ധ്യാനം -- എന്ത്? എന്തിന്? എങ്ങനെ?

കോട്ടയം സീനിയർ സിറ്റിസൺ ഫോറത്തിന്റെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രഭാഷണം. Sep 22, 2023


ധ്യാനം (meditation) എന്ന പദത്തിന് രണ്ട് വ്യത്യസ്ത അര്‍ഥങ്ങള്‍ നിലവിലുണ്ട്:

1. എന്തിനെക്കുറിച്ചെങ്കിലും ആഴമായി ചിന്തിക്കുക എന്നൊരു അര്‍ഥമുണ്ട്.

2. ഒന്നും ചിന്തിക്കാതെ മനസിനെ ചിന്താവിമുക്തമാക്കുക എന്നൊരു അര്‍ത്ഥവും ആ പദത്തിനുണ്ട്.

ഈ രണ്ട് അര്‍ഥങ്ങള്‍ പ്രത്യക്ഷത്തില്‍ വിപരീതങ്ങള്‍ ആണെങ്കിലും, അവ തമ്മില്‍ ഒരു ബന്ധമുണ്ട്. ആദ്യത്തെ ധ്യാനത്തിന് രണ്ടാമത്തെ ധ്യാനം സഹായിക്കും. അതായത് മനസ് ചിന്താവിമുക്തമാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനുള്ള കഴിവ് നമുക്കുണ്ടാകും. ഈ രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള ധ്യാനമാണ് ഇവിടെ നമ്മുടെ ചിന്താവിഷയം.

എന്താണ് ധ്യാനം?
ക്രിസ്തുവിനും മുമ്പ് രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന പതഞ്‌ജലി മഹര്‍ഷി അതിനെ നിര്‍വചിച്ചത് ചിത്തവൃത്തി നിരോധം എന്നാണ്. അതായത് മനസിനെ അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാക്കുക. ചിന്തകളും അവയെ അടിസ്ഥാനമാക്കിയുള്ള ആഗ്രഹങ്ങളും വികാരങ്ങളും ആണ് മനസിന്‍റെ പ്രവര്‍ത്തനങ്ങള്‍ .

ഉറങ്ങുന്നതും ഉണര്‍ന്നിരിക്കുന്നതും മനസിന്‍റെ രണ്ട് അവസ്ഥകളാണ് എന്ന് നമുക്കറിയാം. ഉണര്‍ന്നിരിക്കുമ്പോള്‍ നമുക്ക് ബോധമുണ്ട്, മനസ്സ് പ്രവര്‍ത്തനനിരതമായിരിക്കുന്നു . ഉറങ്ങുമ്പോള്‍ ബോധമില്ല, മനസ്സില്‍ പ്രവര്‍ത്തനവുമില്ല. ഇതിന് രണ്ടിനും ഇടയിലുള്ള ഒന്നാണ് ധ്യാനാവസ്ഥ. അപ്പോള്‍ നമുക്ക് ബോധമുണ്ട്, എന്നാല്‍ മനസ്സില്‍ പ്രവര്‍ത്തനമില്ല.

ഹൃദയത്തിന് Electro-cardiogram (ECG) എടുക്കുന്നതുപോലെ തലച്ചോറിന് Electro-encephalogram (EEG) എടുക്കാറുണ്ട്. തലച്ചോറിലെ വൈദ്യുതതരംഗങ്ങള്‍ എങ്ങനെയുള്ളതാണ് എന്നാണ് EEG പരിശോധിക്കുന്നത് . ഒരാൾ ഉറങ്ങുമ്പോൾ എടുക്കുന്ന EEG ഉണര്‍ന്നിരിക്കുമ്പോള്‍ എടുക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. അവ രണ്ടില്‍ നിന്നും വ്യത്യസ്തമായിരിക്കും അയാള്‍ ധ്യാനിക്കുമ്പോഴുള്ള EEG.

ഉറങ്ങുന്നതും ഉണര്‍ന്നിരിക്കുന്നതും എല്ലാ ജീവജാലങ്ങള്‍ക്കും സ്വാഭാവികമായുള്ള അവസ്ഥകളാണ്, എന്നാല്‍ ധ്യാനാവസ്ഥ നാം ബോധപൂര്‍വ്വം പരിശീലിയ്ക്കുന്ന ഒരവസ്ഥയാണ്.

ഇനി മറ്റൊരു കാഴ്ചപ്പാടിലൂടെ ധ്യാനത്തെ മനസിലാക്കാം. ഭൂതകാലം, ഭാവികാലം, വര്‍ത്തമാനകാലം എന്നിങ്ങനെ സമയത്തെ നാം മൂന്നായി തിരിയ്ക്കാറുണ്ട്. വാസ്തവത്തില്‍ കാലങ്ങള്‍ ഇല്ല, വര്‍ത്തമാനകാലം എന്ന് വിളിയ്ക്കപ്പെടുന്നത് യഥാര്‍ഥത്തില്‍ ഒരു ബിന്ദുവാണ്, കാലമല്ല. ആ ബിന്ദു ഭൂതകാലമെന്നും ഭാവികാലമെന്നും സമയത്തെ രണ്ടായി തിരിയ്ക്കുന്നു. നാം ജീവിയ്ക്കുന്നത് എപ്പോഴും ആ ബിന്ദുവിലാണ്. ഒരിയ്ക്കലും നാം ഭൂതകാലത്തിലോ ഭാവികാലത്തിലോ ജീവിയ്ക്കുന്നില്ല. എന്നാല്‍ നമ്മുടെ മനസ്‌ മിക്കപ്പോഴും ഭൂതകാലത്തോ ഭാവികാലത്തോ ആയിരിക്കും. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്തോ വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ടോ പ്ലാന്‍ ചെയ്തോ ആയിരിക്കും നമ്മുടെ മനസ് എപ്പോഴും കഴിയുന്നത്. ഭൂതകാലം നിലനില്‍ക്കുന്നത് ഓര്‍മ്മകളില്‍ മാത്രമാണ്, ഭാവികാലം സങ്കല്‍പ്പത്തിലും. മനസിനെ ഭൂതകാലത്തേയ്ക്കോ ഭാവികാലത്തേയ്ക്കോ പോകാന്‍ വിടാതെ വര്‍ത്തമാനകാലം എന്ന ബിന്ദുവില്‍ നിര്‍ത്തുന്ന പ്രക്രിയയാണ് ധ്യാനം.

മനുഷ്യന്‍ ഒരു smartphone പോലെയാണ്. ഒരു smartphone നന്നായി ഉപയോഗിക്കുന്നതിന് അതിനെ നന്നായി മനസിലാക്കണം. എന്റെ ശരീരവും മനസും ചേര്‍ന്ന ഈ വലിയ smartphone നന്നായി ഉപയോഗിക്കണമെങ്കില്‍ ഞാന്‍ അതിനെ നന്നായി മനസിലാക്കണം. ശരീരം hardware ആണെങ്കില്‍ മനസ് software ആണ്.

ഒരു ഫോണില്‍ പല ആപ്ലിക്കേഷന്‍സ് ഉള്ളത് പോലെ നമ്മുടെ മനസ്സില്‍ ഉള്ള ആപ്ലിക്കേഷന്‍സ് ആണ് വിചാരങ്ങള്‍, വികാരങ്ങള്‍ ആഗ്രഹങ്ങള്‍ എന്നിവ. ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള ആപ്ലിക്കേഷന്‍സ് ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. ഇടയ്ക്ക് എല്ലാ ആപ്ലിക്കേഷന്‍സും ക്ലോസ് ചെയ്ത് phone ബൂസ്റ്റ്‌ ചെയ്തുകൊണ്ട് homepage ല്‍ നില്‍ക്കാന്‍ കഴിയണം. മനസിലെ എല്ലാ ആപ്ലിക്കേഷന്‍സും ക്ലോസ് ചെയ്ത് മനസിനെ അതിന്റെ homepage ല്‍ നിര്‍ത്തുന്ന പ്രക്രിയയാണ് ധ്യാനം.


എന്തിനാണ് ധ്യാനം?
വിചാരങ്ങള്‍, അവയെ അടിസ്ഥാനമാക്കിയുള്ള വികാരങ്ങള്‍, ആഗ്രഹങ്ങള്‍ ഇവ മൂന്നും മനുഷ്യമനസിന്റെ ഭാഗങ്ങളാണ്. ഭ്രാന്ത് പിടിച്ച കുതിരകളെപ്പോലെ അവ നമ്മെ പലവഴിക്ക് വലിക്കുന്നു. അവയെ നിയന്ത്രണത്തിലാക്കുവാന്‍ ധ്യാനം നമ്മെ സഹായിക്കുന്നു.

ഉള്‍ക്കണ്ണ് എന്ന് നാം കേടിട്ടുണ്ട്. നമ്മുടെ ഉള്ളില്‍ ഒരു കണ്ണ് ഉണ്ടെന്ന് സങ്കല്‍പ്പിക്കാം. നമ്മുടെ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളും എപ്പോഴും അതിനെ മൂടിയിരിക്കുന്നത് കൊണ്ട് നമുക്ക് കാര്യങ്ങള്‍ യഥാര്‍ത്ഥമായി കാണാന്‍ കഴിയുന്നില്ല. ഭൂമിയിലെ ഒരു ടെലസ്കോപ്പില്‍ നിന്ന് കാണുന്നതിലും വ്യക്തമായി ഹബിള്‍ ടെലെസ്കോപ്പില്‍ കൂടെ കാണാന്‍ കഴിയുന്നത് പോലെയാണിത്. ഒരു ടെലസ്കോപ്പിന് അന്തരീക്ഷത്തിന്റെ മറവ് പോലെയാണ് ഉള്‍ക്കണ്ണിന് വിചാരവികാരമോഹങ്ങളുടെ മറവ്.

ചിന്താശക്തിയില്‍ നിന്ന് വ്യത്യസ്തമാണ് ബോധം. കുട്ടികളെ കൂടുതല്‍ ചിന്താശേഷിയുള്ളവരാക്കി തീര്‍ക്കുകയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. എന്നാല്‍ മനുഷ്യന്‍റെ ബോധവികാസം നമ്മുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നില്ല. മനുഷ്യരെ നല്ല മനുഷ്യരാക്കുന്നത് ബോധവികാസമാണ്, ബുധിവികാസമല്ല. മനുഷ്യന്‍റെ ബോധവികാസത്തിന് ധ്യാനം വളരെ സഹായിക്കും. ഗൌതമന്‍ ധ്യാനനിരതനായിരുന്ന് നേടിയത് ബോധോദയമായിരുന്നു. ധ്യാനം ബോധോദയത്തിലേയ്ക്ക് നയിയ്ക്കുന്നു.

ഒരു ചെടി വളര്‍ന്ന് പുഷ്പിച്ച് കായ്ക്കുന്ന്തുപോലെ മനുഷ്യനും വളര്‍ന്നു പുഷ്പിച്ച് കായ്ക്കാന്‍ സാധിയ്ക്കും. അങ്ങനെ നമ്മുടെ ജീവിതം ഫലവത്താകുന്ന അനുഭവമാണ് ബോധോദയം. ജീവിതത്തെ യഥാര്‍ഥത്തില്‍ കാണാനും അര്‍ത്ഥവത്തായി ജീവിയ്ക്കാനും ബോധോദയം നമ്മെ പ്രാപ്തരാക്കുന്നു.

അറിയപ്പെട്ട ജഗദ്‌ഗുരുക്കന്മാര്‍ എല്ലാം ബോധോദയം പ്രാപിച്ചവരായിരുന്നു. ശ്രീ ബുദ്ധന്‍, മഹാവീരന്‍, യേശു, മുഹമ്മദ്‌ നിബി, ഗുരു നാനാക്ക്, കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശ്രീരാമകൃഷ്ണന്‍, വിവേകാനന്ദന്‍, അരബിന്ദോ, രമണമഹര്‍ഷി, ശ്രീനാരായണഗുരു ഇവരെല്ലാം ബോധോദയം പ്രാപിച്ച മഹാചാര്യന്മാരാണ്.

എങ്ങനെ ധ്യാനിക്കണം?
സൈക്കിള്‍ ചവുട്ടാന്‍ പഠിക്കുന്നത് പോലെ, അല്ലെങ്കില്‍ നീന്താന്‍ പഠിക്കുന്നത് പോലെ, അല്ലെങ്കില്‍ ടൈപ്പിംഗ്‌ പഠിക്കുന്നത് പോലെ നിരന്തരം ആഭ്യസിക്കേണ്ട ഒന്നാണ് ധ്യാനം. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. വ്യക്തമായ ലക്ഷ്യബോധത്തോടെ ദിനവും അഭ്യസിക്കേണ്ടതുണ്ട്.

ആദ്യം ഒരു സെക്കന്റ് നേരം മനസിനെ വര്‍ത്തമാനബിന്ദുവില്‍ നിര്‍ത്തുക. ക്രമേണ സമയം വര്‍ദ്ധിപ്പിക്കുക. ക്രമേണ മനസ് അതിനുള്ള കഴിവ് നേടുക തന്നെ ചെയ്യും. മനസിന്‌ സംഭവിക്കുന്ന മാറ്റം നമ്മെ അതിശയിപ്പിക്കും.

മനസിനെ വര്‍ത്തമാനബിന്ദുവില്‍ നിര്‍ത്തുന്നതിന് പല ഉപാധികള്‍ സ്വീകരിക്കാം. ശ്വാസോച്ച്വാസത്തില്‍ ശ്രദ്ധ വയ്ക്കാം. സംഗീതം കേള്‍ക്കുന്നതില്‍, ഒരു കാഴ്ചയില്‍, അങ്ങനെ പലതിലും. മനസിനെ ചിന്താവിമുക്തമാക്കുകയായിരിക്കണം ലക്ഷ്യമാക്കേണ്ടത്. ചിന്തയെ അടിസ്ഥാനമാക്കിയാണ് വികാരങ്ങളും ആഗ്രഹങ്ങളും നില്‍ക്കുന്നത്. ചിന്തകളെ ഒഴിവാക്കാനായാല്‍, വികാരങ്ങളെയും ആഗ്രഹങ്ങളെയും ഒഴിവാക്കാനാകും.    


Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും