മതം എന്ന പദത്തിന്റെ അർത്ഥം

മതം എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ? ഇങ്ങനെ ഒരു അന്വേഷണത്തിനായി ആരെങ്കിലും സമയം കളയേണ്ടതുണ്ടോ എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് സ്വാഭാവികം മാത്രം.

എന്നാൽ പദങ്ങളുടെ അർത്ഥം പലരും കരുതുന്ന അത്ര ലളിതമായ ഒരു കാര്യമല്ല. പദങ്ങളുടെ അർത്ഥത്തെപ്പറ്റി നിലവിലിരിക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണ ഓരോ പദത്തിനും കൃത്യമായി ഓരോ അർത്ഥം ഉണ്ട് എന്നതാണ്. പുതിയ ഒരു വാക്ക് കേൾക്കുമ്പോൾ അതിന്റെ അർത്ഥം എന്താണ് എന്ന് നമ്മൾ അന്വേഷിക്കും. ഒരു വാക്കിന് ഒരു അർത്ഥം എന്ന് നാം അനുമാനിക്കുന്നു. എന്നാൽ അങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ഡിക്ഷണറിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാൽ ആർക്കും കാണാവുന്നതേയുള്ളൂ ഓരോ വാക്കിനും നിരവധി അർത്ഥങ്ങൾ. ഓരോ ആശയത്തെയും പ്രതിനിധാനം ചെയ്യുവാനായി നിരവധി പദങ്ങളും ഉണ്ട്. ഉപയോഗിക്കപ്പെടുന്ന സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരു പദത്തിന്റെ അർത്ഥം അനുമാനിക്കാൻ കഴിയൂ എന്ന് നാം തിരിച്ചറിയുന്നു.


വാക്കുകളുടെ അർത്ഥനിർണയത്തിന് പൊതുവായ ചില മാർഗ്ഗ നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കുവാൻ കഴിയും. അവയിൽ ഒന്ന് ഇങ്ങനെയാണ്. നാം സർവ്വസാധാരണയായി ഉപയോഗിക്കുന്ന പല പദങ്ങൾക്കും രണ്ട് അർത്ഥങ്ങൾ ഉണ്ടാകാം -- ഒന്ന് വിശാലം, മറ്റേത് പരിമിതം. ചില ഉദാഹരണങ്ങൾ പറയാം. Man എന്ന ഇംഗ്ലീഷ് പദത്തിന് രണ്ട് അർത്ഥങ്ങളുണ്ട്. മനുഷ്യൻ എന്ന വിശാലമായ അർത്ഥവും പുരുഷൻ എന്ന പരിമിതമായ അർത്ഥവും. Animal എന്ന ഇംഗ്ലീഷ് പദത്തിന് മനുഷ്യനെ ഉൾപ്പെടുത്തിയുള്ള വിശാല അർത്ഥവും മനുഷ്യനെ ഒഴിവാക്കിയുള്ള പരിമിത അർത്ഥവും ഉണ്ട്. തല എന്ന വാക്കിന് കഴുത്തിന് മുകളിലുള്ള ഭാഗം എന്ന വിശാല അർത്ഥവും അതിൽ മുഖം ഒഴികെയുള്ള ഭാഗം എന്ന പരിമിതാർത്ഥവുമുണ്ട്. കൈ എന്ന വാക്കിന് തോളിൽ ആരംഭിക്കുന്ന മുഴുവൻ അവയവം (arm) എന്ന വിശാല അർത്ഥവും, കൈപ്പത്തി (hand), കൈവെള്ള (palm) എന്നീ പരിമിതാർത്ഥങ്ങളും ഉണ്ട്.


ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് നമുക്ക് മതം എന്ന പദത്തിലേക്ക് വരാം. അതിന് വളരെ വിശാലമായ ഒരു അർത്ഥമുണ്ട്. പരിമിതമായ അർത്ഥങ്ങളും ഉണ്ട്.

രാഷ്ട്രീയം, മതം, കല, വിദ്യാഭ്യാസം തുടങ്ങി നിരവധി ഭാഗങ്ങൾ ചേർന്നതാണ് നമ്മുടെ സംസ്കാരം എന്ന വാചകത്തിൽ മതം എന്ന പദത്തിന് വളരെ വിശാലമായ അർത്ഥമാണ് ഉള്ളത്. ഒരു മനുഷ്യ സമൂഹത്തിന്റെ ജീവിത രീതിയെയാണ് സംസ്കാരം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മനുഷ്യ സമൂഹത്തിന്റെ ജീവിതരീതി അടിസ്ഥാനപ്പെട്ടിരിക്കുന്നത് ആ സമൂഹത്തിന് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന്റെ മേലാണ്. അങ്ങനെ ഒരു സംസ്കാരത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്ന ജീവിത വീക്ഷണത്തെ ആണ് മതം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു സമൂഹത്തിന് നിലനിൽക്കുവാൻ ഉള്ള ആശയ അടിസ്ഥാനം, അതിന് മുന്നോട്ട് പോകുവാനുള്ള പ്രേരക ശക്തി -- ഇവയൊക്കെ നൽകുന്ന സംസ്കാരത്തിന്റെ ഭാഗമാണ് മതം. ഒരു സമൂഹത്തിന്റെ ആരോഗ്യത്തോടെയുള്ള നിലനിൽപ്പാണ് അതിലെ മതം ലക്ഷ്യമാക്കുന്നത്. ഇത് വിശാലമായ ഒരു അർത്ഥമാണ്. ഇത് ബഹുവചന രൂപം ഇല്ലാത്ത ഒരു നാമമാണ്. മതം എന്നല്ലാതെ മതങ്ങൾ എന്ന് ഈ അർത്ഥത്തിൽ പറയാറില്ല. ശാസ്ത്രം, സാഹിത്യം, കല, രാഷ്ട്രീയം എന്നീ വാക്കുകളെ പോലെ മതം എന്ന വാക്കും ഉപയോഗിക്കപ്പെടുന്നു.

സാഹിത്യം, കല, രാഷ്ട്രീയം, വാണിജ്യം തുടങ്ങി മനുഷ്യ സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നമ്മുടെ യൂണിവേഴ്സിറ്റികളിൽ പഠന വിഷയമാക്കേണ്ടതാണ്. പശ്ചാത്യ യൂണിവേഴ്സിറ്റികളിൽ മതം ഒരു പഠന വിഷയമാണെങ്കിലും, എന്തുകൊണ്ടോ ഇന്ത്യയിൽ ആ സ്ഥിതി വന്നിട്ടില്ല. മതം എന്ന വിഷയം പഠിക്കുന്നവർ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നവർ ആകണമെന്നില്ല. മതം എന്ന പ്രതിഭാസം ആണ് അവരുടെ പഠന വിഷയം. ഇത്തരത്തിൽ മതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനങ്ങൾ നമ്മുടെ നാട്ടിലെ കലാശാലകളിൽ നടന്നിരുന്നെങ്കിൽ മതങ്ങളുടെ പേരിലുള്ള നിരവധി പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ നാട് വിമുക്തമായേനെ.

ക്രിസ്തുമതം, ഇസ്ലാം മതം, ബുദ്ധമതം എന്നൊക്കെ പറയുമ്പോൾ മതം എന്ന വാക്ക്‌ പരിമിതമായ അർത്ഥത്തിൽ ഉപയോഗിക്കുകയാണ്.


Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം