കൃഷ്ണനും കൃഷ്ണ ദർശനവും -- ഓഷോ


Osho International Foundation 2004 പേജ് 318 വിവർത്തനം: ധ്യാൻ ജാഗ്രൻ രജനീഷ്

 ചന്ദ്രമോഹൻ ജെയിൻ (1931 - 1990). 1970-കളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. മധ്യപ്രദേശിലെ കുച്ച്വാടാ യിൽ ജനിച്ചു. 1953 ൽ ബോധോദയം ഉണ്ടായി. തത്വശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. കുറേക്കാലം അധ്യാപകനായിരുന്ന ശേഷം ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച പ്രഭാഷണങ്ങൾ നടത്തി. എഴുപതുകളിൽ പൂന ആസ്ഥാനമാക്കി ധ്യാനകേന്ദ്രം നടത്തി. 80 കളുടെ തുടക്കത്തിൽ അമേരിക്കയിലെ ഓറിഗോണിലേക്ക് താമസം മാറി. 80 കളുടെ പകുതിയോടെ ലോകമെങ്ങും സഞ്ചരിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 87 ആദ്യം പൂനെയിലെ ആശ്രമത്തിലേക്ക് മടങ്ങി. 88 ൽ ഓഷോ എന്ന പേര് സ്വീകരിച്ചു. 90 ൽ അന്തരിച്ചു. പൂനയിലെ ഓഷോ ധ്യാനകേന്ദ്രത്തിൽ വർഷംതോറും രണ്ട് ലക്ഷത്തോളം സന്ദർശകർ എത്താറുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ 50 ഓളം ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.

 ശ്രീകൃഷ്ണനെ കുറിച്ചുള്ള ഏഴ് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മറ്റ് ജഗദ് ഗുരുക്കന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രീകൃഷ്ണൻ പല കാര്യങ്ങളിലും വേറിട്ട് നിൽക്കുന്നു. ഒരു ജഗദ് ഗുരുവിൽ നാം പ്രതീക്ഷിക്കാത്ത പലതും കൃഷ്ണനിൽ കണ്ട് നാം അതിശയിക്കുന്നു.

 ഈശ്വരാവതാരമായ കൃഷ്ണന് എങ്ങനെ അർജുനനെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കാൻ സാധിക്കും എന്നതാണ് ഒന്നാം അധ്യായത്തിലെ ചിന്താവിഷയം. അർജുനന് വിശ്വ ദർശനം നൽകിക്കൊണ്ട് ജനിമൃതികൾ വെറും തോന്നലാണെന്നും ഒരു ക്ഷത്രിയനായ അർജുനൻ തന്റെ കർമ്മം നിർവഹിക്കണം എന്നും കൃഷ്ണനുപദേശിക്കുന്നു.

ഇരുട്ടും വെളിച്ചവും പോലുള്ള വിപരീത ഭാവങ്ങൾ കൃഷ്ണനിൽ സമന്വയിച്ചിരിക്കുന്നു എന്നതാണ് രണ്ടാം അധ്യായത്തിലെ വിഷയം.

ബുദ്ധൻ ലക്ഷ്യമാക്കുന്നത് ബോധോദയം ആണെങ്കിൽ ബോധോദയത്തിലാണ് കൃഷ്ണന്റെ ജീവിതം ആരംഭിക്കുന്നത് തന്നെ. ഇതാണ് മൂന്നാം അധ്യായത്തിന്റെ വിഷയം.

കൃഷ്ണനെപ്പോലെ കാലാതീതനായ ഒരാളെ ചരിത്രത്തിന്റെ ഭാഗമാക്കേണ്ടതില്ല എന്നാണ് നാലാം അധ്യായത്തിൽ പറയുന്നത്.

ഒരു മഹാ മനുഷ്യൻ എത്ര അനുകരണീയനാണ് എന്ന് തോന്നിയാലും അയാളെ അനുകരിക്കുകയോ അനുഗമിക്കുകയോ ചെയ്യാൻ പാടില്ല. ഓരോരുത്തരും സ്വന്തം ജീവിതപാത കണ്ടെത്തണം. ഇതാണ് അഞ്ചാം അധ്യായത്തിലെ വിഷയം.

കൃഷ്ണൻ ഗോപികമാരുടെ വസ്ത്രങ്ങൾ അപഹരിച്ചു എന്നതിനെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിൽ വസ്ത്രത്തിന്റെ സ്ഥാനം എന്താണ് എന്നതിനെ സംബന്ധിക്കുന്ന അന്വേഷണമാണ് ആറാം അധ്യായം.

രാമൻ ജീവിതത്തെ വളരെ ഗൗരവമായി കണ്ടതിൽ കൃഷ്ണൻ ജീവിതത്തെ കണ്ടത് ഒരു വിനോദമായാണ്. രസിക്കാനും ഉല്ലസിക്കാനും ഉള്ള അവസരങ്ങൾ കൃഷ്ണൻ വേണ്ടെന്നു വയ്ക്കുന്നില്ല. നാം നമ്മുടെ ജോലികൾ വളരെ വിരസമായി ചെയ്യുന്നതിന് പകരം അവയെ ആഘോഷമാക്കണം എന്ന് ഏഴാം അധ്യായത്തിൽ ഓഷോ പറയുന്നു.

ശ്രീകൃഷ്ണനെ കുറിച്ച് വളരെ ആഴത്തിലുള്ള ഒരു പഠനമാണ് ഓഷോ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ഓഷോയുടെ ജീവിത ദർശനം കൃഷ്ണന്റെതിന് സമാനമായിരുന്നു എന്ന് കാണാം.

ജോൺ കുന്നത്ത് 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും