അയ്യൻകാളി -- ഒരു പഠനം
ഹോബി പബ്ലിഷേഴ്സ്, വൈക്കം. 1989
പേജ് 250
ഗ്രന്ഥകർത്താവ് : ദലിത്ബന്ധു N. K. ജോസ് (1929-- )
വൈക്കം കാരനായ ഈ സത്യാന്വേഷകൻ തുടക്കത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും പിന്നീട് പൂർണ്ണസമയ ചരിത്ര അന്വേഷണത്തിലേക്ക് തിരിഞ്ഞു. അംബദ്ക്കറിന്റെ സ്വാധീനത്തിൽപ്പെട്ട ഈ എഴുത്തുകാരൻ ദളിത് ജനതയുടെ ജീവിതവും ചരിത്രവും പഠിക്കുവാൻ ജീവിതം ഉഴിഞ്ഞു വെച്ചു. അദ്ദേഹം രചിച്ച നൂറോളം കൃതികളിൽ, ആദ്യത്തെ പത്തെണ്ണം രാഷ്ട്രീയത്തെക്കുറിച്ചാണ്, അടുത്ത 30 എണ്ണം കേരളത്തിലെ നസ്രാണി സമൂഹത്തെ കുറിച്ചുള്ള പഠനമാണ്, ശേഷിക്കുന്ന എഴുപതോളം കൃതികൾ ദലിത് ജനതയെ കുറിച്ചാണ്. 1990ൽ കോട്ടയത്ത് വച്ച് നടന്ന ദളിത് സംഘടനകളുടെ ഒരു സമ്മേളനം അദ്ദേഹത്തിന് ദളിത് ബന്ധു എന്ന നാമധേയം നൽകി ആദരിച്ചു. 2019 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേരള ഹിസ്റ്ററി കോൺഗ്രസിന്റെ അധ്യക്ഷൻ ആയിരുന്നു.
അയ്യൻകാളി (1863 - 1941) യെ കുറിച്ചുള്ള പഠനമാണ് ഈ ഗ്രന്ഥം. തിരുവിതാംകൂർ രാജ്യത്തെ വെങ്ങന്നൂർ എന്ന സ്ഥലത്ത് ഒരു പുലയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കാളി എന്നായിരുന്നു പേര്. ആ പേരുകാരായ മറ്റ് പലരും അവിടെ ഉണ്ടായിരുന്നതുകൊണ്ട്, അച്ഛന്റെ പേരും കൂടി ചേർത്ത് അയ്യൻകാളി എന്ന് അറിയപ്പെട്ടു. പിതാവിന് ജന്മിയിൽ നിന്ന് ദാനമായി ലഭിച്ച 5 ഏക്കർ ഭൂമി നിമിത്തം താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി അവർക്കുണ്ടായിരുന്നു. ഒരക്ഷരം പോലും പഠിക്കുവാനുള്ള അവസരം അദ്ദേഹത്തിന് ഉണ്ടായില്ല. ജാതി ശ്രേണിയിൽ തന്റെ സമുദായം ഏറ്റവും താഴെയാണെന്ന് ആ ബാലൻ തിരിച്ചറിഞ്ഞു. തന്റെ സമുദായത്തെ മറ്റുള്ളവരുടെ ഒപ്പം എത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ അദ്ദേഹം ജീവിതകാലം മുഴുവൻ ഏർപ്പെട്ടു. അതിനായി സാധുജന പരിപാലനസംഘം എന്ന പേരിൽ ഒരു പ്രസ്ഥാനം സ്ഥാപിക്കുകയും അതിന്റെ അമരക്കാരനായി തിരുവിതാംകൂറിലുടനീളം സഞ്ചരിക്കുകയും ചെയ്തു. ആയിരത്തോളം ശാഖകൾ ഉണ്ടായിരുന്നു ആ പ്രസ്ഥാനത്തിന്. കാൽ നൂറ്റാണ്ടിലേറെ തിരുവിതാംകൂർ നിയമസഭയിൽ അദ്ദേഹം അംഗമായിരുന്നു.
ജാതിക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണണം എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന ജീവിതദർശനം. ഈ ദർശനം രൂപീകരിക്കുവാനും ശക്തീകരിക്കുവാനും അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് വേണം കരുതാൻ.
അക്കാലത്ത് തന്റെ സമുദായത്തിൽ പെട്ടവർക്ക് പൊതുവഴികൾ ഉപയോഗിക്കാൻ അനുവാദം ഇല്ലായിരുന്നു. അദ്ദേഹം സ്വന്തമായി ഒരു വില്ല് വണ്ടി വാങ്ങുകയും പൊതുവഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തു.
അക്കാലത്ത് തന്റെ സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് മറ്റു സമുദായങ്ങളിലെ കുട്ടികളോടൊപ്പം പൊതു സ്കൂളുകളിൽ പഠിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഇല്ലായിരുന്നു. അക്കാലത്ത് നെൽകൃഷി മുഴുവൻ ചെയ്തിരുന്നത് തന്റെ സമുദായത്തിൽ പെട്ട ആളുകൾ ആയിരുന്നു. അയ്യങ്കാളിയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് അവരെല്ലാം നെൽകൃഷി നിർത്തിവച്ചു. ഇന്ത്യയിൽ ആദ്യത്തേത് എന്ന് വിളിക്കാവുന്ന ഈ തൊഴിൽ സമരം വിജയിച്ചു. അങ്ങനെ തന്റെ സമുദായത്തിൽപ്പെട്ട കുട്ടികൾക്കും മറ്റുള്ളവരോടൊപ്പം സ്കൂളിൽ പഠിക്കാമെന്നായി.
ജീവിച്ചിരുന്നപ്പോൾ അദ്ദേഹം കേരളത്തിലെ അടിസ്ഥാന വർഗങ്ങളുടെ അനിഷേധ്യ നേതാവായിരുന്നു. അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അദ്ദേഹം ആശ്രാന്തം പരിശ്രമിച്ചു, എവിടെയും ശബ്ദമുയർത്തി. എന്നാൽ അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടരുവാൻ ആ സമുദായത്തിൽ ആരുമുണ്ടായില്ല. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവർക്ക് പോലും അദ്ദേഹത്തെപ്പറ്റി വേണ്ടത്ര അറിയാൻ കഴിയാത്ത സാഹചര്യം വന്നിരിക്കുന്നു.
ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തിയായി കേരളത്തിൽ ആചരിക്കുന്നു. 1980ല്‍ തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളിയുടെ ഒരു പ്രതിമ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അനാച്ഛാദനം ചെയ്തു.
അയ്യൻകാളി എന്ന പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പറ്റിയുള്ള എന്റെ അറിവ് വളരെ പരിമിതമായിരുന്നു. അദ്ദേഹത്തെ പറ്റി വളരെ വ്യക്തമായ ഒരു ധാരണ എനിക്ക് ലഭിക്കുവാൻ ഈ പുസ്തകം സഹായിച്ചു.
Comments