സേപിയൻസ്

 Sapiens

A brief history of humankind 

Yual Noah Harrari (1976--)

Vintage 2015   Page 500 


 യെരുശലേം യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസർ ആണ് യുവാൽ നോവ ഹരാരി. വെറും 35 വയസ്സുള്ളപ്പോഴാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.


 മനുഷ്യവർഗ്ഗത്തിന്റെ കഥ വളരെ രസകരമായി പ്രതിപാദിക്കുന്ന ഈ പുസ്തകം എബ്രായ ഭാഷയിലാണ് ആദ്യം എഴുതപ്പെട്ടത്. പിന്നീട് അത് അൻപതോളം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും ലോകമെങ്ങും ഉള്ള ലക്ഷക്കണക്കിന് ആളുകൾ വായിക്കുകയും ചെയ്തു. 


 മനുഷ്യവർഗ്ഗം ഭൂമുഖത്ത് ആവിർഭവിച്ചിട്ട് 25 ലക്ഷം വർഷം ആകുന്നു. അതിലെ Sapiens എന്ന വകഭേദം ഉണ്ടായിട്ട് 200,000 വർഷങ്ങൾ ആകുന്നു. ഏതാണ്ട് 13,000 വർഷങ്ങൾക്കു മുമ്പ്  മറ്റ് വകഭേദങ്ങളെല്ലാം അപ്രത്യക്ഷമായി.


 ജീവശാസ്ത്രപരമായി  മനുഷ്യനും കുരങ്ങും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങൾ ഇല്ല. മനുഷ്യന്റേത് കുറെക്കൂടി വലിയ തലച്ചോറാണ്. ഇല്ലാത്ത കാര്യങ്ങൾ സങ്കൽപ്പിക്കാനുള്ള അഭൂത പൂർവ്വമായ കഴിവ് നേടിയപ്പോഴാണ് മനുഷ്യൻ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാകാൻ തുടങ്ങിയത്. 150 അംഗങ്ങളിൽ കൂടുതൽ മൃഗസമൂഹങ്ങളിൽ കാണുകയില്ല. എന്നാൽ കോടിക്കണക്കിന് അംഗങ്ങൾ ഉള്ള സമൂഹങ്ങൾ മനുഷ്യരുടെ ഇടയിൽ ഉണ്ടായത് ഇല്ലാത്ത കാര്യങ്ങൾ സങ്കൽപ്പിക്കുവാനുള്ള കഴിവ് കാരണമാണ്. സങ്കല്പങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയും ചേർന്നതാണ് മനുഷ്യസംസ്‌ക്കാരങ്ങൾ. മനുഷ്യ സംസ്കാരങ്ങളുടെ മാറ്റവും വികാസവുമാണ് ചരിത്രം. 


 മനുഷ്യൻ കൃഷിയും കാലി വളർത്തലും തുടങ്ങിയിട്ട് പതിനായിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിനുമുമ്പുള്ള ലക്ഷക്കണക്കിന് വർഷങ്ങൾ ആഹാരം ശേഖരിച്ചും വേട്ടയാടിയും മനുഷ്യർ ജീവിച്ചു.


ആഫ്രോ-ഏഷ്യൻ വൻകരയിൽ ആയിരുന്നു മനുഷ്യന്റെ ഉത്ഭവവും വികാസവും. അമേരിക്കയിലും ഓസ്ട്രേലിയയിലും മനുഷ്യർ ഉണ്ടായിരുന്നില്ല. ആഫ്രോ-ഏഷ്യൻ വൻകരയിൽ ഇല്ലാതിരുന്ന ധാരാളം ജീവികൾ അമേരിക്കയിലും ഓസ്ട്രേലിയയിലും ഉണ്ടായിരുന്നു. 45000 വർഷങ്ങൾക്കു മുമ്പ് മനുഷ്യർ ആസ്ട്രേലിയയിലേക്ക് കൂടിയേറി. പതിനാറായിരം വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലേക്ക്. ഇരുവൻകരകളിലും ഉണ്ടായിരുന്ന ധാരാളം ജീവികൾക്ക് അതോടെ വംശനാശം സംഭവിച്ചു.  മനുഷ്യർ ഈ വൻകരകളിൽ ചെല്ലാതിരുന്നെങ്കിൽ  എത്രയോ ജീവികൾ ഇന്നും ഭൂമുഖത്ത് ഉണ്ടായേനെ. 


 ഏതാണ്ട് 10000 വർഷങ്ങൾക്ക് മുമ്പ് കാർഷിക വിപ്ലവം സംഭവിച്ചു. ഗോതമ്പ് അരി തുടങ്ങിയ സസ്യങ്ങളെയും പശു ആട് തുടങ്ങിയ മൃഗങ്ങളെയും മനുഷ്യർ  domesticate ചെയ്യുവാൻ തുടങ്ങി. ഇതോടെ ആഹാരത്തിന്റെ ലഭ്യത വർദ്ധിച്ചു, ജനസംഖ്യയും വർദ്ധിച്ചു. എന്നാൽ ജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിക്കുകയുണ്ടായില്ല. 


 വേണ്ട കാര്യങ്ങളെല്ലാം ഓർത്തിരിക്കാൻ ഉള്ള കഴിവ് മനുഷ്യന്റെ തലച്ചോറിന് ഇല്ലാത്തതുകൊണ്ട് മനുഷ്യൻ എഴുത്ത് കണ്ടുപിടിച്ചു. 


 സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കി ആണല്ലോ മനുഷ്യ സംസ്കാരങ്ങൾ ഉണ്ടായത്.  ജാതി വർഗ്ഗം വർണ്ണം ലിംഗം സാമ്പത്തിക സ്ഥിതി തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ വ്യത്യസ്തരായ സങ്കൽപ്പിച്ചത് ജീവിതം വളരെ ദുഷ്കരമാക്കി. 


 മനുഷ്യവർഗ്ഗം കൂടുതൽ ഐക്യത്തിലേക്കാണ് മുന്നേറുന്നത്. Aഅധികം താമസിയാതെ ലോകം മുഴുവനും ഒന്നാകാതെ സാധിക്കുകയില്ല. മനുഷ്യനെ ഐക്യത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ് മതം. 


 അമാനുഷിക നിയമങ്ങളിലുള്ള വിശ്വാസത്തിന്മേൽ കെട്ടിപ്പടുത്ത മനുഷ്യ നിയമങ്ങളുടെ ഒരു സിസ്റ്റമാണ് മതം. ആധുനിക കാലത്തുണ്ടായ ചില മതങ്ങൾ പ്രത്യക്ഷത്തിൽ ദൈവവിശ്വാസം ഇല്ലാത്തവയാണ്. ലിബറലിസം കമ്മ്യൂണിസം കാപ്പിറ്റലിസം നാഷണലിസം നാസിസം ഇവ ഉദാഹരണങ്ങൾ. ഇവയൊന്നും സ്വയം മതം എന്ന് വിളിക്കുന്നില്ല, പ്രത്യയശാസ്ത്രങ്ങൾ എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ മതത്തിന്റെ ലക്ഷണങ്ങൾ ഇവയ്ക്കെല്ലാം ഉണ്ട്. മുമ്പ് ഉണ്ടായവ ദൈവിക മതങ്ങൾ ആണെങ്കിൽ ഈയിടെ ഉണ്ടായവ മാനുഷിക മതങ്ങളാണ്. മനുഷ്യന് ഒരു പ്രത്യേക നിലയും വിലയും പദവിയും ഉണ്ട് എന്ന് ഹ്യൂമനിസം വിശ്വസിക്കുന്നു. 


 ലിബറൻ, സോഷ്യലിസ്റ്റ്, ഇവലൂഷനറി എന്നിങ്ങനെ മൂന്ന് തരം ഹ്യുമനിസം ഉണ്ട്. മനുഷ്യ വ്യക്തിയിലാണ് ലിബറൽ ഹ്യൂമനിസത്തിന്റെ ഊന്നൽ. മനുഷ്യ സമൂഹത്തിലാണ് സോഷ്യലിസ്റ്റ് ഹ്യൂമനിസത്തിന്റെ ഊന്നൽ.  മനുഷ്യ പരിണാമത്തിനാണ് ഇവലൂഷനറി ഹ്യൂമനിസം ഊന്നൽ നൽകുന്നത്.  ഇവലൂഷനറി ഹ്യൂമനിസത്തിൽ നിന്ന് നാസിസം ഉണ്ടായി. സോഷ്യലിസ്റ്റ് ഹ്യൂമനിസത്തിൽ നിന്ന് കമ്മ്യൂണിസം ഉണ്ടായി. ലിബറൽ ഹ്യൂമനിസത്തിൽ നിന്ന് ക്യാപ്പിറ്റലിസം ഉണ്ടായി.


 കഴിഞ്ഞ 500 വർഷങ്ങളായി ലോകത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെ കാരണം ശാസ്ത്രീയവിപ്ലവമാണ്. നമുക്ക് അറിവില്ല എന്നും അന്വേഷിച്ചാൽ അറിവ് നേടാം എന്നും  ഉള്ള തിരിച്ചറിവാണ് ഇതിന് കാരണമായത്. നിലവിലുള്ള മതങ്ങളെയും മതാചാര്യന്മാരെയും പ്രാമാണിക ഗ്രന്ഥങ്ങളെയും  നിഷേധിച്ചുകൊണ്ടാണ് ഈ മാറ്റം സാധ്യമാക്കിയത്. 


 ശാസ്ത്രവും സാങ്കേതികവിദ്യവും ഉപയോഗിച്ചുകൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ  സാമ്രാജ്യങ്ങൾ സ്ഥാപിച്ചു  ലോകത്തെ മുഴുവൻ അവരുടെ അധീനതയിലാക്കി. ഇന്ന് രാജ്യങ്ങൾ വീണ്ടും രാജ്യങ്ങളായി നിലനിൽക്കുന്നു. എന്നാൽ പഴയ സാമ്രാജ്യങ്ങളുടെ സ്ഥാനത്ത് വലിയ സാമ്പത്തിക സാമ്രാജ്യങ്ങൾ ലോകത്തെ ഭരിക്കുന്നു. 


 കുടുംബങ്ങൾക്കും സാമൂഹ്യ ബന്ധങ്ങൾക്കും ഉണ്ടായിരുന്ന പ്രാധാന്യം കുറഞ്ഞ് വ്യക്തികൾക്കും വ്യക്തികളുടെ അവകാശങ്ങൾക്കും പ്രാധാന്യം ഏറിയിരിക്കുന്നു. 


 ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ്  അതിജീവനത്തിന് വേണ്ടി പോരാടുന്ന നിരവധി ജീവികളിൽ ഒന്നു മാത്രമായിരുന്നു മനുഷ്യൻ. എന്നാൽ ഇന്ന് അസാമാന്യമായ ശക്തി നേടിയിരിക്കുന്നു ഈ ജീവി. ഈ ഭൂമിയെ ആകെ നശിപ്പിക്കുവാനോ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുവാനോ മനുഷ്യന് കഴിവുണ്ട്. മനുഷ്യൻ എന്ത് ചെയ്യും എന്നുള്ളത് കാത്തിരുന്ന് കാണാം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം