ആരാധനയുടെ ആനന്ദം

 2023 Nov 22 ന്  സോപാന ഓർത്തഡോക്സ് അക്കാദമി നടത്തിയ പൗലോസ് മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനത്തിൽ  ചെയ്ത പ്രഭാഷണം


  1962 മുതൽ 65 വരെ നടന്ന രണ്ടാം വത്തിക്കാൻ സുന്നഹദോസ് ആധുനിക ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ എടുത്തു പറയത്തക്ക ഒരു സംഭവമാണ്. നമ്മുടെ പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അതിൽ സംബന്ധിക്കുകയും അതിന്റെ നയരൂപീകരണത്തിൽ സുപ്രധാന സംഭാവനകൾ നൽകുകയും ചെയ്തു. ക്രൈസ്തവ ആരാധനയെ സംബന്ധിക്കുന്ന ആഴമായ പഠനങ്ങൾ അതിൽ നടക്കുകയുണ്ടായി. അന്നുവരെ ലത്തീൻ ഭാഷയിൽ മാത്രം ആരാധിച്ചിരുന്ന റോമൻ കത്തോലിക്കാ വിശ്വാസികൾ അതിനുശേഷം അവരവരുടെ മാതൃഭാഷകളിൽ ആരാധിക്കുവാൻ തുടങ്ങി എന്നത് വത്തിക്കാൻ സുന്നഹദോസ് വരുത്തിയ ഒരു മാറ്റമാണ്.

പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അക്കാലത്ത് ക്രൈസ്തവ ആരാധനയെ പറ്റി ആഴമായ പഠനം നടത്തുകയും ആ വിഷയത്തെപ്പറ്റി Joy of Freedom എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. 

ഈ ഗ്രന്ഥവും ഈ വിഷയത്തെക്കുറിച്ചുള്ള തിരുമേനിയുടെ മറ്റ് രചനകളും ആരാധനയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ എനിക്ക് പ്രചോദകമായി. ആരാധന അധരവ്യായാമമായി അധഃപതിക്കാതെ എങ്ങനെ നമുക്ക് അർത്ഥവത്തായി ആരാധിക്കാൻ സാധിക്കും എന്നതായിരുന്നു എന്റെ അന്വേഷണം. ഈ അന്വേഷണത്തിൽ നിന്ന് ഞാൻ നേടിയ പരിമിതമായ അറിവുകൾ ഒന്ന് രണ്ട് ചെറിയ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുവാനും ഇടയായി. 

എന്റെ അന്വേഷണം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഞാനിപ്പോൾ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത് ആരാധനയെക്കുറിച്ച് ഇപ്പോൾ എനിക്കുള്ള ബോധ്യങ്ങളാണ്. ഈ പഠനത്തിൽ പങ്കുചേരുവാൻ ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു. വരൂ നമുക്ക് ഒരുമിച്ച് ആരാധനയെക്കുറിച്ച് പഠിക്കാം. 

ക്രൈസ്തവാരാധനയെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങളും അവയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരങ്ങളും ആണ് നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. ചോദ്യങ്ങൾ ഇവയാണ് : 

എന്താണ് ആരാധന?

ആരാധനയുടെ ഫലം എന്താണ്?

എങ്ങനെ ആരാധിക്കണം?

ആരാണ് ആരാധിക്കുന്നത്?

എവിടെയാണ് ആരാധിക്കുന്നത്? 

എപ്പോഴാണ് ആരാധിക്കുന്നത്?

ആദ്യത്തെ ചോദ്യത്തിൽ ആരംഭിക്കാം. 

എന്താണ് ആരാധന? 

ഇംഗ്ലീഷിൽ ഹീറോ വർഷിപ്പ് എന്നൊരു പ്രയോഗമുണ്ട്. മലയാളത്തിൽ അത് വീരാരാധന എന്ന് തർജ്ജമ ചെയ്യാറുണ്ട്. ഒരാളെ ഹീറോ ആയി സ്വീകരിക്കുകയും അയാളെ അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നതാണ് അത്. 

ക്രിക്കറ്റ് കളിയിൽ താല്പര്യമുള്ള ഒരു ബാലന് സച്ചിൻ ടെണ്ടുൽക്കറോട് ഏറെ ആദരവ് തോന്നുന്നത് സ്വാഭാവികമാണ്. ആ ബാലന്റെ മനസ്സിൽ വളരെ ഉന്നതമായ ഒരു സ്ഥാനമാവും സച്ചിന് നൽകിയിരിക്കുന്നത്. ആ ബാലന് തോന്നുന്ന ആദരവിനെ ആരാധന എന്ന് വിളിക്കാറുണ്ട്. ആ ബാലൻ സച്ചിന്റെ ആരാധകൻ ആകുന്നു.

സാന്ദർഭികമായി പറയട്ടെ, വളർന്നു വരുമ്പോൾ ഞാൻ ഏറെ ആദരിച്ചിരുന്ന വ്യക്തി പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി ആയിരുന്നു. അദ്ദേഹം എനിക്ക് ഹീറോ ആയിരുന്നു. 


ബൈബിളിൽ നിന്ന് ഒരു ഉദാഹരണം കാണാം: 

മുടിയനായ പുത്രന്റെ കഥ. പന്നികൾക്ക് കൊടുക്കുന്ന ആഹാരം പോലും തനിക്ക് തരാത്ത തന്റെ യജമാനന്റെ ദുഷ്ടത കണ്ടപ്പോഴാണ് താൻ വിട്ടകന്നുപോയ തന്റെ സ്വന്തം പിതാവിന്റെ മഹത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ് ആ മകന് ഉണ്ടായത്. പിതാവിന്റെ മഹത്വം തിരിച്ചറിഞ്ഞപ്പോൾ അവന്റെ മനസ്സിൽ പിതാവിന്റെ സ്ഥാനം വാനോളം ഉയർന്നു. അവന് പിതാവിനോട് തോന്നിയത് ആരാധനയാണ്. 

നാം ദൈവത്തിന്റെ മഹത്വം കാണുമ്പോൾ നമുക്ക് ദൈവത്തോട് ഏറെ ആദരവ് തോന്നും, നമ്മുടെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനം വാനോളം ഉയരും. ഇത് ദൈവത്തെ ആരാധിക്കൽ ആണ്, നാം ദൈവത്തിന്റെ ആരാധകർ ആകുന്നു.

മാലാഖമാർ ദൈവത്തെ സ്തുതിക്കുന്നതായി ഏശായാ പ്രവാചകന് ഒരു ദർശനം ഉണ്ടാകുന്നു. ദൈവം പരിശുദ്ധനാകുന്നു എന്ന് പരസ്പരം പറഞ്ഞുകൊണ്ട് മാലാഖമാർ ദൈവത്തെ പുകഴ്ത്തുന്നു. മാലാഖമാർക്ക് ദൈവത്തോട് തോന്നുന്ന ആദരവ് ആണ് വാക്കുകളിലൂടെ പുറത്തുവരുന്നത്. 

നമുക്ക് ഒരാളോട് ആദരവ് തോന്നുമ്പോൾ നാം അയാളെ പുകഴ്ത്തിക്കൊണ്ട് അഥവാ സ്തുതിച്ചുകൊണ്ട് സംസാരിക്കും. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സ്തുതിയും മുഖസ്തുതിയും തമ്മിലുള്ള വ്യത്യാസമാണ്. 

മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം 

ഒരാൾ രാജാവിന്റെ മുഖത്തുനോക്കി രാജാവിന്റെ മുഖം ചന്ദ്രനെപ്പോലെ വിളങ്ങുന്നു എന്ന് പറയുകയാണ്. ഇത് മുഖസ്തുതിയാണ്. രാജാവിൽ നിന്ന് എന്തോ കാര്യം സാധിക്കാൻ വേണ്ടി ഇല്ലാത്ത കാര്യം പറഞ്ഞ് അയാൾ രാജാവിനെ പുകഴ്ത്തുകയാണ്. ഇത് അയാളുടെ ആദരവിന്റെ പ്രകടനം അല്ല. 

അതിനുപകരം അയാൾ അയാളുടെ ഒരു സുഹൃത്തിനോട് രാജാവിന്റെ മുഖം ചന്ദ്രനെ പോലെ വിളങ്ങുന്നു എന്നു പറഞ്ഞാൽ അത് സ്തുതിയാണ്. ഉള്ളിലുള്ള ആദരവിന്റെ പ്രകടനമാണ് അയാളുടെ വാക്കുകൾ. 

ഏശായ പ്രവാചകന്റെ ദർശനത്തിൽ മാലാഖമാർ ദൈവം പരിശുദ്ധനാകുന്നു എന്ന കാര്യം പരസ്പരം പറയുകയാണ് ചെയ്യുന്നത്, അല്ലാതെ അവർ ദൈവത്തോട് പറയുകയല്ല. അതായത് അവരുടേത് സ്തുതിയാണ്, മുഖസ്തുതി അല്ല. 

എന്താണ് ആരാധന എന്ന് ചോദ്യത്തിന് ഇവിടെ നമ്മുടെ ഉത്തരം ഇതാണ്: നാം ദൈവത്തിന്റെ മഹത്വം കാണുമ്പോൾ ദൈവത്തോട് നമ്മുടെ ഉള്ളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ആദരവാണ് അത്. ഉള്ളിലുള്ള ആദരവ് സ്തുതി ആയി വാക്കുകളിലൂടെ പുറത്തുവരുന്നു. 


ഇനി രണ്ടാമത്തെ ചോദ്യത്തിലേക്ക് നീങ്ങാം:

ആരാധനയുടെ ഫലമായി എന്ത് സംഭവിക്കുന്നു?

തന്റെ പിതാവിന്റെ മഹത്വം ദർശിച്ച മുടിയനായ പുത്രന്റെ ജീവിതത്തിൽ വലിയ ഒരു രൂപാന്തരം സംഭവിച്ചു. പിതാവിനെ വിട്ടുള്ള ജീവിതം പിന്നിൽ ഉപേക്ഷിച്ചിട്ട് പിതാവിനോട് ചേർന്ന് പിതാവിന്റെ ഭവനത്തിൽ അവൻ ജീവിക്കുവാൻ തുടങ്ങുന്നു. ഇതുപോലെ ദൈവത്തിന്റെ മഹത്വം കണ്ട് ദൈവത്തെ ആദരിക്കുമ്പോൾ, നമ്മിലും വലിയ ഒരു രൂപാന്തരം സംഭവിക്കും. നാമും ദൈവത്തോടു കൂടെ ജീവിക്കുവാൻ ആരംഭിക്കും. 


ഏശായാ കണ്ട ദർശനമാണ് നമ്മുടെ ആരാധനയുടെ അടിസ്ഥാനമായി തീർന്നത്. നല്ലവനും മഹാനുമായ ഉസിയാ രാജാവിന് കുഷ്ഠരോഗം വന്നപ്പോൾ അത് ദൈവം നൽകിയ ശിക്ഷയായിരിക്കും എന്ന് തെറ്റിദ്ധരിച്ച്, നാടുമുഴുവനും ദൈവത്തെ പഴിച്ചു എന്ന് അനുമാനിക്കാവുന്നതാണ്. ആ സാഹചര്യത്തിലാവണം മാലാഖമാർ ദൈവത്തെ പരിശുദ്ധൻ എന്ന് പുകഴ്ത്തുന്ന ഈ ദർശനം ഏശായാ പ്രവാചകന് ഉണ്ടായത് എന്ന് അനുമാനിക്കാം. എല്ലാം അറിയുന്ന ദൈവം എന്തെങ്കിലും അബദ്ധങ്ങളോ തെറ്റുകളോ വരുത്തും എന്ന് ചിന്തിക്കുന്നത് ബുദ്ധിശൂന്യത തന്നെ. ദൈവത്തെ കുറ്റപ്പെടുത്തുന്ന അശുദ്ധ അധരങ്ങൾ ആണല്ലോ തനിക്കും ഉള്ളത് എന്ന് പ്രവാചകൻ തിരിച്ചറിയുന്നു.

ഏശായ പ്രവാചകൻ ദൈവത്തിന്റെ മഹത്വം കണ്ടുകഴിഞ്ഞപ്പോൾ ഒരു പുതിയ ആളായി മാറി. ദൈവത്തെ കുറ്റപ്പെടുത്തുന്ന പഴയ ജീവിതം വിട്ട് മാലാഖമാരോട് ചേർന്ന് ദൈവത്തെ പുകഴ്ത്തുന്ന ഒരു പുതിയ ജീവിതം ആരംഭിച്ചു.

നാം ആരാധിക്കുന്നതിന്റെ ഫലമായി നമ്മിൽ ഉണ്ടാകുന്ന പരിവർത്തനത്തെ സൂചിപ്പിക്കുന്നതിനായി നമ്മുടെ സഭാപിതാക്കന്മാർ ഒരു ഗ്രീക്ക് പദം ഉപയോഗിച്ചു -- theosis. Theos എന്നാൽ ദൈവം എന്നർത്ഥം. Theosis എന്നാൽ ദൈവീകരണം എന്നാണ് തർജ്ജമ ചെയ്യാറുള്ളത്. 

ദൈവം മനുഷ്യരെ സൃഷ്ടിച്ച രൂപത്തിൽ അല്ല ഇന്ന് മനുഷ്യർ നിലനിൽക്കുന്നത് എന്ന് നമ്മുടെ പാരമ്പര്യത്തിൽ പറയുന്നു. ആദിയിൽ മനുഷ്യന് (ആദം) ദൈവ സാദൃശ്യം ഉണ്ടായിരുന്നു. അവർ ദൈവവുമായും പരസ്പരവും പ്രകൃതിയുമായും സൗഹൃദത്തിൽ കഴിഞ്ഞുപോന്നു. ഈ അവസ്ഥയിൽ നിന്നും നിപതിച്ച മനുഷ്യവർഗ്ഗത്തിന് ആ സ്വർഗീയമായ ജീവിതം നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടുപോയ സ്വർഗ്ഗീയ ജീവിതത്തിലേക്ക് തിരികെ വരുന്നതാണ് theosis എന്ന വാക്കുകൊണ്ട് നമ്മുടെ പിതാക്കന്മാർ അർത്ഥമാക്കിയത് എന്ന് വേണം കരുതാൻ.

ആരാധനയുടെ ഫലമായി എന്ത് സംഭവിക്കുന്നു എന്ന് ചോദ്യത്തിന് ഇവിടെ നമ്മുടെ ഉത്തരം ഇതാണ്: നാം ദൈവീകരായി രൂപാന്തരപ്പെടുന്നു.


ഇനി മൂന്നാമത്തെ ചോദ്യം, 

നാം എങ്ങനെ ദൈവത്തെ ആരാധിക്കണം? 

വ്യക്തികളായും സമൂഹമായും നമുക്ക് ദൈവത്തെ ആരാധിക്കാം. സമൂഹ ആരാധനയ്ക്ക് കൂടുതൽ ഔപചാരികത ഉണ്ട്. മുൻകൂട്ടി തയ്യാറാക്കിയ ഒരു ആരാധനക്രമം മിക്കപ്പോഴും അതിന് ഉപയോഗിക്കും. ആരാധന വ്യക്തിപരമാ യാലും സമൂഹമായി ആയാലും അതിന് പൊതുവായ ചില സവിശേഷതകൾ ഉണ്ട്. 

വേണ്ടപോലെ ആരാധിക്കുവാൻ നമ്മെ സഹായിക്കുന്നവയാണ് നമ്മുടെ പിതാക്കന്മാർ നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെടുത്തിയ നമ്മുടെ ആരാധനക്രമങ്ങൾ. നമ്മുടെ ആരാധനയുടെ മകുടമായി കണക്കാക്കപ്പെടുന്നത് വിശുദ്ധ കുർബാനയാണ്. 

പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി നമ്മുടെ സമൂഹാരാധനയെ വിളിച്ചത് കമ്മ്യൂണിറ്റി യോഗ എന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന വിശ്വപ്രശസ്ത തത്വചിന്തകനായിരുന്ന ശ്രീ അരവിന്ദ ഘോഷിനെകുറിച്ചുള്ള ഒരു ലേഖനത്തിലാണ് അദ്ദേഹം അത് പറയുന്നത്. ദൈവവുമായി യോജിക്കാനുള്ള ഒരു വ്യായാമമുറ എന്ന നിലയിലാണ് ഭാരത പാരമ്പര്യത്തിൽ യോഗ ഉള്ളത്. ദൈവവുമായി യോജിക്കാൻ വേണ്ടി ഒരു കൂട്ടം ആളുകൾ ഒന്നിച്ച് ഏർപ്പെടുന്ന ഒരു വ്യായാമമുറയാണ് നമ്മുടെ ആരാധന എന്നാവണം ഗ്രിഗോറിയോസ് തിരുമേനി അർത്ഥമാക്കിയത്. 

ആരാധന എന്ന ഈ വ്യായാമമുറയുടെ പ്രധാന ഘടകങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് കാണാം. 

നമുക്ക് നന്നായി നിൽക്കാം, സ്തൗമൻ കാലോസ്, എന്ന് ആരാധനയ്ക്ക് നേതൃത്വം നൽകുന്നവർ നമ്മെ നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കും. 

നാം നന്നായി നിൽക്കുന്നത് എങ്ങനെ എന്ന് ആരാധനയ്ക്ക് പ്രധാനനേതൃത്വം നൽകുന്ന വൈദികൻ എടുത്തുപറയുന്ന രണ്ട് കാര്യങ്ങൾ നാം പ്രത്യേകം ചിന്താവിഷയമാക്കേണ്ടതുണ്ട്.

ആദ്യത്തേത്: 

വൈദികൻ പറയുന്നു: ഈ നാഴികയിൽ നാമെല്ലാവരുടെയും ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും ദൈവത്തിൽ ഇരിക്കണം. 

ബോധം വിചാരം വികാരം എന്നിങ്ങനെ മൂന്ന് മേഖലകൾ മനുഷ്യമനസ്സിലുള്ളതായി നമ്മുടെ പിതാക്കന്മാർ മനസ്സിലാക്കിയിരുന്നു. ബോധമനസ്സ് അബോധ മനസ്സ് ഉപബോധമനസ്സ് എന്നൊക്കെ നാം ധാരാളം കേൾക്കാറുണ്ട്. അവയെല്ലാം പാശ്ചാത്യ മനസ്ശാസ്ത്ര സങ്കൽപ്പങ്ങളാണ്. മനസ്സിന്റെ ഒരു അവസ്ഥയായി ബോധത്തെ കാണുന്ന ആധുനിക പാശ്ചാത്യ കാഴ്ചപ്പാടിൽ നിന്ന് വിഭിന്നമാണ് നമ്മുടെ പിതാക്കന്മാരുടെ കാഴ്ചപ്പാട്. വികാരവിചാരങ്ങളെ നിയന്ത്രണ വിധേയമാക്കുന്നത് പോലെ നമ്മുടെ ബോധത്തെയും നിയന്ത്രണവിധേയമാക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കിയിരുന്നു. 

മനസ്സിന് ഈ മൂന്ന് മേഖലകൾ ഉണ്ടെങ്കിലും ഒരു സമയത്ത് ഒന്നു മാത്രമേ സജീവമായിരിക്കൂ എന്ന് നമുക്ക് അനുഭവത്തിൽ നിന്നറിയാം. വികാരം സജീവമായിരിക്കുമ്പോൾ ബോധവും ചിന്തയും സജീവമല്ല. ചിന്ത സജീവമായിരിക്കുമ്പോൾ ബോധവും വികാരവും സജീവമല്ല. മിക്കപ്പോഴും നമ്മുടെയെല്ലാം മനസ്സുകളിൽ വിചാരങ്ങളും വികാരങ്ങളും വളരെ സജീവമാണ്. അതിന്റെ ഫലമായി ബോധത്തിന് സജീവമാകാനുള്ള അവസരം അധികം ലഭിക്കുന്നില്ല. 

മാംസപേശികൾ പോലെ, പ്രവർത്തിക്കുംതോറും ബലവത്താകുന്നതാണ് മനസ്സിന്റെ ഈ മൂന്ന് മേഖലകൾ. ബോധമണ്ഡലത്തിന് സജീവമാകാൻ അവസരം നൽകിയാൽ മാത്രമേ അത് വളരുകയും വികസിക്കുകയും ചെയ്യൂ. 

നമ്മുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും ദൈവമായ കർത്താവിങ്കൽ ഇരിക്കണം എന്ന് നിർദ്ദേശം കൊണ്ട് ഞാൻ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്-- നമ്മുടെ വികാരങ്ങൾ നിലനിൽക്കുന്നത് വിചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് നമുക്കറിയാം. വിചാരങ്ങൾ നിലനിൽക്കുന്നതാകട്ടെ ബോധത്തെ അടിസ്ഥാനമപ്പെടുത്തിയാണ്. നമ്മുടെ ബോധമണ്ഡലത്തിൽ ശ്രദ്ധ വയ്ക്കാൻ നമുക്ക് സാധിച്ചാൽ വിചാരങ്ങളും ഹൃദയവും അതോടൊപ്പം നിന്നു കൊള്ളും. ഇപ്രകാരം ബോധത്തിൽ ശ്രദ്ധവയ്ക്കുന്നതിനെ ധ്യാനം എന്നു വിളിക്കാറുണ്ട്. ബോധോദയം എന്ന് നമ്മുടെ ഭാരതീയ പാരമ്പര്യം വിളിക്കുന്നത് നമ്മുടെ ബോധമണ്ഡലം നന്നായി വികസിക്കുന്ന അവസ്ഥയെ ആയിരിക്കാൻ സാധ്യതയുണ്ട്. ഒരു പുതിയ ജനനം പോലെയോ അല്ലെങ്കിൽ ഒരു പുതിയ സൃഷ്ടി ആകുന്നത് പോലെയോ ഉള്ള സമൂലമായ മാറ്റം ആവണം അത്.


നാം എങ്ങനെ നന്നായി നിൽക്കും എന്നതിനെക്കുറിച്ച് വൈദികൻ നൽകുന്ന രണ്ടാമത്തെ സുപ്രധാന നിർദേശം ഇതാണ്: ഭയത്തോടു കൂടി കർത്താവിനെ നമുക്ക് സ്തോത്രം ചെയ്യാം. Let us praise the lord with reverence എന്ന ഇംഗ്ലീഷ് തർജമയാണ് കൂടുതൽ തൃപ്തികരം. ഏറെ ആദരവോടെ നമുക്ക് കർത്താവിനെ സ്തുതിക്കാം എന്നാണ് അതിന്റെ അർത്ഥം. ഇത് പറഞ്ഞാലുടൻ തന്നെ ഏശായാ പ്രവാചകന്റെ ദർശനത്തിൽ കണ്ട മാലാഖമാരോടൊപ്പം അവർ സ്തുതിച്ച അതേ വാക്കുകൾ ഉപയോഗിച്ച് നാം ദൈവത്തെ സ്തുതിക്കുന്നു. "സർവ്വശക്തനായ ദൈവം തമ്പുരാൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ! തന്റെ സ്തുതികളാൽ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു!"

ആദംഹവ്വമാർ സ്വയം ന്യായീകരിച്ചുകൊണ്ട് ദൈവത്തെ കുറ്റപ്പെടുത്തുന്നതുമായി ചേർത്ത് ചിന്തിക്കുമ്പോഴാണ് ദൈവത്തെ പരിശുദ്ധൻ എന്ന് പുകഴ്ത്തുന്നതിന്റെ അർത്ഥം വ്യക്തമാകുന്നത്. ദൈവത്തെ ന്യായീകരിക്കുമ്പോൾ നാം സ്വയം ന്യായീകരിക്കുന്നില്ല. മുടിയൻ പുത്രൻ തന്റെ പിതാവിൽ നിന്ന് അകലുന്നത് പിതാവിനെ കുറ്റപ്പെടുത്തിക്കൊണ്ടും സ്വയം ന്യായീകരിച്ചു കൊണ്ടുമാണ്. ഒടുവിൽ അവൻ പിതാവിനോട് അടുത്തു വരുമ്പോൾ അവൻ സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് പിതാവിനെ ന്യായീകരിക്കുന്നു. 

നമുക്ക് നന്നായി നിൽക്കാം എന്ന് ആരാധനയ്ക്ക് നേതൃത്വം നൽകുന്നവർ ആഹ്വാനം ചെയ്യുമ്പോഴെല്ലാം നമ്മുടെ അധരങ്ങളിൽ നിന്ന് ഉയരുന്ന പ്രാർത്ഥന കർത്താവേ കരുണ ചെയ്യേണമേ, കുറിയേലായിസോൻ, എന്നാണ്. സ്വയം കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചുങ്കക്കാരന്റെ പ്രാർത്ഥനയാണിത്. എന്നാൽ ആദംഹവ്വമാർ ചെയ്തതുപോലെ സ്വയം ന്യായീകരിക്കുകയാണ് പരീശൻ ചെയ്യുന്നത്. ദൈവസന്നിധിയിൽ വരുമ്പോഴെല്ലാം നമ്മുടെ ഭാവം അനുതാപത്തിന്റേതായിരിക്കണം. അപ്പോൾ മാത്രമേ ദൈവത്തിന് നമ്മെ നീതീകരിക്കുവാനും ശുദ്ധീകരിക്കുവാനും സാധിക്കൂ. 

നാം എങ്ങനെ ആരാധിക്കണം എന്ന ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ നാം കണ്ടു: ഒന്ന്, നമ്മുടെ ശ്രദ്ധ ബോധമണ്ഡലത്തിൽ തന്നെ വയ്ക്കണം. രണ്ട്, സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് ദൈവത്തെ ന്യായീകരിക്കുന്ന അനുതാപത്തിന്റെ ഭാവമാണ് നമുക്കുണ്ടാകേണ്ടത്. 

നാലാമത്തെ ചോദ്യം: 

ആരാണ് ദൈവത്തെ ആരാധിക്കുന്നത്?

ഒരു പുരോഹിതനെയും പിന്നിൽ നിൽക്കുന്ന ജനത്തെയും സങ്കൽപ്പിക്കാം. 

പുരോഹിതൻ പിന്നിൽ നിൽക്കുന്ന ജനസമൂഹത്തിന്റെ പ്രതിനിധിയാണ്. ജനം അമ്മേന്‍ പറയുമ്പോഴാണ് പുരോഹിതന്റെ വാക്കുകൾ ജനത്തിന്റെ വാക്കുകളായി മാറുന്നത്. 

ക്രൈസ്തവസഭയെ ഒരു പുരോഹിത വർഗ്ഗം എന്ന് പത്രോസിന്റെ ലേഖനത്തിൽ വിളിച്ചിരിക്കുന്നത് നമുക്കറിയാം. ക്രൈസ്തവ സഭ എന്ന പുരോഹിതൻ പ്രതിനിധാനം ചെയ്യുന്നത് സർവ്വ മനുഷ്യ വർഗ്ഗത്തെയുമാണ്. 

ഈ കാഴ്ചപ്പാട് കുറേക്കൂടി വിപുലീകരിക്കാം. മനുഷ്യവർഗ്ഗത്തെ ഒരു പുരോഹിതനായി സങ്കൽപ്പിക്കാം. അത് പ്രതിനിധാനം ചെയ്യുന്നത് സർവ്വ സൃഷ്ടിയെയും ആണ്. സർവ്വ സൃഷ്ടിയെയും പ്രതിനിധാനം ചെയ്തുകൊണ്ട് ദൈവത്തിനും ലോകത്തിനും ഇടയിലാണ് മനുഷ്യ വർഗ്ഗത്തിന്റെ സ്ഥാനം എന്ന് പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി പലയിടങ്ങളിലും വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത് നമുക്കറിയാം. 

സർവ്വ സൃഷ്ടിയും ദൈവത്തെ പുകഴ്ത്തുന്നതിന്റെ ഒരു ഉദാഹരണം പത്തൊമ്പതാം സങ്കീർത്തനത്തിൽ കാണാം. ആകാശങ്ങൾ ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു. പകൽ അടുത്തുവരുന്ന പകലിനോട്, രാത്രി അടുത്തുവരുന്ന രാത്രിയോട് ദൈവത്തിന്റെ മഹത്വം വർണിക്കുന്നു -- ഭാഷയും വാക്കുകളും ഇല്ലാതെ. സർവ്വലോകവും പങ്കെടുക്കുന്ന മഹത്തായ ആരാധനയെ പറ്റിയാണ് 148 ആം സങ്കീർത്തനം.


അഞ്ചാമത്തെ ചോദ്യം: 

എവിടെയാണ് നാം ദൈവത്തെ ആരാധിക്കേണ്ടത്?

നമ്മുടെ ലോകം തന്നെയാണ് യഥാർത്ഥ ദേവാലയം. ദേവാലയം എന്ന് നാം വിളിക്കുന്ന കെട്ടിടങ്ങൾ ലോകം എന്ന യഥാർത്ഥ ദേവാലയത്തിന്റെ പ്രതീകങ്ങൾ ആണ്. 

ആറാമത്തെ ചോദ്യം : 

എപ്പോഴാണ് നാം ദൈവത്തെ ആരാധിക്കേണ്ടത്

ലോകമാകുന്ന ദേവാലയത്തിൽ സർവ്വ സൃഷ്ടികളും ആരാധിക്കുന്നത് എപ്പോഴും ആണ്. അതായത്, നമ്മുടെ ജീവിതം തന്നെയാണ് നമ്മുടെ ആരാധന. ദേവാലയത്തിലെ നമ്മുടെ ആരാധന യഥാർത്ഥ ആരാധനയുടെ ഒരു പ്രതീകമാണ്. 


ഇതുവരെ പറഞ്ഞ കാര്യങ്ങൾ ചുരുക്കി പറയട്ടെ.

ആരാധനയെ സംബന്ധിച്ച ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ നാം ഇവിടെ ചിന്തിച്ചു. 

1. എന്താണ് ആരാധന? ദൈവത്തിന്റെ മഹത്വം കാണുമ്പോൾ നമ്മുടെ ഉള്ളിൽ സ്വാഭാവികമായി ഉയരുന്ന ആദരവ്.

2. ആരാധനയുടെ ഫലമായി എന്തു സംഭവിക്കുന്നു? ദൈവത്തോട് അങ്ങേയറ്റം ആദരവ് തോന്നുമ്പോൾ ദൈവത്തോട് ചേർന്ന് ജീവിക്കുകയും തൽഫലമായി നാം ദൈവീകരാകുകയും ചെയ്യുന്നു. 

3. ആരാധിക്കേണ്ടത് എങ്ങനെ? 

വികാരവിചാരങ്ങൾ അടക്കി നമ്മുടെ ബോധമണ്ഡലത്തിൽ, ശ്രദ്ധ നിലനിർത്തേണ്ടതുണ്ട്. ഇത് നമ്മെ ബോധവികാസത്തിലേക്കും ബോധോദയത്തിലേക്കും നയിക്കും. 

ദൈവത്തെ പുകഴ്ത്തിയും ന്യായീകരിച്ചും, സ്വയം കുറ്റപ്പെടുത്തിയും അനുതാപ ഭാവത്തോടെ ആണ് നാം എപ്പോഴും ദൈവസന്നിധിയിൽ വരേണ്ടത്.


4. ആര് ആണ് ആരാധിക്കുന്നത്? 

സർവ്വസൃഷ്ടിയും

5. എവിടെ ആണ് ആരാധിക്കുന്നത്

ലോകമാകുന്ന ദേവാലയത്തിൽ 

6. എപ്പോഴാണ് ആരാധിക്കേണ്ടത് 

എപ്പോഴും 


ശ്രദ്ധയോടെ എന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരോടും നന്ദി പറയുന്നു. നമുക്ക് ഒന്നിച്ച് ഈ പഠനം തുടരാം. അർത്ഥവത്തായി ആരാധിക്കുകയും ചെയ്യാം. 

ഈ അവസരം തന്നതിനായി ഞാൻ ഏറെ ആദരിക്കുന്ന കെഎം ജോർജ് അച്ഛനോടും ബിജേഷ് ഫിലിപ്പച്ചനോടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കട്ടെ. ദൈവം തമ്പുരാൻ നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


https://www.youtube.com/live/GvAo4iF-4XE?feature=shared


Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും