കുകയും ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തോട് ക്ഷമ ചോദിച്ച് തകർന്ന ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരം അവർക്കുണ്ടായിരുന്നു. നമ്മുടെ ലോകത്തിൽ നരകസമമായ ജീവിതം നാം നയിക്കുന്നത് എന്തുകൊണ്ടാണ് എന്ന്‍ ആ കഥ വിശദീകരിക്കുന്നു, ഈ സാഹചര്യം മാറ്റാനുള്ള വഴിയും ഇത് സൂചിപ്പിക്കുന്നു.
എന്നാൽ, നൂറ്റാണ്ടുകളിലൂടെ ഈ കഥയെക്കുറിച്ചുള്ള അക്ഷരാർത്ഥത്തിലുള്ള ധാരണ ജനപ്രിയമായി. അതനുസരിച്ച്, ആദാമും ഹവ്വയും ആദ്യത്തെ മനുഷ്യദമ്പതികളാണെന്നും മനുഷ്യവർഗം മൊത്തം അവരിൽനിന്നാണ് ഉത്ഭവിച്ചതെന്നും വിശ്വസിക്കപ്പെട്ടു. ആദാമും ഹവ്വയും പാപരഹിതരായി സൃഷ്ടിക്കപ്പെട്ടു, എന്നാൽ ദൈവത്തോട് അനുസരണക്കേട്ക്കാ കാട്ടി അവർ പാപികളായി, ആദ്യത്തെ നിലയിൽനിന്ന് പതിച്ചു. ഒരു ന്യായാധിപനെന്ന നിലയിൽ ദൈവം അവരുടെ കുറ്റത്തിന് മരണശിക്ഷ വിധിച്ചു. അവർ എന്നെന്നേക്കുമായി ജീവിക്കേണ്ടവരായിരുന്നു, എന്നാൽ അവര്‍ മരണമുള്ളവരായി. ആദ്യദമ്പതികളുടെ പാപം കാരണം മനുഷ്യവര്‍ഗ്ഗം മുഴുവനും മരണമുള്ളവരായി.
അഗസ്തീനോസ് പോലുള്ള പാശ്ചാത്യ പിതാക്കന്മാർ ആദംഹവ്വമാരുടെ കഥയെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി, റോമൻ കത്തോലിക്കർ, പ്രോട്ടസ്റ്റന്റ് സഭകൾ ഉൾപ്പെടെയുള്ള പാശ്ചാത്യ ക്രിസ്തുമതവും അത് പിന്തുടർന്നു. കിഴക്കൻ ഗ്രീക്ക് പിതാക്കന്മാരും അക്ഷരാർത്ഥത്തിലുള്ള ധാരണ ചില ചെറിയ മാറ്റങ്ങളോടെ പങ്കിട്ടു, ദൈവസൃഷ്ടിയായ പ്രകൃതി തിന്മയാകാൻ കഴിയില്ലെന്നും അതിനാൽ ആരും തിന്മയുള്ള സ്വഭാവത്തോടെ ജനിക്കുന്നില്ലെന്നും അവർ വാദിച്ചു. പാശ്ചാത്യ പിതാക്കന്മാരെപ്പോലെ അക്ഷരാർത്ഥത്തിൽ ഈ കഥയെ കാണാതിരുന്നെങ്കിലും, മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ മനുഷ്യവർഗത്തിനൊരു പതനം സംഭവിച്ചെന്ന് അവരും വിശ്വസിച്ചു. നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം നല്ലതാണെന്ന്‍ അവര്‍ വാദിച്ചു, കാരണം അത് ദൈവസൃഷ്ടിയായിരുന്നു. എന്നാൽ ഹവ്വയ്ക്ക് അവളുടെ സാഹചര്യത്തിൽ അത് ഭക്ഷിക്കാൻ തിരഞ്ഞെടുക്കുന്നത് നല്ലതല്ലായിരുന്നു. അത് അവളുടെ സ്വാർത്ഥമായ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള ഒരു മനഃപൂർവമായ പ്രവൃത്തിയായിരുന്നു, അതാണ് പാപം. പാപത്തിന്റെ ഫലമായി മരണം സംഭവിക്കുന്നു. തൽക്ഷണമുള്ള മരണമല്ല, മരണശിക്ഷയാണ്. കിഴക്കൻ ഗ്രീക്ക് പിതാക്കന്മാരും മരണത്തിന്റെ അർത്ഥം അക്ഷരാർത്ഥത്തിൽ എടുത്തു. പാശ്ചാത്യർ വിശ്വസിക്കുന്നത് ആദംഹവ്വമാരില്‍ നിന്ന് നമുക്ക് പാപവും മരണവും ലഭിച്ചെന്നാണെങ്കിൽ, ഗ്രീക്ക് കിഴക്കൻ പിതാക്കന്മാര്‍ വിശ്വസിക്കുന്നത് അവരില്‍ നിന്ന്‍ നമുക്ക് മരണം മാത്രമേ ലഭിച്ചിട്ടുള്ളൂ, പാപം ലഭിച്ചിട്ടില്ലെന്നാണ്.
പാപത്തെയും മരണത്തെയും കുറിച്ചുള്ള ധാരണയിൽ സിറിയൻ ക്രൈസ്തവീകത വ്യത്യസ്തത പുലര്‍ത്തുന്നു എന്നാണ് ഈ എഴുത്തുകാരന്‍ മനസിലാക്കുന്നത്. മോർ എഫ്രെം, മോർ ബാലായി തുടങ്ങിയ സിറിയൻ പിതാക്കന്മാർ രചിച്ച പ്രാര്‍ഥനകളിലും സങ്കീര്‍ത്തനങ്ങളിലും ആണ് ഈ വ്യത്യാസം കാണാന്‍ കഴിയുന്നത്. സിറിയൻ പിതാക്കന്മാര്‍ ആദംഹവ്വമാരുടെ കഥയെ ഒരു ചരിത്രസംഭവമായല്ല, ഒരു ഉപമയായാണ് മനസ്സിലാക്കുന്നത്. അതിനാൽ, മരണത്തെ അത് പ്രതീകാത്മകമായി മനസ്സിലാക്കുന്നു. ആദിമ പാപത്തിൽ അത് വിശ്വസിക്കുന്നില്ല. ഒരു പതനത്തിലും അത് വിശ്വസിക്കുന്നില്ല. എന്നാൽ, നിർഭാഗ്യവശാൽ, സിറിയൻ ക്രൈസ്തവീകത അതിവിശാലമായ ഒരു മരുഭൂമിയുടെ മധ്യത്തിലെ ഒരു ചെറിയ മരുപ്പച്ച പോലെയാണ്. മരുഭൂമി അതിവേഗം അതിനെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവീകത മരണത്തെ അക്ഷരാർത്ഥത്തില്‍ മനസ്സിലാക്കുന്നു. അതായത്, യഥാർത്ഥത്തിൽ നാം എന്നെന്നേക്കുമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണെങ്കിലും, നമ്മുടെ പാപങ്ങൾ കാരണം നാം മരണമുള്ളവരായി മാറി. ഈ ധാരണയ്ക്ക് തിരുത്തൽ ആവശ്യമാണ്. ദൈവം മാത്രമാണ് അമര്‍ത്യൻ (1തിമൊ6:16), ദൈവം മാത്രമാണ് ജീവന്റെ ഉറവിടം (യോഹന്നാൻ 5:26) എന്ന് ബൈബിളിൽ നാം വായിക്കുന്നു. അതിനാൽ, ഒരു സൃഷ്ടിക്കും ദൈവത്തെപ്പോലെ അമരത്വം ഉണ്ടാകാൻ കഴിയില്ല. ജനനമുള്ള എല്ലാത്തിനും മരണം ഉണ്ടായിരിക്കും. പാപത്തിന്റെ ഫലമായുള്ള മരണം ഒരു ഉപമയായി മനസ്സിലാക്കേണ്ടതാണ്—സ്വർഗ്ഗീകമായ ജീവിതത്തിന്റെ, അതായത് സ്നേഹം, സന്തോഷം, സമാധാനം എന്നിവയുള്ള ജീവിതത്തിന്റെ അവസാനമായി. പീഡാനുഭവവാരത്തിലെ പ്രാർത്ഥനകളിലും പാട്ടുകളിലും, സുറിയാനി പിതാക്കന്മാര്‍ യേശു തന്റെ മരണത്താൽ മരണത്തെ കൊന്നുവെന്ന് ഉറപ്പിക്കുന്നു. താൻ മരിച്ച മരണം അക്ഷരാർത്ഥത്തിലുള്ള മരണമായിരുന്നു, എന്നാൽ താൻ കൊന്ന മരണം ഒരു ഉപമയായിരുന്നു—ഏദൻതോട്ടത്തിൽ ആദാമും ഹവ്വയും മരിച്ച അതേ മരണം.
എങ്ങനെ പാപത്തിൽ നിന്ന് നമുക്ക് മുക്തി നേടാം?
ക്രൈസ്തവീകതയില്‍ പാപത്തെയും അതിന്റെ ഫലമായ മരണത്തെയും അതിജീവിക്കുന്നതിനെ രക്ഷ എന്ന് വിളിക്കുന്നു. മരണത്തെ അക്ഷരാർത്ഥത്തിൽ ആണോ അതോ ആലങ്കാരികമായി ആണോ മനസ്സിലാക്കുന്നത് എന്നതിനെ ആശ്രയിച്ച് രക്ഷയെക്കുറിച്ച് രണ്ട് വ്യത്യസ്തമായ ധാരണകൾ ഉണ്ടാകാം.
ആലങ്കാരികമായ ധാരണ:
ഇവിടെ, രക്ഷ എന്നതിന് ആദംഹവ്വമാര്‍ ഏദൻതോട്ടത്തിൽ നഷ്ടപ്പെടുത്തിയ സ്നേഹം, സന്തോഷം, സമാധാനം എന്നിവയുള്ള സ്വർഗ്ഗീയജീവിതം വീണ്ടെടുക്കുക എന്നർത്ഥമാണ്. നാം ദൈവമല്ലെന്നും അതിനാൽ പാപം ചെയ്യുന്നത് മനുഷ്യസ്വഭാവമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. പാപരഹിതമായ ജീവിതം ലക്ഷ്യമാക്കുന്നത് അസാധ്യമാണ്. പകരം, പാപത്തിൽ നിന്ന് തിരിഞ്ഞ് സ്നേഹത്തിന്റെ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടതുണ്ട്. ഇതിനായി, ദൈവം മാത്രമേ പരിശുദ്ധനായുള്ളൂ എന്നും തെറ്റ് മനുഷ്യസഹജമാണ് എന്നും അറിയണം. ഈ ബോധമില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. തെറ്റ് മനുഷ്യസഹജമാണെന്ന്‍ മനസ്സിലാക്കുമ്പോൾ, നാം മറ്റുള്ളവരോട് ക്ഷമിക്കുകയും മറ്റുള്ളവരിൽ നിന്ന് ക്ഷമ യാചിക്കുകയും ചെയ്യും. അങ്ങനെ ഈ ലോകത്തെ സ്വർഗ്ഗമാക്കാനാകും. സാറാഫുകള്‍ "പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ" എന്ന് ദൈവത്തെ സ്തുതിക്കുന്ന ദർശനം കണ്ടപ്പോൾ ഇതാവും ഏശായാ മനസിലാക്കിയത്.
യേശു മനംമാറ്റം ആവശ്യപ്പെട്ടു. നമ്മുടെ ഹൃദയത്തില്‍, അവബോധത്തില്‍ സംഭവിക്കുന്ന ഒരു മാറ്റമാണിത്. പാപം ചെയ്തുപോയാല്‍ അതു നിമിത്തം തകർന്ന ബന്ധങ്ങൾ ശരിയാക്കാൻ നമ്മുടെ കഴിവുകളെല്ലാം ഉപയോഗപ്പെടുത്തണം. നമ്മുടെ പാപത്തിനായി ക്ഷമ യാചിക്കണം, മറ്റുള്ളവരുടെ പാപങ്ങള്‍ അവരോട് ക്ഷമിക്കണം. ജ്ഞാനസ്നാനം എന്ന പ്രതീകാത്മകമായ കുളി വഴി പാപത്തിന്റെ മലിനതയിൽ നിന്ന് ശുദ്ധീകരിക്കപ്പെടുകയും അതുപോലെ ശുധീകരിക്കപ്പെട്ടവരുടെ ഒരു സൌഹൃദവലയത്തില്‍ (സഭയിൽ) ചേരുകയും ചെയ്യുന്നു. പാപത്തിന്റെ ശക്തിക്ക് പകരം, ദൈവികശക്തിയായ കൃപ നമ്മെ നയിക്കും.
പാപം നമ്മെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണെങ്കിലും, അതിന്റെ നിയന്ത്രണത്തിൽ നിന്ന് പുറത്തുവരാൻ നാം ഉത്തരവാദിത്വം ഏറ്റെടുക്കണം. ഒരു ശീലത്താൽ നിയന്ത്രിക്കപ്പെടുന്നുവെങ്കിൽ, അത് മാറ്റാൻ നടപടി എടുക്കണം. സഹകാരികളുടെ സമ്മര്‍ദ്ദം കാരണമാണെങ്കിൽ, അതിൽ നിന്ന് ഒഴിഞ്ഞുമാറണം. പാപത്തിന്റെ സാർവത്രികശക്തിയെ നേരിടാൻ, ദൈവികശക്തിയുടെ സഹായം തേടണം.
അക്ഷരാർത്ഥത്തിലുള്ള ധാരണ:
ഇവിടെ, രക്ഷ എന്നത് അമര്‍ത്യത വീണ്ടെടുക്കുക എന്നർത്ഥമാണ്. പാപത്തിന്റെ ശക്തിയിൽ നിന്ന് മോചിപ്പിക്കപ്പെടേണ്ടതുണ്ട്. പാപത്തിന്റെ ശക്തിക്ക് പുറത്തുള്ള ഒരാൾ മാത്രമേ നമ്മെ രക്ഷിക്കുകയുള്ളൂ. പാപത്തിന്റെ ശക്തിയിൽ നിന്ന് നമ്മെ വിടുതൽ ചെയ്യാൻ ദൈവം ഒരു നിരപരാധിയായ മനുഷ്യനായി (യേശു) അവതരിച്ചു. യേശുവിനോട് അപേക്ഷിച്ചാൽ, അവൻ നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കും, നാം പുതുജനനം പ്രാപിക്കും. ജീവപുസ്തകത്തിൽ നമ്മുടെ പേര് എഴുതപ്പെടും, മരിച്ചാൽ സ്വർഗ്ഗത്തിൽ പോകാം. യേശുവിന്റെ രണ്ടാം വരവിൽ, നാം അക്ഷയശരീരത്തോടെ ഉയിർത്തെഴുന്നേൽക്കും. യേശുവിനോട് അപേക്ഷിക്കാത്തവർ പാപത്തിന്റെ ശക്തിയിൽ തുടരും, മരിച്ചാൻ നരകത്തിൽ പോകും.
ഇതൊക്കെ സത്യമാണെങ്കില്‍, യേശുവിന് മുമ്പ് ജീവിച്ചവര്‍, യേശുവിനെക്കുറിച്ച് കേൾക്കാതെ മരിക്കുന്നവര്‍ എന്നിവരുടെ അവസ്ഥ എന്താവും? ഇതിന് തൃപ്തികരമായ ഉത്തരം ലഭ്യമല്ല.
നിര്‍ഭാഗ്യവശാൽ, ഭൂരിപക്ഷം ക്രിസ്ത്യാനികളും മരണത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നു. മരണത്തെക്കുറിച്ചുള്ള ആലങ്കാരിക ധാരണ വീണ്ടെടുക്കാനായാല്‍ സ്നേഹം, സന്തോഷം, സമാധാനം എന്നിവയുള്ള സ്വർഗ്ഗീയജീവിതം വീണ്ടെടുക്കൽ എന്ന നിലയിൽ രക്ഷയെ മനസ്സിലാക്കാൻ കഴിയും.
എങ്ങനെ പാപത്തെ കാണണം?
പാപത്തോട് നമുക്ക് ഒരു പോസിറ്റീവ് അഥവാ നെഗറ്റീവ് സമീപനം ഉണ്ടാകാം. ഒരു ഉപമയിലൂടെ ഇത് മനസ്സിലാക്കാം:
ഒരു സ്കൂളിൽ രണ്ട് അദ്ധ്യാപകർ ഭാഷ പഠിപ്പിച്ചിരുന്നു. ആദ്യ ദിവസം രണ്ടുപേരും ഒന്നാം ക്ലാസ് വിദ്യാർത്ഥികളോട് ഇങ്ങനെ ആവശ്യപ്പെട്ടു. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഖണ്ഡിക എഴുതുക. അവർ എഴുതി, അദ്ധ്യാപകർ അത് ശേഖരിച്ചു.
ഒരാൾ ഓരോ തെറ്റും ചുവന്ന പേനയിൽ അടയാളപ്പെടുത്തി, തെറ്റുകളുടെ എണ്ണം അനുസരിച്ച് മാർക്ക് നൽകി. അടുത്ത ദിവസം, ഓരോ വിദ്യാർത്ഥിക്കും അവരുടെ പേപ്പര്‍ തിരികെ നൽകി, അടുത്ത തവണ തെറ്റുകളുടെ എണ്ണം കുറയുമെന്നും ഒടുവിൽ തെറ്റുകളില്ലാതെ അവര്‍ എഴുതുമെന്നും ആ അദ്ധ്യാപകൻ പ്രതീക്ഷിച്ചു.
രണ്ടാമത്തെ അദ്ധ്യാപകൻ വിദ്യാർത്ഥികൾ എഴുതിയ ഓരോ വിവരവും നീല മഷി കൊണ്ട് അടയാളപ്പെടുത്തി, അതിനനുസരിച്ച് മാർക്ക് നൽകി. തെറ്റുകള്‍ അവഗണിച്ചു .
ആദ്യത്തെ അദ്ധ്യാപകന്‍റെ സമീപനം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെയാൾക്ക് പോസിറ്റീവ് സമീപനമുണ്ടായിരുന്നു. ആദ്യ അദ്ധ്യാപകന്റെ ക്ലാസിൽ, തെറ്റുകൾ ഒഴിവാക്കുന്നതില്‍ ആയിരുന്നു ഊന്നല്‍ കൊടുത്തത്. അതിനാൽ വിദ്യാർത്ഥികൾ എപ്പോഴും തെറ്റുകൾ ചെയ്യുമോ എന്ന് ഭയന്നു. തല്‍ഫലമായി, അവരുടെ എഴുത്ത് നിലവാരം മെച്ചപ്പെട്ടില്ല. എന്നാൽ രണ്ടാമത്തെ അദ്ധ്യാപകന്റെ ക്ലാസിൽ, കൂടുതൽ ആശയങ്ങൾ വിനിമയം ചെയ്യുന്നതില്‍ ആയിരുന്നു ഊന്നല്‍, അതിനാൽ അത് അവരെ കൂടുതൽ എഴുതാൻ പ്രോത്സാഹിപ്പിച്ചു. തല്‍ഫലമായി, അവരുടെ എഴുത്ത് നിലവാരം മെച്ചപ്പെട്ടു. അവർ ക്രമേണ തെറ്റുകൾ ഒഴിവാക്കാൻ പഠിച്ചു.
ലോകം ഒരു ക്ലാസ് മുറിയാണെന്നും നാം ഇവിടെ ചില പാഠങ്ങൾ പഠിക്കാൻ വന്നവരാണെന്നും ദൈവം നമ്മുടെ അദ്ധ്യാപകനാണെന്നും സങ്കൽപ്പിക്കുക. മേൽപ്പറഞ്ഞ രണ്ട് അദ്ധ്യാപകരിൽ ആരെപ്പോലെയാണ് ദൈവം? ദൈവം രണ്ടാമത്തെ അദ്ധ്യാപകനെപ്പോലെയാണെന്ന് യേശു പഠിപ്പിച്ചു—പോസിറ്റീവ് സമീപനമുള്ളയാള്‍. ഒരു പിതാവെന്ന പോലെ, ദൈവം നമ്മെ വളർത്തുന്നു. നാം ചെയ്യുന്ന ഓരോ പാപവും ചുവന്ന പേനയിൽ അടയാളപ്പെടുത്താൻ ദൈവം ശ്രദ്ധിക്കുന്നില്ല. പക്ഷേ, പില്‍ക്കാലത്ത് ക്രൈസ്തവലോകത്തില്‍ ദൈവം നെഗറ്റീവ് സമീപനമുള്ള അദ്ധ്യാപകനെപ്പോലെയായി.
ഇതുമായി ബന്ധപ്പെട്ട്, പാപത്തിന്റെ ഫലമായി മരണം സംഭവിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് രണ്ട് വ്യാഖ്യാനങ്ങൾ നമുക്ക് കാണാം. ദൈവം ആദാമിനോടും ഹവ്വയോടും പറഞ്ഞു, "നന്മതിന്മകളുടെ അറിവിന്‍റെ വൃക്ഷത്തിന്റെ ഫലം നിങ്ങൾ തിന്നുന്ന ദിവസം നിങ്ങൾ മരിക്കും" (ഉല്പത്തി 2:17). മരണത്തിന്റെ രണ്ട് വ്യാഖ്യാനങ്ങൾ—അക്ഷരാർത്ഥത്തിലുള്ളതും ആലങ്കാരിക അർഥത്തിലുള്ളതും—നമ്മൾ ഇതിനകം കണ്ടു. ഇതിനെ ഒരു ചരിത്രസംഭവമായി അക്ഷരാർത്ഥത്തിൽ മനസിലാക്കുന്നവർ, മനുഷ്യവര്‍ഗ്ഗത്തിന് പാപത്തിനുള്ള വധശിക്ഷ ദൈവം നല്കിയതായി മനസിലാക്കുന്നു. എന്നാൽ, മരണത്തെ ആലങ്കാരിക അര്‍ഥത്തില്‍ മനസിലാക്കുന്നവര്‍ അവർ അനുഭവിച്ച സ്വർഗ്ഗീയ ജീവിതത്തിന്റെ അവസാനമായി മരണത്തെ കാണുന്നു. അവരുടെ മോശം പ്രവൃത്തികൾക്ക് മോശം ഫലമുണ്ടാകുമെന്ന് ദൈവം അവരെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ശ്രദ്ധയില്ലാതെ വാഹനമോടിച്ചാൽ മരണം സംഭവിക്കാമെന്ന് മാതാപിതാക്കള്‍ മകന് മുന്നറിയിപ്പ് കൊടുക്കുന്നത് പോലെയാണിത്.
ഉപസംഹാരം
ക്രൈസ്തവീകതയില്‍ പാപം എന്ന ആശയം എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ച് നാം ലഘുവായ ഒരു ഓട്ടപ്രദക്ഷിണം നടത്തി. നമുക്ക് നിയന്ത്രിക്കാവുന്ന പാപത്തിന് യേശു ഊന്നൽ നൽകി. എന്നാൽ തുടർന്ന് നമ്മെ നിയന്ത്രിക്കുന്ന പാപത്തിലേക്ക് ഊന്നൽ മാറി. ഇന്ന് നാം യേശു നൽകിയ ഊന്നൽ തിരികെ കൊണ്ടുവരേണ്ടതുണ്ട്, നമുക്ക് നിയന്ത്രിക്കാവുന്ന പാപം നമ്മുടെ ശ്രദ്ധയുടെ കേന്ദ്രമായിരിക്കണം. ഇതിനർത്ഥം നമ്മെ നിയന്ത്രിക്കുന്ന പാപത്തെ നാം അവഗണിക്കണമെന്നല്ല. അതിനും യോഗ്യമായ പ്രാധാന്യം നൽകേണ്ടതുണ്ട്.
ആലങ്കാരിക ഭാഷ മനസിലാക്കുവാനും ഉപയോഗിക്കാനും നമ്മുടെ പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്ന കഴിവും അറിവും നമുക്ക് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. നിക്കോദീമസ് പോലെയുള്ള പണ്ഡിതരായ ആളുകൾക്ക് പോലും ആലങ്കാരികഭാഷ മനസ്സിലാക്കാൻ കഴിവില്ലായിരുന്നു. ഈ കഴിവില്ലായ്മ നമ്മുടെ കാലഘട്ടത്തിന്റെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു. ആലങ്കാരികഭാഷ മനസ്സിലാക്കാനുള്ള കഴിവ് നാം നേടിയില്ലെങ്കിൽ, ആദംഹവ്വമാരുടെ കഥ നമുക്ക് അര്‍ഥവത്തായി അനുഭവപ്പെടുകയില്ല. മരണം, രക്ഷ തുടങ്ങിയ പ്രധാന പദങ്ങൾ നമുക്ക് അര്‍ഥശൂന്യമായി അനുഭവപ്പെടും.
പാപത്തോട് ഒരു നല്ല മനോഭാവം വികസിപ്പിക്കേണ്ടത് എത്രമാത്രം ആവശ്യമാണെന്നും നാം കണ്ടു. തെറ്റ് ചെയ്യുക മനുഷ്യസ്വഭാവമാണെന്ന് മനസ്സിലാക്കുകയും, അങ്ങനെ ക്ഷമിക്കാനും ക്ഷമ തേടാനും തയ്യാറാവുകയും വേണം.
അവലംബം
ഗ്രിഗോറിയോസ്, പൗലോസ്. (1980). കോസ്മിക് മാൻ. ന്യൂ ഡെൽഹി: സോഫിയ പബ്ലിക്കേഷൻസ്
പാപം: ഒരു താരതമ്യം – http://str.typepad.com/weblog/files/worldrelchart.pdf
https://www.thegospelcoalition.org/article/augustines-literal-adam
http://www.vatican.va/archive/ccc_css/archive/catechism/p1s2c1p7.htm
http://www.bbc.co.uk/religion/religions/christianity/beliefs/originalsin_1.shtml
https://theotherjournal.com/2006/04/02/a-sinful-doctrine-sexuality-and-gender-in-augustines-doctrine-of-original-sin-part-1/
Comments