അകം
ബോബി ജോസ് കട്ടിക്കാട്
Theo Books, Kochi 2017
പേജ് 128 വില 110
ബോബി ജോസ് കട്ടിക്കാട്, എഴുത്തുകാരൻ, പ്രഭാഷകൻ. 1968 ൽ ആലപ്പുഴ ജില്ലയിൽ തുമ്പോളിയിൽ ജനിച്ചു. 1995 ൽ കപ്പുച്ചിന് സന്യാസിയായി.
Inner world എന്ന സബ് ടൈറ്റിൽ കൊണ്ട് അകം എന്ന പേര് വികസിപ്പിച്ചിരിക്കുന്നു. ബാഹ്യ ലോകത്തിൽ നിന്ന് ആന്തരിക ലോകത്തിലേക്ക് നമ്മുടെ ദൃഷ്ടികൾ തിരിക്കുവാനുള്ള ഒരു ആഹ്വാനമാണ് ഈ പുസ്തകം.
അഞ്ചോ ആറോ പേജുകൾ വരുന്ന 18 ധ്യാന ചിന്തകൾ സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. കരുണ, ഖേദം, പ്രസാദം, കാവൽ, ധനം, ഉണ്മ തുടങ്ങിയ ഒറ്റ വാക്കുകൾ ധ്യാനചിന്തകളുടെ തലക്കെട്ടുകൾ ആയി കൊടുത്തിരിക്കുന്നു. അതിൽ ഒന്നിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. ഓരോ ധ്യാന ചിന്തയുടെയും തുടക്കത്തിൽ ഒരു പേജിൽ അതുമായി ബന്ധപ്പെട്ട ഒരു സെൻ ബുദ്ധിസ്റ്റ് കോമിക്ക് നൽകിയിരിക്കുന്നു. അതുപോലെ ഓരോ ധ്യാനചിന്തയുടെ അവസാനത്തിലും ഒരു സെൻ ബുദ്ധിസ്റ്റ" ഉദ്ധരണി നൽകിയിരിക്കുന്നു. വായനക്കാരന്റെ ശ്രദ്ധയെ പിടിച്ചുനിർത്തുന്ന ഒരു സംഭവമോ ഉദ്ധരണിയോ പറഞ്ഞുകൊണ്ടാണ് ഓരോ ധ്യാനചിന്തയും ആരംഭിക്കുന്നത്.
വായനക്കാർ ശ്രദ്ധിക്കുന്ന ഒരു കാര്യം ഇതിലെ ആശയങ്ങളുടെ സാന്ദ്രത ആണ്. ഇതിൽ ഒരു പേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങൾ ഒരു സാധാരണ എഴുത്തുകാരൻ 100 പേജുകളിലാവും എഴുതുക. കാഴ്ചയ്ക്ക് ചെറുതെങ്കിലും ആശയങ്ങളുടെ സാന്ദ്രത ഇതിനെ ഒരു മഹാഗ്രന്ഥമാക്കുന്നു.
അകക്കണ്ണ് നന്നായി തുറന്ന ഒരാൾക്കു മാത്രമേ ഇങ്ങനെ ഒരു പുസ്തകം രചിക്കാൻ കഴിയൂ. എഴുത്തുകാരന്റെ ഉൾക്കാഴ്ചയുടെ ആഴവും പരപ്പും വായനക്കാരനെ വിസ്മയിപ്പിക്കുന്നു. നമ്മളൊക്കെ ജീവിക്കുന്ന ലോകത്തിലാണ് അദ്ദേഹവും ജീവിക്കുന്നത്, എങ്കിലും നാം കാണാത്ത വിധത്തിൽ അദ്ദേഹം ലോകത്തെ കാണുന്നു. നമ്മളൊക്കെ വായിക്കുന്ന പുസ്തകങ്ങളാണ് അദ്ദേഹവും വായിച്ചിട്ടുള്ളത്, എങ്കിലും നമ്മളൊക്കെ കാണാത്ത അർത്ഥങ്ങൾ അദ്ദേഹം അവയിൽ കണ്ടെത്തുന്നു. അന്തരിക ലോകത്തെ ഇത്രയും ആഴത്തിലും പരപ്പിലും കാണുന്ന മറ്റൊരാൾ നമ്മുടെ ഈ നാട്ടിൽ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണ്.
ഞാൻ കാണുന്നതുപോലെ നിങ്ങളും ആന്തരിക ലോകത്തെ ഒന്ന് കാണുക എന്ന വെല്ലുവിളിയാണ് അദ്ദേഹം വായനക്കാരന്റെ മുന്നിൽ ഉയർത്തുന്നത്.
Comments