യേശുവിൻ നാട്ടിലക്കാലത്ത് മാലോകർ,
മാലൊഴിയാതെ കഴിഞ്ഞു പോന്നു;
അന്യരണിയിച്ച ചങ്ങലകൾ പേറി,
സ്വാതന്ത്ര്യമില്ലാതമർന്നിരുന്നു.
ഏറെ നികുതിയാലേറി ദാരിദ്ര്യവും
പട്ടിണിയും മാറാരോഗങ്ങളും;
എങ്ങും നിറഞ്ഞു കണ്ണീരും കരച്ചിലും
ആശയറ്റേറെ വലഞ്ഞു ജനം.
സാത്താന്റെ രാജ്യമിരുളിന്റെ വാഴ്ചയി-
തെന്ന് മനുജർ പതം വിതുമ്പി;
ദൈവത്തിൻ രാജ്യം വരുമെന്നൊരാശയിൽ
ജീവിതം മുന്നോട്ടൊഴുകി വീണ്ടും!
ശാബത് നന്നായി പാലിക്കിൽ ദൈവരാ-
ജ്യം വരുമെന്നായ് മതനേതാക്കള്‍;
അന്ധമാം ആചാരങ്ങൾ കൊണ്ടു ജീവിതം മേൽക്കുമേൽ ദുഷ്‌കരമാക്കിയവർ!
യോഹന്നാൻ വന്നൊരു സദ്വാർത്തയുമായി
ദൈവരാജ്യമടുത്തെത്തിയിതാ,
ന്യായവിധി നടക്കും വേഗം ആകയാൽ
തിന്മ വിടൂ നന്മയെ പുണരു!
ന്യായവിധിയിങ്കൽ ദുഷ്ടാത്മാക്കൾക്കൊപ്പം
തീനരകത്തിൽ തള്ളപ്പെടുവാൻ
ഉള്ളൊരു സാധ്യത ഓർത്തിട്ട് മാനുഷർ
ഏറ്റം പരിഭ്രാന്തരായിയെങ്ങും!
നവ്യമാം വാർത്തയുമായി വന്നു യേശു
എന്നാളും ലോകരാജാവ് ദൈവം;
ആകയാൽ ഈ ലോകം ദൈവരാജ്യം തന്നെ
ആരുമതിന്നായി കാത്തിടേണ്ട!
ആ സ്നേഹരാജ്യത്തിൽ സ്വാഗതമേകുവാൻ
ഈശൻ തൻ പൊൻകരം നീട്ടി നിൽപ്പൂ;
ഏവർക്കുമുണ്ട് ക്ഷണം അതിനുള്ളിലേയ്-
ക്കാർക്കും നിരസിക്കാം സ്വീകരിക്കാം!
അന്ന് ജനം ദൈവസ്നേഹം നിരസിച്ചു,
യേശുവിനെ കുരിശിൽ തറച്ചു;
ദൈവത്തിൻ സ്നേഹം നിരസിച്ചുകൊണ്ടന്ധ-
രായ് കഴിയുന്നു മനുഷ്യരിന്നും!
എന്നോ വരുന്നൊരു നല്ല കാലത്തിനായ്
ഏറെ പ്രതീക്ഷയർപ്പിച്ചു കൊണ്ട്
യാഥാർഥ്യമെന്തെന്നറിയാതെയന്ധരായ് കാത്തിരുന്നീടുന്നു ഇന്നുമവർ!
Comments
തമ്പുരാന്റെ ക്ഷണം സ്വീകരിച്ചു ദൈവരാജ്യത്തിൽ പ്രവേശിക്കുകയും ദൈവസ്നേഹം അനുഭവിക്കുവാൻ, നാളെയല്ല ഇന്നുതന്നെ സാധ്യമാണ് എന്ന ബോധം എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
ദൈവസ്നേഹം മറ്റുള്ളവരിലേക്കു പകരുവാൻ കഴിയാതെ അന്ധമായ ആചാരാനുഷ്ഠാനങ്ങളിൽ കഴിഞ്ഞ വരായിരുന്നു യേശുവിൻ്റെ സമകാലികർ. എന്നാൽ ഇന്നും അങ്ങനെ ജീവിച്ച് ദൈവരാജ്യത്തിനായി അനന്തമായ കാത്തിരിപ്പു തുടരുന്ന ജനത . ദൈവസ്നേഹത്തിൽ ദൈവയിഷ്ടത്തിനൊത്ത് ജീവിക്കുന്ന ഇടം തന്നെയാണ് ദൈവരാജ്യം. ലോകരാജാവായ ദൈവം തൻ്റെ സ്നേഹരാജ്യത്തിൽ അംഗങ്ങളാകുവാൻ നാം ഓരോരുത്തരേയും ക്ഷണിക്കുന്നു
എന്നാൽ തിരിച്ചറിവില്ലാത്ത മനുഷ്യഗണം ഇനിയും സ്ഥാപിതമാകാനിരിക്കുന്ന ദൈവരാജ്യത്തിനായി അനന്തമായ കാത്തിരിപ്പ് തുടരുന്നു. ദൈവത്തിൻ്റെ സ്നേഹ സാമ്രാജത്തിലെ അംഗത്വം നിരസിക്കുന്നു.
ജോൺ സാർ തൻ്റെ കണ്ടെത്തൽ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.