മനസ്സ് മലയാളം

 മാതൃഭൂമി ബുക്സ് 2014

 പേജ് 263  വില രൂപ 200

 കെ പി രാമനുണ്ണി (1955- )

 സ്വദേശം പൊന്നാനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 21 വർഷം ജോലി ചെയ്തു. സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്തകം  തുടങ്ങിയവ വളരെ അറിയപ്പെട്ട നോവലുകളാണ്. അവ അന്യഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു, നിരവധി അവാർഡുകളും കരസ്ഥമാക്കി.


 ഈ പുസ്തകം 25 ലേഖനങ്ങളുടെ സമാഹാരമാണ്. അവ മനസ്സ്, മലയാളം, ഓർമ്മ, ദർശനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി കൊടുത്തിരിക്കുന്നു. മനുഷ്യജീവിതം, ഭാഷ, സംസ്കാരം എന്നിവയെ പറ്റിയുള്ള ആഴമായ വിചിന്തനങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. സുനിൽ പി ഇളയിടം ഇതിന് അവതാരിക രചിച്ചിരിക്കുന്നു.


 50 പേജുകളോളം നീളുന്ന ആദ്യത്തെ ലേഖനം മനസ്സിനെ കുറിച്ചാണ്. ഭ്രാന്തിന്റെ നാനാർത്ഥങ്ങൾ എന്ന് ലേഖനത്തിന് തലക്കെട്ട് നൽകിയിരിക്കുന്നു. ആത്മകഥാപരമാണ് ഈ ലേഖനം. സ്വന്തം അനുഭവങ്ങളിൽ നിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും നേരിട്ട് അറിഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതയെക്കുറിച്ച് വളരെ ആഴമായ ഒരു പഠനം ഇതിൽ നടത്തിയിരിക്കുന്നു.

 നമ്മുടെ ഭാഷയെ പറ്റിയാണ് അടുത്ത് മൂന്ന് ലേഖനങ്ങൾ. മലയാളം മരിക്കാൻ അനുവദിച്ചാൽ അതോടൊപ്പം നമ്മുടെ സംസ്കാരവും മരിക്കും എന്ന് അദ്ദേഹം വാദിക്കുന്നു. വിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷ തന്നെയാവണം എന്ന് അദ്ദേഹം വാദിക്കുന്നു.

 തുടർന്ന് ഓർമ്മ എന്ന് തലക്കെട്ടിൽ  വളരെ രസകരവും അർത്ഥവത്തുമായ ചില ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അതിൽ അമ്മയെ കുറിച്ചുള്ള ലേഖനം ഹൃദയസ്പർശിയാണ്. മൂന്നു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പിന്നെ അമ്മയാണ് വളർത്തിയത്. പിൽക്കാലത്ത് എഴുതിയ കഥകളിലും നോവലുകളിലും ഉള്ള സ്ത്രീകഥാപാത്രങ്ങൾക്ക് അമ്മയുടെ രൂപവും ഭാവവും ഉണ്ടായിരുന്നു. 

 അതിനുശേഷം ദർശനം എന്ന തലക്കെട്ടിൽ ചിന്ത, ഭാഷ, സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം  തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള ഗൗരവമായ ചർച്ചയാണ്. എഴുത്തച്ഛൻ, എംടി, തകഴി എന്നിവരുടെ സാഹിത്യ സംഭാവനകളും ചിന്താവിഷയമാക്കുന്നു.

 ഈ ലേഖന സമാഹാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവ വെറും ബൌധിക വ്യായാമങ്ങൾ അല്ല. മറിച്ച് ജീവിതാനുഭവങ്ങളിൽ നിന്ന് ഉയിർ കൊണ്ട ആഴമായ ചിന്തകളും ശക്തമായ ബോധ്യങ്ങളുമാണ്. ഇതിന്റെ ഓരോ പേജിലും നാം കെ പി രാമനുണ്ണിയെ അടുത്ത് കാണുന്നു. അദ്ദേഹത്തിലൂടെ നാം നമ്മെ തന്നെ കാണുകയും ചെയ്യുന്നു.  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?