ഖുർആന്റെ രൂപവും ഉള്ളടക്കവും




 (മലയാള ഭാഷാന്തരം  അറബി മൂലത്തോടുകൂടി) 
 ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര് 
 ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്
2017  പേജ് 950  വില 599 

 ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ  അറേബ്യയിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട ഖുർആൻ എന്ന കൃതി ഇസ്ലാം മതത്തിന്റെ പ്രാമാണികഗ്രന്ഥമായി സ്വീകരിക്കപ്പെട്ടു. ആധുനികമനുഷ്യന്റെ ചരിത്രത്തെ ഈ കൃതി ഏറെ സ്വാധീനിച്ചു. വായിക്കാനുള്ള തിരുവെഴുത്തുകൾ  എന്ന അർത്ഥമാണ് ഖുർആൻ എന്ന അറബി വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഘടന 
 114 അധ്യായങ്ങളായി ഇതിനെ വിഭജിച്ചിരിക്കുന്നു. ഓരോ അധ്യായത്തെയും വീണ്ടും ചെറുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 

 ആദ്യത്തെ അധ്യായം ഒരു ചെറു പ്രാർത്ഥനയാണ്-- ഞങ്ങളെ നേർവഴിയിൽ നയിക്കണമേ എന്ന പ്രാർത്ഥന. ഈ പ്രാർത്ഥനയ്ക്ക് മറുപടിയായി,  മനുഷ്യന്  നേർവഴിയിൽ ചരിക്കാൻ ആവശ്യമായ കാര്യങ്ങളാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഉള്ളത്. അവയെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. രണ്ടാം അധ്യായമാണ് ഏറ്റവും വലുത്. 114 ആം അധ്യായം ഏറ്റവും ചെറുതും. ഏതാണ്ട് 20 വർഷങ്ങൾ കൊണ്ടാണ് ഖുർആൻ എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്നു. എഴുതപ്പെട്ട കാലക്രമത്തിൽ അല്ല അധ്യായങ്ങൾ കൊടുത്തിട്ടുള്ളത്.

 ഓരോ അധ്യായത്തിനും പേര് നൽകിയിരിക്കുന്നു. ആ അധ്യായത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന എന്തെങ്കിലും ആയിരിക്കും പേര്. പശു, ഇമ്രാൻ കുടുംബം, സ്ത്രീകൾ, ഭക്ഷണത്തളിക, കാലികൾ, ഉയരങ്ങൾ, യുദ്ധമുതലുകൾ, പശ്ചാത്താപം, യോന -- ഇങ്ങനെ പോകുന്നു അധ്യായങ്ങളുടെ പേരുകൾ.  

 മുഹമ്മദ് നിബിയിൽ ആണ് ഖുർആന്റെ ഉത്ഭവം എങ്കിലും നിരവധി ആളുകളുടെ ഓർമ്മയിലാണ് ആദ്യം ഖുർആൻ ഉണ്ടായിരുന്നത്. വാമൊഴി പിന്നീട് വരമൊഴിയായി. പിന്നീട് അവ ഒന്നിച്ച് ചേർത്ത്  അനേക വർഷങ്ങൾ കൊണ്ടാണ് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചേർന്നത്.  

 ഉള്ളടക്കം
ശരിയായ ജീവിതപാതയിൽ ചരിക്കാനാവശ്യമായ കാര്യങ്ങളാണ് ഇതിലുള്ളത്. എന്താണ് ശരിയായ പാത? എങ്ങനെ അതിൽ നിലനിൽക്കും? ഇക്കാര്യങ്ങൾ മിക്ക ഇടങ്ങളിലും ദൈവം നേരിട്ട് സംസാരിക്കുന്ന രൂപത്തിലാണ് പറഞ്ഞിരിക്കുന്നത്. മുഹമ്മദ് നബി നേരിട്ട് ജനങ്ങളെ പഠിപ്പിക്കുന്ന രൂപത്തിലും പറഞ്ഞിട്ടുണ്ട്.

 എഴുതപ്പെട്ട സാഹചര്യം 
മൂന്ന് തരം ആളുകളാണ് അക്കാലത്ത് ആ നാട്ടിൽ ഉണ്ടായിരുന്നത് -- പല ദൈവങ്ങളെ ആരാധിച്ചു ജീവിച്ചിരുന്ന സ്വദേശികൾ, യഹൂദർ, ക്രൈസ്തവർ. ഇത്രത്തോളം പ്രചരിച്ചിട്ടില്ലാത്ത നാലാമത് ഒരു ജീവിത വീക്ഷണവും അവിടെയുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന അബ്രഹാം ആയിരുന്നു അതിന്റെ മാതൃകാപുരുഷൻ. സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ചു ദൈവീക പാതയിൽ ചരിച്ച  ആളായിരുന്നു അബ്രഹാം. അതുകൊണ്ട് അബ്രഹാമിനെ അവർ ഒരു ത്യാഗി (ഹനീഫ) എന്നു വിളിച്ചു. അബ്രഹാമിനെ മാതൃകയാക്കി ജീവിക്കുന്നവർ  ആ പേരിൽ അറിയപ്പെട്ടു. (3:67)

അബ്രഹാമിന്റെ ജീവിതവീക്ഷണം മുഹമ്മദ് നബിയെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്തു. ഒരു ദൈവമേയുള്ളൂ, ലോകവും ലോകത്തിലുള്ള സകലവും ദൈവത്തിന്റെ സൃഷ്ടിയാണ്, ദൈവം അദൃശ്യനാണ്, ദൈവത്തെ പ്രതിനിധീകരിക്കുവാൻ പ്രതിമകളെ ഉപയോഗിച്ചുകൂടാ  എന്നിവയെല്ലാം ആ ജീവിതവീക്ഷണത്തിന്റെ  അടിസ്ഥാനമായി. മരണശേഷം ഉയർത്തെഴുന്നേൽപ്പുണ്ട്, ഇഹലോകം കൂടാതെ ഒരു പരലോകമുണ്ട്, എല്ലാവരും വിധിക്കപ്പെടുന്ന ഒരു ന്യായവിധി ഒടുവിൽ നടക്കും തുടങ്ങിയ വിശ്വാസങ്ങളും ആ ജീവിതവീക്ഷണത്തിന്റെ  ഭാഗമായി. 

അവിടുത്തെ സ്വദേശികൾ, യഹൂദർ, ക്രൈസ്തവർ  എന്നിവർ പല കാരണങ്ങളാൽ  തന്റെ വീക്ഷണത്തോട്  ചേർന്നു പോകുന്നില്ല എന്ന് മുഹമ്മദ് നബി തിരിച്ചറിഞ്ഞു. സ്വദേശികൾ ബഹുദൈവ വിശ്വാസികളാണ്. ക്രൈസ്തവർക്കുമുണ്ട് മൂന്ന് ദൈവങ്ങൾ. ഒരു മനുഷ്യൻ മാത്രമായ യേശുവിനെ അവർ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു വിശേഷപ്പെട്ട ജനതയായി യഹൂദർ സ്വയം കാണുന്നു. യഹൂദർ അല്ലാത്തവരെല്ലാം അവരുടെ കണ്ണിൽ പുറജാതികളാണ്. 

 അക്കാലത്ത് നിലവിലിരുന്ന ഈ മൂന്ന് ജീവിതചര്യകളെയും നിരാകരിച്ചുകൊണ്ട്  പൂർവപിതാവായ അബ്രഹാമിന്റെ ജീവിതചര്യയെ സ്വീകരിച്ച്, അത് മാതൃകയാക്കി, അതിനെ സമർപ്പിത ജീവിതം (ഇസ്ലാം) എന്ന് മുഹമ്മദ് നബി വിളിച്ചു. ആ ജീവിതം പിന്തുടരുന്നവരെ സമർപ്പിതൻ (മുസ്ലിം) എന്നും വിളിച്ചു. ദൈവത്തെ അനുസരിച്ചും സമ്പൂർണ്ണമായി ദൈവത്തിൽ സമർപ്പിച്ചും ഉള്ള ജീവിതരീതിയെയാണ് മുഹമ്മദ് നബി ഇസ്ലാം എന്ന് വിളിച്ചത്. അങ്ങനെ ജീവിക്കുന്നയാളെ മുസ്ലിം എന്നും. നോഹ, അബ്രഹാം, യോസഫ്, യേശു തുടങ്ങി ദൈവീക പാതയിൽ ചരിച്ചവരെയെല്ലാം അദ്ദേഹം മുസ്ലിങ്ങൾ എന്ന് വിളിച്ചു.

 സ്വദേശികൾ, യഹൂദർ, ക്രൈസ്തവർ എന്നിവരുടെ ജീവിതചര്യകളെ മുഹമ്മദ് നബി നിരാകരിച്ചുവെങ്കിലും പൂർവകാലത്ത് ജീവിച്ചിരുന്ന ദൈവികരായ മനുഷ്യരെയോ അവർ തന്നിട്ട് പോയ ലിഖിതങ്ങളെയോ നിരാകരിച്ചില്ല. ഏത് മതവിശ്വാസത്തിൽ പെട്ടവർ ആയാലും  ദൈവത്തെ അനുസരിച്ച് സമർപ്പണത്തോടുകൂടി  ജീവിച്ച് സൽക്കർമ്മങ്ങൾ ചെയ്യുന്നവർക്ക് ദുഃഖിക്കേണ്ടി വരികയില്ല (5:69) എന്ന് ഖുർആൻ പറയുന്നു. എല്ലാ സമുദായത്തിലും  ദൈവം തന്റെ ദൂതനെ നിയോഗിച്ചിട്ടുണ്ട് (16:36). 

യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ സ്വീകാര്യമായ ഒരു പൊതു തത്വത്തിലേക്ക് നബി അവരെ ക്ഷണിച്ചു. (3:64) വിശ്വാസികളുടെ പിതാവ് എന്ന് വിളിക്കപ്പെട്ടിരുന്ന അബ്രഹാം യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ സമ്മതനായിരുന്നു. വ്യത്യാസങ്ങൾ നിരവധി ഉണ്ടെങ്കിലും അബ്രഹാം എന്ന പൊതു പിതാവിന്റെ അടിസ്ഥാനത്തിൽ  അവരെല്ലാം ഒന്നിക്കും എന്ന്  മുഹമ്മദ് നബി ആശിച്ചു കാണും. 

 ഇങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജീവിതവീക്ഷണം ആയിരുന്നു മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നത്. അതാണ് ഖുർആനിന്റെ പേജുകളിൽ നാം വായിക്കുന്നത്. 

 എന്നാൽ കാലചക്രം തിരിഞ്ഞപ്പോൾ യഹൂദ ക്രൈസ്തവ മതങ്ങൾക്ക് സംഭവിച്ച പോലെ മറ്റാരെയും ഉൾക്കൊള്ളാത്ത ഇടുങ്ങിയ  വീക്ഷണമുള്ള ഒരു മതമായി  ഇസ്ലാമും മാറി. 

 ദൈവത്തിന്റെ സന്ദേശം ലോകത്തിന് കൈമാറുന്ന പ്രവാചകരിൽ അവസാനത്തെ ആളാണ് താൻ എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളതായി ഖുർആനിലുണ്ട്. പൂർവ്വകാലങ്ങളിൽ ജീവിച്ചിരുന്ന പ്രവാചകരെപ്പോലെ ഒരാളാണ് താനും  എന്നാണ് അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ അദ്ദേഹത്തിന്  ശേഷം പ്രവാചകരാരും ഉണ്ടാവുകയില്ല എന്ന  അർത്ഥത്തിൽ പിൽക്കാലത്ത് അത്  വ്യാഖ്യാനിക്കപ്പെട്ടു.   

 ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മുഹമ്മദ് നബി തിരികെ ഭൂമിയിലേക്ക് വന്നാൽ തന്റെ പേരിൽ ഉണ്ടായിരിക്കുന്ന ഈ മതത്തിന്റെ ദുർഗതി ഓർത്ത് അദ്ദേഹം വിലപിക്കും. താൻ കാണിച്ചുകൊടുത്ത നേരായ പാതയിൽ നിന്ന് അത് എത്രത്തോളം വഴിതെറ്റി പോയിരിക്കുന്നു എന്ന്  അദ്ദേഹം കാണും. 

 ഇന്ന് ലോകമെങ്ങുമുള്ള ഇസ്ലാം മതാനുയായികൾ  മുഹമ്മദ് നബിയിലേക്കും ഖുർആനിലേക്കും  തിരികെ വന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു!






Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം