മതകലഹത്തിന് ഒരൊറ്റമൂലി
ഭൂമിയിലെ കലഹങ്ങളുടെ കാരണമായി കുഞ്ചൻ നമ്പ്യാർ മനസ്സിലാക്കിയത് കനകവും കാമിനിയും ആണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കേരളത്തിൽ അത് ശരിയായിരുന്നിരിക്കും. എന്നാൽ അദ്ദേഹം ഈ കാലത്ത് കേരളത്തിൽ ജീവിക്കുകയാണെങ്കിൽ അതിന്റെ കൂടെ തീർച്ചയായും ഒന്ന് കൂടെ കൂട്ടിച്ചേർക്കും - മതം.
കനകം കാമം മതം മൂലം
കലഹം പലവിധമുലകിൽ സുലഭം
ഏതാണ്ട് ഇങ്ങനെയായിരിക്കും അദ്ദേഹം പാടുക.
വിവിധ മതങ്ങളിൽ പെട്ടവർ ഒരുമിച്ച് ജീവിക്കുന്ന ഇടങ്ങളിൽ അവർക്ക് മനുഷ്യരെന്ന നിലയിൽ തന്നെ പരസ്പരം ഇടപെടാൻ കുഞ്ചൻ നമ്പ്യാരുടെ കാലത്ത് കഴിഞ്ഞിരുന്നു എന്ന് വേണം മനസിലാക്കുവാന്‍. എന്നാൽ ഇന്ന് അത് വളരെ പ്രയാസകരമായി മാറുന്നു. പണ്ടൊക്കെ ചില ചായക്കടകളിൽ ഇവിടെ രാഷ്ട്രീയം പാടില്ല എന്നൊരു ബോർഡ് എഴുതി തൂക്കുമായിരുന്നു. കാരണം അവിടെ ചായ കുടിക്കാൻ എത്തുന്നവർ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയാൽ അവർ തമ്മിൽ കലഹമാകും. ഇന്ന് രാഷ്ട്രീയത്തെക്കാൾ വളരെയേറെ കലഹം ഉണ്ടാക്കുന്ന ഒരു വിഷയമാണ് മതം. അതുകൊണ്ട് ചായക്കടകളിൽ മാത്രമല്ല മനുഷ്യർ ഒന്നിച്ചു കൂടുന്ന എല്ലാ ഇടങ്ങളിലും മതത്തിന് വിലക്കുണ്ട്. ഇവിടെ മതപരമായ യാതൊരു കാര്യങ്ങളും മിണ്ടരുത് എന്ന അലിഖിതമായ നിയമം നിലനിൽക്കുന്നു. പെട്രോൾ കൊണ്ട് നനഞ്ഞു കിടക്കുന്നിടത്ത് ആരെങ്കിലും ഒരു തീപ്പെട്ടി ഉരച്ചാൽ തീ ആളിക്കത്തുന്നത് പോലെ മതഭ്രാന്ത് എന്ന പെട്രോൾ കൊണ്ട് നാടുമുഴുവൻ നനഞ്ഞു കിടക്കുന്നു, അതൊരു വർഗീയ ലഹളയായി ആളിക്കത്തുവാൻ അധികം താമസം ഒന്നും വേണ്ട.
ഇത് ഇന്ന് ലോകം മുഴുവനും ഉള്ള സ്ഥിതിവിശേഷമാണ്. മതഭ്രാന്തിന്റെ അളവ് ഓരോ സ്ഥലങ്ങളിലും കൂടിയും കുറഞ്ഞു ഇരിക്കും എന്ന് മാത്രം. ഇന്ത്യയിൽ പൊതുവേ മതഭ്രാന്ത് കൂടുതലാണ്. അതിൽ തന്നെ കേരളത്തിൽ മതഭ്രാന്ത് വളരെ കൂടുതലാണ്. ഭ്രാന്താലയം എന്ന് വിവേകാനന്ദസ്വാമികൾ വിളിച്ചത് ഇന്നത്തെ കേരളത്തിന് വളരെ യോജിച്ച ഒരു പേര് തന്നെ.
ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് നമുക്ക് ചിന്തിക്കാം.
മിക്ക മതങ്ങളും ഉത്ഭവിച്ചത് ഒരു മഹാനായ മനുഷ്യൻ കാരണമാണ്. ബുദ്ധൻ കാരണം ബുദ്ധമതം, യേശു കാരണം ക്രിസ്തുമതം, മുഹമ്മദ് കാരണം ഇസ്ലാം മതം-- ഇങ്ങനെയാണ് ഓരോ മതവും ഉണ്ടായിരിക്കുന്നത്. ഈ പ്രക്രിയ എക്കാലവും തുടർന്നുകൊണ്ടിരിക്കുന്നു. ഒരു മഹാനായ മനുഷ്യൻ ഉണ്ടാകുമ്പോൾ ആ ആളെ അടിസ്ഥാനമാക്കി പുതിയ ഒരു മതപ്രസ്ഥാനം നിലവിൽ വരുന്നു. നമ്മുടെ നാട്ടിൽ തന്നെ അപ്രകാരം ഉണ്ടായിട്ടുള്ള മഹാമനുഷ്യരിൽ ചിലരാണ് ശ്രീനാരായണഗുരു, ശ്രീരാമകൃഷ്ണപരമഹംസർ, സത്യസായിബാബ, അമൃതാനന്ദമയി തുടങ്ങിയവർ.
ഒരു മഹാമനുഷ്യൻ ഇരുളിൽ പ്രകാശം പരത്തുന്ന ഒരു മഹാജ്യോതിസ് ആണ്. ആ പ്രകാശത്തിൽ ആകൃഷ്ടരായി ധാരാളം ആളുകൾ അടുത്തുവരുന്നത് സ്വാഭാവികമാണ്. ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ ദർശനം അവർക്ക് ആ ആളിൽ നിന്ന് ലഭിക്കുന്നു. ആ ആളിന്റെ സാന്നിധ്യം അർത്ഥവത്തായും ഫലപ്രദമായുമുള്ള ഒരു ജീവിതം ജീവിക്കുവാൻ അനേകം ആളുകൾക്ക് സഹായമായി ഭവിക്കുന്നു. ഈ മഹാനായ മനുഷ്യനെക്കുറിച്ച് അവർക്കെല്ലാം ഉള്ളിൽ വളരെ ആദരവ് തോന്നുന്നു. ഒരാളുടെ കീർത്തിയും സ്വാധീനവും പരക്കുമ്പോൾ മനുഷ്യമനസ്സുകളിൽ അയാളുടെ സ്ഥാനം വാനോളം ഉയരുന്നു. ആ ആൾ അവരുടെ മനസ്സുകളിൽ ഒരു അമാനുഷൻ ആയി മാറുന്നു.
ഒരു മഹാമനുഷ്യന് അമാനുഷനായി മാറുന്നത് പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നുമെങ്കിലും, അതൊരു വലിയ ദോഷത്തിന് കാരണമാകും. ഇന്നേവരെ ആ ആൾ അവർക്കെല്ലാം ഒരു മാതൃകാപുരുഷനായിരുന്നു. അദ്ദേഹം ഒരു അമാനുഷനായി ഉയർത്തപ്പെട്ട് കഴിയുമ്പോൾ പിന്നെ മാതൃകാപുരുഷൻ അല്ലാതാകുന്നു. അദ്ദേഹം അമാനുഷനാണ് എന്ന് വിശ്വാസവും അദ്ദേഹത്തെ ആരാധിക്കലും കേന്ദ്രസ്ഥാനം കൈക്കൊള്ളുകയും അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. അതോടെ അദ്ദേഹം തുടക്കമിട്ട പ്രസ്ഥാനം മൃതമാകുന്നു.
ഈ പ്രക്രിയ എപ്പോഴും എല്ലായിടത്തും നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നതുമാണ്. ഒരു മഹാവ്യക്തിയുടെ പ്രകാശത്തിൽ തുടക്കമിടുന്ന ഒരു പ്രസ്ഥാനം ആ ആൾ ആരാധിക്കപ്പെടാൻ തുടങ്ങുന്നതോടെ മൃതമാവുകയും അജ്ഞതയും അന്ധകാരവും പരത്തുന്ന ഒരു പ്രസ്ഥാനമായി പരിണമിക്കുകയും ചെയ്യുന്നു. എല്ലാ മതങ്ങളുടെയും മതപ്രസ്ഥാനങ്ങളുടെയും ചരിത്രം ഇതാണ്.
നമ്മളെല്ലാം ഏതെങ്കിലും മതസമുദായത്തിൽ ജനിച്ചു വളർന്നവരാണ്. നമുക്ക് ഒന്നു മാറിനിന്ന് നമ്മുടെ മതസമുദായത്തെ വസ്തുനിഷ്ഠമായി ഒന്ന് നിരീക്ഷിക്കാം. ഞാൻ ജനിച്ചു വളർന്നത് ക്രിസ്തുമതത്തിലാണ്, അതുകൊണ്ട് ഞാൻ നിരീക്ഷിക്കുന്നത് ക്രിസ്തുമതത്തെയാണ്. യേശു എന്ന മഹാനായ മനുഷ്യനിൽ ആയിരുന്നു ഇതിന്റെ തുടക്കം. ആയിരക്കണക്കിന് ആളുകൾക്ക് അർത്ഥവത്തായ ജീവിതം നയിക്കുവാൻ പ്രാപ്തിയും ധൈര്യവും ഏകുന്ന ഒരു മഹാപ്രസ്ഥാനമായാണ് അത് ആരംഭിച്ചത്. അക്കാലത്ത് യേശു അവരുടെ മാതൃകാപുരുഷനായിരുന്നു. യേശുവിന്റെ പ്രബോധനങ്ങൾ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനമായിരുന്നു. എന്നാൽ പിൽക്കാലത്ത് അവരുടെയൊക്കെ മനസ്സുകളിൽ യേശുവിന്റെ സ്ഥാനം വളരെ ഉയർന്നു. യേശു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ക്രിസ്തുവും ദൈവത്രിത്വത്തിലെ രണ്ടാമനും ഒക്കെയായി ഉയർന്നു. അങ്ങനെ യേശു അമാനുഷനായത്തോടെ മനുഷ്യര്‍ക്ക് മാതൃകാപുരുഷനല്ലാതായി. യേശുവിന്റെ മഹത്വത്തെക്കുറിച്ചുള്ള വിശ്വാസങ്ങൾ കേന്ദ്രസ്ഥാനത്ത് വന്നതോടെ യേശുവിന്റെ പ്രബോധനങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടു. ഇന്ന് ലോകമെങ്ങുമുള്ള ക്രിസ്തുമതത്തിന്റെ അടിസ്ഥാനം യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളാണ്, യേശുവിന്റെ പ്രബോധനങ്ങളല്ല. അതിന്റെ ഫലമായി ക്രിസ്തുമതം പ്രകാശം പരത്തുന്ന ഒരു പ്രസ്ഥാനമല്ല, പൂർവ്വകാലത്ത് സജീവമായിരുന്ന ഒരു പ്രസ്ഥാനത്തിന്റെ മൃതശരീരം മാത്രമാണ്.
എന്താണ് പ്രശ്നപരിഹാരം? മൃതമായി കിടക്കുന്ന ഈ പ്രസ്ഥാനത്തെ ഒന്നാകെ ജീവിപ്പിച്ചെടുക്കുക എന്നത് അസാധ്യമാണ്. ഇത് മൃതമാണ് എന്ന് തിരിച്ചറിയുന്ന വ്യക്തികൾ പൂർവസ്ഥിതിയിലേക്ക് പോകാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിൽ ഏർപ്പെടുകയാണ് പരിഹാരമാർഗ്ഗം. അതായത് യേശു ഇന്ന് നമുക്ക് മാതൃക പുരുഷനായി മാറണം. യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയും യേശുവിന്റെ പ്രബോധനങ്ങൾ കേന്ദ്രസ്ഥാനത്തേക്ക് വരികയും വേണം. ഇങ്ങനെയുള്ള ഒരു വ്യത്യാസം ഓരോ വ്യക്തിയുടെ ജീവിതത്തിലും സംഭവിക്കുമ്പോൾ, ഒരു മെഴുകുതിരിയിൽ നിന്ന് ചുറ്റുമുള്ള മെഴുകുതിരികൾ കത്തിക്കപ്പെടുന്നത് പോലെ, നമ്മുടെ ചുറ്റുപാടുമുള്ള വ്യക്തികളും ജീവനുള്ളവരായി മാറും. യീസ്റ്റ് മാവിനെ മുഴുവൻ പുളിപ്പിക്കുന്നത് പോലെ സാവധാനം നടക്കുന്ന ഒരു പ്രക്രിയ ആണിത്.
ഇതുവരെ പറഞ്ഞത് ഞാൻ ഇവിടെ ചുരുക്കിപ്പറയാം. നമുക്കെല്ലാം നാം ജനിച്ചു വളർന്ന നമ്മുടെ സ്വന്തം മതസമുദായത്തിലേക്ക് നോക്കാം. വസ്തുനിഷ്ഠമായി നമുക്ക് അതിനെ നോക്കിക്കാണാം. നമുക്ക് മറ്റുള്ളവരുടെ മതങ്ങളിലേക്ക് നോക്കേണ്ട. എല്ലാവരും അവരവരുടെ മതങ്ങളിലേക്ക് മാത്രം നോക്കട്ടെ. നമ്മുടെ മതസമുദായം മൃതമായ ഒരു പ്രസ്ഥാനമാണെന്ന് നാം തിരിച്ചറിയണം. അതിനെ ഒന്നാകെ ജീവിപ്പിക്കാനുള്ള മാജിക്ക് ഒന്നും നമ്മുടെ കൈവശമില്ല. എന്നാൽ നമുക്ക് ഓരോരുത്തർക്കും നമ്മുടെ സ്വന്തം വ്യക്തിജീവിതത്തിൽ പരിവർത്തനം വരുത്തുവാൻ സാധിക്കും. നമ്മുടെ മതസ്ഥാപകനെക്കുറിച്ചുള്ള വിശ്വാസങ്ങളെല്ലാം പാർശ്വവൽക്കരിച്ചുകൊണ്ട് ആ മഹാമനുഷ്യന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ആരംഭിക്കുമ്പോൾ നാം ജീവനുള്ള വ്യക്തികളായി മാറുകയാണ്. ആ ജീവൻ ക്രമേണ നമ്മുടെ ചുറ്റുപാടുകളിലേക്കും പരക്കും. നമ്മുടെ മതസ്ഥാപകന്‍ നമ്മുടെ മനസില്‍ ഒരു അമാനുഷനായി വാഴുന്നെങ്കില്‍, നമുക്ക് അദ്ദേഹത്തെ ഒരു മഹാമനുഷ്യനായി തിരികെ കൊണ്ടുവരാം. നമുക്ക് അദ്ദേഹത്തെ ഒരു മാതൃകാപുരുഷനായി സ്വീകരിക്കാം. അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം ജീവിച്ചപോലെ ഒരു മഹാജീവിതം നമുക്കും ജീവിക്കാം!
Comments
ഉദാഹരണം ശ്രീനാരായണ ഗുരു. ഗുരു വിഗ്രഹവൽക്കരിക്കപ്പെട്ടുകഴിഞ്ഞു.
അപ്പോൾ അയാൾ ചെയ്ത സാധാരണകാര്യങ്ങൾ പോലും മഹത്വവൽക്കരിക്കപ്പെടും
സത്യസായിബാബയെയും അമൃതാനന്ദമയിയെയും മഹാന്മാരുടെ കൂട്ടത്തിൽപ്പെടുത്തിയതിനോട് യോജിക്കുന്നില്ല. വലിയ ആഡംബരങ്ങളിൽ ജീവിച്ചു, അവരെ കണ്ണടച്ചു വിശ്വസിക്കുന്ന പാവം ഭക്തരോട് ലളിതജീവിതം, ലളിതജീവിതം എന്ന് മുട്ടിനുമുട്ടിന് വിളമ്പുന്ന ഈ മതജീവികളോട് പുച്ഛം മാത്രം.
എന്നെ സംബന്ധിച്ച് മതാചാരങ്ങൾ ആ മതത്തിൽ വിവക്ഷിച്ചിരിക്കുന്ന സമ്പൂർണ്ണ മനുഷ്യനിലേക്കുള്ള രൂപാന്തരത്തിനുള്ള ഉപാധികളാണ്.
അവ ദൈവത്തെ പ്രസാദിപ്പിച്ച് സ്വർഗ്ഗം നേടാനുള്ള വഴി എന്ന് പറയുന്നതിന്റെ അർത്ഥം, ദൈവത്തിന്റെ നന്മയിലേക്കുള്ള വളർച്ചയിലൂടെ നിൽക്കുന്ന ഇടം സ്വർഗ്ഗതുല്യമാക്കൻ അത് നമ്മേ വളർച്ചയുടെ പാതയിൽ നടത്തും എന്നാണ്. എല്ലാ മതങ്ങളും ഇങ്ങനെയുള്ള വഴികൾ പഠിപ്പിക്കുന്നു.
ഒരു ക്രിസ്ത്യാനി ആയ എന്നെ ഇത് കൊണ്ടെത്തിക്കുന്നത് വിശ്വാസം,പ്രത്യാശ, സ്നേഹം ( faith, hope and charity) എന്നിവയുള്ള ജീവിതത്തിലേക്കാണ്. ഇതിൽ ഒഴിഞ്ഞ് പോകാത്തത് സ്നേഹം ആണെങ്കിൽ (charity towards all) എല്ലാവരും ദൈവമക്കൾ ആണെന്നും നമ്മേക്കാൾ ഒട്ടും വിലകുറഞ്ഞവരല്ലെന്നും ദൈവം എല്ലാവരേയും ദൈവത്തിന്റെ പദ്ധതി അനുസരിച്ച് നടത്തുന്നു എന്നും എന്റെ വിശ്വാസവും അറിവും അപൂർണ്ണമാണെന്നും ദൈവത്തേ എന്റെ വിശ്വാസത്തിന്റെ ചട്ടക്കൂടിൽ തളച്ചിടാൻ പറ്റുകയില്ലെന്നും മനസ്സിലാക്കുവാനും മറ്റുള്ളവരുടെ അമൂല്യത അംഗീകരിക്കുവാനും എനിക്ക് സാധിക്കുന്നു. മതത്തിന്റെ പ്രാധാന്യം ഇല്ലാതാകുന്നു. സ്നേഹമാണഖില സാരമൂഴിയിൽ.
But the followers worship the person and ignore his essential teachings, or twist it according to his interests.