മതങ്ങളും അവയുടെ സ്ഥാപകരും
യേശുവും ക്രിസ്തുമതവും എന്ന പേരിൽ ഈ അടുത്ത കാലത്ത് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ഞാൻ സമർഥിക്കാൻ ശ്രമിക്കുന്നത് ഇതാണ്: യേശുവിലാണ് ക്രിസ്തുമതത്തിന്റെ തുടക്കം എന്നത് ശരിയാണ്. എന്നാൽ യേശുവിന്റെ പ്രബോധനങ്ങളെക്കാൾ അധികം യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലാണ് ക്രിസ്തുമതം നിലകൊള്ളുന്നത്.
മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചുമുള്ള എന്റെ അറിവ് വളരെ പരിമിതമാണ്. വായിച്ചും കേട്ടുമുള്ള അറിവ് മാത്രമേ എനിക്കുള്ളൂ. എന്റെ പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: മുഹമ്മദ് നിബിയിൽ ആണ് ഇസ്ലാം മതത്തിന്റെ തുടക്കം, എന്നാൽ നിബിയുടെ പ്രബോധനങ്ങളെക്കാൾ കൂടുതൽ നിബിയെ കുറിച്ചുള്ള വിശ്വാസങ്ങളാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനമായത്.
അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു യേശു എന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായി ചുറ്റും കൂടിയവരുടെ മനസ്സുകളിൽ യേശു അവർ കാത്തിരുന്ന മിശിഹായായും ലോകത്തെ മുഴുവൻ സൃഷ്ടിച്ച പരിപാലിക്കുന്ന സർവ്വേശ്വരനായും ഉയർന്നു. യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങൾ ഹിമാലയം പോലെ ഉയർന്നപ്പോൾ യേശുവിന്റെ പ്രബോധനങ്ങൾ കാഴ്ചയിൽ നിന്നും മറയുകയും അവഗണിക്കപ്പെടുകയും ചെയ്തു. യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങളുടെ മേൽ നിലനിൽക്കുന്ന ക്രിസ്തുമതം മണ്ണിന്മേൽ നിൽക്കുന്ന വീടുപോലെയാണ്. കൊടുങ്കാറ്റിനേയും പേമാരിയെയും പ്രതിരോധിക്കാൻ അതിന് കഴിവില്ല.
മുഹമ്മദ് നബിയും ഒരു അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായി ചുറ്റും കൂടിയവരുടെ മനസ്സുകളിൽ അദ്ദേഹം സ്വർഗ്ഗത്തോളം ഉയർത്തപ്പെട്ടു. മറ്റെല്ലാ പ്രവാചകരേക്കാളും ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും, അദ്ദേഹത്തിന് ശേഷം ഇനി പ്രവാചകരാരും ഉണ്ടാവുകയില്ല എന്നും വിശ്വസിക്കപ്പെട്ടു. ഇങ്ങനെ മുഹമ്മദ് നിബിയെക്കുറിച്ചുള്ള വിശ്വാസങ്ങൾ ഹിമാലയം പോലെ വളർന്നുയർന്നപ്പോൾ അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ കാഴ്ചയിൽ നിന്നും മറയുകയും അവഗണിക്കപ്പെടുകയും ചെയ്തു. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലാണ് ഇസ്ലാം മതം നിലകൊള്ളുന്നത്. മണ്ണിൻമേൽ നിൽക്കുന്ന ഒരു വീടുപോലെയാണത്. പേമാരിയെയും കൊടുങ്കാറ്റിനെയും പ്രതിരോധിക്കുവാൻ അതിന് കഴിവില്ല.
മണ്ണു പോലെയുള്ള അടിസ്ഥാനത്തിന്റെ സ്ഥാനത്ത് പാറ പോലെ ഉറപ്പുള്ള അടിസ്ഥാനം വന്നാലേ ഈ മതങ്ങൾ നിലനിൽക്കു.
യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങളുടെ സ്ഥാനത്ത് യേശുവിന്റെ പ്രബോധനങ്ങൾ അടിസ്ഥാനമായി വരണം. യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങൾ വെറും മണ്ണുപോലെ ഉറപ്പില്ലാത്തതാണ്. എന്നാൽ യേശുവിന്റെ പ്രബോധനങ്ങൾ പാറ പോലെ ഉറപ്പുള്ളവയാണ്.
മുഹമ്മദ് നബിയുടെ പ്രബോധനങ്ങൾ പാറ പോലെ ഉറപ്പുള്ളവയാണ്, എന്നാൽ മുഹമ്മദ് നബിയെ കുറിച്ചുള്ള വിശ്വാസങ്ങൾ മണ്ണു പോലെ ഉറപ്പില്ലാത്തതാണ്. നബിയെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ സ്ഥാനത്ത് നബിയുടെ പ്രബോധനങ്ങൾ അടിസ്ഥാനമായി വരണം.
വിവിധ മതപ്രസ്ഥാനങ്ങളെക്കുറിച്ചും അവയുടെ സ്ഥാപകരെക്കുറിച്ചുമുള്ള എന്റെ പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ ഇതൊരു പൊതു തത്വമായി മനസിലാക്കാം എന്ന് തോന്നുന്നു. എല്ലാ മതപ്രസ്ഥാനങ്ങളും നിലനിൽക്കുന്നത് അവയുടെ സ്ഥാപകരെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലാണ്, സ്ഥാപകരുടെ പ്രബോധനങ്ങളുടെ മേൽ അല്ല. ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലാണ് ഇന്ന് എസ്എൻഡിപി നിലനിൽക്കുന്നത്. പൊയ്കയിൽ അപ്പച്ചനെ കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലാണ് ഇന്ന് പിആർഡിഎസ് നിലനിൽക്കുന്നത്.
വിശ്വാസങ്ങളുടെ സ്ഥാനത്ത് പ്രബോധനങ്ങൾ വരുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ നിലനിൽക്കുവാൻ അതല്ലാതെ മറ്റൊരു മാർഗ്ഗമില്ല.
ക്രിസ്തുമതം യേശുവിലേയ്ക്ക് തിരിയട്ടെ, ഇസ്ലാം മതം മുഹമ്മദ് നബിയിലേക്ക് തിരിയട്ടെ. അവരവരുടെ മതസ്ഥാപകനെ കുറിച്ചുള്ള വിശ്വാസങ്ങൾ മാറ്റി വച്ചിട്ട് അവരെന്താണ് പഠിപ്പിച്ചത് എന്ന് ആത്മാർത്ഥമായി അന്വേഷിക്കട്ടെ. അതിനുള്ള സന്മനസ്സ് എല്ലാവർക്കും ഉണ്ടാകുമെന്ന് ആശിക്കാം.
Comments