യേശുവിനെപ്പറ്റി രണ്ട് extreme നിലപാടുകൾ

യേശുവിനെപ്പറ്റി രണ്ട് extreme (അതിരുകടന്ന) നിലപാടുകൾ ഇന്ന് ലോകത്തിലുള്ളതായാണ് ഞാൻ മനസ്സിലാക്കുന്നത്.

1.  യേശുവിനെക്കുറിച്ചുള്ള അന്ധമായ വിശ്വാസങ്ങൾ. അവയുടെ മേലാണ് ക്രിസ്തുമതം നിൽക്കുന്നത്.

2. യേശു എന്നൊരാൾ ചരിത്രത്തിൽ ഉണ്ടായിട്ടേയില്ല; ചിലരുടെ സങ്കൽപ്പസൃഷ്ടിയാണ് യേശു. ഇങ്ങനെ വിശ്വസിക്കുന്നവരുടെ എണ്ണം ലോകത്തിൽ വർദ്ധിച്ചുവരുന്നു. നമ്മുടെ കേരളത്തിൽ പോലും ഇങ്ങനെ വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്.

 യേശു  ജീവിച്ചിട്ടേയില്ല എന്നത് ഒരു extreme നിലപാടാണ്. ഇങ്ങനെയുള്ളവരോട്, നിങ്ങൾ വിശ്വസിക്കുന്നത് ശരിയല്ല, യേശു ശരിക്കും ഒരു ചരിത്രപുരുഷനാണ് എന്ന് വാദിക്കാനും സമർഥിക്കാനും പോയിട്ട് ഒരു കാര്യവുമില്ല. ഇത്തരം അതിരുകടന്ന ഒരു നിലപാട് അവർ എടുക്കാൻ എന്താണ് കാരണമെന്ന് ആദ്യം കണ്ടെത്തണം.

 യേശുവിന്റെ പ്രബോധനങ്ങളെ അവഗണിച്ചുകൊണ്ട് യേശുവിനെ കുറിച്ചുള്ള കുറേ അന്ധവിശ്വാസങ്ങളുടെ മേലാണ് ക്രിസ്തുമതം നിൽക്കുന്നത്. 2000 വർഷങ്ങളായി പണിതുയർത്തപ്പെട്ട ഈ പടുകൂറ്റൻ സൗധം നിൽക്കുന്നത് മണലിന്മേലാണ്. യേശുവിൽ നിന്ന് പുറപ്പെട്ട നന്മയുടെ പ്രകാശത്തെ ഇല്ലായ്മ ചെയ്യുന്ന അന്ധകാര ശക്തിയാണ് ക്രിസ്തുമതം.


 ഇക്കാര്യം തിരിച്ചറിയുന്ന ആളുകൾ പലതരത്തിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചിലയാളുകൾ നേരെ എതിർവശത്തേക്ക് പോയി, മറ്റൊരു അതിരുകടന്ന നിലപാടിൽ എത്തിപ്പെടുന്നു.  യേശു എന്ന ഒരാൾ ചരിത്രത്തിൽ ഉണ്ടായിട്ടേയില്ല എന്ന് അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. യേശു എന്നൊരാൾ ചരിത്രത്തിൽ ഇല്ലെങ്കിൽ ക്രിസ്തുമതത്തിന്  നിലനിൽപ്പില്ലാതെ ആകും. അങ്ങനെ ക്രിസ്തുമതത്തെ ഇല്ലാതാക്കാം എന്നാണ് അവർ ആശിക്കുന്നത്. 


 യേശു മിശിഹായാണെന്നും ദൈവമാണെന്നും യേശുവിന്റെ മരണം ഒരു പാപപരിഹാരബലി ആയിരുന്നുവെന്നും ഒക്കെയുള്ള അന്ധമായ വിശ്വാസങ്ങളെ പോലെ മറ്റൊരു അന്ധവിശ്വാസമാണ് യേശു എന്ന ഒരാൾ ചരിത്രത്തിൽ ഉണ്ടായിട്ടേയില്ല എന്നു പറയുന്നതും. ഒരു അന്ധവിശ്വാസത്തെ മറ്റൊരു അന്ധവിശ്വാസം ഉപയോഗിച്ച് നേരിടാൻ ശ്രമിക്കുന്നു. ഇതിന് താൽക്കാലിക വിജയം ഉണ്ടെന്നു തോന്നിയാലും ആത്യന്തികമായി പരാജയപ്പെടും.


 യേശുവിനെ കുറിച്ചുള്ള എല്ലാ വിശ്വാസങ്ങളെയും അവഗണിച്ചുകൊണ്ട് യേശു ജീവിച്ചിരുന്ന സന്ദർഭത്തിലേക്ക് ( സ്ഥലം, കാലം) പോയി യേശുവിനെയും  യേശുവിന്റെ പ്രബോധനങ്ങളേയും വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഇന്നിന്റെ ആവശ്യം. വെളിച്ചം കൊണ്ടാണ് ഇരുളിനെ നേരിടേണ്ടത്. അറിവുകൊണ്ടാണ് അജ്ഞതയെ നേരിടേണ്ടത്. 


 ക്രിസ്തുമതത്തിന് മുമ്പിൽ ഇന്ന് രണ്ടു വഴികൾ ഉണ്ട് -- ജീവനിലേക്ക്, നാശത്തിലേക്ക്. യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോയാൽ, അത് അന്ധകാരം പരത്തിക്കൊണ്ട് നിലകൊള്ളുകയും ഒടുവിൽ ഇല്ലാതെയാകുകയും ചെയ്യും. എന്നാൽ യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോയാൽ, ക്രിസ്തുമതം ലോകത്തിന് വെളിച്ചമായി മുന്നോട്ടു പോകും.


 2000 വർഷങ്ങളായി ക്രിസ്തുമതം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത് യേശുവിനെ കുറിച്ചുള്ള  വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത് മാറി യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുപോകണം എന്നത് അത്ര എളുപ്പമല്ല.


 സത്യം അന്വേഷിക്കുവാനും കണ്ടെത്തുവാനും സന്മനസ്സും ധൈര്യവും ഉള്ള കുറേ ആളുകൾക്ക്  അങ്ങനെ ഒരു മാറ്റം യാഥാർത്ഥ്യമാക്കി തീർക്കാൻ സാധിക്കും. ഒരു മെഴുകുതിരി വെട്ടം അടുത്ത മെഴുകുതിരികളിലേക്ക് പകരുന്നത് പോലെ, യീസ്റ്റ് മാവിനെ മുഴുവൻ പുളിപ്പിക്കുന്നത് പോലെ സത്യം അന്ധകാരത്തെ കീഴടക്കി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും. 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം